കൂടുതല്‍ പ്രവര്‍ത്തനമേഖലകളിലേക്കു സ്ത്രീകള്‍ കടന്നുവരുന്നതിലൂടെ രാജ്യത്തിന്റെ പുരോഗതി സ്ത്രീകളുടെ കരങ്ങളിലാവും എന്നതില്‍ സംശയമില്ല. പല തൊഴില്‍മേഖലകളുടെയും പ്രത്യേകിച്ച് അധ്യാപനം, ബാങ്കിങ്, സാങ്കേതികപഠനം, ഗവേഷണം, ആതുരശ്രുശൂഷ തുടങ്ങിയ മേഖലകളില്‍ ഒരു രാജ്യത്തിനുവേണ്ട കരുതലും കാവലും നല്‍കുന്ന കാര്യത്തില്‍ സ്ത്രീയുടെ പങ്കാളിത്തമായിരിക്കും ഇനി വരാനിരിക്കുന്നത്
അരനൂറ്റാണ്ടുമുമ്പ് സ്ത്രീക്കു പ്രവര്‍ത്തനസാധ്യതകള്‍ ഒന്നുമില്ലായിരുന്നു. ഇന്ന് ക്രമസമാധാനം, ബാങ്കിങ്, പട്ടാളം, പ്രതിരോധം, ശാസ്ത്രഗവേഷണം, കായികരംഗം തുടങ്ങിയ മേഖലകളിലെല്ലാം സ്ത്രീകള്‍ സ്ഥാനം ഉറപ്പിച്ചു. ആധുനികകാലഘട്ടത്തില്‍ രാജ്യത്തിന്റെ പേരും പെരുമയും ഉയര്‍ത്തുന്നതില്‍, സ്ത്രീകളുടെ സാധ്യതയും സാന്നിധ്യവും എത്രയോ വലുതാണ്!
ആഗോളതലത്തില്‍ നമ്മുടെ രാജ്യത്തിന്റെ പെരുമ ഇന്ന് പല മേഖലകളിലും ഉയര്‍ത്തിക്കാട്ടുന്നത് നമ്മുടെ നാട്ടിലെ കര്‍മ ധീരരായിട്ടുള്ള പെണ്‍കുട്ടികളുടെ, സ്ത്രീകളുടെ ക്രിയാത്മകതയാണ്. ഈ കൊവിഡ് കാലഘട്ടത്തില്‍, നമ്മുടെ ആതുരശുശ്രൂഷാരംഗത്ത് ആയിരക്കണക്കിനു രോഗികളുടെ ജീവന്‍ രക്ഷിക്കുന്നതിന്, അവര്‍ക്കു തൃപ്തികരമായ പരിചരണം കൊടുക്കുന്നതിന്, അസാമാന്യമായ സമര്‍പ്പണബുദ്ധിയോടെ സേവനം ചെയ്യുന്ന സഹോദരിമാര്‍ ആരിലാണ് അഭിമാനമുണര്‍ത്താത്തത്?
ഈ കൊവിഡുകാലത്ത് നമ്മുടെ കുട്ടികളെ വിദ്യാഭ്യാസരംഗത്ത് പിന്നോട്ടു പോകാതെ ഉറപ്പിച്ചുനിര്‍ത്താനും ഓണ്‍ലൈന്‍ സാധ്യതകളിലേക്ക് അവരെ കൈപിടിച്ചു നടത്താനും മുന്‍കൈയെടുത്തത് നമ്മുടെ അധ്യാപികമാരാണ് എന്നുള്ളതും നാമിവിടെ ഓര്‍ക്കേണ്ടതുണ്ട്.
പ്രപഞ്ചസൃഷ്ടിയുടെ കാലം മുതല്‍ സ്ത്രീയുടെയും പുരുഷന്റെയും നില തുല്യത ഉള്ളതാണ്. ദൈവികമായ കാഴ്ചപ്പാടിലും പരിസ്ഥിതിയുടെയോ പ്രകൃതിയുടെയോ കാഴ്ചപ്പാടിലും 1:1 എന്ന ഒരു അനുപാതംതന്നെയാണ് സൃഷ്ടികര്‍മത്തില്‍ ഉണ്ടായിരിക്കുന്നത്. ഒരുതരത്തിലും പിന്നാക്കം നില്‍ക്കേണ്ട ഒരു തലമല്ല സ്ത്രീയുടേത്. ഒരു കുടുംബത്തെ സൃഷ്ടിച്ചു പരിപാലിക്കുന്ന കാര്യത്തില്‍, ഒരു സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍, ആദ്ധ്യാത്മികവും ബൗദ്ധികവുമായിട്ടുള്ള വിജ്ഞാനങ്ങള്‍ പകര്‍ന്നുകൊടുക്കുന്ന കാര്യത്തിലൊക്കെയും സ്ത്രീയുടെ സേവനതലം എക്കാലവും പ്രസക്തമാണ്. തങ്ങളുടെ സാന്നിധ്യവും ക്രിയാത്മകതയുംകൊണ്ട് അവര്‍ ചെയ്യുന്ന സേവനത്തെ നമ്മള്‍ വിസ്മരിച്ചുകൂടാ.
ലോകസംസ്‌കാരങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ കൃഷി ആരംഭിച്ചത് ലോകത്തില്‍ സ്ത്രീകളായിരുന്നു. പിന്നീട് വ്യാപാര വാണിജ്യമേഖലകള്‍ ശക്തിപ്പെടുത്തുന്ന കാര്യത്തിലും സ്ത്രീയുടെ പങ്കാളിത്തവും ശ്രമകരമായ അധ്വാനവും ലോകത്തില്‍ ഉണ്ടായിട്ടുണ്ട്.
ഇന്ദിരാഗാന്ധി, പ്രതിഭാപാട്ടീല്‍ തുടങ്ങിയ വനിതാരത്‌നങ്ങള്‍ തങ്ങളുടെ രാജ്യത്തെ ലോകത്തിലെ മറ്റു രാഷ്ട്രങ്ങള്‍ക്കൊപ്പമോ അതിലുപരിയായോ കൊണ്ടുവരുന്നതില്‍ ലോകത്തിനുതന്നെ മാതൃകയായി. അത്തരത്തില്‍ സ്ത്രീ, ഭരണത്തിലും സാമൂഹികപ്രവര്‍ത്തനത്തിലും പൊതുപങ്കാളിത്തത്തിലും ഒട്ടും പിന്നിലല്ല എന്നുള്ള തിരിച്ചറിവ് നമ്മളില്‍ ഉണ്ടാവണം.
പ്രവര്‍ത്തിക്കുന്ന മേഖല ഏതുമാവട്ടെ, അതു ചെറുതോ വലുതോ ആകട്ടെ, അതിനോടു സത്യസന്ധത പുലര്‍ത്തുക, നീതി പുലര്‍ത്തുക, അതില്‍ പുതിയ സാധ്യതകളെ കണ്ടെത്തുക - ഇങ്ങനെ അത് വീടിനും സമൂഹത്തിനും ഉപകാരപ്രദമാക്കി മാറ്റാന്‍ ആര്‍ക്കു സാധിക്കുന്നു എന്നതാണ് പ്രസക്തമായ കാര്യം. എത്ര ചെറിയ ജോലിയായാലും അതില്‍ ഒരു സ്ത്രീയുടെ പങ്കാളിത്തം എത്ര വലുതാണ് എന്നുള്ളതാണ് ഏറ്റവും പ്രസക്തമായ കാര്യം. പാചകം, ഒരു വീടിന്റെ പരിപാലനം, കൃഷി - ജന്തു - ജീവജാലങ്ങളെ വളര്‍ത്തുന്ന കാര്യം, മക്കളുടെ പരിപാലനം അങ്ങനെ എന്തുമാവട്ടെ, ഒരു സ്ത്രീയുടെ കാലോചിതമായ ഇന്നവേഷന്‍ അത് ഏറ്റവും പ്രധാനപ്പെട്ട ഘടകംതന്നെയാണ്.
നമ്മുടെ രാജ്യത്തുതന്നെ വനിതകള്‍ എത്ര വലിയ സംരംഭകരായി ഉണ്ട്! ടെക്‌സ്‌റ്റൈല്‍, കല, സാഹിത്യം തുടങ്ങിയ എല്ലാ രംഗങ്ങളിലും സ്ത്രീയുടെ പങ്കാളിത്തം നമ്മുടെ സാമൂഹികസംസ്‌കൃതിയെ വളര്‍ത്തുന്ന കാര്യത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സ്ത്രീ, മകള്‍, അമ്മ, സഹോദരി എന്നീ തലങ്ങളില്‍ നമ്മുടെ വ്യവസ്ഥിതിക്കും കുടുംബത്തിനും നാടിനും ചെയ്യുന്ന സേവനങ്ങള്‍ നമുക്ക് ഒരിക്കലും കുറച്ചു കാണാന്‍ പറ്റില്ല. അവരുടെ നിശ്ശബ്ദമായ ശുശ്രൂഷയുടെ വില പലപ്പോഴും നമ്മള്‍ അറിയുന്നില്ല, ഇത്തരത്തില്‍ വരുംകാലത്ത് കൂടുതല്‍ പ്രവര്‍ത്തനമേഖലകളിലേക്കു സ്ത്രീകള്‍ കടന്നുവരുന്നതിലൂടെ രാജ്യത്തിന്റെ പുരോഗതി സ്ത്രീകളുടെ കരങ്ങളിലാവും എന്നതില്‍ സംശയമില്ല. പല തൊഴില്‍മേഖലകളുടെയും പ്രത്യേകിച്ച് അധ്യാപനം, ബാങ്കിങ്, സാങ്കേതികപഠനം, ഗവേഷണം, ആതുരശ്രുശൂഷ തുടങ്ങിയ മേഖലകളില്‍ ഒരു രാജ്യത്തിനുവേണ്ട കരുതലും കാവലും നല്‍കുന്ന കാര്യത്തില്‍ സ്ത്രീയുടെ പങ്കാളിത്തമായിരിക്കും ഇനി വരാനിരിക്കുന്നത് എന്നുള്ള കാര്യവും നമ്മള്‍ ഇവിടെ ചിന്തിക്കേണ്ടിയിരിക്കുന്നു.
ഇങ്ങനെയൊക്കെ സമൂഹത്തില്‍ സ്ത്രീ പ്രവര്‍ത്തിക്കുമ്പോഴും അവരുടെ പൊതുസുരക്ഷയുടെ കാര്യത്തില്‍ സമൂഹം താരതമ്യേന വിമുഖരാണ്. പൊതുപ്രവര്‍ത്തനരംഗങ്ങളില്‍ സ്ത്രീ പലപ്പോഴും അവഗണനയ്ക്കും ആക്ഷേപങ്ങള്‍ക്കും ഇരയാകുന്നു എന്നു കൂടി നാം മനസ്സിലാക്കണം. സ്ത്രീകള്‍ക്ക് കൂടുതല്‍ അവകാശങ്ങളും അധികാരങ്ങളും ഉത്തരവാദിത്വങ്ങളും കിട്ടുമ്പോള്‍ത്തന്നെ അവരുടെ പൊതുസുരക്ഷകൂടി ഉറപ്പാക്കുന്ന കാര്യങ്ങളില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ശ്രദ്ധ പുലര്‍ത്തണം.