•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

കോവിഡ് 19 നു പിന്നിലെ ദൈവികപദ്ധതി

താറുമാറായ പ്രകൃതിയെ ശുദ്ധീകരിക്കുന്നതിനുള്ള തിരക്കിലാണ് സ്രഷ്ടാവായ ദൈവം. ഇത് അവിടുത്തെ പദ്ധതിയല്ലാതെ മറ്റെന്താണ്? ഇന്നത്തെ പ്രതിസന്ധിയെ വിശ്വാസത്തിന്റെ കണ്ണുകളിലൂടെ വീക്ഷിക്കാന്‍ നമുക്കു കഴിയണം. പഴയ പറുദീസാനുഭവത്തിലേക്കുള്ള തിരിച്ചുപോക്ക് അനിവാര്യമായിരിക്കുന്നു.
 
മനുഷ്യന്റെ സ്വാര്‍ത്ഥതയും ദുരാഗ്രഹവും അഹന്തയും അക്രമവും അനീതിയും അഴിമതിയും ധൂര്‍ത്തും സുഖലോലുപതയും ആത്മീയാന്ധതയും എന്നുവേണ്ട, എല്ലാ തിന്മകളും ഉച്ചസ്ഥായിയിലെത്തിയ ഒരു കാലഘട്ടത്തില്‍ അവനിലെ 'അഹം'ഭാവത്തെ ഇല്ലായ്മ ചെയ്യാനും സ്രഷ്ടാവായ ദൈവത്തെ അന്വേഷിക്കാനും അവിടുത്തെ ഭയപ്പെട്ട് എളിമയോടെ ജീവിക്കാനും 'കൊറോണ' എന്ന മാരകവിഷാണു ഹേതുവായത് നമ്മെ ഇരുത്തിച്ചിന്തിപ്പിക്കാന്‍ പ്രേരകമായി.
എല്ലാം ഭദ്രവും സുരക്ഷിതവുമെന്നു കരുതിയ നാളുകളിലൂടെ കടന്നുപോകുമ്പോഴാണ് കോവിഡ്-19 എന്ന മഹാവ്യാധി മനുഷ്യന്റെ ജീവനെടുത്തുതുടങ്ങിയത്. ഏതു രീതിയില്‍ ജീവിച്ചാലും എന്തു ദുഷ്പ്രവൃത്തികള്‍ ചെയ്താലും കുഴപ്പമില്ലെന്ന അഹങ്കാരത്തോടെ മുന്നേറിയപ്പോള്‍ തന്റെ മുമ്പില്‍ വായ പിളര്‍ന്നുനില്ക്കുന്ന മരണമെന്ന യാഥാര്‍ത്ഥ്യത്തെ വിസ്മരിച്ചതാണ് മനുഷ്യനു വിനയായത്. തന്നിലേക്കുതന്നെ തിരിഞ്ഞുനോക്കാനും, മാനസാന്തരത്തിന്റെ വഴിയേ ചരിക്കാനും കോവിഡ് എന്ന മഹാമാരി നിമിത്തമായി എന്ന് സമ്മതിച്ചേ മതിയാകൂ. ഒന്നിനു പിറകേ മറ്റൊന്നായി ലോകത്തെ എല്ലാ രാജ്യങ്ങളിലേക്കും പടര്‍ന്നുപിടിച്ച സാര്‍സ് കൊറോണ വൈറസ് 2 എന്ന വിഷാണു അതിന്റെ മരണയാത്ര തുടരുകയാണ്.
കോവിഡ്-19 എന്ന മഹാമാരിക്കു കാരണമായ കൊറോണ വൈറസുകളുടെ ആക്രമണത്തില്‍ വിറങ്ങലിച്ച ആദ്യയൂറോപ്യന്‍രാജ്യം ഇറ്റലിയാണ്. വൈറസുകളുടെ ഉദ്ഭവസ്ഥാനമായ ചൈനയിലെ വുഹാന്‍ നഗരവുമായുള്ള ഇറ്റലിയുടെ നിരന്തരസമ്പര്‍ക്കമാണിതിനു കാരണം. ഇറ്റലിയുടെ വടക്കുഭാഗത്തുള്ള നിരവധി തീര്‍ത്ഥാടന/വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള രാജ്യാന്തരയാത്രികര്‍ എത്തുന്നത് മിലാന്‍ അന്തര്‍ദ്ദേശീയ വിമാനത്താവളം വഴിയാണ്. മിലാനില്‍നിന്ന് രാജ്യത്തിന്റെ വിവിധഭാഗങ്ങളിലേക്കും ഇതര യൂറോപ്യന്‍രാജ്യങ്ങളിലേക്കും അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലേക്കും ആഫ്രിക്കയിലേക്കുമെല്ലാം രോഗം വ്യാപിക്കുകയായിരുന്നു.
നിസ്സഹായരായ
ഭരണകര്‍ത്താക്കള്‍
മിലാനിലെത്തിയ രണ്ടു ചൈനീസ് ടൂറിസ്റ്റുകളെ കോവിഡ് ബാധിതരായി കണെ്ടത്തിയെങ്കിലും മറ്റുള്ളവരില്‍ രോഗം പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഗുരുതരമായ രോഗാവസ്ഥയിലെത്തിയ ആദ്യ ഇറ്റാലിയന്‍ പൗരനെ തിരിച്ചറിയുന്നത് ഫെബ്രുവരി 21 നായിരുന്നു. 38 കാരനായ ഇയാളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുമ്പോഴേക്കും രോഗം നിയന്ത്രണാതീതമായി പടര്‍ന്നുകഴിഞ്ഞിരുന്നു. ഒരുമാസം തികയുംമുമ്പ് 35,000 പേരില്‍ രോഗബാധ സ്ഥിരീകരിച്ചു. 3000 പേര്‍ മരണത്തിനു കീഴടങ്ങി. ഗ്രാമമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ ഓരോ ഭവനത്തിലും രോഗമെത്തി. ഒത്തിരിയേറെപ്പേര്‍ മരണമടഞ്ഞ ഭവനങ്ങളുമുണ്ടായിരുന്നു. ആശുപത്രികള്‍ കുറവായിരുന്നതിനാല്‍ രക്ഷപ്പെടുമെന്നുറപ്പുള്ളവരെ മാത്രം ചികിത്സിച്ചു. മറ്റുള്ളവരെ അവരവരുടെ വീടുകളില്‍ ക്വാറന്റൈനിലും ആക്കി. പരശതം ആളുകള്‍ മരണപ്പെട്ടപ്പോള്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജൂസെപ്പെ കോന്തേ ഉരുവിട്ട വാക്കുകള്‍ ഓര്‍മ്മിക്കുന്നു: ''കൊറോണ എന്ന മാരകവൈറസ് ഞങ്ങളുടെ രാജ്യത്തെ കീഴടക്കിയിരിക്കുന്നു. പുനരുദ്ധരിക്കപ്പെടാനാവാത്തവിധം ഞങ്ങളുടെ രാജ്യം തകര്‍ന്നുകഴിഞ്ഞു. പതിനായിരക്കണക്കിനു രോഗികളെയാണ് കണെ്ടത്തിയിട്ടുള്ളത്. അവരെ ചികിത്സിക്കാന്‍ മതിയായ സൗകര്യങ്ങളോ വിദഗ്ധരായ ഡോക്ടര്‍മാരോ നേഴ്‌സുമാരോ ഇല്ല. രോഗികള്‍ക്കു നല്കാന്‍ മരുന്നോ മരണമടഞ്ഞവരെ സംസ്‌കരിക്കാന്‍ സ്ഥലമോ ഇല്ലാതായിരിക്കുന്നു. പലയിടങ്ങളിലും മൃതദേഹങ്ങള്‍ കൂട്ടിയിട്ട് ദഹിപ്പിക്കുകയാണ്. ഇനിയെന്താണു ചെയ്യേണ്ടതെന്നുപോലും നിശ്ചയമില്ല. സര്‍വ്വശക്തനായ ദൈവമേ! അവിടുത്തെ കരങ്ങള്‍ നീട്ടി ഈ മഹാമാരിയില്‍നിന്ന് എന്റെ ജനത്തെ രക്ഷിക്കണമേ!''
രോഗം പടര്‍ന്നുപിടിച്ച മറ്റു രാജ്യങ്ങളിലെ ഭരണാധികാരികളും കോവിഡ് 19 എന്ന മഹാമാരിക്കുമുമ്പില്‍ നിസ്സഹായരായി പകച്ചുനിന്നു. 2002, 2012 വര്‍ഷങ്ങളില്‍ കൊറോണ വൈറസുകള്‍ സൃഷ്ടിച്ച പകര്‍ച്ചവ്യാധികള്‍ സ്വയം കെട്ടടങ്ങിയതിനാല്‍ പ്രതിരോധമരുന്നുകള്‍ കണെ്ടത്തിയിരുന്നില്ല. ആയുധക്കച്ചവടങ്ങള്‍ക്കും അധിനിവേശങ്ങള്‍ക്കും ശത്രുക്കളെ നിഷ്ഠുരം കൊന്നൊടുക്കുന്നതിനും വിനാശകാരിയായ ആണവായുധങ്ങള്‍ നിര്‍മ്മിച്ചുകൂട്ടുന്നതിനും ബഹിരാകാശമേല്‍ക്കോയ്മയ്ക്കുള്ള കിടമത്സരത്തിനുമായിരുന്നു നേതാക്കളുടെ തിടുക്കം. അത്യന്താധുനികസംവിധാനങ്ങളുള്ള 30 ലക്ഷം തോക്കുകളുടെ വില്പന ഇക്കഴിഞ്ഞ മാര്‍ച്ചുമാസത്തില്‍ യുഎസില്‍ നടന്നതായി വാര്‍ത്തയുണ്ടായിരുന്നു. ഇവയെല്ലാം എന്തിനുവേണ്ടിയെന്ന് അവര്‍ക്കുപോലും നിശ്ചയമില്ല.
തിന്മകളുടെ ആധിക്യം സ്രഷ്ടാവിനെ അസ്വസ്ഥനാക്കി
മദ്യപാനം, മ്ലേച്ഛത, വ്യഭിചാരം, കൊലപാതകം, സ്വവര്‍ഗ്ഗാനുരാഗം, ഗര്‍ഭച്ഛിദ്രം, വംശീയവിദ്വേഷം, കള്ളത്തൂക്കവും കരിഞ്ചന്തയും, വനനശീകരണം, ജലസ്രോതസ്സുകളുടെയും ജലാശയങ്ങളുടെയും മലിനീകരണം തുടങ്ങിയവയെല്ലാം അനന്തകരുണയും അനന്തസ്‌നേഹവും അനന്തനന്മയും ചൊരിയുന്ന സ്രഷ്ടാവായ ദൈവത്തെ വേദനിപ്പിക്കുന്നുവെന്ന തിരിച്ചറിവാണു വേണ്ടത്. ഭൂമിയില്‍ മനുഷ്യര്‍ ചെയ്തുകൂട്ടിയ ദുഷ്ടത കണ്ട് അവിടുന്നു പരിതപിച്ചതായി വിശുദ്ധഗ്രന്ഥം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഭൂമുഖത്തു മനുഷ്യനെ സൃഷ്ടിച്ചതില്‍ കര്‍ത്താവു പരിതപിച്ചു. അത് അവിടുത്ത ഹൃദയത്തെ വേദനിപ്പിച്ചു. കര്‍ത്താവ് അരുള്‍ചെയ്തു: ''എന്റെ സൃഷ്ടിയായ മനുഷ്യനെ ഭൂമുഖത്തുനിന്നു ഞാന്‍ തുടച്ചുമാറ്റും. മനുഷ്യനെയും മൃഗങ്ങളെയും ഇഴജന്തുക്കളെയും ആകാശത്തിലെ പറവകളെയും ഞാന്‍ നാമാവശേഷമാക്കും. അവയെ സൃഷ്ടിച്ചതില്‍ ഞാന്‍ ദുഃഖിക്കുന്നു'' (ഉത്പത്തി 6:6-7). അനുസരണക്കേടെന്ന ആദിമാതാപിതാക്കളുടെ ഒറ്റ പ്പാപം അവിടുത്തെ അസ്വസ്ഥനാക്കിയെങ്കില്‍, ഇന്നു മനുഷ്യര്‍ ചെയ്തുകൂട്ടുന്ന പാപക്കൂമ്പാരത്തെ ഉള്‍ക്കൊള്ളാന്‍ അവിടുത്തേക്ക് എങ്ങനെ കഴിയും? താറുമാറായ പ്രകൃതിയെ ശുദ്ധീകരിക്കുന്നതിനുള്ള തിരക്കിലാണ് സ്രഷ്ടാവായ ദൈവം. ഇത് അവിടുത്തെ പദ്ധതിയല്ലാതെ മറ്റെന്താണ്? ഇന്നത്തെ പ്രതിസന്ധിയെ വിശ്വാസത്തിന്റെ കണ്ണുകളിലൂടെ വീക്ഷിക്കാന്‍ നമുക്കു കഴിയണം. പഴയ പറുദീസാനുഭവത്തിലേക്കുള്ള തിരിച്ചുപോക്ക് അനിവാര്യമായിരിക്കുന്നു. മനുഷ്യന്റെ സാമാന്യബുദ്ധിക്കും അവന്‍ കണ്ടുപിടിച്ച ശാസ്ത്രങ്ങള്‍ക്കും അസാധ്യമായത് ദൈവം സാധ്യമാക്കുന്നു.
ഭവനങ്ങള്‍
ദൈവാലയങ്ങളായി
മാര്‍ച്ചുമാസം അവസാനത്തോടെ പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണ്‍മൂലം രാജ്യങ്ങളെല്ലാം നിശ്ചലമായപ്പോള്‍ ഓരോ വീടും ദൈവാലയമായി മാറിയതാണ് ദൈവികപദ്ധതിയില്‍ പ്രധാനപ്പെട്ടത്. മാതാപിതാക്കളും മക്കളും കൊച്ചുമക്കളും ദിവ്യബലിയില്‍ ഒന്നിച്ചു പങ്കാളികളായി. ഒരേ തീന്‍മേശയില്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു. തൊടിയില്‍ പച്ചക്കറികളും പറമ്പില്‍ ഫലവൃക്ഷത്തൈകളും നട്ടു, പരിപാലിച്ചു.
കള്ളുഷാപ്പുകളിലും ബാറുകളിലും നിശാക്ലബ്ബുകളിലും വിലയേറിയ സമയവും സമ്പാദ്യവും നഷ്ടപ്പെടുത്തിയ കുടുംബനാഥന്മാര്‍തന്നെ വീടുകളിലെ സായാഹ്നപ്രാര്‍ത്ഥനകള്‍ക്കു നേതൃത്വം നല്‍കി. മദ്യവും മയക്കുമരുന്നുകളും കിട്ടാതായതോടെ കുടുംബസമാധാനവും തിരികെയെത്തി.
അധര്‍മ്മം വര്‍ദ്ധിച്ചപ്പോഴെല്ലാം ഭൂമിയെ ദൈവം നശിപ്പിച്ചിട്ടുള്ളതാണല്ലോ മുന്‍കാലചരിത്രം. നോഹയുടെ കാലത്തെ ജലപ്രളയവും അബ്രാഹവും ലോത്തും ജീവിച്ചിരിക്കുമ്പോള്‍ സോദോം-ഗോമോറ പട്ടണങ്ങള്‍ നശിപ്പിച്ചതും ഉദാഹരണങ്ങള്‍. ''ദൈവത്തിന്റെ ദൃഷ്ടിയില്‍ ഭൂമിയാകെ ദുഷിച്ചതായിത്തീര്‍ന്നു. എങ്ങും അക്രമം നടമാടി. ഭൂമി ദുഷിച്ചുപോയെന്നു ദൈവം കണ്ടു. ലോകത്തില്‍ മനുഷ്യരെല്ലാം ദുര്‍മാര്‍ഗ്ഗികളായി'' (ഉത്പത്തി 6:11). പ്രകൃതിയോടും ദൈവത്തോടും മനുഷ്യന്‍ മനുഷ്യനോടുതന്നെയും ചെയ്തിട്ടുള്ള അപരാധങ്ങളില്‍ നിന്നു പിന്തിരിയുകയും മനസ്തപിക്കുകയും വേണം. ഫ്രാന്‍സീസ് മാര്‍പാപ്പാ 'ലൗദാത്തോ സി-ദൈവമേ അങ്ങേക്കു സ്തുതി' എന്ന ചാക്രികലേഖനത്തില്‍ നമ്മുടെ അമ്മയായ ഭൂമിയെ പരിശുദ്ധിയോടെ സംരക്ഷിക്കേണ്ടതെങ്ങനെയെന്ന് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. അദ്ദേഹം എഴുതുന്നു:
''നമ്മെ രക്ഷിക്കുന്ന ദൈവം തന്നെയാണ് ലോകം സൃഷ്ടിച്ചത്. പ്രകൃതിയും മനുഷ്യനും ജീവജാലങ്ങളും ചേര്‍ന്നുള്ള താളം തെറ്റിച്ചത് മനുഷ്യന്‍ ചെയ്ത പാപമാണ്. മനുഷ്യജീവന്‍ ദൈവത്തോടും അയല്‍ക്കാരനോടും ഭൂമിയോടും ബന്ധപ്പെട്ടുകിടക്കുന്നു. ഈ മൂവരുമായുള്ള ബന്ധം പാപംമൂലം വിച്ഛേദിക്കപ്പെട്ടു.'' പ്രകൃതിയുടെമേലുള്ള മനുഷ്യന്റെ അനിയന്ത്രിതമായ കടന്നുകയറ്റങ്ങള്‍ വലിയൊരു പരിസ്ഥിതിദുരന്തത്തിനു വഴിവയ്ക്കുമെന്ന് വി. പോള്‍ ആറാമന്‍ പാപ്പാ അമ്പതു വര്‍ഷംമുമ്പ് സൂചിപ്പിച്ചിട്ടുണ്ട്. അദ്ദേഹം ഇങ്ങനെയെഴുതി: ''വിവേകരഹിതമായ ചൂഷണംമൂലം മനുഷ്യന്‍ പ്രകൃതിയെ നശിപ്പിക്കുകയും അതേ നാശത്തിനിരയാകുകയും ചെയ്യും.''
മനുഷ്യനു വാസയോഗ്യമായി ഭൂമിയല്ലാതെ മറ്റൊരിടം ഇതുവരെ കണെ്ടത്തിയിട്ടില്ലാത്തതിനാല്‍ ആ അമ്മയെ നമുക്കു വേദനിപ്പിക്കാതിരിക്കാം. ഭക്ഷിക്കാന്‍ അപ്പവും കുടിക്കാനും കുളിക്കാനും വെള്ളവും കിടക്കാന്‍ പാര്‍പ്പിടവും തരുന്നത് ആ അമ്മയല്ലേ? അവളെ സംരക്ഷിക്കാനും പരിപാലിക്കാനുമുള്ള ഉത്തരവാദിത്വം നമുക്കുണെ്ടന്ന് മറക്കാതിരിക്കാം.
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)