കാവുംകണ്ടം: ദൈവസ്‌നേഹത്തിന്റെ കാണപ്പെടുന്ന അടയാളങ്ങളാണ് കാവുംകണ്ടം ഇടവകയില്‍ പണികഴിപ്പിച്ചു നല്കിയ വീടുകളെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. സെന്റ് മരിയ ഗൊരേത്തി ഇടവകയിലെ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ പണികഴിപ്പിച്ച വീടുകളുടെ വെഞ്ചരിപ്പുകര്‍മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വികാരി ഫാ. സ്‌കറിയ വേകത്താനത്തെയും കൈക്കാരന്മാരെയും ഭവനനിര്‍മാണക്കമ്മറ്റി അംഗങ്ങളെയും അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു.
2020 ജൂലൈയില്‍ ഇടവകയില്‍ ചാര്‍ജെടുത്ത പുതിയ വികാരി ഫാ. സ്‌കറിയ വേകത്താനം ഭവനസന്ദര്‍ശനത്തിനിടെയാണ് തന്റെ ഇടവകാതിര്‍ത്തിക്കുള്ളിലെ വീടുകളുടെ ശോചനീയാവസ്ഥ മനസ്സിലാക്കിയത്. പല പ്രാവശ്യം സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങിയിട്ടും ഒരു പ്രയോജനവും ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് അദ്ദേഹം 'തണല്‍' എന്ന ഭവനനിര്‍മാണപദ്ധതിക്കു രൂപംകൊടുത്തത്. പാലാ രൂപത ഹോം പ്രോജക്ടിന്റെ നേതൃത്വത്തിലാണ് ഭവനനിര്‍മാണപദ്ധതിക്ക് ഇടവകയില്‍ തുടക്കം കുറിച്ചത്. പദ്ധതി പൂര്‍ത്തിയായതോടെ സ്വന്തമായി വീടുകള്‍ ഇല്ലാതിരുന്ന രണ്ടു കുടുംബങ്ങള്‍ക്കും വീട് വാസയോഗ്യമല്ലാതിരുന്ന എട്ടു കുടുംബങ്ങള്‍ക്കും ഇനി സുരക്ഷിതഭവനങ്ങളില്‍ അന്തിയുറങ്ങാം. നാലുമാസംകൊണ്ടാണ് ഈ പദ്ധതി പൂര്‍ത്തിയാക്കിയത്.
പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, കടനാട് ഫൊറോനാപള്ളി വികാരി റവ. ഫാ. അഗസ്റ്റിന്‍ അരഞ്ഞാണി പുത്തന്‍പുര, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഗ്രേസി ജോര്‍ജ് പുത്തന്‍കുടിലില്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കൈക്കാരന്മാരായ സെബാസ്റ്റ്യന്‍ തയ്യില്‍, മാത്യു തച്ചുകുന്നേല്‍, ജോഷി കുമ്മേനിയില്‍, ഭവനനിര്‍മ്മാണ കമ്മിറ്റിയംഗങ്ങളായ ചാക്കോച്ചന്‍ പെരുമാണിയില്‍, ജോയി കല്ലുവെട്ടിയേല്‍, സണ്ണി കുരീത്തറ, അഭിലാഷ് കോഴിക്കോട്ട്, ജിബിന്‍ കോഴിക്കോട്ട്, ജോസ് കോഴിക്കോട്ട് തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.