•  2 May 2024
  •  ദീപം 57
  •  നാളം 8
കേരളത്തിലെ കാട്ടുമൃഗങ്ങള്‍

പുള്ളിപ്പുലി മികച്ച ഒളിപ്പോരാളി

കേരളത്തിലെ മിക്കവാറും എല്ലാ വന്യമൃഗസംരക്ഷണകേന്ദ്രങ്ങളിലും ദേശീയോദ്യാനങ്ങളിലും പുള്ളിപ്പുലിയെ കാണാം. പുലികളില്‍ പുള്ളിപ്പുലി, ചീറ്റപ്പുലി, കരിമ്പുലി, ജഗ്വാര്‍പുലി എന്നിങ്ങനെ പല തരക്കാരുണ്ട്. എന്നാല്‍, കേരളത്തില്‍ പുള്ളിപ്പുലിയും കരിമ്പുലിയും മാത്രമേയുള്ളൂ. കാട്ടിലെ ഒളിപ്പോരാളികള്‍ തന്നെ പുള്ളിപ്പുലികള്‍. പുലിയോളം മികവുറ്റ പോരാളി കാട്ടിലില്ലെന്നു പറയാം. ഇരയെ വേട്ടയാടുന്നതില്‍ പുലി കാണിക്കുന്ന ശൗര്യവും കൃത്യതയും പൂച്ചക്കുടുംബത്തില്‍ മറ്റൊരു മൃഗത്തിനുമില്ല. മെലിഞ്ഞുനീണ്ട ശരീരം പുള്ളിപ്പുലിക്കു പോരാട്ടത്തിനു തികച്ചും അനുകൂലഘടകം. 18 കൂര്‍ത്ത നഖങ്ങള്‍ ഇതിനുണ്ട്. 27 മുതല്‍ 30 വരെ കൂര്‍ത്ത പല്ലുകളും, പോരാട്ടത്തിലെന്നപോലെ സൗന്ദര്യത്തിലും ഗാംഭീര്യത്തിലും പുലികള്‍ മുന്നില്‍ത്തന്നെ. മഞ്ഞനിറമാര്‍ന്ന ശരീരത്തില്‍ കറുത്ത പുള്ളികള്‍. ഈ നിറത്തിനു കാരണം ഫിയോ മെലാനിന്‍ ആണ്.
പുലികള്‍ മാംസഭോജികളാണ്. മാന്‍, മുയല്‍, കാട്ടുപന്നി, കുരങ്ങന്മാര്‍, പക്ഷികള്‍ എന്നിവ തന്നെ ഇരകള്‍. ഇരയെ ഭക്ഷിക്കുന്നതും വിശ്രമിക്കുന്നതും മരത്തില്‍ കയറിയാണ്. സൗകര്യത്തിനു ഭക്ഷിക്കാനും ഇരയെ മറ്റാരും തട്ടിയെടുക്കാതിരിക്കാനുമാണ് പുലി ഇരയുമായി മരത്തില്‍ കയറുക. പുള്ളിപ്പുലിയുടെ നീളം വാല്‍ ഉള്‍പ്പെടെ ഏതാണ്ടു രണ്ടരമീറ്ററോളം വരുന്നു. സാധാരണമായി വാലിനു രണ്ടര അടിയാവും നീളം. പരമാവധി 80 കിലോഗ്രാം ഭാരവും.
കുഞ്ഞുങ്ങളുടെ സംരക്ഷണച്ചുമതല പെണ്‍പുലികളുടേതാണ്. കുഞ്ഞുങ്ങളെ വലിയ മരപ്പൊത്തിലോ ഗുഹയിലോ ഒളിപ്പിച്ചാണ് വളര്‍ത്തുക. കഴുതപ്പുലിയോ കടുവയോ മറ്റോ കണ്ടാല്‍ കുഞ്ഞുങ്ങളെ തട്ടിയെടുക്കും. ഒരു വര്‍ഷത്തോടെ പുലിക്കുട്ടി ഒരു വേട്ടക്കാരനായി മാറുന്നു. ഇരയെ ഒഴികെ ഒന്നിനെയും പുലി കയറി  ആക്രമിക്കാറില്ല. കഴുത്തിനു കടിച്ചുപിടിച്ചാണ് പുലി ഇരയെ കൊല്ലുക. അതിനിടെ കുതറുകയും ഓടുകയും ചെയ്യുന്ന ഇരയുടെ  ചലനങ്ങള്‍ നോക്കിനിന്നശേഷമാവും വീണ്ടും ഇരയെ ആക്രമിക്കുക. നേരിയ ശബ്ദംപോലും തിരിച്ചറിയാനും ദൂരെയുള്ള കാഴ്ചകള്‍ നല്ലപോലെ കാണാനും പുള്ളിപ്പുലിക്കാകും. 
നായാട്ടുവീരന്മാരായ പണ്ടത്തെ രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും ഇഷ്ടമൃഗമായിരുന്നു വേട്ടപ്പുലി. നായയെപ്പോലെ യജമാനസ്‌നേഹം പ്രകടിപ്പിക്കാനും അനുസരിക്കാനും പുലിക്കു കഴിയുമത്രേ!  25 വര്‍ഷം വരെയാണ് പുള്ളിപ്പുലിയുടെ ആയുസ്. പാന്തറ പര്‍ഡസ് എന്നാണു ശാസ്ത്രനാമം.

 

Login log record inserted successfully!