•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

കര്‍ഷകസ്വപ്നങ്ങള്‍ക്കു ചിറകുവിരിയിച്ച് പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി

കൃഷിഗ്രാമങ്ങള്‍ അന്യമാകുകയാണ്. നെല്‍ക്കൃഷിയും അപ്രത്യക്ഷമാവുന്നു, വയലുകള്‍ നികത്തി കൂറ്റന്‍ കെട്ടിടങ്ങള്‍ പണിതുയര്‍ത്തുകയാണ് നാം. പശുവിനെ തീറ്റാനായി പോകുന്ന വീട്ടമ്മയായിരുന്നു പണ്ട് പുലര്‍കാലത്തെ ഐശ്വര്യക്കണി. ഇന്ന് പറമ്പുമില്ല പശുക്കളുമില്ല. നമ്മള്‍ ഓടിനടന്ന് വെള്ളം തട്ടിത്തെറിപ്പിച്ച തോടുകളോ തൊടികളോ മുറ്റങ്ങളോ മുളങ്കൂട്ടങ്ങളോ വരമ്പുകളോ ഇന്നില്ല. എല്ലാം ബാല്യകാലത്തിന്റെ ഓര്‍മകളായി അവസാനിക്കുകയാണ്. ബാല്യത്തിലേക്കു മടങ്ങാന്‍ നമുക്കാവില്ല, പക്ഷേ, ശ്രമിച്ചാല്‍ ആ പഴയ സംസ്‌കാരത്തെ പൊടിതട്ടിയെടുക്കാനാവും. കഠിനപ്രയത്‌നംകൊണ്ട് എന്തും സാധ്യമാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് പാലാ രൂപത. മണ്ണിന്റെ മണമുള്ള 
ആ ഓര്‍മകളെയും, മണ്ണില്‍ പൊന്നുവിളയിച്ച കര്‍ഷകനെയും കതിരണിഞ്ഞു കിടക്കുന്ന പാടങ്ങളെയും പുനരുജ്ജീവിപ്പിച്ചിരിക്കുകയാണ് പാലാ രൂപതയുടെ നേതൃത്വത്തില്‍ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി (പി.എസ്.ഡബ്ല്യു.എസ്.)
കര്‍ഷകവര്‍ഷപ്രഖ്യാപനം
ഏതു പ്രതിസന്ധിഘട്ടത്തിലും കര്‍ഷകര്‍ക്കുവേണ്ടി നിലകൊണ്ട പാരമ്പര്യമാണ് പാലാ രൂപതയ്ക്കുള്ളത്. അധികാരികള്‍ കര്‍ഷകരെ കറിവേപ്പിലപോലെ വലിച്ചെറിയുന്ന നിലപാടുകളെടുക്കുമ്പോള്‍ അതിനെതിരേ ശബ്ദിക്കാന്‍ പാലാ രൂപത എന്നും മുന്നിലുണ്ടായിരുന്നു. കര്‍ഷകരെ കൈപിടിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്കുയര്‍ത്താനും ആശ്വാസമാകാനും രൂപതയ്ക്കു കഴിഞ്ഞു. 
കാലങ്ങളായി കര്‍ഷകരനുഭവിക്കുന്ന അവഗണനകള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരേ പ്രതികരിക്കുന്നതിനും കര്‍ഷകര്‍ അധ്വാനിച്ചുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ക്കു ന്യായവില ഉറപ്പാക്കുന്നതിനുംവേണ്ടി പാലാ രൂപതയുടെ നേതൃത്വത്തില്‍ വലിയൊരു കര്‍ഷകസംഗമം 2019 ഡിസംബര്‍ 14 ന് പാലായില്‍ ചേരുകയുണ്ടായി. അന്ന് കര്‍ഷകസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് 2020 പാലാ രൂപതയുടെ കര്‍ഷകവര്‍ഷമായി പ്രഖ്യാപിച്ചു. കര്‍ഷകവര്‍ഷാചരണത്തിന്റെ ഭാഗമായി രൂപതയിലുടനീളം കര്‍ഷകക്കൂട്ടായ്മകള്‍ രൂപീകരിക്കുന്നതിനും, തരിശുനിലങ്ങളെ കൃഷിഭൂമിയാക്കുന്നതിനും ഇടനിലക്കാരുടെ ചൂഷണത്തില്‍നിന്നു കര്‍ഷകരെ മോചിപ്പിക്കുന്നതിനും തീരുമാനമെടുക്കുകയായിരുന്നു. ഈ തീരുമാനത്തിന്റെ പൂര്‍ത്തീകരണമാണ് പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള അഗ്രിമ കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റ്. 
അഗ്രിമ മുന്നോട്ടുവയ്ക്കുന്നത്
റബറല്ലാതെ മറ്റൊരു കാര്‍ഷികോത്പന്നവും വിറ്റു കാശാക്കേണ്ട ആവശ്യമില്ലാത്തവരായിരുന്നു പാലാക്കാര്‍. കപ്പയും ചക്കയും മാങ്ങയുമൊക്കെ ആവശ്യക്കാര്‍ക്കു വെറുതേ കൊടുത്തുള്ള പാരമ്പര്യമാണ് പാലാക്കാരനുള്ളത്. എന്നാല്‍, റബറിനു വിലയിടിഞ്ഞതോടെ സ്ഥിതിയാകെ മാറി. കൃഷിയിടത്തിലെ ഓരോ ഇഞ്ചില്‍നിന്നും പരമാവധി ആദായം ഉറപ്പാക്കിയാല്‍ മാത്രമേ പിടിച്ചുനില്‍ക്കാനാവൂ.
റബര്‍വില പത്രത്തില്‍ നോക്കി കണക്കുകൂട്ടാം. പക്ഷേ, മറ്റു കാര്‍ഷികോത്പന്നങ്ങളുടെ കാര്യമങ്ങനെയല്ല. ചെറുകിട കര്‍ഷകര്‍ക്കു പൊതുചന്തകളില്‍ തീരെ പരിഗണന ലഭിക്കാറില്ല. കച്ചവടക്കാരുടെ ആധിപത്യമാണ് കമ്പോളങ്ങളില്‍. ഇടനിലക്കാരുടെ കമ്മീഷന്‍ കഴിഞ്ഞാല്‍ മണ്ണില്‍ അദ്ധ്വാനിച്ചവനു കിട്ടുന്നത് തുച്ഛമായ പണം മാത്രം. ഇതിനൊരു ശാശ്വതപരിഹാരമാണ് അഗ്രിമ ഓപ്പണ്‍ മാര്‍ക്കറ്റിലൂടെ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ലക്ഷ്യംവയ്ക്കുന്നത്. ന്യായവിലയ്ക്ക് ജൈവവളങ്ങളും കീടനാശിനികളും വിത്തിനങ്ങളും മറ്റു കാര്‍ഷികോപകരണങ്ങളും അഗ്രിമ കര്‍ഷകരിലെത്തിക്കുന്നു. അവരുടെ ഉത്പന്നങ്ങളുടെ പൊതുവിപണനകേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. ഇതിലൂടെ കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ വില്പന നടത്താന്‍ സൗകര്യമൊരുക്കുകയും, ന്യായവില ഉറപ്പാക്കുകയും ചെയ്യുന്നു. പാലാ സബ്ജയിലിലടക്കം കാര്‍ഷികസംസ്‌കാരത്തിന്റെ മൂല്യമെത്തിക്കുന്നതില്‍ സൊസൈറ്റി വിജയിച്ചു. 
കാര്‍ഷികനഴ്‌സറി, ഇക്കോഷോപ്പ്, ഓപ്പണ്‍ മാര്‍ക്കറ്റ് എന്നീ മൂന്നു ശീര്‍ഷകങ്ങളിലാണ് അഗ്രിമമാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം. നാടന്‍ പച്ചക്കറികള്‍, സ്വാശ്രയഭക്ഷ്യോത്പന്നങ്ങള്‍, ഹൈബ്രിഡ് പച്ചക്കറി ത്തൈകള്‍, ഫലവൃക്ഷത്തൈകള്‍, വൈവിധ്യമാര്‍ന്ന അലങ്കാരച്ചെടികള്‍, ജൈവവളങ്ങള്‍, ജൈവാണുവളങ്ങള്‍, വ്യത്യസ്ത തരം ചെടിച്ചട്ടികള്‍, നാടന്‍പഴവര്‍ഗ്ഗങ്ങള്‍, ഭക്ഷണപദാര്‍ത്ഥങ്ങള്‍, സുഗന്ധഫലസസ്യങ്ങള്‍, ജലച്ചെടികള്‍, ജൈവകീടനാശിനികള്‍ തുടങ്ങി കാഴ്ചയുടെയും കരുതലിന്റെയും കലവറകൂടിയാണ് അഗ്രിമയിലൊരുക്കിയിരിക്കുന്നത്.
പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി
സമൂഹത്തില്‍ മാതൃകാപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞ സംഘടനയാണ് പാലാ രൂപതയുടെ കീഴിലുള്ള പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി. രൂപതയ്ക്കുള്ളില്‍ മാത്രമല്ല പൊതുസമൂഹത്തിനിടയിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സൊസൈറ്റിക്കു കഴിഞ്ഞിട്ടുണ്ട്. കേരളത്തെ ആകെ ആടിയുലച്ച മഹാപ്രളയകാലത്ത് സമൂഹത്തിന്റെ നാനാ തുറകളിലുള്ളവര്‍ക്ക് സാന്ത്വനമേകാന്‍ സൊസൈറ്റിക്കു കഴിഞ്ഞു. കൊവിഡ് മഹാമാരി സംഹാരതാണ്ഡവമാടിയ കാലത്തും സൊസൈറ്റിയുടെ നേതൃത്വത്തില്‍ സഹായഹസ്തങ്ങളുമായി ചെറുപ്പക്കാര്‍ രംഗത്തിറങ്ങി. സൗജന്യ കിറ്റ് വിതരണംമുതല്‍ ബോധവത്കരണം വരെയുള്ള പരിപാടികളില്‍ സജീവസാന്നിദ്ധ്യമായിരുന്നു പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി. ഓണ്‍ലൈന്‍ പഠനസഹായം, ഫാമിലി ഡവലപ്മെന്റ് പ്രോഗ്രം, ചികിത്സാധനസഹായം, ആശാകിരണം പദ്ധതി, ഭിന്നശേഷിക്ഷേമപരിപാടികള്‍,ആരോഗ്യസാക്ഷരതായജ്ഞം, കുടുംബകൃഷി അവാര്‍ഡ്, മന്നാ അവാര്‍ഡ്, ഹന്നാ അവാര്‍ഡ്, കര്‍ഷകമിത്രഅവാര്‍ഡ് തുടങ്ങിയ പരിപാടികള്‍ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. 
അഗ്രിമയുടെ നേതൃത്വത്തില്‍ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി നിരവധിയായ ജനോപകാരപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. മാതൃകാകുടിവെള്ള പദ്ധതികള്‍ക്ക് ആദരം, ഫലവൃക്ഷത്തൈ വിതരണം, മുട്ടക്കോഴിക്കുഞ്ഞുങ്ങളും ഹൈടെക്കൂടുകളുടെയും വിതരണം, അഗ്രിമ ഗ്രോബാഗുകള്‍, അഗ്രിമ ജൈവവളം, മൂന്നു ലക്ഷം പച്ചക്കറിത്തൈകള്‍, കശുമാവിന്‍തൈവിതരണം, കാടക്കുഞ്ഞുങ്ങളും കൂടുകളും, മാസ്‌കുകള്‍, സാനിറ്റൈസറുകള്‍, ഡിസാസ്റ്റര്‍ ക്ലിനിക്ക്, മുട്ടഗ്രാമംപദ്ധതി, മുട്ടക്കോഴിവിതരണം, മുട്ടത്താറാവ് വിതരണം, കാടവളര്‍ത്തല്‍ പദ്ധതി തുടങ്ങി ഒട്ടേറേ സ്‌കീമുകള്‍ നടപ്പിലാക്കാന്‍ പാലാ സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റിക്കു കഴിഞ്ഞു.
കാര്‍ഷികരംഗത്ത് പുത്തനുണര്‍വുകള്‍ ലക്ഷ്യംവച്ചുകൊണ്ട് പാലാ രൂപത പ്രഖ്യാപിച്ച കര്‍ഷകദശകത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഫെബ്രുവരി മൂന്നാം തീയതി പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പാലാ അഗ്രിമമാര്‍ക്കറ്റ് അങ്കണത്തില്‍ നിര്‍വ്വഹിച്ചു.   
പി.എസ്.ഡബ്ല്യു.എസ്. ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍ അധ്യക്ഷത വഹിച്ചു.  കാര്‍ഷികരംഗത്ത് മാതൃകാപരമായ മുന്നേറ്റം നടത്തിയ കര്‍ഷകരെയും കര്‍ഷകകുടുംബങ്ങളെയും, ഇടവകപ്പള്ളികളോടു ചേര്‍ന്ന് മികച്ച കൃഷിത്തോട്ടം ഒരുക്കിയ വൈദികരെയും, കോണ്‍വെന്റുകളോടനുബന്ധിച്ച് കൃഷി വ്യാപകമാക്കിയ സമര്‍പ്പിതരെയും, വൈവിധ്യമാര്‍ന്ന കാര്‍ഷികഇടപെടലുകളിലൂടെ ശ്രദ്ധേയരായ കര്‍ഷകസംരംഭകരെയും ആദരിക്കുന്നതിനായി കര്‍ഷകവര്‍ഷം 2020 അവാര്‍ഡുകളുടെയും പ്രോത്സാഹനപുരസ്‌കാരങ്ങളുടെയും വിതരണവും ചടങ്ങില്‍ നടന്നു. അഗ്രിമ കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റിന്റെ നവീകരിച്ച ഷോപ്പിംങ് കോംപ്ലക്സിന്റെ സമര്‍പ്പണവും ബിഷപ് നിര്‍വഹിച്ചു. 
പി.എസ്.ഡബ്യു.എസിന്റെ വെബ്‌സൈറ്റിന്റെ പ്രകാശനവും, പാലാ അഗ്രിമ യൂട്യൂബ് ചാനലിന്റെ സ്വിച്ച് ഓണ്‍ കര്‍മവും ഇതോടൊപ്പം നടന്നു. വികാരി ജനറാള്‍മാരായ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, മോണ്‍. ജോസഫ് തടത്തില്‍, മോണ്‍. എബ്രഹാം കൊല്ലിത്താനത്തുമലയില്‍, മോണ്‍. ജോസഫ് മലേപ്പറമ്പില്‍, നബാര്‍ഡ് ജില്ലാ മാനേജര്‍ കെ.ബി. ദിവ്യ, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ വി.സി. പ്രിന്‍സ് എന്നിവര്‍ പ്രസംഗിച്ചു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)