•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പെണ്ണിലേക്ക് ഒരു യാത്ര

ന്നയ്ക്ക്  അന്നു ലൈബ്രറിയില്‍ ഒരു സുഹൃത്തിന്റെ പുസ്തകപ്രകാശനമുണ്ടായിരുന്നു. ഞായറാഴ്ച ആയിരുന്നതുകൊണ്ട് ജേക്കബ് വീട്ടിലുണ്ടാവുമെന്ന ആശ്വാസത്തിലാണ്  ചടങ്ങിനെത്താമെന്ന ഉറപ്പുകൊടുത്തത്. പ്രശസ്തരായ എഴുത്തുകാര്‍ പങ്കെടുക്കുന്ന പരിപാടിയാണ്.
ഉത്തമനായ ഒരു ഭര്‍ത്താവിന്റെ സ്‌നേഹത്തോടെ ജേക്കബ് ഭാര്യയെ കാറില്‍ കൊണ്ടിറക്കി. അന്ന ഇറങ്ങിപ്പോയപ്പോള്‍ ജേക്കബ് ഒരു കയര്‍ അന്ന അറിയാതെ അവളുടെ അരയില്‍ കുടുക്കി. അതിന്റെ അറ്റം മറ്റാരും കാണാതെ തന്റെ  വലതുകൈയിലൊതുക്കിപ്പിടിച്ചു.
''മൊബൈല്‍ സൈലന്റാക്കരുതു കേട്ടോ.'' പ്രിയതമന്‍ ഓര്‍മിപ്പിച്ചു.
പ്രധാന വേദിയില്‍ വിശിഷ്ടവ്യക്തികളോടൊപ്പം അന്ന എന്ന എഴുത്തുകാരിയും ആസനസ്ഥയായി. ഉദ്ഘാടനപ്രസംഗം ആരംഭിച്ചു. സാഹിത്യനായകന്‍മാരൊക്കെ അരങ്ങു തകര്‍ത്ത് സംസാരിക്കാന്‍ തുടങ്ങി. ലോകത്തിന്റെ വിസ്മയഭാവങ്ങളെക്കുറിച്ച് വാതോരാതെ വ്യാഖ്യാനിച്ച ഒരെഴുത്തുകാരനിലേക്ക് അന്ന കാതിറക്കിവച്ചപ്പോള്‍ പെട്ടെന്ന് അരയില്‍ വല്ലാത്തൊരു വലിച്ചില്‍ അനുഭവപ്പെട്ടു. ഒപ്പം മടിയില്‍നിന്നൊരു  ശബ്ദവും. അന്ന വിറച്ചുകൊണ്ട് മൊബൈല്‍ എടുത്തു.
ജേക്കബ്ബാണ്.
മറ്റാരും കാണാതെ വലതുകൈയിലൊതുക്കി പ്പിടിച്ച കയര്‍ അയാളിലെ മാന്യഭര്‍ത്താവ് മെല്ലെയൊന്നു വലിച്ചു.
അന്ന ഇരുന്നിടത്തിരുന്ന് വലിഞ്ഞു.
മൈക്കിനടുത്ത് ഇരിപ്പുറപ്പിച്ചതുകൊണ്ട് മൊബൈലിന്റെ ചിന്നംവിളി സദസ്യരെല്ലാം കേട്ടിരിക്കുന്നു. അന്ന ഫോണ്‍ വൈബ്രേഷനിലാക്കി, വാട്ട്‌സാപ്പ് തുറന്ന്  മെസേജ് അയച്ചു:
എന്താണ് ജേക്കബ്?
കഴിയാറായോ അന്നേ?
ഇല്ല. ഇടയ്ക്ക് വിളിക്കല്ലേ.
കഴിയുമ്പോള്‍ വിളിക്കാം.
മെസേജിനു മറുപടി കൊടുത്തുകൊണ്ട് അന്ന ഫോണ്‍  പേഴ്‌സിലൊതുക്കി.
സന്ധ്യയാവുന്തോറും ജേക്കബ് തന്റെ കൈയിലെ കയര്‍ വീട്ടിലിരുന്ന് പലവട്ടം ആഞ്ഞു പിറകിലേക്കു വലിക്കാന്‍ തുടങ്ങി. ഇരുന്നിടത്തു നിന്ന് അന്നയുടെ കസേര ഇളകി. മൊബൈല്‍ പലവട്ടം മടിയിലിരുന്ന് വിളിച്ചു വിറച്ചു.
അവസാനം അന്നയിലെ ഭാര്യ സഹികെട്ട് ജേക്കബ്ബിലെ ഭര്‍ത്താവിന് ഇങ്ങനെ മെസേജ് അയച്ചു: 
എത്രയും പെട്ടെന്ന് എന്നെ കൊണ്ടുപോവാന്‍ വരിക.
ഇതാണ് ഇന്ന് കേരളത്തിലെ ഒരു സാധാരണ സ്ത്രീ അനുഭവിക്കുന്ന ഏറ്റവും വലിയ സ്വാതന്ത്ര്യം. 
കയറ് എപ്പോഴും അവന്റെ കയ്യിലാണ്. ഒരു സ്ത്രീ  എപ്പോള്‍ പുറത്തിറങ്ങണമെന്നും എപ്പോള്‍ തിരികെ വരണമെന്നും അവന്‍ തീരുമാനിക്കുന്നു.
സ്വന്തം ഉടലില്‍ കുടുംബത്തെ മാത്രം കൊളുത്തിയിട്ടുകൊണ്ട് ഒരു പെണ്ണോടുന്നത് അവള്‍ക്കാഗ്രഹമുണ്ടായിട്ടല്ല. തലമുറകളായി  തുടര്‍ന്നുവന്ന നശിച്ച പാരമ്പര്യത്തിന്റെ ക്ലീഷേ താനായി തകര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഒറ്റപ്പെടല്‍, തുറിച്ചുനോട്ടം, ഇതൊക്കെ അനുഭവിക്കേണ്ടിവരുമല്ലോ എന്നോര്‍ത്തിട്ടാണ്. ടെന്‍ഷന്‍ വരുമ്പോള്‍ പുരുഷനിറങ്ങി നാടുകാണാന്‍ പോകാം, സുഹൃത്തുക്കളെ കാണാം. വേണമെങ്കില്‍ ബാറിലിരുന്ന്  രണ്ടു പെഗ്ഗടിക്കാം.
ഏതെങ്കിലും വിശുദ്ധ ഗ്രന്ഥങ്ങളിലോ, നിയമഗ്രന്ഥങ്ങളിലോ സ്ത്രീയ്ക്കു മാത്രമായിട്ടൊരു നിയമമെഴുതിക്കണ്ടിട്ടില്ല. എന്നിട്ടും ചില ജോലികള്‍ അവള്‍ക്കു മാത്രമാവുന്നു. ഒരു വീട്ടിലെ ചില മുറികള്‍ അവള്‍ക്കു മാത്രം തുറന്നിട്ടതാവുന്നു. 
പ്രിയ പുരുഷപ്രജകളെ.. സമൂഹമെന്നാല്‍ പുരുഷനല്ല. സമൂഹമെന്നാല്‍ മനുഷ്യരാണ്. സ്ത്രീയും പുരുഷനുമാണ്.  ദിവസവും... അവളെ... ഒരിത്തിരിനേരം കേട്ടാല്‍.. ഒന്നു ചേര്‍ത്തു തലോടിയാല്‍.. കരളിന്റെ പാതിയും പകുത്തുതരില്ലേ ആ പെണ്‍ഞാവല്‍മരം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)