ആധുനികലോകചരിത്രത്തില്‍ പത്തു വയസില്‍ താഴെയുള്ള ശിശുക്കളും കുഞ്ഞുങ്ങളും ഈ കൊവിഡുകാലത്തിനു തുല്യമായ പ്രതികൂലവളര്‍ച്ചാസാഹചര്യങ്ങള്‍ നേരിട്ട ഒരു കാലം ഉണ്ടായിട്ടുണ്ടോ? നിശ്ചയം പോരാ. അണുകുടുംബത്തിനു പുറത്തുള്ള ലോകസാഹചര്യങ്ങളൊന്നും ഈ ശിശുക്കള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഇടപഴകാന്‍ കഴിഞ്ഞ പത്തു മാസക്കാലത്തിനുള്ളില്‍ അടുത്തു കിട്ടിയിട്ടില്ല. അച്ഛനുമമ്മയും ഒന്നോ രണ്ടോ കൂടപ്പിറപ്പുകളുമല്ലാതെ മറ്റു മനുഷ്യര്‍, പക്ഷിമൃഗാദികള്‍, സസ്യജാലങ്ങള്‍, പ്രകൃതിപ്രതിഭാസങ്ങള്‍... ഇതൊന്നും ഇക്കാലത്തു കുഞ്ഞുങ്ങള്‍ക്കു പരിചയപ്പെടാന്‍ അവസരമുണ്ടായില്ല.
കുഞ്ഞുങ്ങള്‍ക്ക് വീടിനു പുറത്തു സഞ്ചരിക്കാന്‍ അവസരങ്ങള്‍ കിട്ടുന്നില്ല. അതുപോലെതന്നെ കുഞ്ഞുങ്ങളുടെ വളര്‍ച്ചയെ കാര്യമായി സ്വാധീനിക്കുന്ന, സമപ്രായക്കാരുമായുള്ള സംസര്‍ഗം ഈ കാലത്ത് കുഞ്ഞുങ്ങള്‍ക്ക് കിട്ടുന്നേയില്ല. അതുകൊണ്ട്, കൊവിഡുകാലത്ത് ശിശുക്കള്‍ക്കും കുഞ്ഞുങ്ങള്‍ക്കും വന്നു ചേര്‍ന്നിരിക്കുന്ന നാനാവിധ കുറവുകള്‍ മനസ്സിലാക്കി, മാതാപിതാക്കളും ഗുരുക്കന്മാരും മതാചാര്യന്മാരും കുഞ്ഞുങ്ങളോടു കൂടുതല്‍ കരുതല്‍ കാട്ടി, അവരുടെ വളര്‍ച്ചയില്‍ കാണുന്ന വൈകല്യങ്ങള്‍ ജാഗ്രതയോടെ പരിഹരിക്കണം. യുക്തമായ നടപടികള്‍ തക്കസമയത്തു സ്വീകരിക്കുന്നില്ലെങ്കില്‍ കൊവിഡുകാലതലമുറ എന്നു വിളിക്കേണ്ടിവരുന്ന ഒരു പുത്തന്‍ സമൂഹം നമ്മുടെ ഇടയില്‍ ഉണ്ടാകും.