ഉയരെ ഗിരിമേല്‍ ഗുരുവിരുന്നു;
ഉപവിഷ്ടരായ് ശിഷ്യരന്തികത്തില്‍
അവരുടെയാത്മാവിനിമ്പമേകും
വചനങ്ങളോതുന്നു ദൈവപുത്രന്‍:
ഓര്‍ക്കുക, സ്‌നേഹമാകുന്നു ദൈവം!
പാര്‍ക്കുകില്‍, കാരുണ്യമാണു ദൈവം!
നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍;
നന്മകളന്യോന്യം കൈമാറുവിന്‍!
നിസ്വരേ, നിങ്ങളനുഗൃഹീതര്‍;
നിങ്ങടേതാകുന്നു സ്വര്‍ഗ്ഗരാജ്യം!
കേഴുന്നോരൊക്കെയും ഭാഗ്യവാന്മാര്‍;
കേള്‍ക്കുകാശ്വാസമവര്‍ക്കു കിട്ടും.
സൗമ്യതയാര്‍ന്നവര്‍ ഭാഗ്യമുള്ളോര്‍;
ഭൂമിയവര്‍ക്കവകാശമത്രേ!
നിര്‍മ്മലമാനസര്‍ ഭാഗ്യവാന്മാര്‍;
നിര്‍ണ്ണയമീശനെക്കാണുമവര്‍.
നീതിക്കുവേണ്ടി വിശന്നിടുന്നോര്‍,
ദാഹിച്ചിടുന്നവര്‍, ഭാഗ്യവാന്മാര്‍.
സംതൃപ്തി നൂനമവര്‍ക്കു പാരില്‍
സംലബ്ധമായിടും, ശങ്കവേണ്ട.
ശാന്തി ജഗത്തില്‍ വിതച്ചിടുന്നോര്‍
താന്തരാകില്ലവര്‍ ദൈവമക്കള്‍!
ധര്‍മ്മത്തിനായ് പീഡയേറ്റിടുവോര്‍,
നിര്‍മ്മലര്‍, സ്വര്‍ഗ്ഗത്തില്‍ച്ചെന്നുചേരും
കാരുണ്യം കാട്ടുവോര്‍ ഭാഗ്യവാന്മാര്‍,
പാരില്‍ നിരന്തരം ലോപമെന്യേ
കാരുണ്യം വര്‍ഷിച്ചിടുമവരില്‍
മാരിപോല്‍ നന്മസ്വരൂപനീശന്‍!
നന്മയാല്‍ തിന്മയെ വെന്നിടുവില്‍
കണ്‍മണിപോല്‍ സത്യം കാത്തിടുവിന്‍
ശാപമരുതു, ശപിക്കുവോരെ
ശാന്തതയോടെയനുഗ്രഹിപ്പിന്‍!
മിത്രങ്ങളെ മാത്രമല്ല നിങ്ങള്‍
ശത്രുക്കളെപ്പോലും സ്‌നേഹിക്കുവിന്‍
ഉപ്പാണു ഭൂമിക്കു; ലോകത്തിനു
സത്യവെളിച്ചവുമാണുനിങ്ങള്‍
നിങ്ങളിലൂടെ ജഗല്‍പ്പിതാവിന്‍
സന്നിധി പൂകണം മര്‍ത്ത്യരെല്ലാം!
വിദ്വേഷമാരോടും കാട്ടരുതേ,
വിസ്മരിച്ചാലുമുപദ്രവങ്ങള്‍.
നീതിയും ശാന്തിയും സന്തോഷവും
ചേരും മനങ്ങളില്‍ ദൈവരാജ്യം
വന്നുചേരുന്നതു സ്വന്തമാക്കാന്‍
വിശ്രമമെന്യേ പരിശ്രമിപ്പിന്‍.
സ്‌നേഹത്തിന്‍ വേദാന്തമിപ്രകാരം
ലോകത്തിനേകി മനുഷ്യപുത്രന്‍!