•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പെണ്‍കരുത്തില്‍ കോട്ടയം

മാര്‍ച്ച് എട്ട് - ലോകവനിതാദിനം. അടുക്കളയിലെ കരിപുരണ്ട ജീവിതത്തില്‍നിന്ന് ഭരണസിരാകേന്ദ്രങ്ങളിലേക്കു നടന്നുകയറിയ പെണ്‍കരുത്തിന്റെ കഥയാണ് ഓരോ വനിതാദിനവും ഓര്‍മപ്പെടുത്തുന്നത്. ശത്രുവിനെ വാളിന്‍മുനയില്‍ നിര്‍ത്തിയ ഝാന്‍സിറാണിയും, കരുണയിലൂടെ ലോകത്തെ കീഴടക്കിയ വിശുദ്ധ മദര്‍ തെരേസയുമൊക്കെ വനിതാദിനത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്ന പേരുകളാണ്. സമസ്തമേഖലകളിലും വ്യക്തിമുദ്രപതിപ്പിച്ചു മുന്നേറുമ്പോഴും സ്വന്തം കുടുംബത്തില്‍നിന്നുപോലും ചൂഷണത്തിന് ഇരയാകേണ്ടിവരുന്ന ഒരുകൂട്ടം സ്ത്രീകള്‍ നമുക്കു ചുറ്റുമുണ്ടെന്ന ഓര്‍മപ്പെടുത്തല്‍കൂടിയാണ് ഓരോ വനിതാദിനവും.
 1857 മാര്‍ച്ച് എട്ടിന് ന്യൂയോര്‍ക്കില്‍ സ്ത്രീകള്‍ നടത്തിയ ആദ്യപ്രക്ഷോഭണത്തിന്റെ ഓര്‍മയിലാണ് വനിതാദിനം ആഘോഷിക്കുന്നത്. ക്ലാരാ സെറ്റ്കിന്‍ എന്ന ജര്‍മന്‍ തത്ത്വചിന്തകയാണ് ഈ ദിവസത്തെ  അന്തര്‍ദേശീയ വനിതാദിനമാക്കി മാറ്റുകയെന്ന ആശയം മുന്നോട്ടുവച്ചത്. 1911 ല്‍ ഓസ്ട്രിയയിലും ഡെന്മാര്‍ക്കിലും ജര്‍മനിയിലും സ്വിറ്റ്സര്‍ലന്‍ഡിലും വനിതാദിനം ആദ്യമായി ആഘോഷിച്ചു. 1975 ല്‍ ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര വനിതാദിനത്തെ അംഗീകരിച്ചു. 
കനലെരിയുന്ന വഴികളിലൂടെ സ്ത്രീകള്‍ അടുക്കളയില്‍നിന്ന് അധികാരത്തിലേക്കെത്തിയത് അര്‍പ്പണബോധത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും ഫലമൊന്നുകൊണ്ടുമാത്രമാണ്. സമൂഹത്തിനായി തനിക്കു പലതും ചെയ്യാനുണ്ടെന്നുള്ള തിരിച്ചറിവാണ് ഓരോ സ്ത്രീയുടെയും വിജയത്തിനു പിന്നിലെ രഹസ്യം. അന്തര്‍വാഹിനിമുതല്‍ വിമാനംവരെ നിയന്ത്രിക്കാന്‍ വളയിട്ട കൈകള്‍ക്കു കരുത്തുണ്ട്. ചെയ്യുന്ന ജോലിയോടു കൂറും ബഹുമാനവും പുലര്‍ത്തുന്നതില്‍ പുരുഷനെക്കാള്‍ ഒരുപടി മുന്നിലാണ് സ്ത്രീകളെന്നത് മറ്റൊരു സത്യം.
അമ്മയായും ഭാര്യയായും മകളായും മാത്രമല്ല ഉത്തരവിടാന്‍ കഴിവുള്ളവളായും സ്ത്രീ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. രാജ്യത്തിന്റെ ഭരണചക്രം തിരിക്കാന്‍ സ്തീകള്‍ പ്രാപ്തരായി. ദേശീയ, സംസ്ഥാനതലത്തില്‍ ഭരണസിരാകേന്ദ്രങ്ങളില്‍ സ്ത്രീകള്‍ കൈയൊപ്പു പതിപ്പിച്ചുകഴിഞ്ഞു. കേരളത്തിലും സ്ഥിതി മറിച്ചല്ല. ഏറ്റവുമൊടുവിലായി കേരളത്തിലെ ചരിത്രപ്രധാനമായ ജില്ലകളിലൊന്നായ കോട്ടയം അക്ഷരനഗരിയിലും വനിതകള്‍തന്നെ ഭരണചക്രം തിരിക്കുന്ന കാഴ്ചയാണ് 2021 സമ്മാനിക്കുന്നത്. മധ്യതിരുവിതാംകൂറിലെ തന്ത്രപ്രധാനപദവികളായ ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി, ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് എന്നീ സുപ്രധാന പദവികളാണ് വളയിട്ട കൈകളില്‍ ഭദ്രമാകുന്നത്. കൂടാതെ, ജില്ലയിലെ 71 പഞ്ചായത്തുകളില്‍ 32 പഞ്ചായത്തുകളിലും ഭരണസാരഥ്യം വനിതകള്‍ക്കാണ്.  ഒരു സ്ത്രീ തന്റെ കുടുംബത്തെ എങ്ങനെ കാത്തുസൂക്ഷിക്കുന്നുവോ അതുപോലെതന്നെയാവും തന്റെ അധികാരപരിധിയും സംരക്ഷിക്കുകയെന്നു തെളിയിക്കുകയാണ് കോട്ടയത്തെ വനിതാനേതൃത്വം. 
ജില്ലാ കളക്ടര്‍ എം. അഞ്ജന, ജില്ലാ പൊലീസ് മേധാവി ഡി. ശില്പ, ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി എന്നിവരാണ് കോട്ടയത്തിന്റെ പുതിയ കാവല്‍ക്കാര്‍. സ്ത്രീകളായതുകൊണ്ടുതന്നെ സഹജീവികളോടു കരുണയോടെ പെരുമാറാനും, എതിര്‍ക്കുന്നവര്‍ക്കു മുന്നില്‍ പ്രതിരോധത്തിന്റെ വന്‍മതില്‍ തീര്‍ക്കാനും ഇവര്‍ക്കാകുന്നു. മൂവരും ഒറ്റക്കെട്ടായി രംഗത്തെത്തിയതോടെ ജില്ലയില്‍ സമസ്തമേഖലകളിലും വികസനവുമെത്തി. 
സര്‍ക്കാരിന്റെ വികസനക്ഷേമപദ്ധതികളും മറ്റും സാധാരണക്കാരിലെത്തിക്കുകയും അവരുടെ പ്രശ്നങ്ങളില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്ന തിരക്കിലാണ് ജില്ലാ ഭരണകൂടത്തിന്റെ അധ്യക്ഷകൂടിയായ കളക്ടര്‍ എം. അഞ്ജന. തന്റെ അര്‍പ്പണമനോഭാവത്തോടെയുള്ള പ്രവര്‍ത്തനവും, സഹജീവികളോടുള്ള കരുണയുമാണ് എം. അഞ്ജനയെന്ന ഐ.എ..എസുകാരിയെ കോട്ടയത്തിനു പ്രിയങ്കരിയാക്കിയത്. കൊവിഡും മഹാപ്രളയവും പക്ഷിപ്പനിയുമടക്കമുള്ള വലിയ പ്രതിസന്ധിഘട്ടങ്ങളിലും അടിപതറാതെ ശക്തമായ നിലപാടുകളെടുത്ത് തന്റെ കുടുംബത്തെപ്പോലെ കോട്ടയത്തിനു കാവലിരുന്ന ജില്ലാകളക്ടര്‍ എം. അഞ്ജന ഐ.എ.എസുകാര്‍ക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വംകൂടിയാണ്. പ്രളയത്തിലും പകര്‍ച്ചവ്യാധികളിലുമൊക്കെ പതറാതെ കോട്ടയത്തെ സംരക്ഷിക്കാനായത് പൊതുജനങ്ങളുടെ സഹായവും സഹകരണവുംകൊണ്ടു മാത്രമാണെന്ന് കളക്ടര്‍ എം. അഞ്ജന ഓര്‍മിക്കുന്നു. പ്രതിസന്ധിഘട്ടങ്ങളില്‍ സര്‍ക്കാര്‍നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ക്കും അതു നടപ്പിലാക്കാന്‍ ജില്ലാഭരണകൂടത്തിനും കഴിഞ്ഞതാണ് കോട്ടയത്തിന്റെ വിജയം. അതിനു സഹകരിച്ച എല്ലാവര്‍ക്കും നന്ദി പറയുകയാണ് ജില്ലാ മജിസ്ട്രേറ്റുകൂടിയായ കളക്ടര്‍.
നിരവധി ക്രമസമാധാനപ്രശ്‌നങ്ങളും കുറ്റകൃത്യങ്ങളും നടക്കുന്ന കോട്ടയത്ത് പുതിയ പൊലീസ് മേധാവിയായി ഡി. ശില്പയെന്ന കരുത്തുറ്റ യുവതിയെത്തിയതോടെ അക്ഷരനഗരി ശാന്തമായി. അക്രമങ്ങളും, മറ്റ് അനിഷ്ടസംഭവങ്ങളും കുറഞ്ഞു. സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ തെല്ലും വിട്ടുവീഴ്ചയില്ലാത്ത നിലപാടു സ്വീകരിക്കുന്ന പൊലീസ് മേധാവി മറ്റു മേഖലയിലുള്ളവരോടും നീതി പുലര്‍ത്തിയതോടെ ജില്ലയിലെ കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞു.
ജില്ലയെ വികസനപാതയിലേക്ക് ഉയര്‍ത്താനുള്ള പദ്ധതികളിലാണ് ജില്ലാപ്പഞ്ചായത്ത് അധ്യക്ഷ നിര്‍മ്മല ജിമ്മി കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനും, അവരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം കാണുന്നതിനും കൂടുതല്‍ സമയം ചെലവഴിക്കുന്ന വ്യക്തിയാണ് ജില്ലാപ്പഞ്ചായത്ത് അധ്യക്ഷ. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഒരുക്കുന്നതിന് ബജറ്റില്‍പോലും പ്രത്യേക താത്പര്യമെടുക്കാനും നിര്‍മ്മല ജിമ്മിക്കു കഴിഞ്ഞു. 
മൂവരും ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മുമ്പെങ്ങും ഉണ്ടാകാത്തത്ര വികസനവും വളര്‍ച്ചയുമാണ് കോട്ടയം ജില്ലയ്ക്കു സമ്മാനിച്ചത്. ഏതു പ്രതിസന്ധിഘട്ടങ്ങളിലും നാടിനെ സംരക്ഷിക്കാന്‍ വനിതകള്‍ക്കു കഴിയുമെന്ന സന്ദേശംകൂടിയാണ് മൂവരും സമൂഹത്തിനു നല്‍കുന്നത്. ജില്ലയുടെ ഭരണസിരാകേന്ദ്രങ്ങളില്‍ കരുത്തുറ്റ സ്ത്രീകളെത്തിയതോടെ അക്ഷരാര്‍ത്ഥത്തില്‍ അക്ഷരനഗരി വളയിട്ട കൈകളില്‍ ഭദ്രമായിരിക്കുന്നുവെന്നു വേണം പറയാന്‍. 
ഈ വനിതാദിനത്തില്‍ അക്ഷരനഗരി ഒരു മാതൃകയാകട്ടെ. സ്ത്രീകള്‍ക്ക് സമൂഹത്തിന്റെ ഉന്നതപദവികളിലേക്കു നടന്നുകയറാനും, കഴിവു തെളിയിക്കാനുമാവുമെന്നത് സമൂഹത്തിനു കാട്ടിത്തന്നെ ഈ കോട്ടയംകൂട്ടായ്മ രാജ്യവികസനത്തിന്റെ സമസ്തമേഖലകളിലേക്കുമുള്ള തുടര്‍ച്ചകൂടിയാകട്ടെ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)