2021 മാര്‍ച്ച് 19 മുതല്‍ 2022 ജൂണ്‍ 26 വരെ
കൊച്ചി: കൊവിഡ് കാലം ആശങ്കകളുടെയും ഭയപ്പാടുകളുടെയും സമയമായിരുന്നെങ്കിലും ഇക്കഴിഞ്ഞ വര്‍ഷക്കാലം വിലയിരുത്തിയാല്‍ ചില നന്മകളും നമുക്കു കണ്ടെത്താന്‍ കഴിയും. അതില്‍ പ്രധാനമാണു കുടുംബബന്ധങ്ങളുടെ ആഴം വര്‍ദ്ധിച്ചത്. കുടുംബങ്ങളിലെയും ഹൃദയങ്ങളിലെയും സ്‌നേഹവും സന്തോഷവും ആനന്ദവുമെല്ലാം എന്നും പ്രബോധന വിഷയങ്ങളാക്കിയ പരിശുദ്ധ ഫ്രാന്‍സിസ് പാപ്പാ ഇനിവരുന്ന കാലം കൂടുതലായി കുടുംബബന്ധങ്ങള്‍ ആഴപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഒരിക്കല്‍ക്കൂടി നമ്മെ ഉദ്‌ബോധിപ്പി ക്കുകയാണ്.
കത്തോലിക്കാസഭ, ഗൃഹനാഥന്മാരുടെ ഉത്തമമാതൃകയായി എന്നും ഉയര്‍ത്തിക്കാണിക്കുന്ന യൗസേപ്പിതാവിന്റെ വര്‍ഷത്തില്‍ത്തന്നെ ഒരു കുടുംബവര്‍ഷാചരണംകൂടി പരിശുദ്ധ ഫ്രാന്‍സിസ് പാപ്പാ പ്രഖ്യാപിച്ചിരിക്കുകയാണ്. 'സ്‌നേഹത്തിന്റെ സന്തോഷം' എന്ന ചാക്രികലേഖനത്തിന്റെ അഞ്ചാം വാര്‍ഷികം പ്രമാണിച്ച് 2021 മാര്‍ച്ച് 19 മുതല്‍ 2022 ജൂണ്‍ 26 വരെയായിരിക്കും കുടുംബവര്‍ഷമായി ആചരിക്കപ്പെടുക. സ്‌നേഹത്തിന്റെ സന്തോഷം (അാീൃശ െഘമലശേശേമ) എന്ന ചാക്രികലേഖനം ലോകത്തിനു നല്കിയ സ്‌നേഹത്തിന്റെ സാക്ഷികളായി കുടുംബങ്ങള്‍ മാറണം എന്ന മഹത്തായ ആഹ്വാനം കുടുംബവര്‍ഷ പ്രഖ്യാപനത്തിലൂടെ പാപ്പ അടിവരയിട്ടുറപ്പിക്കുന്നു. അമോറിസ് ലെത്തീസിയയിലെ കുടുംബദര്‍ശനം പ്രാവര്‍ത്തികമാക്കാനുള്ള പരിശുദ്ധപിതാവിന്റെ പരിശ്രമമായി ഈ കുടുംബവര്‍ഷാചരണത്തെ കാണാവുന്നതാണ്.
സ്‌നേഹത്തിന്റെയും ബന്ധങ്ങളുടെയും പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഫ്രാന്‍സിസ്പാപ്പായുടെ നിലപാടുകള്‍ക്കു വലിയ പ്രസക്തിയുണ്ട്. ലോകം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന എണ്ണമറ്റ പ്രതിസന്ധികള്‍ക്കു പരിഹാരം കുടുംബത്തില്‍ കണ്ടെത്താന്‍ കഴിയുമെന്നു തന്റെ ഓരോരോ നിലപാടുകളിലൂടെയും പ്രബോധനങ്ങളിലൂടെയും പാപ്പാ ഈ ലോകത്തെ ഓര്‍മിപ്പിക്കുന്നു. ഈ വര്‍ഷാചരണത്തിലൂടെ സ്‌നേഹം ആഴത്തില്‍ പങ്കുവയ്ക്കുന്ന ബലിവേദികളായി ഓരോ കുടുംബവും മാറണമെന്നു സഭ ആഗ്രഹിക്കുന്നു.
2020 ഡിസംബര്‍ എട്ടിന് ആരംഭിച്ച് 2021 ഡിസംബര്‍ എട്ടിന് അവസാനിക്കുന്ന വിശുദ്ധയൗസേപ്പിതാവിന്റെ വര്‍ഷത്തോടു ചേര്‍ത്താണ് മാര്‍പാപ്പാ കുടുംബവര്‍ഷം പ്രഖ്യാപിച്ചിരിക്കുന്നത്. തിരുക്കുടുംബത്തിന്റെ നാഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ പേരിലുള്ള വര്‍ഷാചരണത്തോടു കുടുംബവര്‍ഷാചരണവും ചേര്‍ന്നുപോകുന്നത് ഉചിതമാണെന്നു മാര്‍പാപ്പാ ചിന്തിക്കുന്നു. അതുപോലെതന്നെ, പ്രായമായവര്‍ക്കും വൃദ്ധമാതാപിതാക്കള്‍ക്കുംവേണ്ടി ആഗോളസഭയില്‍ ഒരു ദിവസം ആചരിക്കുവാനും മാര്‍പാപ്പാ തീരുമാനിച്ചിട്ടുണ്ട്. എല്ലാവര്‍ഷവും ജൂലൈ മാസത്തിലെ നാലാമത്തെ ഞായറാഴ്ചയായിരിക്കും ഈ പ്രത്യേക ദിനാചരണം.