•  10 Apr 2025
  •  ദീപം 58
  •  നാളം 6
ലേഖനം

പത്മപുരസ്‌കാരനിറവില്‍ കേരളം

ഈ വര്‍ഷത്തെ പത്മപുരസ്‌കാരത്തില്‍ കേരളത്തിന് അഭിമാനനേട്ടം. ഒരു പത്മഭൂഷനും അഞ്ചു പത്മശ്രീയും ഉള്‍പ്പെടെ ആറ് പുരസ്‌കാരങ്ങളാണ് ഇത്തവണ കേരളത്തെ തേടിയെത്തിയത്. മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയ്ക്കാണ് പത്മഭൂഷന്‍ ലഭിച്ചത്. ഗാനരചയിതാവും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്കും മുന്‍കായികപരിശീലകനും പി.ടി. ഉഷയുടെ ഗുരുവുമായ ഒ.എം. നമ്പ്യാര്‍ക്കും പത്മശ്രീ ലഭിച്ചു. ഇവരെക്കൂടാതെ തോല്‍പാവക്കൂത്ത് കലാകാരന്‍ കെ.കെ. രാമചന്ദ്ര പുലവര്‍, ആത്മീയപുസ്തകങ്ങളുടെ രചയിതാവ് ബാലന്‍ പൂതേരി, വയനാട്ടിലെ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷനിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ധനഞ്ജയ് ദിവാകര്‍ സംഗ്ദേ എന്നിവരും കേരളത്തില്‍നിന്നുള്ള പത്മശ്രീ ലിസ്റ്റില്‍ ഇടംപിടിച്ചു. വിവിധ സംസ്ഥാനങ്ങളില്‍നിന്നായി  103 പേരാണ് ഇപ്രാവശ്യം പത്മശ്രീപുരസ്‌കാരത്തിന് അര്‍ഹരായത്.

പത്മഭൂഷണ്‍ കെ.എസ്. ചിത്ര
''ഒപ്പം നിന്ന എല്ലാവരെയും നന്ദിയും സ്‌നേഹവും അറിയിക്കാന്‍ ഈ അവസരം വിനിയോഗിക്കുന്നു. ഈ അംഗീകാരം അച്ഛനും ഗുരുക്കന്മാര്‍ക്കും എല്ലാ മലയാളികള്‍ക്കും സമര്‍പ്പിക്കുന്നു. ഒപ്പം വ്യാധി മാറട്ടെ എന്ന പ്രാര്‍ഥനയും.'' പത്മഭൂഷന്‍ കിട്ടിയതറിഞ്ഞപ്പോള്‍ ഗായിക കെ.എസ്. ചിത്രയുടെ ആദ്യപ്രതികരണം ഇങ്ങനെയായിരുന്നു.
നാലു പതിറ്റാണ്ടിലേറെയായി ആ കുയില്‍നാദം ആരാധകലക്ഷങ്ങളെ തഴുകിയുണര്‍ത്തുന്നു. മൂന്നു ഭാഷകളിലായി ആറ് ദേശീയപുരസ്‌കാരങ്ങളും വ്യത്യസ്ത ഭാഷകളിലായി 36 സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും ചിത്രയെ തേടിയെത്തി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഗായിക എന്ന റെക്കോര്‍ഡും ചിത്രയ്ക്കാണ്. ആദ്യമായി ലഭിച്ചത് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡാണ്. 'നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്' എന്ന സിനിമയിലെ 'ആയിരം കണ്ണുമായി' എന്ന പാട്ടിനാണതു ലഭിച്ചത്. പതിനാറ് തവണ കേരള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. തമിഴ്‌നാട്, ആന്ധ്രാ സര്‍ക്കാരുകളും ചിത്രയ്ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു ഭാഷകളിലായി ഇരുപത്തയ്യായിരത്തിലേറെ പാട്ടുകള്‍ സിനിമയ്ക്കുവേണ്ടിയും  ഏഴായിരത്തോളം പാട്ടുകള്‍ അല്ലാതെയും പാടിയിട്ടുണ്ട്. 2005 - ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം അവരെ ആദരിച്ചു. ഇപ്പോള്‍ പത്മഭൂഷനും തേടിയെത്തി.
പിതാവ് കൃഷ്ണന്‍ നായരായിരുന്നു സംഗീതത്തിലെ ആദ്യഗുരു. പിന്നീട് ഡോ. കെ. ഓമനക്കുട്ടിയുടെ കീഴില്‍ കര്‍ണാടകസംഗീതം അഭ്യസിച്ചു. എം.ജി. രാധാകൃഷ്ണന്റെ സംഗീതത്തില്‍ അട്ടഹാസമെന്ന ചിത്രത്തില്‍ 'ചെല്ലം ചെല്ലം' എന്ന ഗാനം പാടിയാണ് ചിത്ര സിനിമയില്‍ എത്തിയത്. പുറത്തിറങ്ങിയ ആദ്യഗാനം പത്മരാജന്റെ നവംബറിന്റെ നഷ്ടം എന്ന സിനിമയിലെ 'അരികിലോ അകലെയോ' എന്ന ഗാനം. കേരളത്തിന്റെ വാനമ്പാടി എന്നതുകൂടാതെ ഫീമെയില്‍ യേശുദാസ്, ഗന്ധര്‍വഗായിക, സംഗീതസരസ്വതി, ചിന്നക്കുയില്‍, കന്നഡ കോകില, പിയ ബസന്തി എന്നീ പേരുകളും ആരാധകര്‍ ചിത്രയ്ക്കു സമ്മാനിച്ചു. വിജയശങ്കറാണ് ചിത്രയുടെ ഭര്‍ത്താവ്. 


കൈതപ്രം ദാമോദരന്‍ നമ്പൂതിരി
മലയാളഗാന ശാഖയ്ക്ക്  അതുല്യസംഭാവന നല്‍കിയ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെത്തേടിയെത്തിയത് പത്മശ്രീ ബഹുമതിയാണ്. പുരസ്‌കാരം ലഭിച്ചതറിഞ്ഞപ്പോള്‍ കൈതപ്രത്തിന്റെ ആദ്യപ്രതികരണം ഇങ്ങനെയായിരുന്നു: ''വലിയ സന്തോഷം. ഗുരുക്കന്മാര്‍ക്കെല്ലാം നന്ദിയും സ്‌നേഹവും. മരിച്ചുപോയ മുത്തച്ഛന് ഈ പുരസ്‌കാരം ഞാന്‍ സമര്‍പ്പിക്കുന്നു.''
''തിരുവരങ്ങ്'' എന്ന നാടകസമിതിയുമായി ചേര്‍ന്ന് 1970 ലാണ് കൈതപ്രം ഗാനരചനാരംഗത്ത് ചുവടുറപ്പിച്ചത്. അദ്ദേഹത്തിന്റെ നിരവധി ലളിതഗാനങ്ങള്‍ ആകാശവാണിയിലൂടെ ആസ്വാദകഹൃദയങ്ങള്‍ കീഴടക്കി. നരേന്ദ്രപ്രസാദിന്റെ 'നാട്യഗൃഹ'ത്തില്‍ നടനും സംഗീതസംവിധായകനും ഗായകനുമായിരുന്നു. 20 വര്‍ഷത്തിലേറെയായി കൈതപ്രം മ്യൂസിക് തെറപ്പി നടത്തുന്നുണ്ട്. സംഗീതചികിത്സ ഒരുപാട് രോഗികള്‍ക്ക് ആശ്വാസം പകര്‍ന്നിട്ടുണ്ട് എന്ന് കൈതപ്രം സാക്ഷ്യപ്പെടുത്തുന്നു.
1986 ല്‍  ഫാസിലിന്റെ  'എന്നെന്നും കണ്ണേട്ടന്റെ' എന്ന ചിത്രത്തിനുവേണ്ടി ഗാനങ്ങള്‍ രചിച്ചുകൊണ്ടായിരുന്നു   കൈതപ്രത്തിന്റെ സിനിമയിലേക്കുള്ള ചുവടുവയ്പ്പ്. നാനൂറിലേറെ സിനിമകള്‍ക്കുവേണ്ടി പാട്ടെഴുതി. 1993 ലും 1996 ലും  ഗാനരചനയ്ക്കു സംസ്ഥാനചലച്ചിത്രപുരസ്‌കാരം ലഭിച്ചു. നാടകഗാനരചനയ്ക്കും രണ്ടു തവണ സംസ്ഥാനസര്‍ക്കാരിന്റെ അവാര്‍ഡ്  കിട്ടി. കര്‍ണാടകസംഗീതത്തിലെ സംഭാവനകള്‍ക്ക്  തുളസീവനപുരസ്‌കാരവും ലഭിച്ചു.  
1996 ല്‍ ദേശാടനം എന്ന സിനിമയിലൂടെ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ചു. കാരുണ്യം  സിനിമയിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നതിന് 1997 ല്‍ മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാനപുരസ്‌കാരം കിട്ടി. സോപാനം എന്ന ചിത്രത്തിനുവേണ്ടി തിരക്കഥ എഴുതി.  ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്.
ദേവകി അന്തര്‍ജനമാണ് ഭാര്യ. ദീപാങ്കുരന്‍ (സംഗീതസംവിധായകന്‍), ദേവദര്‍ശന്‍ എന്നിവര്‍ മക്കള്‍. 
ഒ.എം. നമ്പ്യാര്‍
പി.ടി. ഉഷ എന്ന പയ്യോളി എക്‌സ്പ്രസിനെ ഇന്ത്യന്‍ കായികലോകത്തിനു സമ്മാനിച്ച ഒ.എം. നമ്പ്യാര്‍  അഥവാ ഒതയോത്ത് മാധവന്‍ നമ്പ്യാര്‍ ആണ് ഇത്തവണ പത്മശ്രീയ്ക്ക് അര്‍ഹനായ മറ്റൊരു മലയാളി. പത്മശ്രീ തേടിയെത്തുമ്പോള്‍ എണ്‍പത്താറുകാരനായ നമ്പ്യാര്‍ രോഗക്കിടക്കയിലാണ്.  അന്താരാഷ്ട്രതലത്തില്‍ നൂറിലേറെ മെഡലുകളാണ് ഉഷയിലൂടെ നമ്പ്യാര്‍ ഭാരതത്തിനു നേടിക്കൊടുത്തത്.
1970 ല്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ പരിശീലകനായി ചേര്‍ന്ന ഒ.എം. നമ്പ്യാര്‍ 1976 ലാണ് കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനില്‍ ചുമതലയേറ്റത്. അന്ന് അവിടെ വിദ്യാര്‍ഥിനിയായിരുന്ന ഉഷയെ പരിശീലിപ്പിക്കാന്‍ നമ്പ്യാര്‍ക്ക് അവസരം ലഭിച്ചു. പിന്നീട് ഉഷയുടെ മാത്രം പരിശീലകനായി. 1980, 84, 88, 92, 96 വര്‍ഷങ്ങളിലെ ഒളിമ്പിക്‌സുകളിലും വിവിധ വര്‍ഷങ്ങളിലെ ദേശീയ അന്തര്‍ദേശീയ ഗെയിമുകളിലും മാധവന്‍ നമ്പ്യാരുടെ പരിശീലനത്തിലാണ്  ഉഷ സ്വര്‍ണം വാരിക്കൂട്ടിയത്. പത്മിനി, സാറാമ്മ, വന്ദന റാവു എന്നിവരും നമ്പ്യാരുടെ ശിഷ്യരായി കുറച്ചുകാലം പരിശീലനം നേടിയിട്ടുണ്ട്.
അനവധി കായികപ്രതിഭകളെ വാര്‍ത്തെടുത്ത നമ്പ്യാര്‍ക്ക് 1985 ല്‍  പ്രഥമ ദ്രോണാചാര്യപുരസ്‌കാരം  നല്‍കി രാജ്യം ആദരിച്ചു. ഇപ്പോഴിതാ പത്മശ്രീയും അദ്ദേഹത്തെ തേടിയെത്തി. നന്മനിറഞ്ഞ ഒരു മനസിന്റെ ഉടമകൂടിയാണ്  നമ്പ്യാര്‍. കിടപ്പാടമില്ലാതിരുന്ന ചിലര്‍ക്ക് അദ്ദേഹം വീടു വയ്ക്കാന്‍ സൗജന്യമായി സ്ഥലം നല്‍കി സഹായിച്ചിരുന്നു.
കെ.കെ. രാമചന്ദ്ര പുലവര്‍
പാവക്കൂത്ത് എന്ന എന്ന പൗരാണികക്ഷേത്രകലയെ അമ്പലവളപ്പില്‍നിന്നു പുറത്തെത്തിച്ചു മാലോകര്‍ക്കു കാട്ടിക്കൊടുത്ത കെ.കെ. രാമചന്ദ്ര പുലവരാണ് പത്മശ്രീ നേടിയ  മറ്റൊരു  മലയാളി. ദേവിക്കു മുമ്പില്‍ അവതരിപ്പിക്കാന്‍വേണ്ടി മാത്രം ചിട്ടപ്പെടുത്തിയ പാവക്കൂത്തിനെ പുലവര്‍ ജനകീയകലയാക്കി മാറ്റുകയായിരുന്നു. 
കഴിഞ്ഞ 15 വര്‍ഷമായി അദ്ദേഹം പാവക്കൂത്ത് പരിശീലിപ്പിക്കുകയും സ്‌കൂളുകളിലും വിവിധ വേദികളിലും അവതരിപ്പിക്കുകയും ചെയ്യുന്നു. 'തോല്‍പ്പാവക്കൂത്ത്' എന്ന പുസ്തകവും  രചിച്ചിട്ടുണ്ട്.
ഷൊര്‍ണൂര്‍ സ്വദേശിയായ രാമചന്ദ്ര പുലവറിന് പാവക്കൂത്തിലെ മികച്ച പ്രകടനത്തിന് കേന്ദ്ര-കേരള സംഗീതനാടക അക്കാദമിയുടെ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രശസ്ത തോല്‍പ്പാവക്കൂത്ത് കലാകാരന്‍ കെ.എല്‍. കൃഷ്ണന്‍കുട്ടി പുലവരുടെ മകനാണ് രാമചന്ദ്ര പുലവര്‍.
ബാലന്‍ പൂതേരി
പത്മശ്രീ ലഭിച്ച ബാലന്‍ പൂതേരി വേറിട്ടൊരു പ്രതിഭയാണ്.  ശാരീരികപരിമിതകളെ അതിജീവിച്ച് ഇരുന്നൂറിലേറെ ആത്മീയപുസ്തകങ്ങളാണ് ബാലന്‍ പൂതേരി  എഴുതിയത്. 
ജനിച്ചപ്പോള്‍ത്തന്നെ വലതുകണ്ണിനു കാഴ്ചയില്ലായിരുന്നു. ഇടതുകണ്ണിന് കുറച്ചുമാത്രം  കാഴ്ച. അറുപത്തിമൂന്നു  പുസ്തകങ്ങള്‍  പുറത്തിറങ്ങിക്കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഇടതുകണ്ണിന്റെ പ്രകാശവും പൂര്‍ണമായി നഷ്ടപ്പെട്ടു. തുടര്‍ന്ന് മനസ്സില്‍ തെളിഞ്ഞ വാചകങ്ങള്‍ സുഹൃത്തുക്കള്‍ക്കു പറഞ്ഞുകൊടുത്ത് എഴുതിക്കുകയായിരുന്നു. പ്രതിസന്ധികളെ തരണം ചെയ്ത് എഴുത്തിന്റെ ലോകത്തു ചുവടുറപ്പിച്ചതിനുള്ള അംഗീകാരമാണ് അദ്ദേഹത്തെ തേടിയെത്തിയത്.
മലപ്പുറം ജില്ലയിലെ കരിപ്പൂരിനടത്തു കാടപ്പടിയില്‍ താമസിക്കുന്ന ബാലന്‍ അഗതികള്‍ക്കായി  ശ്രീകൃഷ്ണസേവാശ്രമം എന്ന ധര്‍മസ്ഥാപനവും നടത്തുന്നുണ്ട്.
ഡോക്ടര്‍ ധനഞ്ജയ് ദിവാകര്‍ സാംഗ്‌ദേ  
വയനാട്ടിലെ ആദിവാസികള്‍ക്കിടയില്‍ ആതുരസേവനം നടത്തുന്ന അറുപത്തിനാലുകാരനായ ഡോ. ധനഞ്ജയ് ദിവാകര്‍ സാംഗ്‌ദേ   നാലുപതിറ്റാണ്ടുമുമ്പ് നാഗ്പൂരില്‍നിന്ന് വയനാട്ടിലെത്തി. പിന്നാക്കക്കാരുടെ ആരോഗ്യത്തിന്  ഊന്നല്‍ നല്‍കി മെഡിക്കല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നു.
ആദിവാസിവിഭാഗങ്ങളില്‍ മാത്രം കണ്ടുവരുന്ന അരിവാള്‍രോഗത്തെക്കുറിച്ച് ഡോ. ധനഞ്ജയ്  നടത്തിയ പഠനങ്ങള്‍ ലോകശ്രദ്ധ നേടിയിരുന്നു. ഈ രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ്  പത്മശ്രീ. 
കല്പറ്റ മുട്ടില്‍ വിവേകാനന്ദ ആശുപത്രിയില്‍ അരിവാള്‍രോഗികള്‍ ഉള്‍പ്പെടെയുള്ളവരെ ചികിത്സിക്കുന്നതില്‍ അദ്ദേഹം ഇപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.   മെഡിക്കല്‍ സേവനത്തിനൊപ്പം ആദിവാസിവിഭാഗങ്ങളുടെ സമഗ്രവികസനത്തിനുവേണ്ടിയുള്ള പദ്ധതികളും അദ്ദേഹം നടപ്പിലാക്കിയിട്ടുണ്ട്. ഭാര്യ സുജാത. നാഗ്പൂരില്‍ എന്‍ജിനീയറായ അദിതി, ഡോ. ഗായത്രി എന്നിവരാണ് മക്കള്‍. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)