ചുറ്റോടുചുറ്റും വരമ്പു പിടിക്കണം,
ചേറ്റിലിറങ്ങിയുഴുതു മറിക്കണം,
മുറ്റം കണക്കേ നിലം നിരപ്പാക്കണം,
വറ്റിച്ചുണക്കി വിതപ്പാകമാക്കണം.
നീറ്റില്‍ കിളിര്‍പ്പിച്ചു വിത്തുവിതയ്ക്കണം,
ആറ്റയും കാക്കയും കൊത്താതെ നോക്കണം,
ഞാറ്റടി തേകി നനച്ചു കൊടുക്കണം,
ഊറ്റുള്ള ഞാറു വളര്‍ത്തിയെടുക്കണം.
ഞാറ്റുപാട്ടീണത്തില്‍ ഞാറുപറിക്കണം
അറ്റം മുറിച്ചു നടീലു നടത്തണം,
പറ്റി വളരും കളയൊക്കെ നീക്കണം,
തെറ്റാതിടയ്ക്കു വളമിട്ടു പോറ്റണം.
കൂറ്റന്‍ കടയോടു ഞാറുതഴയ്ക്കണം,
നൂറ്റുക്കു നൂറായ് കതിരുപൊടിക്കണം,
കാറ്റും മഴയും വെയിലുമങ്ങേറ്റേറ്റു,
മാറ്റുള്ള നെന്മണി മൂത്തു പഴുക്കണം.
മുറ്റും കതിരിന്നരിവാളു വയ്ക്കണം,
കറ്റയായ്‌ക്കെട്ടിച്ചുമന്നു കരേറ്റണം,
കറ്റ കളത്തില്‍ച്ചവിട്ടിമെതിക്കണം,
കാറ്റത്തു പാറ്റിപ്പതിരു കൊഴിക്കണം.
പാറ്റിയ നെല്ലുടന്‍ ചിക്കിയുണക്കണം,
കാറ്റുകടക്കാത്ത പത്തായമേറ്റണം,
കൊറ്റിനു വേണ്ടതപ്പപ്പോളെടുക്കണം,
മുറ്റത്തടുപ്പിട്ടു ചെമ്പില്‍ പുഴുങ്ങണം.
പിറ്റേന്നതൂറ്റിക്കുടഞ്ഞിട്ടുണക്കണം,
ചുറ്റുള്ളുലക്കയാല്‍ കുത്തിയവയ്ക്കണം,
പറ്റെത്തവിടു കളയാതെടുക്കണം,
വറ്റു രുചിച്ചിറ്റു കഞ്ഞികുടിച്ചിടാം.