നമ്മുടെ സങ്കല്പങ്ങള്‍ക്കു നമ്മുടെ ശരീരത്തില്‍ നേരിട്ടു പ്രവര്‍ത്തിക്കാന്‍ കഴിയും. ഞാന്‍ വളരെ ക്ഷീണിതനാണ് എന്നു ചിന്തിക്കുമ്പോള്‍ത്തന്നെ ആ ആവേഗം ശരീരമാസകലം വ്യാപിച്ചു നമുക്കു തളര്‍ച്ച അനുഭവപ്പെടുന്നു. അതുപോലെതന്നെയാണ് സന്തോഷകരമായ ചിന്തകള്‍ നമ്മെ ഉണര്‍ത്തുന്നതും.
എന്താണീ പോസിറ്റീവ് ചിന്തകള്‍? വിശ്വാസവും ധൈര്യവും പ്രതീക്ഷയും നല്കുന്ന ചിന്തകളാണവ. പോസിറ്റീവ് ചിന്താധാര പ്രബലപ്പെടുമ്പോള്‍ നമ്മിലെ പരമാത്മാവ് ജീവസുറ്റതായിത്തീരുന്നു.
സര്‍വശക്തികളുടെയും ഉറവിടം ദൈവമാണ്. ആദിപിതാവും സ്രഷ്ടാവുമായവനില്‍ നിന്ന് നമ്മിലേക്ക് ആന്തരികമായി പ്രവഹിക്കുന്ന ദൈവികോര്‍ജമാണ് നാം ക്ഷീണിതരാകുമ്പോള്‍ നമ്മെ ഊര്‍ജസ്വലരാക്കുന്നത്. നാം രോഗിയാകുമ്പോള്‍ അവന്‍ നമ്മെ ശക്തീകരിക്കുന്നു. നാം കഷ്ടതയുടെ ഭാരം വഹിക്കുമ്പോള്‍ അവന്‍ നമ്മെ ആശ്വസിപ്പിക്കുന്നു. നമ്മുടെ വിചാരവികാരങ്ങളും പ്രവൃത്തിയും എത്രമാത്രം അവന്റെ ഹിതങ്ങളുമായി ചേര്‍ച്ചയിലാകുന്നുവോ, നാം എത്രമാത്രം അവന്റെ കൈകളിലേക്കു സമര്‍പ്പിക്കപ്പെടുന്നുവോ, അതനുസരിച്ചുള്ള ആശ്വാസവും കരുത്തും അവന്‍ നമുക്കു പകര്‍ന്നുതരുന്നു.
എല്ലാ നന്മയും എല്ലാ മഹത്ത്വവും എല്ലാവിധ സാത്വികശക്തികളും നമ്മുടെ അന്തരാത്മാവിന്റെ അഗാധതകളില്‍നിന്ന് സര്‍വ്വത്തിനും അതീതവും എന്നേക്കും നിലനില്ക്കുന്നതുമായ ദൈവതേജസ്സില്‍ നിന്നുവരുന്നു.
പോസിറ്റീവായ ഒരു മനുഷ്യാത്മാവിന് വിഷാദാത്മകചിന്തകളാല്‍ ഭാരപ്പെടുന്ന ഒരു ആത്മാവിനെ അപേക്ഷിച്ച് വളരെയധികം ആത്മീയോര്‍ജവും ശക്തിയും സംഭരിക്കാന്‍ കഴിയുന്നു.
നമ്മുടെ ചുറ്റുപാടുകള്‍ എത്രയോ പ്രശ്‌നസങ്കീര്‍ണ്ണമാണ്. ടി.വി. ചാനലുകള്‍ തുറന്നാല്‍ സമാധാനം ഉള്ളതുപോലും നഷ്ടപ്പെടും.
സമാധാനത്തോടെ, സന്തോഷത്തോടെ നന്മ ചെയ്തുപോകുന്ന മനുഷ്യരുടെ പോസിറ്റീവ് ശക്തിതരംഗങ്ങളെ ദൂഷിതമാക്കാന്‍ ചില ചാനല്‍പരിപാടികള്‍ക്കു കഴിയും. അവരുടെ അധാര്‍മികവികാരവിചാരങ്ങളും സംസാരവുംവഴി എല്ലാവരുടെയും ചിന്താഗതികള്‍ മലീമസപ്പെടുന്നു. കൊവിഡ് 19 നെക്കാള്‍ ഭീകരമാണ് ഈ നെഗറ്റീവ് ശക്തിതരംഗങ്ങള്‍. അവ നമ്മുടെ അന്തരാത്മാവിനെയും ശരീരത്തെയും പീഡിപ്പിക്കുകയും ശല്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
വായ്ക്കുവരുന്നതു കോതയ്ക്കു പാട്ട്. അത്രതന്നെ. ആരോഗ്യമുള്ള ഒരു സമൂഹം ഇവിടെ ഉണ്ടാകണമെങ്കില്‍ കളങ്കത്തിന്റെ, പാപത്തിന്റെ ഊര്‍ജം വഹിക്കുന്ന രോഗബീജങ്ങള്‍ ഇല്ലായ്മ ചെയ്യണം. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അത് നിറഞ്ഞുകവിയുന്നുണ്ട്. രോഗം നമ്മുടെ ആന്തരികസത്തയുടെ ഭാഗമല്ല. അതു പുറത്തുനിന്നു വരുന്നതാണ്. ആരോഗ്യമാണ് നമ്മുടെ ആന്തരികസത്ത.