കൊച്ചി: അധ്യാപകരുടെ പ്രബോധനത്തെക്കാളുപരി അവരുടെ ജീവിതമാതൃകയാണ് കുട്ടികളെ സ്വാധീനിക്കുന്നതെന്നും, അങ്ങനെയുള്ള ഗുരുക്കന്മാരുടെ ശിക്ഷണവും ശാസനയും പ്രോത്സാഹനവുമാണ് എക്കാലത്തും വിദ്യാര്‍ഥികള്‍ വിലമതിക്കുന്നതെന്നും സീറോ മലബാര്‍ സഭ കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍. കേരള കത്തോലിക്കാ വിദ്യാര്‍ഥിസഖ്യം (കെ.സി.എസ്.എല്‍.)സംസ്ഥാന സമ്മേളനവും അവാര്‍ഡ് വിതരണവും പാലാരിവട്ടം പി.ഒ.സിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മികച്ച രൂപത, ശാഖ അവാര്‍ഡുകളും, മികച്ച അധ്യാപക അവാര്‍ഡുകളും, വിവിധയിനങ്ങളില്‍ കഴിവുതെളിയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്‌കാരങ്ങളും തദവസരത്തില്‍ ബിഷപ് വിതരണം ചെയ്തു.
കെ.സി.എസ്.എല്‍. സംസ്ഥാന പ്രസിഡന്റ് മാത്തുക്കുട്ടി കുത്തനാപ്പിള്ളില്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. പി.ഒ.സി. ഡയറക്ടര്‍ ഫാ. ജേക്കബ് പാലയ്ക്കാപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഡയറക്ടര്‍ ഫാ. കുര്യന്‍ തടത്തില്‍, ഓര്‍ഗനൈസര്‍ സിറിയക് മാത്യു, ട്രഷറര്‍ മനോജ് ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. അധ്യാപക അവാര്‍ഡ് ജോതാക്കളായ ജോസ് ജോസഫ്, സി. മോളി ദേവസി എഫ്.എം.എം എന്നിവര്‍ മറുപടിപ്രസംഗം നടത്തി.