ഐ.സി.എം.ആര്‍. ഡിസംബറില്‍ നടത്തിയ ഒരു സര്‍വേയില്‍ ഇന്ത്യയിലെ അഞ്ചില്‍ ഒരാള്‍ക്ക് കൊവിഡ് 19 വന്നുകഴിഞ്ഞതായാണ് കണ്ടെത്തിയത്. അതായത്, രാജ്യത്തെ 135 കോടി ജനങ്ങളില്‍ 27 കോടി പേരെ രോഗം ബാധിച്ചുവെന്നു പഠനങ്ങളില്‍ തെളിഞ്ഞു.
ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരും ജനങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്ന പോലീസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമടങ്ങുന്ന മൂന്നുകോടി ആളുകള്‍ക്ക് വാക്‌സിന്‍ നല്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 70 ലക്ഷം പേര്‍ക്കു മാത്രമേ വാക്‌സിനേഷന്‍ നല്‍കാന്‍ കഴിഞ്ഞുള്ളൂവെന്നാണ് വാര്‍ത്ത. ഇവരില്‍ 57 ലക്ഷം ആരോഗ്യപ്രവര്‍ത്തകരാണ്. ജനുവരി 16-ാം തീയതി ആദ്യവാക്‌സിനേഷനു വിധേയരായ ഇവര്‍ക്കുള്ള രണ്ടാമത്തെ ഡോസ് ഫെബ്രുവരി 13 നും നല്കി. 28-ാം ദിവസം രണ്ടാമത്തെ ഡോസ് നല്കുന്നതിനു നിര്‍ബന്ധം പിടിക്കേണ്ടെന്നും 12 ആഴ്ചകള്‍ക്കുള്ളില്‍ നല്‍കിയാല്‍ മതിയെന്നുമുള്ള നിലപാടും ചില കമ്പനികള്‍ സ്വീകരിച്ചിട്ടുണ്ട്.
പാര്‍ശ്വഫലങ്ങളുണ്ടാകുമെന്ന ഭയം നിമിത്തം വാക്‌സിനേഷനെടുക്കാന്‍ ഭൂരിപക്ഷം ആളുകളും വിമുഖരാകുന്നതില്‍ അധികൃതര്‍ക്ക് ആശങ്കയുണ്ട്. വാക്‌സിനേഷന് എതിരേയുള്ള ആരോപണങ്ങള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
''കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പിക്കുമ്പോഴും വാക്‌സിനേഷനെ ഗൗരവത്തോടെ കാണാന്‍ കഴിയണം. വൈറസിനെ പൂര്‍ണമായി മനസ്സിലാക്കാന്‍ ഇപ്പോഴും ഞങ്ങള്‍ക്കു കഴിഞ്ഞിട്ടില്ലെങ്കിലും വാക്‌സിനുകള്‍ ഫലപ്രദമാകുമെന്നാണ് ഞങ്ങളുടെ ഉത്തമവിശ്വാസം. 90 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ ഇതുവരെ വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്.'' - മലയാളിയും കേന്ദ്രനീതി ആയോഗില്‍ അംഗവുമായ വി.കെ. പോള്‍ പറയുന്നു.
ഇതിനിടെ, ലോകാരോഗ്യസംഘടനയിലെ 17 വിദഗ്ധരും ചൈനയുടെ ആരോഗ്യമന്ത്രാലയത്തിലെ 17 ശാസ്ത്രജ്ഞരുമടങ്ങുന്ന ഒരു സംഘം കൊറോണ വൈറസുകളുടെ ഉദ്ഭവമന്വേഷിച്ച് ചൈനീസ് നഗരമായ വുഹാനില്‍ രണ്ടാഴ്ച ഒത്തുകൂടി.
കൊറോണവൈറസുകളെക്കുറിച്ചു പഠനം നടത്തുന്ന ഗവേഷണസ്ഥാപനത്തിലെ വൈറോളജി ലാബില്‍നിന്നാണ് വൈറസുകള്‍ പുറത്തുചാടിയതെന്ന അഭ്യൂഹങ്ങള്‍ നിലനില്ക്കുന്നതിനിടയിലായിരുന്നു രണ്ടു കൂട്ടരും വുഹാനില്‍ സമ്മേളിച്ചത്. പരീക്ഷണശാലയില്‍നിന്നല്ല വൈറസുകള്‍ ഉദ്ഭവിച്ചത്; മറിച്ച്, വൈറസ് വാഹകരായ വവ്വാലുകളില്‍നിന്നാണ് തുടക്കമെന്ന് അവര്‍ കണ്ടെത്തി. എന്നാല്‍, വവ്വാലുകളുടെ വിഹാരകേന്ദ്രങ്ങളായ നിബിഡവനങ്ങളില്‍നിന്നു മൈലുകളകലെ സ്ഥിതിചെയ്യുന്ന വുഹാന്‍ നഗരത്തില്‍ വൈറസുകളെത്തണമെങ്കില്‍ അതിന് ഒരു മധ്യവര്‍ത്തി ഉണ്ടാകണമെന്നും വിദഗ്ധസമിതി വിലയിരുത്തി. വവ്വാലുകളില്‍നിന്ന് മനുഷ്യരിലേക്കു വൈറസുകളെ എത്തിച്ച വന്യജീവി ഏതെന്നു കണ്ടെത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല. വവ്വാലുകളുടെ ഉച്ഛിഷ്ടം ഭക്ഷിച്ചു ജീവിക്കുന്ന ഈനാംപേച്ചിയാണ് ആ മധ്യവര്‍ത്തിയെന്ന് മുമ്പ് വാര്‍ത്തകളുണ്ടായിരുന്നു. ലോകത്തെ ഏറ്റവും വലിയ വന്യജീവികമ്പോളമായ ഹുവാന മാര്‍ക്കറ്റും വിദഗ്ധസംഘം സന്ദര്‍ശിക്കുകയുണ്ടായി. വിദേശങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ശീതീകരിച്ച ഭക്ഷണവസ്തുക്കളിലൂടെയാകാം വൈറസുകള്‍ ചൈനയിലെത്തിയതെന്നും വിദഗ്ധസമിതി അഭിപ്രായപ്പെടുന്നുണ്ട്. വൈറസുകളെ ആദ്യം കണ്ടെത്തിയ 2019 ഡിസംബറിനു മുമ്പുതന്നെ വൈറസുകള്‍ നഗരത്തില്‍ എത്തിയിരിക്കാമെന്നാണ് കïെത്തിയത്. മനുഷ്യരില്‍നിന്നു മനുഷ്യരിലേക്ക് വൈറസുകള്‍ പ്രവേശിച്ചുവെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു.
യുകെയിലും ബ്രസീലിലും സൗത്താഫ്രിക്കയിലും കണ്ടെത്തിയ വകഭേദം വന്ന വൈറസുകള്‍ കൂടുതല്‍ വേഗത്തില്‍ പടരുന്നതാണെന്ന് പരീക്ഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 20 മുതല്‍ യുകെയില്‍ പ്രത്യക്ഷപ്പെട്ട പുതിയ വൈറസ് ഇന്ത്യയടക്കം 86 രാജ്യങ്ങളിലെത്തിയെന്നും തെളിഞ്ഞു. ബ്രസീലില്‍നിന്നെത്തിയ യാത്രക്കാരില്‍നിന്നു ശേഖരിച്ച വകഭേദം വന്ന വൈറസിനെ പൂനയിലുള്ള ഐ.സി.എം.ആര്‍. പരീക്ഷണശാലയില്‍ നിരീക്ഷിച്ചുവരുന്നു.
കൊവിഡ് - 19 മഹാമാരിക്ക് ഒരവസാനമുണ്ടാകുമോ എന്ന കാര്യത്തിലാണ് ശാസ്ത്രലോകം ആശങ്കപ്പെടുന്നത്. ഇതു മനുഷ്യന്റെ സന്തതസഹചാരിയായി ഏറെക്കാലം കൂടെയുണ്ടാകുമെന്നാണവര്‍ അഭിപ്രായപ്പെടുന്നത്. ഇതിനെ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുക സാധ്യമല്ലെങ്കിലും പ്രത്യേക പ്രദേശങ്ങളിലേക്ക് ഒതുക്കിനിര്‍ത്താന്‍ കഴിയുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ. സമുദ്രത്തില്‍ ഒറ്റപ്പെട്ടുകിടക്കുന്ന ന്യൂസിലന്‍ഡുപോലുള്ള രാജ്യങ്ങളില്‍ രോഗം പടര്‍ന്നുപിടിക്കുന്നതിനെ പ്രതിരോധിക്കാന്‍ എളുപ്പമുണ്ട്. രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള എല്ലാ യാത്രകളും നിര്‍ത്തിവച്ചുകൊണ്ടാണ് രോഗവ്യാപനം വിജയകരമായി തടയാന്‍ ന്യൂസിലന്‍ഡിനായത്. കഴിഞ്ഞവര്‍ഷം ജനുവരി 31 ന് വുഹാനില്‍നിന്ന് വിമാനമിറങ്ങിയ തൃശൂര്‍ സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്നു നമ്മുടെ രാജ്യത്തെ ആദ്യകൊവിഡ് രോഗിയെന്ന കാര്യം വിസ്മരിച്ചുകൂടാ. വാക്‌സിനേഷനെതിരേ തെരുവിലിറങ്ങിയ ഓസ്‌ട്രേലിയന്‍ ജനതയില്‍നിന്ന് വ്യത്യസ്തരായി 100 ശതമാനവും സുരക്ഷിതമെന്നുറപ്പിക്കാവുന്ന വാക്‌സിനേഷന്‍ സ്വീകരിക്കുകയും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുകയും ചെയ്യുകയേ ഇന്നത്തെ സാഹചര്യത്തില്‍ കരണീയമായിട്ടുള്ളൂ.