മഞ്ഞില്‍ കുളിച്ചുനില്‍ക്കുന്ന മലനിരകള്‍, പച്ചവിരിച്ച പുല്‍മേടുകള്‍, കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന തേയിലത്തോട്ടങ്ങള്‍, കരിമ്പാറക്കുട്ടങ്ങള്‍ക്കിടയിലൂടെ വെള്ളിയാഭരണങ്ങള്‍പോലൊഴുകുന്ന നീര്‍ച്ചാലുകള്‍... അതെ, കൊടുംചൂടിലും മഞ്ഞു പെയ്യുന്ന, കേരളത്തിന്റെ കാശ്മീര്‍ എന്നറിയപ്പെടുന്ന മൂന്നാറിന്റെ മനോഹാരിത ഒന്നു വേറേതന്നെയാണ്.
ഇടുക്കിജില്ലയില്‍ സ്ഥിതിചെയ്യുന്ന സുന്ദരമായ പര്‍വതപ്രദേശമാണ് മുന്നാര്‍. എത്ര കണ്ടാലും മതിവരാത്ത സ്ഥലം. ദൈവം മനുഷ്യനായി കാഴ്ചകള്‍ സൂക്ഷിച്ചുവച്ചിരിക്കുന്ന സുന്ദരഭൂമി. അതിശൈത്യമെത്തിയതോടെ മൂന്നാറിന്റെ മനോഹാരിതയ്ക്കു മാറ്റു കൂടി. മൈനസ് ഡിഗ്രിയില്‍ തണുത്തുറഞ്ഞ മഞ്ഞുകട്ടകള്‍ ഇളവെയിലില്‍ ഉരുകിവീഴും. പുഴകളില്‍നിന്നു പുകപോലെ മഞ്ഞുയരും. പുല്‍നാമ്പുകളിലെ മഞ്ഞിന്‍കണങ്ങള്‍ സൂര്യകിരണങ്ങളേറ്റ് വൈരക്കല്ലുകള്‍പോലെ വെട്ടിത്തിളങ്ങും.
ഫെബ്രുവരിയിലും മഞ്ഞില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ് മൂന്നാര്‍. തെക്കിന്റെ കാശ്മീരിനെ തേടിയെത്തുന്നവരുടെ മനസ്സില്‍പ്പോലും മഞ്ഞുപെയ്യുന്നത്ര തണുപ്പ്. വിനോദസഞ്ചാരമേഖലകളില്‍ ഇളവു പ്രഖ്യാപിച്ചതോടെ മൂന്നാറിന്റെ കുളിര് ആസ്വദിക്കാന്‍ സഞ്ചാരികളുടെ തിരക്കേറി. ഒക്ടോബറില്‍ തുടങ്ങി ഡിസംബറില്‍ മൂര്‍ധന്യത്തിലെത്തി ജനുവരിയില്‍ അവസാനിക്കുന്നതായിരുന്നു ഇവിടുത്തെ ശീതകാലം. ഇക്കുറി ഫെബ്രുവരി പകുതിയായിട്ടും ആ കുളിരിനു കുറവില്ല. എവിടെ നോക്കിയാലും പച്ചപ്പു നിറഞ്ഞുനില്‍ക്കുന്നു.
തേയിലത്തോട്ടങ്ങള്‍
മുന്നാറിന്റെ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നത് നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന തേയിലത്തോട്ടങ്ങള്‍തന്നെയാണ്. തേയിലക്കാടുകള്‍ക്കിടയിലൂടെ സഞ്ചരിക്കാനും, ഫോട്ടോയ്ക്കു പോസു ചെയ്യാനുമൊക്കെ സഞ്ചാരികളുടെ തിരക്കാണ്. ക്യാമറയില്‍, ഏതു രീതിയില്‍ പകര്‍ത്തിയാലും, മനോഹരചിത്രങ്ങള്‍ മാത്രം സമ്മാനിക്കുന്നവയാണ് തേയിലത്തോട്ടങ്ങള്‍.
സുഗന്ധവ്യഞ്ജനങ്ങളുടെ പറുദീസ
സുഗന്ധവ്യഞ്ജനങ്ങളുടെയും തേയിലയുടെയും പറുദീസയാണ് മൂന്നാര്‍. സുഗന്ധവ്യഞ്ജനത്തോട്ടങ്ങള്‍ മൂന്നാര്‍ സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണകേന്ദ്രമാണ്. തോട്ടങ്ങള്‍ക്കെല്ലാം മരുന്നുവില്പനശാലകളുമുണ്ട്. ആവശ്യക്കാര്‍ക്ക് സുഗന്ധവ്യഞ്ജനങ്ങള്‍ വാങ്ങുകയും ചെയ്യാം.
മൂന്നാറിലെ ഷോപ്പിങ്
പ്രധാന ടൂറിസ്റ്റുകേന്ദ്രമാണെങ്കിലും മൂന്നാര്‍ വളരെ ചെറിയ ഒരു നഗരമാണ്. മൂന്നാറില്‍ പ്രധാനമായും ഹോംമെയ്ഡ് ചോക്ലേറ്റുകളും വ്യത്യസ്തരുചിയിലുള്ള തേയിലപ്പൊടികളും ഹെര്‍ബല്‍ ഉത്പന്നങ്ങളുമാണ് വില്പനയ്ക്കുള്ളത്. ഇവിടെയെത്തുന്നവര്‍ മൂന്നാറിന്റെ മണമുള്ള തേയിലപ്പൊടി വാങ്ങാതെ മടങ്ങുകയില്ല.
ടോപ് സ്റ്റേഷന്‍
മൂന്നാറിലെ ഏറ്റവും ഉയരമേറിയ പ്രദേശമാണ് ടോപ് സ്റ്റേഷന്‍. തമിഴ്നാടിന്റെ അതിര്‍ത്തിയിലുള്ള ടോപ് സ്റ്റേഷനില്‍ സഞ്ചാരികളെ സ്വീകരിക്കാന്‍ ഒരു റസ്റ്റോറന്റുണ്ട്. മൂന്നാറിന്റെ അതിര്‍ത്തിയിലുള്ള മലഞ്ചെരിവുകള്‍ കണ്ടാസ്വദിക്കാവുന്ന സ്ഥലമാണു ടോപ്‌സ്റ്റേഷന്‍. അന്യഭാഷാചിത്രങ്ങളടക്കം നിരവധി സിനിമകള്‍ ഷൂട്ടു ചെയ്ത ഈ സ്ഥലത്തിന് ഷൂട്ടിങ് പോയിന്റ് എന്നൊരു പേരുമുണ്ട്. മൂന്നാറില്‍നിന്ന് 36 കി.മീ അകലെയാണ് ടോപ് സ്റ്റേഷന്‍ (മൂന്നാര്‍ - കൊടൈക്കനാല്‍ റോഡ്).
ചീയപ്പാറ വെള്ളച്ചാട്ടം
നേര്യമംഗലത്തിനും അടിമാലിക്കും ഇടയില്‍ റോഡരികിലാണ് ചീയപ്പാറ വെള്ളച്ചാട്ടം. ഏഴു തട്ടുകളിലായി പാറപ്പുറത്തുകൂടി ഒഴുകിയിറങ്ങുന്ന ചീയപ്പാറ വെള്ളച്ചാട്ടം നേര്യമംഗലം - മൂന്നാര്‍ റോഡിലൂടെ താഴേക്ക് ഒഴുകുന്നു. ഇരവികുളം ദേശീയോദ്യാനത്തിലെ ഒരു മലയാണ് നീലക്കുറിഞ്ഞി പൂക്കുന്ന രാജമല. വരയാടുകളുടെ ആവാസ കേന്ദ്രമായ രാജമലയിലേക്ക് വനംവകുപ്പ് സഫാരി നടത്തുന്നുണ്ട്. അടിവാരത്തുനിന്ന് നാലു കിലോമീറ്റര്‍ വാഹനയാത്ര. അവിടെ നിന്ന് ഒരു കിലോമീറ്റര്‍ നടത്തം. ഇതിനിടയില്‍ 10 ഹെയര്‍പിന്‍ വളവുകള്‍. രാജമലയുടെ അടിവാരത്തേക്കു മൂന്നാറില്‍നിന്ന് 14 കി.മീ. പ്രവേശനത്തിനു ടിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ചിന്നക്കനാല്‍
തേയിലത്തോട്ടങ്ങള്‍ക്കു നടുവിലൂടെ ദേവികുളംവഴി ചിന്നാര്‍ യാത്ര രസകരമായ റോഡ് ട്രിപ്പാണ്. ആനയിറങ്കല്‍ അണക്കെട്ടില്‍ ബോട്ടുസവാരിയുണ്ട്. വ്യൂപോയിന്റാണ് ചിന്നക്കനാലിലെ മറ്റൊരു ഡെസ്റ്റിനേഷന്‍.
മാട്ടുപ്പെട്ടി അണക്കെട്ട്
മൂന്നാര്‍ സഞ്ചാരികളുടെ ബോട്ടിങ് പോയിന്റാണ് മാട്ടുപ്പെട്ടി അണക്കെട്ട്. സിനിമ ക്കാരുടെ ഇഷ്ടപ്രദേശമാണ് ഇവിടം. താഴ്വരയുടെ സൗന്ദര്യം ക്യാമറയില്‍ പകര്‍ത്താന്‍ അണക്കെട്ടിനു സമീപത്ത് ഇക്കോ പോയിന്റുണ്ട്. മൂന്നാറില്‍നിന്ന് 15 കി.മീ. അകലെയാണ്. കുണ്ടള അണക്കെട്ട്. ടോപ് സ്റ്റേഷന്‍ യാത്രയ്ക്കിടെ രണ്ടാമത്തെ അണക്കെട്ടാണ് കുണ്ടള. അണക്കെട്ടില്‍ ബോട്ട് സവാരിയുണ്ട്. അണക്കെട്ടിനു സമീപത്തുള്ള ചെറിപ്പൂക്കള്‍ വിടരുന്ന പൂന്തോട്ടവും നയനമനോഹരമാണ്.
ചരിത്രരേഖകളും കാണാം
മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ മൂന്ന് 'ആറുകള്‍' ചേരുന്ന സ്ഥലം എന്ന വിശേഷണത്തില്‍നിന്നാണ് 'മൂന്നാര്‍' എന്ന പേരുണ്ടായത്. പള്ളിവാസല്‍, ദേവികുളം, മളയൂര്‍, മാങ്കുളം, കുട്ടമ്പുഴ പഞ്ചായത്തുകള്‍ക്കു നടുവിലാണ് മൂന്നാര്‍. പല ചരിത്രകാഴ്ചകളും പുതുതലമുറയ്ക്കായി സൂക്ഷിച്ചുവച്ചിട്ടുണ്ട് മൂന്നാര്‍. അതിലൊന്നാണ് ബ്രിട്ടീഷുകാര്‍ മൂന്നാര്‍ പട്ടണത്തിനരികെ നിര്‍മിച്ച ആദ്യത്തെ ടൂറിസ്റ്റ് ബംഗ്ലാവ്. പഴയ മൂന്നാറിലുള്ള സിഎസ്ഐ ദേവാലയവും സെമിത്തേരിയും ബ്രിട്ടീഷ് ഭരണകാലത്താണ് നിര്‍മിച്ചത്. ഈ സെമിത്തേരിയുടെ ഏറ്റവും മുകളിലാണ് എലെയ്നര്‍ ഇസബെല്‍ മെയ് എന്ന ബ്രിട്ടീഷുകാരിയുടെ കല്ലറ.