്‌റേഷന്‍കാര്‍ഡില്‍ പഞ്ചിങ് നിര്‍ബന്ധമാക്കുന്നതിനുമുന്‍പുള്ള കാലം. തങ്ങളൊക്കെ വലിയ കുടുംബക്കാരാണെന്നും, റേഷന്‍ കടയിലൊക്കെ പോകുന്നത് കുറച്ചിലാണെന്നും കരുതുന്ന ചില മനുഷ്യര്‍ ഉണ്ടായിരുന്നു. തകര്‍ന്നു പോയ ജന്മിത്വത്തിന്റെയും പൊള്ളയായ ജാടകളുടെയും, പൊങ്ങച്ചത്തിന്റെയും മുഖംമൂടിയണിഞ്ഞ് മേലാളന്മാരെന്നു സ്വയം അഭിമാനിക്കുന്ന കൂട്ടര്‍. അത്തരത്തിലൊരു കുടുംബത്തിലെ കണ്ണിയായിരുന്നു നമ്മുടെ ചന്ദ്രികയും.
''ഏതേലും ആപ്പീസുകാര്യത്തിനു ചെല്ലുമ്പോള്‍ മേല്‍വിലാസം അറിയാനൊരു തെളിവു വേണമെന്നു പിള്ളേരുടെ അച്ഛന്‍ പറയുന്നതുകൊണ്ടാണ് ഈ റേഷന്‍ കാര്‍ഡ് സൂക്ഷിച്ചുവച്ചിരിക്കുന്നത്. റേഷന്‍ കടയിലെ പുഴുപിടിച്ച അരി മേടിക്കേണ്ട ഗതികേടൊന്നും ഏതായാലും ഇവിടില്ല. ആവശ്യത്തിലും അതില്‍കൂടുതലും നെല്ല് ഇവിടെ പത്തായത്തിലുണ്ട്. റേഷന്‍ കടയില്‍നിന്നു കിട്ടുന്ന സാധനങ്ങളൊക്കെ പണിക്കാരി രാജമ്മ വാങ്ങിക്കുവാണ്. പിന്നെ വല്ലപ്പോഴും ഇത്തിരി മണ്ണെണ്ണ വല്ലോം വാങ്ങിച്ചെങ്കിലായി. കരിയില കൂട്ടിയിട്ട് കത്തിക്കുമ്പം തീ പെട്ടെന്ന് പിടിക്കുവാന്‍ നല്ലതാ. അത്രേയുള്ളൂ അതുകൊണ്ടിവിടെ പ്രയോജനം!''
അടുക്കളത്തളത്തില്‍ ഉച്ചയൂണും കഴിഞ്ഞ് പതിവായി കൂടാറുള്ള പരദൂഷണസദസ്സുകളില്‍ ഒരിക്കല്‍ അമ്മൂമ്മ കൂട്ടുകാരികളായ അമ്മൂമ്മാസിന്റെ മുന്‍പില്‍ പൊങ്ങച്ചസഞ്ചി അഴിച്ചിടുന്നതു കേട്ടതു മുതലാണെന്നു തോന്നുന്നു ചന്ദ്രികയുടെ മനസ്സിലും റേഷന്‍കട എന്നു കേള്‍ക്കുമ്പോള്‍ ഒരു ഒരു വിമ്മിട്ടം തോന്നിത്തുടങ്ങിയത്. കാരണമൊന്നുമില്ല പറയാന്‍. വിശപ്പിന്റെ വിളി അറിഞ്ഞിട്ടില്ല, അത്രതന്നെ.
ഫെബ്രുവരിമാസമാകുമ്പോള്‍ അച്ഛന്‍ വയലിലേക്കു കൊയ്ത്തിനായി പോകുമെന്നും ആ ഒരാഴ്ചക്കാലം ആരെയും പേടിക്കാതെയും പഠിക്കാതെയും കളിച്ചുതിമിര്‍ത്തു നടക്കാമെന്നുള്ളതുകൊണ്ടു കൊയ്ത്തുകാലമെന്നു കേള്‍ക്കുമ്പോള്‍ അവളുടെ മനസ്സില്‍ സന്തോഷമായിരുന്നു. ഇതിനിടയില്‍ 'ബ്ലോക്കില്‍നിന്നു വളം സംഘടിപ്പിക്കാന്‍പോകണം' എന്നൊക്കെ അച്ഛന്‍ അമ്മയോടു പറയുന്നതൊക്കെ കേള്‍ക്കാറുണ്ടെങ്കിലും കൃഷിയുടെ ഗൗരവമോ എത്രയോ തൊഴിലാളികളുടെ എല്ലു മുറിയെയുള്ള അദ്ധ്വാനമാണ് തങ്ങളുടെ പത്തായം നിറയ്ക്കുന്നതെന്നും മറ്റുമുള്ള ചിന്തകളോ അവളെ ഗ്രസിച്ചിരുന്നേയില്ല.
കോലായില്‍ അട്ടിയായി അടുക്കിവയ്ക്കുന്ന നെല്ലിന്‍ചാക്കുകളില്‍ ചാടിക്കളിക്കുന്ന കളിയായിരുന്നു അക്കാലങ്ങളില്‍ അവളുടെയും സഹോദരങ്ങളുടെയും പ്രധാന വിനോദം.
ഇന്നത്തെ കുട്ടികളോട്, 'അരി എവിടെ നിന്നുകിട്ടുന്നു' എന്നു ചോദിച്ചാല്‍ ഒരുപക്ഷേ, 'സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്നാണ്' എന്നാവും ഉത്തരം. പക്ഷേ, അങ്ങനെ തന്റെ കുഞ്ഞുങ്ങള്‍ പറയാതിരിക്കുവാന്‍ ചന്ദ്രിക, പണ്ട് വട്ടച്ചെമ്പില്‍ നെല്ലു പുഴുങ്ങി, ഉരലില്‍ നെല്ലു കുത്തിയെടുത്തിരുന്ന കഥയൊക്കെ മക്കള്‍ക്കു പറഞ്ഞുകൊടുത്തിട്ടുണ്ട്. പണ്ടത്തെ ഉരലില്‍ പത്തുമണിച്ചെടി നട്ട് വീട്ടുമുറ്റത്തുതന്നെ സ്ഥാപിച്ചിരിക്കുന്നതുകൊണ്ട് ഭാഗ്യത്തിന് ഉരല്‍ ഏതാണെന്ന് അവര്‍ക്കറിയാം. ആ കഥകളിലും അമ്മയുടെ കുറെ തറവാട്ടുമഹിമകൂടി നിറയ്ക്കുമെന്നു മാത്രം.
ഇരുട്ടുവീഴാന്‍ തുടങ്ങുന്ന സന്ധ്യകളില്‍ ചുവന്നുതുടുത്ത മാനത്തെക്കാള്‍ പ്രഭയോടെ വിറകടുപ്പിലെ അഗ്‌നി ആളിപ്പടര്‍ന്നു ജ്വലിക്കുമ്പോള്‍ വലിയ വട്ടച്ചെമ്പില്‍ നെല്ലു പൊട്ടിയടര്‍ന്നു പിറവിയെടുക്കുന്ന അരിമണികളുടെ കഥകള്‍ മക്കളോടു പറയുമ്പോള്‍ കുറെ പൊങ്ങച്ചങ്ങളും പണ്ട് വീട്ടില്‍ സഹായത്തിന് ഒരുപാട് പേരുണ്ടായിരുന്നെന്നുമൊക്കെ ഊന്നല്‍ കൊടുക്കാന്‍ മറക്കാറില്ല.
അപ്പോളവളുടെ മനസ്സില്‍ വലിയ കണ്ണാപ്പകൊണ്ട് കുട്ടയിലേക്ക് പുഴുങ്ങിയ നെല്ല് കോരിയിടുന്നതും പിറ്റേദിവസം വെള്ളം വാര്‍ന്ന നെല്ല് നീളം കൂടിയ ചിക്കുപായയില്‍ ഉണക്കാനിടുന്നതുമൊക്കെയായിരിക്കും. കാക്കയും കോഴിയും കൊത്താതെ പായയിലെ നെല്ലിനു കാവലിരിക്കുവാനും അന്നൊക്കെ വലിയ ഉത്സാഹമായിരുന്നു. നെല്ലുണങ്ങി വന്നാലും കുത്തി അരിയാക്കി എടുക്കുന്നതുതൊട്ട് ഉമി തെള്ളി തവിട് കളഞ്ഞെടുത്ത് ഉമിക്കരിയാക്കുന്നതുവരെ എത്രയെത്ര പരിപാടികള്‍.
കാലം ചെന്നതോടെ വയലുകളെല്ലാം വിറ്റു. സഹോദരങ്ങളെല്ലാം ഗള്‍ഫിലും മറ്റും ഉദ്യോഗം തേടിപ്പോയപ്പോള്‍ വയലുകളിലൊന്നും കൃഷിയിറക്കാനാളില്ലാതായി. വിറ്റുപോയ വയലുകളൊക്കെ നികത്തി അവിടെയെല്ലാം നിറയെ കെട്ടിടങ്ങളുമായി. സഹോദരങ്ങള്‍ക്കെല്ലാം അവരവരുടെ കാര്യങ്ങളുമായി. കച്ചവടം തീരെ കുറഞ്ഞുപോയിട്ടും വസ്ത്രവ്യാപാരമുതലാളി എന്ന പേരു മാഞ്ഞുപോകാതിരിക്കുവാന്‍വേണ്ടി മാത്രം ചെറിയൊരു തുണിക്കടയും തുറന്നുവച്ചിരിക്കുന്ന 'രാഘവന്‍ മുതലാളി'യുടെ ഭാര്യയായി ചന്ദ്രിക മാത്രം നാട്ടിലുണ്ട്.
''അദ്ധ്വാനത്തിന്റെയോ മണ്ണിന്റെയോ വില അറിയാതെ എല്ലാം വിറ്റുനശിപ്പിച്ചിട്ടുള്ളവര്‍ക്ക് ഇങ്ങനെയൊക്കെയേ ജീവിക്കുവാന്‍ പറഞ്ഞിട്ടുള്ളൂ. ചന്ദ്രികയ്ക്ക് ആ കൃഷിയൊക്കെ നോക്കി നടത്താന്‍മേലായിരുന്നോ?'' ഒരിക്കല്‍ മകള്‍ക്കു ഫീസടയ്ക്കുവാനായി ലോണിനപേക്ഷിക്കുവാന്‍ ചെന്നപ്പോള്‍ ബാങ്ക് മാനേജര്‍ ചോദിക്കുകയുണ്ടായി. അന്നും അവളിലെ തറവാടി തലകുനിച്ചില്ല.
''പിന്നേ, ഞങ്ങടെ കുടുമ്മത്ത് പെണ്ണുങ്ങളാരും അതൊന്നും ചെയ്തിട്ടില്ല.'' ദേഷ്യത്തില്‍തന്നെയങ്ങ് അന്ന് മറുപടി കൊടുത്തിരുന്നു. എങ്കിലും റേഷന്‍ കാര്‍ഡ് പുതുക്കുവാനായി അടുത്തുള്ള സ്‌കൂളില്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ ചന്ദ്രികയുടെ ഉള്ളിലുറങ്ങിക്കിടന്നിരുന്ന പഴയ ദുരഭിമാനം തലപൊക്കി. താനിതിലൊന്നും വന്നു നില്‍ക്കേണ്ടവളല്ലെന്ന വലിയ ഭാവം ഉള്ളില്‍ നുരയിടുന്നതിനാലാവാം,
''എത്ര നേരമായി ഇവിടെ കാത്തുനില്‍ക്കുന്നു, വീട്ടിലെ പെണ്ണുങ്ങളുടെ പേരുതന്നെ കാര്‍ഡില്‍ വരുത്തണമെന്ന് നിങ്ങള്‍ക്കിത്ര നിര്‍ബന്ധമെന്താ. ഞങ്ങളൊന്നും സാധനം വാങ്ങുന്നവരല്ല, മേല്‍വിലാസത്തിനു തെളിവായാണ് കാര്‍ഡ് എടുക്കുന്നത്. ഒന്നു വേഗം വിട്ടാലെന്താ?''
അതിലേ വന്ന ഉദ്യോഗസ്ഥന്റെ നേരേ ചുറ്റുമുള്ളവരെ കേള്‍പ്പിക്കാനെന്നവണ്ണം അവള്‍ ചൊടിച്ചു.
പുറത്തുള്ള ജീപ്പില്‍നിന്ന് ഏതോ ഫയലുമെടുത്ത് തിരക്കിട്ട് അകത്തേക്കുപോകുകയായിരുന്ന ഉദ്യോഗസ്ഥന്‍ തിരിഞ്ഞ് അവളെ സൂക്ഷിച്ചു നോക്കി പരിഹാസം ഒട്ടും കലര്‍ത്താതെ പറഞ്ഞു:
''ചേച്ചീ റേഷന്‍ വാങ്ങുവാനുള്ളതാണ് കാര്‍ഡ്. ഭാരതത്തിലെ ജനങ്ങളൊന്നും പട്ടിണി കിടക്കരുതെന്ന ആഗ്രഹത്തില്‍ ഗവണ്‍മെന്റ്തുടര്‍ന്നുകൊണ്ടുപോകുന്ന പദ്ധതി. വീടിന്റെ അകത്തളങ്ങളില്‍ ഇരുണ്ട മൂലയിലായിപ്പോയ നിങ്ങളെപ്പോലെയുള്ള സ്ത്രീജനങ്ങളെ മുന്‍നിരയിേലക്കു കൊണ്ടുവരുവാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് കാര്‍ഡ് ഗൃഹനായികയുടെ പേരിലാക്കുന്നു എന്നുള്ളതും. പിന്നെ സാധനങ്ങള്‍ ആവശ്യമില്ലെങ്കില്‍ സാധുക്കളായുള്ള ആര്‍ക്കെങ്കിലും സാധനങ്ങള്‍ വാങ്ങിച്ചു നല്‍കൂ. ഏതായാലും ഉള്ള കാര്‍ഡു കളയണ്ട. കുറച്ചു ക്ഷമിച്ചു നില്‍ക്കൂ.''
ഇത്രയും പറഞ്ഞ് അയാളകത്തേക്കു പോയപ്പോള്‍ ചിരിയടക്കുന്ന ചുറ്റുമുള്ള പരിചയക്കാരെ നേരിടാനാവാതെ നേരിയ ചമ്മലോടെ അവള്‍ നിന്നു. എങ്കിലും ഒരിക്കലും റേഷന്‍കടയിലോട്ടു പോകില്ലെന്ന വാശിയില്‍ത്തന്നെയായിരുന്നു അവള്‍. 'മൂന്നു മാസത്തിലൊരിക്കല്‍ ചെന്നു പഞ്ചിങ് നടത്തിയില്ലെങ്കില്‍ കാര്‍ഡ് ക്യാന്‍സലാകും' എന്നൊക്കെയുള്ള ഭീഷണി ഉയര്‍ന്നപ്പോളാണ് റേഷന്‍ കടയില്‍ പോകാതെ തരമില്ലെന്നു വന്നത്. കുറെ പ്രാവശ്യമൊക്കെ ഭര്‍ത്താവ് രാഘവക്കുറുപ്പിനോടു പറഞ്ഞുവെങ്കിലും അവളെക്കാള്‍ കുടുംബമഹിമയില്‍ അള്ളിപ്പിടിച്ചുകിടക്കുന്ന ആളായതിനാല്‍ അയാളതു കേട്ടില്ലെന്നങ്ങ് നടിച്ചു.
അലമാരയില്‍ മടക്കിവച്ചിരിക്കുന്ന മുന്തിയൊരു സാരിയുമുടുത്ത് റേഷന്‍ കടയില്‍ചെന്ന് 'പഞ്ചിങ്' നടത്തി ക്യൂവില്‍ നില്‍ക്കുന്നവരെയൊന്നും ശ്രദ്ധിക്കാതെ ജാടയില്‍ത്തന്നെയാണ് വീട്ടിലേക്കു മടങ്ങിപ്പോന്നതും.
കൊറോണ ശക്തമായി. അടച്ചുപൂട്ടലിന്റെ നാളുകളിലാണ് നാടെങ്ങും ക്ഷാമത്തെക്കുറിച്ചുള്ള ഭീതി പടര്‍ന്നത്. ''വടക്കേലെ വീട്ടുകാര് രണ്ടു ചാക്ക് അരിയൊക്കെ വാങ്ങി വച്ചിട്ടുണ്ട്.'' ചന്ദ്രിക ഭര്‍ത്താവിനോടു പറഞ്ഞു.
''ഓ, കൊറോണ!'' അതൊക്കെ ഇപ്പഴങ്ങ് മാറും. വെറുതേ കൂടുതല്‍ സാധനങ്ങള്‍ വാങ്ങി പൂപ്പല്‍ പിടിപ്പിച്ച് കളയണ്ട.''
രണ്ടു ചാക്ക് അരി ഒന്നിച്ചുവാങ്ങുവാനുള്ള പണം കൈയിലില്ലെന്ന സത്യം മറച്ചുപിടിച്ചുകൊണ്ട് അയാള്‍ മറുപടി പറഞ്ഞു. അടച്ചുപൂട്ടലിന്റെ നാളുകള്‍ അങ്ങനെയങ്ങു നീണ്ടുപോയി. വരുമാനം തീരെ കുറഞ്ഞ കടയില്‍നിന്ന് ഒന്നുംതന്നെ ലഭിക്കാതായപ്പോള്‍ വിശപ്പിന്റെ വിളിയെക്കുറിച്ച് ആദ്യമായി ചന്ദ്രിക ബോധവതിയായി. നാട്ടിലൊക്കെ പാവങ്ങള്‍ക്കായി കമ്യൂണിറ്റി കിച്ചണുകള്‍ ഉയരുന്നതറിഞ്ഞിട്ടും സ്വന്തം കാര്യത്തെക്കുറിച്ചുമാത്രം ഓര്‍ത്ത് അവള്‍ ദുഃഖിച്ചുകൊണ്ടിരുന്നു. നാട്ടില്‍ കൊറോണ പടര്‍ന്നുപിടിക്കുന്ന വാര്‍ത്തകളൊന്നും അവളെ അലട്ടിയതേയില്ല.
''ഇത്തിരി അരി കരുതിവച്ചാല്‍ ഒരു സമാധാനമുണ്ടായിരുന്നു. തേങ്ങ പറമ്പിലുള്ളതുകൊണ്ട് ചമ്മന്തിയരച്ചാണേലും കഞ്ഞി കുടിക്കാമല്ലോ.'' ഇടയ്ക്കിടയ്ക്ക് അവള്‍ ഭര്‍ത്താവിനോട് ഉരുവിട്ടുകൊണ്ടിരുന്നു.
''റേഷന്‍കടവഴി പതിനഞ്ചുകിലോ അരി സൗജന്യമായി കൊടുക്കുന്നുണ്ടെന്നു കേട്ടു. നീയാ സഞ്ചി ഇങ്ങെടുക്ക്. ഞാന്‍ പോയി വാങ്ങിയിട്ടു വരാം. പലവ്യഞ്ജസാധനങ്ങളുടെ കിറ്റും ഉണ്ട്. അതുകൊണ്ടൊക്കെ തള്ളി വിട് ഈ മാസം. അല്ലാതെ നിവൃത്തിയില്ല. പട്ടിണികിടന്ന് മരിക്കണ്ടല്ലോ.'' അയാള്‍ പറഞ്ഞതുകേട്ട് അവള്‍ക്കദ്ഭുതം തോന്നി. ഇരുന്നിടത്തുനിന്ന് അനങ്ങാത്ത മനുഷ്യനാണ്.
''എന്നാല്‍, ഞാനുംകൂടെ വരാം. ഒന്നിച്ചത്രയും സാധനങ്ങള്‍ ഒറ്റയ്ക്കു നിങ്ങള്‍ എങ്ങനെ ചുമന്നുകൊണ്ടു വരും.'' മാസ്‌ക് മുഖത്തേക്കു വലിച്ചിട്ട് അവളും കൂടെയിറങ്ങി.
''അതേയ്, പരിചയക്കാരാരെയെങ്കിലും കണ്ടാല്‍ കമ്യൂണിറ്റി കിച്ചണില്‍ സംഭാവന കൊടുക്കാനാണെന്നു പറഞ്ഞാല്‍ മതി കേട്ടോ. ആ, പിന്നെ മാസ്‌കുള്ളതുകൊണ്ട് പെട്ടെന്നാരും തിരിച്ചറിയത്തുമില്ല.''
നടക്കുന്നതിനിടയില്‍ അവള്‍ പിറുപിറുത്തു കൊണ്ടേയിരുന്നു. ''എല്ലാവരും സാമൂഹിക അകലം പാലിച്ചു നില്‍ക്കണം.'' കടക്കാരന്‍ ഇടയ്ക്കിടയ്ക്ക് വിളിച്ചു പറയുന്നുമുണ്ട്.
അറിയാവുന്നവര്‍ ഒരുപാടു പേര്‍ ക്യൂവിലുണ്ട്.
''നോക്കിക്കേ എല്ലാവരുമുണ്ട് നമ്മള്‍ മാത്രമേ ഇത്രയുംകാലം ദുരഭിമാനവും കെട്ടിപ്പിടിച്ചു നടന്നിട്ടുള്ളൂ.'' അയാള്‍ പറഞ്ഞു.
സഞ്ചിയിലേക്കു പകര്‍ന്നുകിട്ടിയ അരി കണ്ടപ്പോള്‍ ചന്ദ്രിക അമ്പരന്നുപോയി. എന്തു നല്ല അരി!
ഈ അരിയെയാണോ ഇത്രയും നാളും പുച്ഛിച്ചിരുന്നത്. കടയില്‍നിന്നു വലിയ വില കൊടുത്തു വാങ്ങുമ്പോള്‍ എല്ലാം കേമം എന്നു തോന്നും. ഇനി ഇടയ്ക്ക് ഇവിടെ വന്ന് തങ്ങളുടെ കാര്‍ഡിനു ലഭിക്കുന്ന സാധനങ്ങളൊക്കെ വാങ്ങണം.
വീട്ടില്‍ തിരിച്ചെത്തിയ ചന്ദ്രിക റേഷന്‍ കാര്‍ഡ് വളരെ ഭദ്രമായി അലമാരയില്‍ എടുത്തുവച്ചു ഐശ്വര്യത്തിന്റെ അവതാരമായി പട്ടിണി മാറ്റാനെത്തിയ അന്നലക്ഷ്മിയെ അന്നാദ്യമായി അവള്‍ ബഹുമാനപുരസ്സരം വീക്ഷിച്ചു.