•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

വഞ്ചനയുടെ മുഖങ്ങള്‍

ധ്യതിരുവിതാംകൂറിലെ ഒരു പുരാതന ക്രൈസ്തവകുടുംബത്തിലെ സുന്ദരിയും വിദ്യാസമ്പന്നയുമായ യുവതിയാണു ശാലിനി. ബാംഗ്ലൂരില്‍ ഒരു പ്രശസ്തസ്ഥാപനത്തിലെ ഉദ്യോഗസ്ഥ.
ഒരു ദിവസം യാദൃച്ഛികമായി ശാലിനിക്ക് ഓഫീസിലേക്ക് ഒരു ഫോണ്‍കോള്‍!
''കുട്ടീ ഞാനൊരു വിവാഹ ദല്ലാളാണ്, കണ്ണൂരില്‍നിന്ന് ഇവിടെ വന്നു താമസിക്കുന്ന നല്ല കുടുംബത്തിലെ ഒരു പയ്യനുണ്ട്. മുപ്പതിനായിരത്തിലേറെ ശമ്പളമുള്ള ജോലി. കാണാനും സുന്ദരന്‍.''
ശാലിനിക്ക് വിവാഹം ആലോചിച്ചുകൊണ്ടിരുന്ന സമയമായിരുന്നു അത്. തന്റെ മാതാപിതാക്കളുമായി ബന്ധപ്പെടാന്‍ ശാലിനി അയാളോടു പറഞ്ഞു. അഡ്രസ്സും ഫോണ്‍ നമ്പറും നല്കുകയും ചെയ്തു. അയാള്‍ ശാലിനിയുടെ വീട്ടിലേക്കു വിളിച്ചു.
വിവരങ്ങളറിഞ്ഞപ്പോള്‍ അവര്‍ക്കും സന്തോഷമായി. അങ്ങനെ 'ദല്ലാള്‍' പറഞ്ഞ പയ്യനെക്കുറിച്ച് അന്വേഷിക്കാന്‍ ശാലിനിയുടെ ഡാഡി ബാംഗ്ലൂരില്‍ എത്തുന്നു. ഇനിയങ്ങോട്ട് ഈ ദല്ലാള്‍ എന്ന അദൃശ്യകഥാപാത്രത്തിന് പ്രസക്തിയില്ലാതാവുകയാണ്.
ജോലിസ്ഥലത്തുവച്ചോ സിറ്റിയില്‍ വച്ചോ ഒക്കെ ശാലിനിയെ പതിവായി കാണാനിടയായ ജോയി എന്ന ചെറുപ്പക്കാരന്റെ തന്ത്രങ്ങളായിരുന്നു ഇതത്രയും. ശാലിനിയുടെ പേരും ഫോണ്‍ നമ്പറും എങ്ങനെയോ കണ്ടെത്തിയ ജോയി കളിച്ച നാടകങ്ങളായിരുന്നു എല്ലാമെന്ന് പിന്നീടാണ് ശാലിനി മനസ്സിലാക്കുന്നത്.
റെയില്‍വേ സ്റ്റേഷനിലെത്തിയ ഡാഡിയെ കാത്തുനിന്നു സ്വീകരിച്ചത് ജോയിതന്നെയായിരുന്നു.
ഓഫീസില്‍ വന്ന് ശാലിനിയെ കണ്ടപ്പോള്‍ ഡാഡി വളരെ സന്തോഷവാനായിരുന്നു.
''എല്ലാം നിന്റെ ഭാഗ്യമാ മോളേ. അല്ലെങ്കില്‍ ഇത്ര നല്ല ഒരാലോചന നമ്മെത്തേടിയെത്തില്ല.''
പിറ്റേന്ന് ഔദ്യോഗികമായ 'പെണ്ണുകാണല്‍' ചടങ്ങു നടന്നു.  ശാലിനി താമസിക്കുന്ന ഹോസ്റ്റലില്‍ വച്ച്. ജോയിക്കും മാതാപിതാക്കള്‍ക്കും ശാലിനിയെ ഇഷ്ടമായി. 
സുമുഖനായ ജോയിയെ ശാലിനിക്കും ഇഷ്ടപ്പെട്ടു. എന്നാല്‍ നിശ്ചയം, മനസ്സമ്മതം, വിവാഹം എന്നീ കാര്യങ്ങളെക്കുറിച്ച് അന്തിമതീരുമാനമെടുക്കുന്നത് അമേരിക്കയിലുള്ള മൂത്ത സഹോദരന്‍ ജോണിച്ചന്റെ സൗകര്യംകൂടി അറിഞ്ഞശേഷമേ പറ്റൂ എന്ന് ജോയി പറഞ്ഞു. ആ ധാരണയില്‍ ഡാഡി നാട്ടിലേക്കു മടങ്ങി.
പിന്നീട് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഓഫീസിലേക്കു പോകാന്‍ ശാലിനി ബസ്‌സ്റ്റോപ്പില്‍ നില്‍ക്കെ യാദൃച്ഛികമായി ജോയിയെ കണ്ടു. അവര്‍ രണ്ടാളും കുറെ നേരം സംസാരിച്ചു. അതിനുശേഷം പതിവായി അവര്‍ കണ്ടുമുട്ടി.
സത്യം പറഞ്ഞാല്‍ മാതാപിതാക്കള്‍ വിവാഹം തീരുമാനിച്ചശേഷമുള്ള ആ ദിവസങ്ങളില്‍ അവര്‍ പ്രണയിച്ചുതുടങ്ങുകയായിരുന്നു. 
അവര്‍ കൂടുതല്‍ അടുത്തു. ജോലി സ്ഥലത്തുപോയി ജോയി പലവട്ടം ശാലിനിയെ ബൈക്കില്‍ കയറ്റി ഹോസ്റ്റലില്‍ കൊണ്ടുവിട്ടു. വിവാഹം നിശ്ചയിക്കപ്പെട്ടിരുന്നതുകൊണ്ട് അങ്ങനെ അല്പം സ്വാതന്ത്ര്യമൊക്കെ കാട്ടുന്നതില്‍ ശാലിനിക്ക് ഒട്ടും വിമുഖത തോന്നിയതുമില്ല. 
ഒരു ദിവസം ജോയി പറഞ്ഞു:
''നാളെ എന്റെ ബര്‍ത്ത്‌ഡേയാണ്. വീട്ടില്‍ ശാലിനിക്കു മാത്രമായി ഒരു സത്കാരം ഒരുക്കുന്നു... വരണം.''
പ്രതിശ്രുത വരന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കുക ശാലിനിക്കും ആഹ്ലാദകരമായിരുന്നു.
പിറ്റേന്നു ജോയിക്കുള്ള ഒരു സമ്മാനവും വാങ്ങി ശാലിനി കാത്തിരുന്നു. മധ്യാഹ്നമായപ്പോള്‍ ജോയിതന്നെ കാറുമായെത്തി ശാലിനിയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി.
സിറ്റിക്കുള്ളില്‍ത്തന്നെ എല്ലാ തിരക്കുകളില്‍നിന്നും ഒഴിഞ്ഞ് മനോഹരമായ ഒരു വീട്. 
പുറത്തുനിന്നു ലോക്കുതുറന്നാണ് അവര്‍ അകത്തു പ്രവേശിച്ചത്.
''അച്ഛനും അമ്മയും എവിടെ?'' ശാലിനി ആകാംക്ഷയോടെ തിരക്കി.
''നുണ പറയുന്നില്ല. ഞാനവരെ ഒഴിവാക്കി. ഒരു ബന്ധുവിന്റെ വീട്ടിലേക്കു പോയി. വൈകുന്നേരമേ തിരിച്ചെത്തൂ.'' ജോയി പറഞ്ഞു.
ആ സത്യസന്ധത ശാലിനിക്ക് ഇഷ്ടമായി. എങ്കിലും പരിഭവത്തോടെ ശാലിനി പറഞ്ഞു:
 ''അതു വേണ്ടായിരുന്നു.'
ഹോട്ടലില്‍നിന്നു വാങ്ങിയ സ്വാദിഷ്ഠമായ വിഭവങ്ങള്‍ ഡൈനിങ് ടേബിളില്‍ നിരത്തി വച്ചിരുന്നു. അതു ഭക്ഷിക്കാനിരിക്കുമ്പോഴും അവരുടെ രണ്ടാളുടെയും മനസ്സ് മറ്റേതോ ലോകത്തായിരുന്നു.
എന്തൊക്കയോ സംസാരിച്ചു. ശാലിനിയുടെ ഹൃദയം വല്ലാതെ വിവശമായിരുന്നു.
നാളെ ശാലിനി കുടുംബിനിയാകേണ്ട ആ വീടു മുഴുവന്‍ ജോയി ശാലിനിയെ കൊണ്ടു നടന്നു കാണിച്ചു. സിറ്റൗട്ട്, ഹാള്‍, കിച്ചണ്‍ എന്നിങ്ങനെ തുടങ്ങി ഒടുവില്‍ ബെഡ്‌റൂം...!
കമനീയമായ ആ ബെഡ്‌റൂമിലെത്തിയപ്പോള്‍ ശാലിനിയുടെ ഹൃദയം വല്ലാതെ വിവശമായി. ജോയി ഒരു കള്ളച്ചിരിയോടെ അടുത്തുവന്ന് ശാലിനിയുടെ കരം ഗ്രഹിച്ചു. പിന്നീട് ശാലിനിയെ കോരിയെടുത്ത് ആ കിടക്കയിലേക്കു കിടത്തി. നാളെയാണെങ്കിലും ആ കിടക്കയില്‍ ജോയിയോടൊത്തു ശയിക്കേണ്ടവളാണല്ലോ എന്നായിരുന്നു ശാലിനിയുടെ ചിന്ത. മധുരാനുഭൂതികളാല്‍ ശാലിനിയുടെ മേനിയാകെ പൂത്തുലഞ്ഞു.
അന്നു സായാഹ്നത്തോടെ ജോയിതന്നെ ശാലിനിയെ ഹോസ്റ്റലില്‍ കൊണ്ടുചെന്നാക്കി.
മനഃപൂര്‍വ്വം അവസരങ്ങളൊരുക്കി വീണ്ടും വീണ്ടും അവര്‍ കണ്ടുമുട്ടി. 
ഒന്നുരണ്ടു മാസങ്ങള്‍ അങ്ങനെ കടന്നുപോയി. പൊടുന്നനേ ജോയിയുടെ സ്വഭാവത്തില്‍ ഒരു മാറ്റം. ഫോണ്‍വിളി നിലച്ചു. ശാലിനിയെ കാണാനും എത്താതായി. ശാലിനിക്കു വേവലാതിയായി. 
ശാലിനി ഫോണില്‍ ജോയിയെ വിളിച്ചു. 'ജോലിത്തിരക്കു മൂലമാണ് തമ്മില്‍ കാണാന്‍ പറ്റാത്തത്' എന്നു പറയുമ്പോഴുള്ള ആ സ്വരത്തിലെ തണുപ്പ് ശാലിനിയെ ഭയപ്പെടുത്തി. 
വിവാഹക്കാര്യത്തില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്ന് ശാലിനി വീട്ടില്‍ വിളിച്ചു പറഞ്ഞു. ഡാഡി ജോയിയുടെ പിതാവിനു ഫോണ്‍ ചെയ്തപ്പോള്‍, ''രണ്ടാഴ്ചകൂടി സാവകാശം തരൂ'' എന്നായിരുന്നു മറുപടി.
പക്ഷേ, അതൊരു പതിവായിരുന്നു. ഇതിനിടയ്ക്ക് ജോയി ശാലിനിയെ കാണാന്‍ എത്തിയില്ല. വേവലാതിയോടെ ശാലിനി ഫോണ്‍ വിളിച്ചപ്പോഴെല്ലാം ജോലിത്തിരക്കാണെന്നായിരുന്നു മറുപടി.
ശാലിനിയുടെ മനസ്സുനിറയെ ആശങ്കയുടെ ഇരുള്‍ വന്നു നിറഞ്ഞു.
ഡാഡി വീണ്ടും ജോയിയുടെ പിതാവിനെ ഫോണ്‍ വിളിച്ചു. അപ്പോള്‍ കിട്ടിയ മറുപടി ഞെട്ടിക്കുന്നതായിരുന്നു.
''ക്ഷമിക്കണം, അമേരിക്കയില്‍ ജോലിയുള്ള ഒരു പെണ്‍കുട്ടിയുമായി ജോയിയുടെ വിവാഹം കഴിഞ്ഞയാഴ്ച നടന്നു. അവനും ഭാര്യയുംകൂടി ഇന്നലെ അമേരിക്കയ്ക്കു പുറപ്പെട്ടു.''
ആ മറുപടി ഡാഡിയുടെ ഹൃദയം തകര്‍ത്തു.
ശാലിനി കരഞ്ഞുകരഞ്ഞു തളര്‍ന്നു.
ജോയി ശാലിനിയെ ക്രൂരമായി വഞ്ചിക്കുകയായിരുന്നുവെന്നു ശാലിനിക്കു ബോധ്യമായി.
ജോയിയുടെ വിവാഹവാഗ്ദാനം മോഹിച്ച്  അയാളുടെ കിടപ്പറയിലേക്കു കടന്നുചെന്ന ശാലിനി തെറ്റുകാരിയാണെന്ന് ശാലിനിക്കറിയാം. പക്ഷേ, ചെയ്തുപോയ തെറ്റ് ഇനി തിരുത്താനാവില്ലല്ലോ...?

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)