•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പൊയ്മുഖം

രാജമ്മയ്ക്ക് ആണ്‍മക്കളില്ല, ആകെയുള്ളത് രണ്ടു പെണ്‍കുട്ടികളാണ്; രാധികയും ലതികയും. രാധിക പ്ലസ് വണ്ണിലും ലതിക ഒമ്പതിലുമാണു പഠിക്കുന്നത്. സാമ്പത്തികബുദ്ധിമുട്ടുണ്ടെങ്കിലും തന്റെ മക്കളെ കുറെക്കൂടി പഠിപ്പിക്കണമെന്നാണ് രാജമ്മയുടെ ആഗ്രഹം. പക്ഷേ, അവരുടെ ഭര്‍ത്താവ് പണിക്കൊന്നും പോകാനാവാതെ രോഗം പിടിപെട്ട് കിടപ്പിലായതാണ് പ്രതിസന്ധിക്ക് പ്രധാന ഹേതു. എങ്കിലും രാജമ്മ ഹോളോബ്രിക്‌സ് കമ്പനിയില്‍ ജോലിക്കുപോകുന്നതുകൊണ്ട് പട്ടിണിയില്ലാതെ ഒരുവിധം കഴിഞ്ഞു പോകുന്നു. 
രാജമ്മ മിക്കവാറും ഇന്‍സ്റ്റാള്‍മെന്റ് വ്യവസ്ഥയിലാണ് മക്കള്‍ക്ക് ഡ്രസ്സെടുക്കുക. പാറശ്ശാലക്കാരനൊരാള്‍ തിങ്കളാഴ്ചതോറും തുണികളുംകൊണ്ടു വരും. അശോകനെന്നാണ് അയാളുടെ പേര്. പത്തിരുപത്തിയഞ്ച് വയസ്സു വരും. കാണാന്‍ നല്ല യോഗ്യന്‍. അയാള്‍ക്ക് കടുംപിടിത്തമൊന്നുമില്ല. കാശ് കൈയിലുള്ളതുപോലൊക്കെ കൊടുത്താല്‍ മതി. ആവശ്യത്തിനുളള ഡ്രസ്സുകള്‍ അയാള്‍ കടം കൊടുക്കും. തമിഴന്മാര്‍ ഉള്‍പ്പെട്ട നിരവധി ആളുകള്‍ തുണിക്കച്ചവടത്തിനായി വരുന്നുണ്ടെങ്കിലും അശോകനെപ്പോലത്തെ നയം അവര്‍ക്കില്ല. രണ്ടാഴ്ച കാശില്ലെന്നു പറഞ്ഞാലും ഒന്നും മിണ്ടാതെ ചിരിച്ചുകൊണ്ടു പൊയ്‌ക്കൊള്ളും. അതുകൊണ്ടാണ് രാജമ്മ അയാളോടുതന്നെ തുണിയെടുക്കുന്നത്.
അശോകനെക്കുറിച്ച് രാജമ്മയ്ക്കു നല്ല മതിപ്പാണ്. സിഗററ്റ് വലിക്കില്ല. പൊടിവലിയോ മദ്യപാനമോ ഇല്ല. മറ്റുള്ള കച്ചവടക്കാരെപ്പോലെ വാചകമടിക്കുകയോ അനാവശ്യമായി പെണ്ണുങ്ങളെ നോക്കുകയോ ചെയ്യില്ല. അതുകൊണ്ടുതന്നെ അശോകന്റെ ഗുണഗണങ്ങളെ നിത്യവുമവര്‍ പുകഴ്ത്തുകയും പ്രശംസിക്കുകയും ചെയ്തിരുന്നു.
''അശോകനെ സമ്മതിക്കണം രാധികയ്ക്കും ലതികയ്ക്കും കൊണ്ടുവരുന്ന ഡസ്സുകള്‍ ഉഗ്രനാ, അയാള്‍ക്കറിയാം അവര്‍ക്കു ചേരുന്ന കളറും ഫാഷനുമൊക്കെ.''
തുണിക്കച്ചവടക്കാരനായ അശോകനെക്കുറിച്ചുളള ഈ പുകഴ്ത്തല്‍ കേട്ടുകേട്ട് രാധികയുടെ മനസ്സിലെപ്പോഴോ നിറമുള്ള സ്വപ്നങ്ങള്‍ വിരിഞ്ഞുതുടങ്ങി. അവളയാളെ അത്യഗാധമായി പ്രേമിക്കുകയും ക്രമേണ അകലാന്‍ കഴിയാത്തവിധം അടുക്കുകയും ചെയ്തു.
രാധികമാത്രമല്ല, ലതികയും അങ്ങനെതന്നെയായിരുന്നു. നിര്‍വചിക്കാനാവാത്തവിധം ആ യുവാവില്‍ ലയിച്ചുകഴിഞ്ഞിരുന്നു. ഇക്കാര്യം പരസ്പരം അറിയാതെ, കാണാതെ മുന്നോട്ടു കൊണ്ടുപോകാന്‍ വിദഗ്ധനായിരുന്നു അശോകന്‍.
അയാള്‍ കാശു വാങ്ങിയും വാങ്ങാതെയും പുതിയ പുതിയ ഡ്രസുകള്‍ ഇരുവര്‍ക്കും കൊണ്ടുവന്നു കൊടുത്തു. അതോടെ രാജമ്മയുടെ വസതിയില്‍ ആ ചെറുപ്പക്കാരനുളള സ്വാതന്ത്ര്യം കൂടിക്കൂടി വന്നു, ലതികയുടെയും രാധികയുടെയുമൊക്കെ ബര്‍ത്ത്‌ഡേകളിലും മറ്റ് ആഘോഷവേളകളിലുമൊക്കെ അയാള്‍ അവിടെ അന്തിയുറങ്ങാനും മറ്റും അവസരമുണ്ടാക്കി. അപ്പോഴെല്ലാം രാജമ്മയുടെ നാവ് അശോകനെ വാനോളം പുകഴ്ത്തിയിരുന്നു. നാട്ടുകാരുടെ കുശുകുശുപ്പും പരിഹാസച്ചിരിയുമെല്ലാം അവര്‍ അവഗണിച്ചു തളളി.
രാധിക ഗര്‍ഭിണിയായി. ഇതറിഞ്ഞ അശോകന്‍ മുങ്ങി. കടുത്ത നിരാശയും ദുഃഖവും നിമിത്തം ഉറക്കമില്ലാതെ കിടക്കവേ, രാധികയൊരു തേങ്ങല്‍ കേട്ടു. അനുജത്തിയാണ്.
''നീയെന്തിനാ കരഞ്ഞേ?''
അവള്‍ തിരക്കി. ''ചേച്ചീ, ആ തുണിക്കാരന്‍ എന്നെ ചതിച്ചു.'' പറഞ്ഞിട്ടവള്‍ പൊട്ടിക്കരയാന്‍ തുടങ്ങവേ രാധിക പെട്ടെന്ന് വായ് പൊത്തിക്കളഞ്ഞു, തൊട്ടപ്പുറത്തെ മുറിയില്‍ കിടക്കുന്ന അച്ഛനും അമ്മയും കേള്‍ക്കാതിരിക്കാന്‍. ഇടിവെട്ടിയവന്റെ തലയില്‍ പാമ്പുകൊത്തിയ അനുഭവമായിരുന്നു അവള്‍ക്ക്. സ്വന്തം നെഞ്ചിനുള്ളില്‍ തീയാളിക്കൊണ്ടിരിക്കേ കൂടപ്പിറപ്പിനെ വെറുതെ ഒന്നാശ്വസിപ്പിക്കാന്‍ പോലുമാവാതെ അവള്‍ വിങ്ങി. പാതിരാത്രി പിന്നിട്ടപ്പോള്‍ രാധികയെണീറ്റ് മണ്ണെണ്ണയെടുത്ത് തലവഴിയൊഴിച്ച് തീ കൊളുത്തി. 
തീ പടര്‍ന്നു. ചൂടേറ്റ് ചാടിപ്പിടഞ്ഞെണീറ്റ രാജമ്മയും ലതികയുമൊക്കെ ഉറക്കെയുറക്കെ നിലവിളിച്ചു. ആളുകള്‍ ഓടിക്കൂടിയെങ്കിലും അവളെ രക്ഷിക്കാനായില്ല. ഒടുവില്‍, കത്തിക്കരിഞ്ഞ ജഡത്തിനരികില്‍ ഒന്നുമറിയാതെ രാജമ്മയും ഭര്‍ത്താവും വാവിട്ടു കരയുമ്പോഴും ഒരു ചോദ്യച്ചിഹ്നംപോലെ മരവിച്ചുനില്‍ക്കുകയായിരുന്നു ലതിക.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)