•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഒരു പ്രണയദുരന്തം

ള്ളിയിലെ ഗായകസംഘത്തില്‍ രാഗവും താളവുംപോലെ അവരുണ്ടായിരുന്നു; റോയിച്ചനും ഷൈനിയും.
അവിടത്തെ പ്രഗല്ഭരായ പാട്ടുകാരെയെല്ലാം പിന്നിലാക്കിക്കൊണ്ട് അവര്‍ പാടി. ഒന്നിച്ചുപാടി. തൊട്ടുരുമ്മിനിന്നു പാടി.
അവരുടെ ആത്മീയഗാനാലാപനം സര്‍വരെയും ആനന്ദപുളകിതരാക്കി. ഇരുവരുടെയും സ്വരം ഒന്നായിച്ചേരുമ്പോള്‍ നിര്‍വചിക്കാനാവാത്തൊരു സ്വര്‍ഗീയാനുഭൂതി ലഭ്യമാകുന്നുണ്ടെന്നു ഫാദര്‍ പീറ്ററും മറ്റു ചില പുരോഹിതരും അഭിപ്രായപ്പെട്ടു. എല്ലാവരും റോയിച്ചനെ പുകഴ്ത്തി, ഷൈനിയെയും.
അമിതമായ പുകഴ്ത്തലുകളും പ്രശംസയും കേട്ടുകേട്ട് അവരഹങ്കരിക്കുകയായിരുന്നില്ലേ...? അവരറിയാതെ ഭാവനയുടെ രാഗവിഹായസില്‍ പൊങ്ങിപ്പൊങ്ങി പറക്കാന്‍ ധൈര്യം ലഭിക്കുകയായിരുന്നില്ലേ?
ഒരു സായാഹ്നത്തില്‍ പാട്ടു പ്രാക്ടീസ് ചെയ്തുകഴിഞ്ഞ് പള്ളിയില്‍നിന്നു പുറത്തിറങ്ങവേ ഒരു പ്രത്യേക വികാരത്തില്‍ ഷൈനി വിളിച്ചു:
''റോയിച്ചാ...''
''ഉം...'' 
''സത്യം പറഞ്ഞാല്‍ എനിക്കു പാടാനുള്ള പ്രേരണയും ശക്തിയും നല്‍കുന്നത് നീയാ...''
''ശരിയായിരിക്കാം. എനിക്കു പ്രചോദനമേകുന്നത് നീയും...'' അവന്റെ സ്വരത്തിലും അതേ വികാരമായിരുന്നു.
അവരൊന്നിച്ചു നടന്നു.
സ്വതന്ത്രമായി ഇറങ്ങിക്കയറി നടന്ന് പാട്ടു പഠിക്കലിനിടയിലെപ്പോഴോ ഇരുവരും പ്രണയിക്കുകയായിരുന്നു.
റോയിച്ചന് വയസ് പതിനെട്ട്. ഷൈനിക്കോ, പതിനാറ്.
കുടുംബസാഹചര്യത്തില്‍ അവനെക്കാള്‍ ഒത്തിരി മൂന്നിലായിരുന്നു അവള്‍. ഒന്നുമൊന്നുമറിയാതെ, ആലോചിക്കാതെ അവര്‍ പ്രണയിക്കുകയായിരുന്നു. ആത്മാര്‍ഥമായിത്തന്നെ. ആ യാഥാര്‍ഥ്യം അധികം വൈകാതെ ചിലരൊക്കെ മണത്തറിയുകയും പള്ളിയില്‍ പാട്ടാക്കുകയും ചെയ്തു.
അന്നുമുതല്‍ ഒന്നിച്ചുപാടാന്‍ അനുവാദമില്ലാതായി. സംസാരിക്കാനും.
പള്ളിയില്‍നിന്ന് ഇരുവര്‍ക്കുമെതിരേ ശിക്ഷാനടപടികളുണ്ടായി. വീട്ടുകാര്‍ ഇരുവരെയും ശാസിച്ചു നിര്‍ത്തി.
റോയിച്ചനും ഷൈനിയും അന്നാദ്യമായി നെടുവീര്‍പ്പിട്ടു. ദുഃഖിച്ചു. ഒട്ടുംവൈകാതെ രഹസ്യമായി കാണാനും സംസാരിക്കാനും ദൂതന്മാര്‍ മുഖേന അവസരമുണ്ടാക്കി. പക്ഷേ, പ്രതിബന്ധങ്ങളും പ്രതികൂലസാഹചര്യങ്ങളും നാള്‍ക്കുനാള്‍ ഏറിവന്നപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല.
അവരൊന്നിച്ചു നാടുവിട്ടു.
പതിനെട്ടാം ദിവസം ഷൈനിയുടെ പപ്പയുടെ പരാതിയെത്തുടര്‍ന്ന്  വയനാട്ടിലെ ഒരു വീട്ടില്‍നിന്ന് ഇരുവരെയും പോലീസ് പിടിച്ചു. പ്രായപൂര്‍ത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയെന്നാണല്ലോ കേസ്.
പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന് എസ്.ഐ. ചോദ്യം ചെയ്തപ്പോള്‍ വിചിത്രമായൊരു സംഗതിയാണ് അവള്‍ വെളിപ്പെടുത്തിയത്. സ്വന്തം പിതാവിന്റെ പീഡനത്തിന് ഇരയാകാതിരിക്കാനാണ് റോയിച്ചനോടൊപ്പം ഒളിച്ചോടിയതത്രേ... അതു കള്ളമായിരുന്നു.
റോയിച്ചനെ രക്ഷിക്കാന്‍ അവള്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു അത്. കേസ് കോടതിയിലായി. രണ്ടു വര്‍ഷം നീണ്ടു.
അതിനിടയില്‍ ആരുടെയൊക്കെയോ ബ്രെയിന്‍ വാഷിനു വിധേയയായ ഷൈനി വളരെ വിദഗ്ധമായിത്തന്നെ കാലുമാറി.
റോയിച്ചന്‍ തന്നെ ബലം പ്രയോഗിച്ചു കടത്തിക്കൊണ്ടു പോയതാണെന്നും പലവട്ടം മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും അവള്‍ കോടതിയില്‍ ബോധിപ്പിച്ചു.
റോയിച്ചന്റെ നെഞ്ചു തേങ്ങി. കണ്ണുകള്‍ നിറഞ്ഞു. അവന്‍ ചതിയുടെയും വഞ്ചനയുടെയും തീവ്രതയറിഞ്ഞു.
കോടതി റോയിച്ചനെ ശിക്ഷിച്ചു.
അവനിപ്പോള്‍ ജയിലിലാണ്. കൗമാരത്തിന്റെ ചോരത്തിളപ്പില്‍ വഴിതെറ്റാനുണ്ടായ സാഹചര്യത്തെയോര്‍ത്ത് അവനിപ്പോള്‍ പശ്ചാത്തപിക്കുന്നു. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)