അതിപരിപാവന, മനുപമശോഭന-
മഖില സംപൂജ്യമെന്‍ ജന്മനാടേ,
വിരുതും വിശുദ്ധിയും സൗശീല്യഭാവവും
വിനയവും വീരമനസ്‌കതയും
ചിരകാലം ചിന്നി ലസിക്കുന്ന നിസ്തുല-
പരിപാവനാംബേ, നമസ്‌കൃതി തേ.
തവ ജീവിതാദ്ധ്യായത്താളുകള്‍ ഭാരത-
തനയരിലാരെ സന്തുഷ്ടരാക്കാ?
അഭിരാമമാകും നിന്നഭിധാനം കേള്‍ക്കുമ്പോ-
ളഭിമാനം കൊള്ളാത്ത മനുജനുണ്ടോ?
മഹിയാകെ ജ്ഞാതരാമെത്രപേര്‍ നിന്റെ ന-
ന്മടിയിലിരുന്നു കളിച്ചവരാം.
സരളമാം രീതിയില്‍ നിന്‍കീര്‍ത്തി കോമള
മുരളിയാല്‍ പാടിയ കൃഷ്ണദേവന്‍,
പരിശുദ്ധജീവിത തത്ത്വ സിദ്ധാന്തങ്ങ-
ളരുളിയോരമ്മഹാ ബുദ്ധദേവന്‍,
അതിശയജന്യമാം പ്രതിഭയും ബുദ്ധിയും
കതിരിട്ട ശങ്കരാചാര്യശ്രേഷ്ഠന്‍,
മഹനീയമാകുമഹിംസതന്‍ സന്ദേശം
മഹിയിതിനേകി, യനീതികളെ
അതിധീരം പോരാടിത്തോല്പിച്ച വിസ്മയം,
അഖിലസംപൂജ്യന്‍ മഹാത്മജിയും
ഇവരൊക്കെ ജന്മമെടുത്തോരു ഗേഹമേ,
ഇനിയെന്തു ഭാഗ്യം നിനക്കുവേണം?
പരിശുദ്ധസ്‌നേഹത്തിന്‍ സുരഭിലസൂനങ്ങള്‍
പരിമളം വീശിടുന്നിവിടെയെന്നും
വിവിധ മതങ്ങ, ളാചാര, സംസ്‌കാരങ്ങള്‍
വിമലസ്‌നേഹത്തില്‍ വിരാജിക്കുന്നു.
കവിതയും കലയും വിനോദവും ചിന്തയും
കമനീയശോഭം വളര്‍ന്നിടുന്നു.
അഖിലസൗഭാഗ്യസന്തോഷൈശ്വര്യങ്ങള്‍തന്‍
മഹനീയസംഗമഭൂവിവിടം.
പരമോന്നതമിതിന്‍ സ്വാതന്ത്ര്യം മോഷ്ടിക്കാന്‍
പല പല വൈരികള്‍ പണ്ടുതൊട്ടേ
കളവുമനീതിയും ചെയ്തു മഹായുദ്ധ-
ക്കളമാക്കി മാറ്റിയിശ്ശാന്തിരംഗം.
അനവധി നിണസാക്ഷി ശ്രേഷ്ഠരുറങ്ങുന്നൊ-
രനവദ്യഗേഹമേ, പുണ്യഭൂമീ,
ജലമല്ല നിന്നെ നനച്ചു വളര്‍ത്തിയീ
ഫലപുഷ്ടമണ്ണാക്കിത്തീര്‍ത്തതേവം.
വളമല്ല നിന്നിലിന്നിക്കാണുമദ്ഭുത
വിളവു ലഭിക്കുമാറാക്കിയതും.
ജനമേറെ ജീവന്‍കൊടുത്തു പൊരുതീട്ടു
നിണമേറെ ചിന്തിയ ഭൂമിയാം നീ.
അവകാശം നേടുവാ, നഭിമാനം കാക്കുവാ-
നടരാടിയിസ്ഥലത്തമ്മഹാന്മാര്‍.
ഇനിയുമിസ്വാതന്ത്ര്യമപഹരിച്ചീടുവാ-
നനുവദിക്കില്ല നിന്നരുമ സുതര്‍.
ഉയരട്ടെ നിന്റെ പതാക വിഹായസ്സില്‍
ജയഭേരിയോടെന്നും പാറിടട്ടെ.
ജഗതി സര്‍വ്വത്ര മുഴങ്ങട്ടെ ഭാരത-
ജനനി തന്‍ ജയഘോഷധ്വനികളെന്നും.