ലോകം കിടുങ്ങിവിറച്ചു. പുരാണങ്ങളില്‍ പറയുന്നത് സംഭവിക്കാന്‍ പോകുന്നു. റോഡരികിലും വീട്ടുമുറ്റത്തും ആരാധനാലയങ്ങള്‍ക്കു മുന്നിലും എവിടെയും മനുഷ്യന്‍ പിടഞ്ഞുവീണു മരിക്കാന്‍ പോകുന്നു.
മൃതശരീരങ്ങള്‍ വാരിക്കൂട്ടി അഗാധമായ കുഴികളില്‍ അടക്കുന്നു.
സത്യം അറിയാതെ ജനം നെട്ടോട്ടമോടി. പക്ഷേ, വേഗംതന്നെ വാതിലടച്ച് അകത്തിരിപ്പായി. റോഡുകള്‍ ശൂന്യമായി. ആകാശം ഇരുമ്പു പക്ഷികള്‍ ഉപേക്ഷിച്ചപ്പോള്‍ പറവകള്‍ക്കു സ്വന്തമായി.
ഓഫീസുകളും സ്‌കൂളുകളും കടകളും സിനിമ തിയേറ്ററുകളും മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങളും അടച്ചുപൂട്ടി. ലോകം ഓണ്‍ലൈനിലൂടെ മാത്രം ജീവിക്കാന്‍ തുടങ്ങി. ഇതായിരുന്നു കൊവിഡ് കാലത്തിന്റെ തുടക്കം.
ചരിത്രത്തിലെ പല കാലഘട്ടങ്ങളിലും മനുഷ്യരാശിയുടെ നിലനില്പിനെപ്പോലും ചോദ്യം ചെയ്തിട്ടുള്ള മഹാമാരികള്‍ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. മനുഷ്യചരിത്രത്തിന്റെയും നാഗരികതകളുടെയും മതങ്ങളുടെപോലും ഗതിവിഗതികള്‍ നിര്‍ണയിക്കുന്നതില്‍ മഹാമാരികള്‍ പങ്കുവഹിച്ചിട്ടുണ്ട്.
രോഗലക്ഷണം കണ്ടുതുടങ്ങി ആറു ദിവസത്തിനുശേഷം രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവരില്‍ രോഗം ഉണ്ടായിട്ടില്ലെന്ന് അപകടസാധ്യത കൂടിയ വീടുകളിലും ആശുപത്രികളിലുമുള്ള സമ്പര്‍ക്കപ്പട്ടികപരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ, ലക്ഷണം ആരംഭിച്ച് മൂന്നാഴ്ചയ്ക്കുശേഷം പ്രത്യുത്പാദനശേഷിയുള്ള വൈറസിനെ രോഗിയില്‍നിന്നു കണ്ടെത്തിയിട്ടില്ലെങ്കിലും രോഗം ഭേദമായവരില്‍നിന്ന് ആഴ്ചകളോളം സാഴ്സ്-കോവി-2 ആര്‍എന്‍എ ശ്വാസകോശസ്രവങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, രോഗം ഭേദമായ ഒരാളുടെ പരിശോധനാഫലം തുടര്‍ച്ചയായി പോസിറ്റീവ് ആകുന്നതിന് അര്‍ഥം അയാള്‍ക്ക് മറ്റുള്ളവരിലേക്കു രോഗം പകരാന്‍ കഴിയുമെന്നുമല്ല.
കൊവിഡ്-19 രോഗത്തിന്റെ തുടക്കത്തില്‍ സുഖം പ്രാപിച്ചൊരാളില്‍ വീണ്ടും പുതിയ ലക്ഷണങ്ങള്‍ ഉണ്ടാകുകയും ആര്‍ടി-പിസിആര്‍ ഫലം പോസിറ്റീവ് ആകുകയും ചെയ്ത കേസുകളില്‍ വീണ്ടും ജനിച്ച വൈറസിനെ കണ്ടെത്തിയിട്ടില്ല. മൂന്നു മാസത്തേക്ക് രോഗം വീണ്ടും ബാധിക്കുകയില്ലെന്നാണ് ലഭ്യമായ പരിമിതമായ തെളിവുകള്‍വച്ച് ആരോഗ്യരംഗം പറയുന്നത്.
അണുബാധയും നീര്‍ക്കെട്ടും ബുദ്ധിഭ്രമവും ഉള്‍പ്പെടെയുള്ള നാഡീവ്യൂഹസംബന്ധമായ ബുദ്ധിമുട്ടുകള്‍ക്ക് കൊവിഡ്-19 കാരണമാകുമെന്നു പറയുന്നുണ്ട്.
ആരംഭത്തില്‍, ശ്വാസകോശത്തിനെമാത്രം ബാധിക്കുമെന്ന് കരുതിയിരുന്ന കോവിഡ് 19 ഏതൊരവയവത്തിനും കേടുപാടുകള്‍ വരുത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പ്രതിരോധശേഷി വളര്‍ത്തുകയെന്നത് ഏറെ പ്രധാനമാണ്.
നല്ല ഭക്ഷണങ്ങള്‍, വൃത്തി ഇവയെല്ലാം പ്രധാനമാണ്. ശരീരത്തിന്റെ ആകെയുള്ള പ്രതിരോധശേഷി കൊറോണവൈറസിനെതിരേയും പ്രവര്‍ത്തിക്കും.
രോഗലക്ഷണങ്ങളായ പനി, ശരീരവേദന, ചുമ തുടങ്ങിയവ ഇല്ലാത്ത ഒരു വ്യക്തിയില്‍നിന്ന് കൊറോണവൈറസ് മറ്റൊരാളിലേക്കു പകരുന്നതിനെയാണ് ലക്ഷണങ്ങളില്ലാത്ത പകര്‍ച്ച എന്നു പറയുന്നത്.
സംസാരിക്കുക, പാടുക, കിതയ്ക്കുക തുടങ്ങി ശക്തമായി വായു പുറത്തേക്കുവിടുന്ന ഏതു സാഹചര്യത്തിലും ദ്രാവകത്തുള്ളിയിലൂടെയുള്ള വ്യാപനം സംഭവിക്കും.
ജനങ്ങള്‍ ഇനിയും രോഗപ്രതിരോധശേഷി കൈവരിച്ചിട്ടില്ലാത്ത ഒരു പുതിയ രോഗം ലോകമാകെ പരക്കുമ്പോഴാണ് അതൊരു മഹാമാരിയായി പ്രഖ്യാപിക്കപ്പെടുന്നത്.
കൊവിഡ്-19 രോഗം വരുന്ന പോലെതന്നെയുള്ള ആശങ്കയാണ് ഇപ്പോള്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിലും ഉള്ളത്.
എംആര്‍എന്‍എ (മെസെഞ്ചര്‍ ആര്‍എന്‍എ) എന്ന വസ്തുവാണ് വാക്‌സിനില്‍ അടങ്ങിയിരിക്കുന്നത്. അതിനുള്ളില്‍ സ്‌പൈക്ക് പ്രോട്ടീനുകള്‍ അടങ്ങിയിരിക്കുന്നു. ഇവയാണ് വൈറസുകളെ പ്രതിരോധിക്കുന്നതില്‍ പങ്കുവഹിക്കുന്നത്. ഇതില്‍ അടങ്ങിയിരിക്കുന്ന എംആര്‍എന്‍എ വൈറസില്‍നിന്നു നിര്‍മിച്ചതല്ല. കൃത്രിമമായി നിര്‍മിച്ചെടുത്തിരിക്കുന്നതാണ്. ഫാറ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന ഒരു ഉരുളയ്ക്കുള്ളിലാണ് ഇതുള്ളത്. ഇതിനെയാണ് 'ലിപ്പിഡ് നാനോ പാര്‍ട്ടിക്കിള്‍സ്' എന്നു പറയുന്നത്. ഇത് സലൈന്‍ ലായിനിയില്‍ കലര്‍ത്തിയാണ് വാക്‌സിന്‍ രൂപത്തിലേക്ക് ആക്കുന്നത്. കൈകളിലെ പേശികളിലാണ് വാക്‌സിന്‍ കുത്തിവയ്ക്കുന്നത്. ഒരു വാക്‌സിന്‍ എന്നത് രണ്ട് കുത്തിവയ്പ്പുകള്‍ ചേര്‍ന്നതാണ്.
വാക്‌സിന്റെ ഉള്ളിലെ എംആര്‍എന്‍എ എന്ന ഘടകം മനുഷ്യശരീരത്തിലെ രോഗപ്രതിരോധകോശങ്ങളുമായി പ്രവര്‍ത്തിച്ച് സ്‌പൈക്ക് പ്രോട്ടീനുകളെ നിര്‍മിക്കുന്നു. ഇവ പ്രതിരോധ കോശങ്ങളുമായി പ്രവര്‍ത്തിച്ച് ആന്റി ബോഡികളെ നിര്‍മിക്കുന്നു. അങ്ങനെ ബി സെല്‍, ടി സെല്‍ എല്ലാം ആക്ടീവാകുന്നു. അതിനു പുറമേ, പ്രതിരോധവ്യൂഹത്തിന് പ്രതിരോധമെമ്മറി (ഇമ്മ്യൂണ്‍ മെമ്മറി)കൂടി സാധ്യമാകുന്നു. അതായത്, വീണ്ടും കൊറോണ വൈറസ് വന്നാല്‍ എങ്ങനെ പ്രതിരോധിക്കണമെന്ന് കോശങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നു.
ആരോഗ്യശാസ്ത്രരംഗത്തെ മറ്റൊരു അദ്ഭുതമായ ഈ വാക്‌സിന് രണ്ട് കുത്തിവയ്പ്പുകളാണുള്ളത്. ഇവ തമ്മില്‍ 19 മുതല്‍ 40 ദിവസത്തെവരെ ഇടവേളയുണ്ടാകും. പറയത്തക്ക പാര്‍ശ്വഫലങ്ങളൊന്നും ആര്‍ക്കും ഉണ്ടാകാറില്ല എന്നാണു കാണുന്നത്. ചെറിയ പനി, ശരീരവേദന ഒക്കെ ചിലര്‍ക്ക് ഒരു ദിവസത്തേക്ക് അനുഭവപ്പെടാം.
ഇന്നു വരെയുളള തെളിവുകള്‍ കാണിക്കുന്നത് 10 വയസ്സിനു മുകളിലുള്ള ആര്‍ക്കും ഈ വാക്സിന്‍ സ്വീകരിക്കാം എന്നാണ്.
പക്ഷേ, ഗര്‍ഭിണികളും മുലയൂട്ടുന്നവരും വാക്‌സിന് എടുക്കുന്നത് പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാലും ശാസ്ത്രം ജയിച്ചു. മനുഷ്യന്‍ അതിനെയും അതിജീവിച്ചു. ഇനിയും ലോകത്തിന് ആശ്വാസത്തിന്റെ നാളുകള്‍ എന്നു വിശ്വസിക്കാം.