രണ്ടാഴ്ചക്കാലത്തെ ആശുപത്രിവാസത്തിനുശേഷം സ്വഭവനത്തിലെത്തി വിശ്രമിക്കുന്നതിനിടയിലാണ് അയലോക്കംകാരുടെ സന്ദര്‍ശനങ്ങളും ഫോണ്‍ കോളുകളും ഇടതടവില്ലാതെ വന്നത്. അതു കണ്ട കോശിച്ചായന് ഒരു സംശയം:
റെസിഡന്‍സ് അസോസിയേഷന്‍കാരുടെ ഇടയില്‍ തനിക്കിത്രയേറെ മതിപ്പും, ഗുണനിലവാരോം ഉണ്ടോ...?
കോശിച്ചായനെ കാണാന്‍ വന്ന സഹൃദയരില്‍ ചിലര്‍ അടുക്കളയിലേക്കു കണ്ണെറിഞ്ഞു. ചിലര്‍, ചായ നിറച്ച ട്രേയുമായി ആന്യമ്മ നടന്നുവരുന്നതും, സാരിയുലയുന്നതും, വിയര്‍പ്പണിഞ്ഞ മേല്‍ച്ചുണ്ട് ഉയര്‍ത്തി തങ്ങള്‍ക്കുനേരേ പുഞ്ചിരിക്കുന്നതും ഭാവനയില്‍ കണ്ടു. രോഗിക്കു വിശ്രമം കൊടുക്കണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചതുകൊണ്ടാണോ എന്നറിയില്ല, ചിലര്‍ കോശിച്ചായനെ സംസാരിക്കുവാന്‍പോലും അനുവദിക്കാതെ വെള്ളരിക്കാപോലിരിക്കുന്ന ആന്യമ്മയോടു മാത്രമായി വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. ചിലര്‍ മുഖത്ത് ദയനീയത വരുത്തി സഹതപിച്ചു.
ആന്യമ്മേ....
നെന്‍ക്കല്ലായിരുന്നോടീ എന്നെ വല്യ ദോഷം പറച്ചില്.
അറുത്ത കൈയ്ക്ക് ഉപ്പ് തേക്ക്യേലാത്ത മനുഷേനാ ഞാനെന്ന്. എന്നിട്ട് കണ്ടോടീ ദെവസേന എത്ര പേരാ എന്നെ കാണാന്‍ വരുന്നേന്ന്.
അതു കേട്ട് ആന്യമ്മ ഒന്നു മൂളി.
ആന്യമ്മേ...
ഇച്ചായന്‍ പറ...
ഞാന്‍ പിശുക്കൊക്കെ നിര്‍ത്തി ജനകീയനാവുന്നതിനോട് നിനക്കെന്താ അഭിപ്രായം...
ഇച്ചായിന്റിഷ്ടം...
അല്ലേലും നമ്മളൊക്കെ എന്തോന്നിനാടീ രാവു പകലാക്കി അദ്ധ്വാനിക്കുന്നെ. ഒടേതമ്പ്രാന്‍ പറേന്ന പോലെ നാളേക്കുറിച്ച് എന്തിനാ ആകുലപ്പെടുന്നേ? രണ്ടാഴ്ച മുന്‍പ് ഞാന്‍ വഴീക്കെടന്നനുഭവിച്ച നെഞ്ചുവേദന. വണ്ടി ഓടിച്ച് ആശൂത്രീലെത്തിച്ചത് ഏതോ ഒരു മനുഷ്യന്‍. ഒന്നാലോചിക്കുമ്പോ നീ പറയുന്നതാ ശരി. വല്ലതുമൊക്കെ കൊണ്ടും കൊടുത്തും ജീവിക്കുമ്പഴാ ജീവിതം ജീവിതമാകുന്നത്...
ആന്യമ്മ ഒരു ദീര്‍ഘനിശ്വാസമെടുത്ത് ഉള്ളാലേ ദൈവത്തിനു നന്ദി പറഞ്ഞു.
കോശിച്ചായന്‍ ആശുപത്രിയിലായിരുന്ന സമയത്ത് പലചരക്കുസാധനം വാങ്ങിത്തരാനും, കറണ്ട് പോയപ്പോ ഫ്യൂസ് കെട്ടിത്തരാനുമൊക്കെ റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ നടത്തിയ മത്സരം ആന്യമ്മ എന്തുകൊണ്ടോ ഭര്‍ത്താവിനോടു പറഞ്ഞില്ല.
പിശുക്കന്‍ എന്തായാലും ജനകീയനാവാന്‍ തീരുമാനിച്ചല്ലോ. വാര്‍ഡ്പ്രാര്‍ഥനയ്ക്കും, പള്ളിവക മീറ്റിങ്ങുകളിലുമൊക്കെ തന്നെ പോയി മടുത്തു. ഇനീപ്പോ ഇതു പറഞ്ഞ് അടുത്ത പുലിവാലുണ്ടാക്കേണ്ട.
അങ്ങനെയിരിക്കെയാണ് വികാരിയച്ചന്റെ അറിയിപ്പ് വാട്‌സാപ്പ് ഗ്രൂപ്പില്‍ വന്നത്. അടുത്ത ബുധനാഴ്ച അടിയന്തരമായി ലിറ്റില്‍ ഫ്‌ളവര്‍ വാര്‍ഡിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കു മാത്രമായി ഒരു മീറ്റിങ്ങ് സംഘടിപ്പിക്കുവാന്‍ പോകുന്നു...
കേട്ടപാതി കേള്‍ക്കാത്തപാതി കോശി മീറ്റിങ്ങിനു പോകാന്‍ റെഡിയായി.
ഇച്ചായന്റെ മനസ്സിനു മാറ്റമൊന്നും വരുത്തല്ലേന്ന് ആന്യമ്മ മര്‍ഗരീത്താപ്പുണ്യവതിയോട് മനം നൊന്തു പ്രാര്‍ത്ഥിച്ചു. ഏതായാലും ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിയായപ്പോ കോശിച്ചായനും ആന്യമ്മയും കൊച്ചുവര്‍ത്തമാനമൊക്കെ പറഞ്ഞോണ്ട് കശുമാവുമരങ്ങള്‍ നിഴല്‍പരത്തിയ പുഴയിറമ്പുവഴി നടന്ന് അന്തോണീസിന്റെ വീട്ടിലെത്തി.
കട്ടന്‍കാപ്പീം, അരിയുണ്ടേം കഴിച്ചോണ്ടിരുന്നതിനിടയില്‍ അച്ചന്‍ കാര്യം പറഞ്ഞു:
അപ്പോ ഇന്നത്തെ മീറ്റിങ്ങിലെ ആദ്യത്തെ സംഗതി എന്നാന്നു വെച്ചാ...
അച്ചന്‍ അരിയുണ്ട ഒന്ന് കടിച്ചുപൊട്ടിച്ചു.
നമ്മടെ എടവകേലുള്ള ഉതുപ്പാന് ഒരു വീട് വെച്ചു കൊടുക്കണം..
തീരുമാനം കേട്ടതോടെ കോശിയുടെ കൈയിലിരുന്ന അരിയുണ്ട സമ്മര്‍ദ്ദം സഹിക്കാനാവാതെ തന്നെ പൊട്ടിയടര്‍ന്നു.
പിരിവാണ്..
കള്ളും കുടിച്ച്, ഉച്ചിയില്‍ ഉടുമുണ്ടും കെട്ടി നടക്കുന്ന ഉതുപ്പാന്റെ കുടുംബത്തെ സഹായിക്കണം.
എതിര്‍വശത്തായി നില്‍ക്കുന്ന ആന്യമ്മയുടെ കണ്ണുകളിലെ കഥകളി കണ്ടപ്പോള്‍ കോശിക്ക് എടുത്ത തീരുമാനം മാറ്റാനും തോന്നിയില്ല.
സഹായിക്കാം...
കോശിച്ചായന്‍തന്നെ ഒരു സംഖ്യ സംഭാവനയായി പറഞ്ഞുകൊണ്ട് ഇതിനു തുടക്കം കുറിക്കണമെന്നാണ് എന്റെ ആഗ്രഹം...
വികാരിയച്ചന്‍ പ്രതീക്ഷയോടെ പറഞ്ഞു.
കോശി ആന്യമ്മയെ നോക്കി.
സാരിയുടെ മറവില്‍നിന്നു രണ്ടു വെളുത്ത വിരലുകള്‍ 'വി' ആകൃതിയില്‍ പുറത്തേക്കു പ്രദര്‍ശിക്കപ്പെട്ടു..
കോശി ഒരു കൈകൊണ്ട് നെഞ്ചമര്‍ത്തിപ്പിടിച്ച് ആന്യമ്മേടെ നേരേ നോക്കി.. കെട്ട്യോന്റെ മുഖത്തെ അന്ധാളിപ്പ് കണ്ടപ്പോ കെട്ട്യോള്‍ ഒരു വിരലങ്ങ് മടക്കി. എന്നാലും ബാക്കി വന്ന ചൂണ്ടുവിരല്‍ കോശിയുടെ മുന്നില്‍ ഉയിര്‍ത്തെഴുന്നേറ്റു നിന്നു.
ഒരു ലക്ഷം..
കൊല്ലാന്‍ പിടിച്ച കോഴി കരയുംപോലെ കോശി പറഞ്ഞു. ചുറ്റും കൈയടി ഉയര്‍ന്നു.
ജനകീയനായതിന്റെ ഒന്നാം ഘട്ടം...
വേണ്ടീല്ലാര്‍ന്നു..
പ്രിയപ്പെട്ട ഇടവകാംഗങ്ങളേ, മറ്റൊരു വലിയ സംരംഭത്തിനുകൂടി തുടക്കം കുറിച്ച് കൊണ്ട് ഇന്നത്തെ മീറ്റിങ്ങ് നമുക്ക് അവസാനിപ്പിക്കാം. നമുക്കേവര്‍ക്കുമറിയാം നമ്മുടെ നാട്ടിലുള്ള കോഴി ഫാം വരുത്തിവയ്ക്കുന്ന ബുദ്ധിമുട്ടുകള്‍. നാട്ടുകാരെ മൊത്തം നാറ്റിക്കുന്ന ഈ കോഴിഫാം നിര്‍ത്തിവയ്ക്കാന്‍ നമ്മള്‍ നാളെമുതല്‍ സമരമാരംഭിക്കണമെന്നാണ് എന്റെ ആഗ്രഹം. വികാരിയച്ചന്‍ ഒരരിയുണ്ടകൂടി കൈയിലെടുത്തു.
കോശീടെ ആകാശത്ത് ഇടിവെട്ടി. തലമണ്ട പോയൊരു തെങ്ങ് കോശിടെ തലേലിരുന്നു കത്തി.
ചില നേതാക്കള്‍ക്കൊപ്പം വളരെ രഹസ്യമായി താനുംകൂടി പണം മുടക്കി തുടങ്ങിവെച്ച കോഴിഫാം നിര്‍ത്തലാക്കാനാണ് അടുത്ത ആലോചന.
നാറ്റം സഹിക്കാന്‍ വയ്യത്രേ...
പത്തു രൂപേടെ ചന്ദനത്തിരി കത്തിച്ചുവെച്ചാ തീരുന്ന പ്രശ്‌നത്തിന് പത്തമ്പത് ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച കോഴി ഫാം അടച്ചുപൂട്ടണമെന്ന്... എവ്‌ടെത്തെ ന്യായമാ പുണ്യാളാ... മീറ്റിങ്ങ് തുടങ്ങി പത്ത് മിനിറ്റുള്ളില്‍ ഒരു ലക്ഷം കീശേന്നൂര്‍ന്നു.
കോശിച്ചായന്റെ നട്ടെല്ലിനൊരു ചൊറിച്ചില്‍. തലച്ചോറില്‍ കാര്‍ന്നോന്‍മാരുടെ മുറുമുറുപ്പ്.
നൂറു വര്‍ഷം മുന്‍പുള്ള പാരമ്പര്യത്തിന്റെ അംശങ്ങള്‍ ചേര്‍ന്ന് ഉറുമ്പ് കൂട്ടുംപോലെ കൂട്ടി വച്ച സ്വത്ത് താനായിട്ടിനി നശിപ്പിക്കുന്നില്ല. തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടു വന്ന പിശുക്കത്തരം കൈമോശം വന്നു പോവണ്ട. കോശിക്ക് രക്തസമ്മര്‍ദ്ദമുയര്‍ന്നു. അടുത്ത അജണ്ട കേള്‍ക്കുന്നതിനുമുന്‍പ് ജനകീയനാവാനുള്ള മോഹമുപേക്ഷിച്ച് നെഞ്ചുവേദനിക്കുന്നു എന്നു പറഞ്ഞ് കോശിച്ചായന്‍ എണീറ്റു നടന്നു.