ഓള്‍ഡ് കെയ്‌റോയിലുള്ള ബാബിലോണ്‍ കോട്ടയിലാണ് ഹോളിഫാമിലി പള്ളി സ്ഥിതിചെയ്യുന്നത്. പേര്‍ഷ്യന്‍ സൈന്യം ഈജിപ്തില്‍ അധിനിവേശം പുലര്‍ത്തിയിരുന്ന കാലത്തു നിര്‍മ്മിച്ചതുകൊണ്ടാണ് കോട്ടയ്ക്ക് ബാബിലോണ്‍ കോട്ട എന്ന പേരുണ്ടായത്. കോട്ടയ്ക്കുള്ളില്‍ മൂന്നു ദൈവാലയങ്ങളുണ്ട്. ഹോളിഫാമിലി പള്ളിക്കു പുറമെ സെന്റ് വിര്‍ജിന്‍ മേരിസ് ചര്‍ച്ച്, സെന്റ് ജോര്‍ജ് ചര്‍ച്ച് എന്നീ പള്ളികളും ഇവിടെത്തന്നെയാണ്. ഹോളിഫാമിലി പള്ളിക്ക് അബു സെര്‍ഗാ പള്ളി എന്നുകൂടെ പേരുണ്ട്. പള്ളിക്കുള്ളില്‍ സെര്‍ജിയൂസ്, ബാക്കൂസ് എന്നീ രണ്ടു രക്തസാക്ഷികളുടെ ഭൗതികാവശിഷ്ടങ്ങള്‍ സംസ്‌കരിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഈ പള്ളിക്ക് അബുസെര്‍ഗാപള്ളി എന്നുകൂടെ പേരുണ്ടായത്. സെര്‍ജിയൂസും ബാക്കൂസും പട്ടാളത്തില്‍ സേവനമനുഷ്ഠിച്ചിരുന്നവരാണ്. റോമാചക്രവര്‍ത്തിയായിരുന്ന മാക്‌സിമിലിയന്റെ കാലത്ത് സിറിയയില്‍വച്ച് രണ്ടുപേരും രക്തസാക്ഷിത്വം വരിച്ചു. ക്രൈസ്തവവിശ്വാസം ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിതരായെങ്കിലും അതിനു വിസമ്മതിച്ചതിനാല്‍ രണ്ടുപേരും വധിക്കപ്പെട്ടു. അവരുടെ ഭൗതികാവശിഷ്ടം ഈജിപ്തില്‍ കൊണ്ടുവന്ന് ഈ ദൈവാലയത്തിലാണ് സംസ്‌കരിച്ചത്.
ദൈവാലയത്തിന്റെ പ്രശസ്തിക്കു പ്രധാന കാരണം ഹേറോദേസ്‌രാജാവില്‍നിന്നു രക്ഷ പ്രാപിക്കുവാന്‍ ഈജിപ്തില്‍ അഭയം പ്രാപിച്ച യൗസേപ്പും മറിയവും ഈശോയുമടങ്ങുന്ന തിരുക്കുടുംബം ഈ ദൈവാലയം ഇരിക്കുന്ന സ്ഥലത്ത് കുറച്ചുകാലം താമസിച്ചു എന്നതാണ്. യൗസേപ്പ് തച്ചനായിരുന്നതിനാല്‍ ബാബിലോണ്‍കോട്ടയില്‍ ജോലി ചെയ്തു ജീവിച്ചു എന്നാണ് ഊഹിക്കപ്പെടുന്നത്. ഇപ്പോഴത്തെ ദൈവാലയത്തിനുള്ളില്‍ഉദ്ദേശം പത്തുമീറ്റര്‍ താഴെയായി സ്ഥിതിചെയ്യുന്ന ക്രിപ്റ്റില്‍ തിരുക്കുടുംബം താമസിച്ചിരുന്ന സ്ഥലം അടയാളപ്പെടുത്തിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് അവിടം സന്ദര്‍ശിക്കാവുന്നതാണ്. നൈല്‍നദിയില്‍ വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ ക്രിപ്റ്റില്‍ വെള്ളം കയറും. നാലാം നൂറ്റാണ്ടിലാണു പള്ളി നിര്‍മ്മിക്കപ്പെട്ടത്. ഏറ്റവും പഴയ കോപ്റ്റിക് പള്ളികളുടെ നിര്‍മ്മാണശൈലിയാണ് ഈ പള്ളിയുടെ നിര്‍മ്മാണത്തിലും കാണുന്നത്. എ.ഡി. 750 ല്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ പള്ളിക്കു സാരമായ കേടുപാടുകള്‍ ഉണ്ടായി. താമസിയാതെ പള്ളി പുതുക്കിപ്പണിതു എന്നാണു ചരിത്രം പറയുന്നത്. പള്ളിയുടെ തെക്കുഭാഗത്തെ ഭിത്തിയില്‍ അമൂല്യമായ ചില ഐക്കണുകള്‍ (ചിത്രങ്ങള്‍) ഉണ്ട്. കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയുടെ വകയാണ് ഹോളിഫാമിലി പള്ളി. കോപ്റ്റിക് പാത്രിയര്‍ക്കീസുമാരില്‍ പലരും ഇവിടെ വച്ചാണ് തിരഞ്ഞെടുക്കപ്പെട്ടത് എന്നത് പള്ളിയുടെ പ്രാധാന്യം എടുത്തുകാണിക്കുന്നു.
(തുടരും)