രണ്ടാഴ്ചകള്‍ക്കുമുമ്പ്, സൂക്ഷ്മമായിപ്പറഞ്ഞാല്‍ ഇക്കഴിഞ്ഞ ജനുവരി 16-ാം തീയതി ശനിയാഴ്ച കെ.എസ്.ആര്‍.ടി.സി യുടെ മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ ഐ.എ.എസ്. ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകളുമായി ഒരു വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി. കോര്‍പ്പറേഷന്റെ പുനരുദ്ധാരണം, ഭാവിപ്രവര്‍ത്തനങ്ങള്‍ എന്നിവ വിശദീകരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പത്രസമ്മേളനം. പ്രഗല്ഭരായ മാനേജിങ് ഡയറക്ടര്‍മാര്‍ ഭരിച്ച കസേരയിലിരുന്ന് കെ.എസ്.ആര്‍.ടി.സിയുടെ തകര്‍ച്ചയ്ക്കു പിന്നിലെ പ്രധാന കാരണങ്ങള്‍ തുറന്നുകാട്ടാന്‍ ബിജു പ്രഭാകര്‍ നിര്‍ബന്ധിതനാവുകയായിരുന്നു.
''മുന്‍സര്‍ക്കാരിന്റെ ഭരണകാലത്ത്, പ്രധാനമായും 2012-15 കാലയളവില്‍ നടന്ന 100 കോടിയുടെ വരവുചെലവുകണക്കുകള്‍ കോര്‍പ്പറേഷന്‍ രേഖകളില്‍ കാണാനില്ലെന്ന് പരിശോധനയില്‍ എനിക്കു ബോധ്യമായി. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടികള്‍ ഉണ്ടാകും,'' ബിജു പ്രഭാകര്‍ പറഞ്ഞു.
തട്ടിപ്പിനെക്കുറിച്ചുള്ള എം.ഡി യുടെ പരാമര്‍ശത്തിനു തൊട്ടുപിന്നാലെ 2012-15 കാലയളവിലെ അക്കൗണ്ട്‌സ് മാനേജരും ഇപ്പോള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ കെ.എം. ശ്രീകുമാറിനെയും വിജിലന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.എം. ഷറഫിനെയും സ്ഥലംമാറ്റി ഉത്തരവിറങ്ങി. പക്ഷേ, ഇരുവര്‍ക്കുമെതിരേയുണ്ടായ നടപടിയെ അപലപിച്ച് സി.ഐ.ടി.യു. എ.ഐ.റ്റി.യു.സി., ഐ.എന്‍.ടി.യു.സി., ബി.എം.എസ്. തുടങ്ങിയ തൊഴിലാളിയൂണിയനുകളുടെ സംസ്ഥാനനേതാക്കള്‍ രംഗത്തെത്തി. മുന്‍മന്ത്രിയും സി.ഐ.ടി.യു. നേതാവുമായ എളമരം കരീം പറഞ്ഞു: ''എം.ഡി. നടത്തിയ വാര്‍ത്താസമ്മേളനം അനുചിതവും അദ്ദേഹത്തിന്റെ പദവിക്കു നിരക്കാത്തതുമാണ്. പത്രസമ്മേളനം നടത്തി തൊഴിലാളികളെ വിമര്‍ശിച്ചത് ന്യായീകരിക്കാനാവില്ല. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ മാനേജ്‌മെന്റിനു നടപടിയെടുക്കാം. സാമ്പത്തികപ്രശ്‌നങ്ങളുടെ ഉത്തരവാദിത്വം തൊഴിലാളികള്‍ ഏറ്റെടുക്കണമെന്ന എം.ഡി.യുടെ നിലപാട്അപഹാസ്യമാണ്.''
അതേസമയം ട്രേഡ് യൂണിയന്‍ നേതാക്കളുടെയും ജീവനക്കാരുടെയും എതിര്‍പ്പുകള്‍ ശക്തമാകുമ്പോഴും ബിജു പ്രഭാകര്‍ അദ്ദേഹത്തിന്റെ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് വിമര്‍ശനങ്ങള്‍ക്ക് ഇങ്ങനെയാണ് മറുപടി നല്‍കിയത്: ''ഞാനാരെയും അധിക്ഷേപിച്ചിട്ടില്ല. ആക്ഷേപങ്ങള്‍ കൊണ്ടത് കാട്ടുകള്ളന്മാര്‍ക്കു മാത്രമാണ്. ചീഫ് ഓഫീസിലെ ഉപജാപകസംഘത്തിലുള്ള കുറച്ചുപേരാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ഇവരാണ് കെ.എസ്.ആര്‍.ടി.സിയുടെ ശാപം. എന്റെ മുന്‍ഗാമികളെ തെറിപ്പിച്ചതും ഇവരാണ്.'' കോര്‍പ്പറേഷനെ അടിമുടി അഴിച്ചുപണിയണമെന്നും ഇപ്പോഴത്തെ സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ അതേ പരിഹാരമുള്ളൂ എന്നും അഭിപ്രായപ്പെട്ട എം.ഡി. ഇത്രയുംകൂടി കൂട്ടിച്ചേര്‍ത്തു:
''കോര്‍പ്പറേഷനില്‍ എല്ലാത്തരം കെടുകാര്യസ്ഥതയും അഴിമതിയും തട്ടിപ്പും കാലാകാലങ്ങളായി തുടരുകയാണ്. കേന്ദ്രീകൃതമായ ഒരു നിയന്ത്രണവും ഇല്ലാതായിരിക്കുന്നു. ഡി.റ്റി.ഒ.മാര്‍ തമ്മില്‍ ഏകോപനമോ ജീവനക്കാര്‍ക്ക് അഭിപ്രായൈക്യമോ ഇല്ല. സ്വകാര്യബസുടമകളില്‍നിന്ന് പണവും മദ്യവും കൈപ്പറ്റി അവരുടെ ബസുകള്‍ക്കു പിന്നാലെയാണ് ഓട്ടം. ലോക്കല്‍ പര്‍ച്ചേസിലൂടെ സ്‌പെയര്‍പാര്‍ട്‌സുകള്‍ വാങ്ങി കോടികളുടെ അഴിമതിയാണ് നടത്തുന്നത്. ഓഡോമീറ്റര്‍ തകരാറിലാക്കി ട്രിപ്ഷീറ്റില്‍ ദൂരം കൂട്ടിയെഴുതി ഡീസല്‍ ചോര്‍ത്തുന്നതും നിത്യസംഭവമാണ്. പഴയ ടിക്കറ്റു നല്‍കുന്നവരും ടിക്കറ്റ്‌മെഷീനില്‍ കൃത്രിമം കാട്ടുന്നവരും കുറ്റക്കാരാണ്. ഞാന്‍ സ്‌നേഹിക്കുന്ന സ്ഥാപനമാണ് കെ.എസ്.ആര്‍.ടി.സി. ഇതൊന്നു നന്നായിക്കാണണമെന്നാണ് എന്റെ ആഗ്രഹം. ഇപ്പോഴത്തെ അവസ്ഥയില്‍ രണ്ടു പോംവഴികളേ നമുക്കു മുമ്പിലുള്ളൂ; ഒന്നുകില്‍ നന്നാകുക, അല്ലെങ്കില്‍ അടച്ചുപൂട്ടുക.''
ഇതിനിടെ, ബിജു പ്രഭാകര്‍ പറഞ്ഞ 100 കോടി രൂപയല്ല, മറിച്ച് 400 കോടി രൂപയാണ് കാണാതായതെന്ന സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണമുണ്ടായേക്കുമെന്നു സൂചനയുണ്ട്. നഷ്ടങ്ങളുടെ പടുകുഴിയില്‍നിന്നു കോര്‍പ്പറേഷനെ കരകയറ്റാനെന്ന പേരിലെടുത്ത വായ്പത്തുകയാണ് സ്വകാര്യബാങ്കുവഴി ചിലര്‍ അടിച്ചുമാറ്റിയത്. കെ.എസ്.ആര്‍.ടി.സിയും കെ.റ്റി.ഡി.എഫ്.സി.യും (ഗലൃമഹമ ഠൃമിുെീൃ േഉല്‌ലഹീുാലി േഎശിമിരല ഇീൃുീൃമശേീി) തമ്മിലുള്ള ഇടപാടുകളുടെ ഓഡിറ്റ് റിപ്പോര്‍ട്ട് യഥാസമയം നല്‍കുന്നതില്‍ വീഴ്ച വരുത്തിയതോടെ സംശയം ബലപ്പെട്ടു. 2012 മുതലുള്ള ഇടപാടുകളില്‍ വന്‍ കള്ളക്കളികള്‍ നടന്നുവെന്നും ഇതോടെ ഉറപ്പായി. വായ്പത്തുകയില്‍നിന്നു കോടികള്‍ പലരുടെ പോക്കറ്റിലേക്കാണു പോയത്. കെ.റ്റി.ഡി.എഫ്.സി. അനുവദിച്ച വായ്പത്തുകയില്‍നിന്ന് 10 കോടി രൂപ സംസ്ഥാനത്തിനു പുറത്ത് ബാങ്ക്അക്കൗണ്ടുകളുള്ള ചില ഉദ്യോഗസ്ഥര്‍ മാറ്റിയതായും തെളിഞ്ഞിട്ടുണ്ട്. എന്നാല്‍, പണം കൈമാറിയതടക്കമുള്ള സുപ്രധാനരേഖകളില്‍ മിക്കവയും നശിപ്പിച്ചുകളഞ്ഞതായും സംശയിക്കുന്നുണ്ട്.
കുറഞ്ഞ പലിശയ്ക്കു പണം നല്‍കി കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കുകയെന്ന ഉദ്ദേശ്യത്തോടെ 1996 - ല്‍ രൂപംകൊടുത്ത സ്ഥാപനമാണ് കെ.റ്റി.ഡി.എഫ്.സി. രൂപീകരണസമയത്തും പിന്നീടുമായി നിക്ഷേപകരില്‍നിന്നു സ്വീകരിച്ച 925 കോടി രൂപയുടെ സ്ഥിരനിക്ഷേപം എങ്ങനെ മടക്കിനല്‍കുമെന്നറിയാതെ നട്ടംതിരിയുകയാണ്. ബാങ്കുകളിലും ട്രഷറിയിലുമായി കരുതിവച്ച 353 കോടി രൂപ കഴിച്ചുള്ള 572 കോടിയാണ് കണ്ടെത്തേണ്ടത്! 2016 - ല്‍ വായ്പയെടുത്ത് കെ.എസ്.ആര്‍.ടി.സി യുടെ സ്വന്തം സ്ഥലത്ത് ബി.ഒ.ടി. അടിസ്ഥാനത്തില്‍ നിര്‍മിച്ച ബസ് ടെര്‍മിനലുകള്‍ തിരിച്ചുനല്‍കി തടിതപ്പാനാണ് ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും കെ.റ്റി.ഡി.എഫ്.സിയുടെ മാനേജിങ് ഡയറക്ടറുടെയും ശിപാര്‍ശ. രണ്ടു സ്ഥാപനങ്ങളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിലെ ദുരൂഹത മറനീക്കാനുള്ള മുന്‍ എം.ഡി. ടോമിന്‍ ജെ. തച്ചങ്കരിയുടെ പരിശ്രമങ്ങളെ സര്‍ക്കാരിലെ ഒരു ഉന്നതോദ്യോഗസ്ഥന്‍ തടയിടുകയായിരുന്നുവെന്നാണ് കേള്‍വി. രാഷ്ട്രീയക്കാരായ യൂണിയന്‍ നേതാക്കളുടെയും സംഘടിതരായ തൊഴിലാളികളുടെയും കടുംപിടിത്തങ്ങള്‍ക്കുമുന്നില്‍ മാനേജിങ് ഡയറക്ടര്‍മാരും മാറിമാറിവന്ന സര്‍ക്കാരുകളും നിസ്സഹായരായിരുന്നു. കെ.റ്റി.ഡി.എഫ്.സി. അനുവദിച്ച വായ്പത്തുകകള്‍ പൂര്‍ണമായി കെ.എസ്.ആര്‍.ടി.സി ക്കു ലഭിച്ചോ എന്ന കാര്യത്തിലും ദുരൂഹത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഹൗസിംഗ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍, പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍, വിവിധ ജില്ലാ ബാങ്കുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്നു വാങ്ങിക്കൂട്ടിയ കോടികളുടെ വിശദാംശങ്ങള്‍കൂടി പുറത്തുവരേണ്ടതുണ്ട്. വിവിധ ധനകാര്യസ്ഥാപനങ്ങളില്‍നിന്ന് എടുത്തിട്ടുള്ള തുകകള്‍ മുഴുവന്‍ തിരിച്ചടച്ചുവെന്ന് കെ.എസ്.ആര്‍.ടി.സി. അവകാശവാദം ഉന്നയിക്കുമ്പോഴും എത്രയാണ് അടച്ചതെന്നടക്കമുള്ള രേഖകളെല്ലാം അപ്രത്യക്ഷമായി. 486 കോടി രൂപ തിരിച്ചടയ്ക്കാനുണ്ടെന്നു കാണിച്ച് കെ.റ്റി.ഡി.എഫ്.സിയുടെ എം.ഡി, കെ.എസ്.ആര്‍.ടി.സി ക്ക് നാലു വര്‍ഷം മുമ്പെഴുതിയ കത്തും ചുവപ്പുനാടയില്‍ കുരുങ്ങി.
കെ.എസ്.ആര്‍.ടി.സിയുടെ 25 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച എം.ഡി. ടോമിന്‍ തച്ചങ്കരിയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശേഷിപ്പിച്ചിട്ടുണ്ട്. ഷെഡ്യൂളിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരുടെ എണ്ണം ശാസ്ത്രീയമായി നിശ്ചയിച്ചതും അധികജീവനക്കാരെ പിരിച്ചുവിട്ടതും തച്ചങ്കരിയുടെ ഭരണകാലത്താണ്. അദ്ദേഹം പ്രാബല്യത്തില്‍ വരുത്തിയ വിപ്ലവകരമായ നടപടികളില്‍ പ്രധാനപ്പെട്ടത് ചുവടെ കൊടുക്കുന്നു.
1. യൂണിയനുകളുടെ ഇടപെടലില്ലാതെ സ്ഥിരം ജീവനക്കാരെ അവരവരുടെ വീടിനടുത്തേക്കു സ്ഥലംമാറ്റം നല്‍കി നിയമിച്ചു.
2. ജീവനക്കാരുടെ ഡ്യൂട്ടിസമയം എട്ടു മണിക്കൂറായി നിശ്ചയിച്ചു. ഡബിള്‍ ഡ്യൂട്ടിയും ഒരു വീക്കിലി ഓഫും ഒഴിവാക്കി.
3. കോടതിയുത്തരവ് സമ്പാദിച്ച് 7000ല്‍പ്പരം എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടുകയും പകരം പി.എസ്.സി യുടെ റാങ്ക് ലിസ്റ്റില്‍നിന്ന് 1500 പേരെ സ്ഥിരമായി നിയമിക്കുകയും ചെയ്തു.
4. ഷെഡ്യൂളുകള്‍ പുതുക്കിനിശ്ചയിച്ച് ജീവനക്കാരുടെ എണ്ണം ശാസ്ത്രീയമായി കണക്കാക്കി.
5. വരുമാനം കൂടുതല്‍ ലഭിക്കുന്ന സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ ഒരു ദിവസംപോലും റദ്ദാക്കാന്‍ പാടില്ല എന്നു നിര്‍ദ്ദേശിച്ചു.
6. ഓടാതെകിടന്ന വോള്‍വോ ബസുകള്‍ പ്രധാനനഗരങ്ങള്‍ക്കിടയില്‍ ഓടുന്നതിന് നിര്‍ദ്ദേശം നല്‍കി.
2010 മുതലുള്ള വരവുചെലവു കണക്കുകള്‍ പരിശോധിച്ചപ്പോഴാണ് കോടികളുടെ തിരിമറി പുറത്തായത്. കണക്കുകള്‍ ക്യാഷ്ബുക്കില്‍ രേഖപ്പെടുത്താതെ കൈകാര്യം ചെയ്തത് ഗുരുതരമായ കൃത്യവിലോപമാണെന്ന് ധനകാര്യവകുപ്പിന്റെ അന്വേഷണറിപ്പോര്‍ട്ടിലും പരാമര്‍ശമുണ്ട്. കണക്കില്‍ വ്യത്യാസം വരുന്ന തുക 'സസ്‌പെന്‍സ്' എന്ന ഹെഡ്ഡില്‍പ്പെടുത്തി മാറ്റുകയായിരുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്. പണം കൈമാറുമ്പോള്‍ പാലിക്കേണ്ട അടിസ്ഥാനകാര്യങ്ങള്‍പോലും പാലിക്കാതിരുന്നത് ക്രമക്കേടുകള്‍ മറക്കാനാണെന്നു സംശയിക്കുന്നതിനാല്‍ വിശദമായ പരിശോധനകള്‍ വേണ്ടിവരുമെന്നും അന്വേഷണറിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
''കടുത്ത പ്രതിസന്ധി മറികടക്കാനാണ് കെ.എസ്.ആര്‍.ടി.സിയുടെ സ്ഥലങ്ങള്‍ വില്‍ക്കാനും പാട്ടത്തിനു നല്‍കാനും തീരുമാനമെടുത്തത്. വികാസ്ഭവന്‍ ഡിപ്പോ കിഫ്ബിക്കു കൈമാറുകയാണ്. ഇപ്പോഴും 7,100 ജീവനക്കാര്‍ അധികമാണ്. 40000 പെന്‍ഷകാര്‍ ഉള്‍പ്പെടെ 68000 പേര്‍ക്കാണ്, ശമ്പളവും ആനുകൂല്യങ്ങളും നല്‍കേണ്ടത്'', ബിജു പ്രഭാകര്‍ വെളിപ്പെടുത്തുന്നു.
കോര്‍പ്പറേഷന്റെ ശോച്യാവസ്ഥയ്ക്കു പിന്നില്‍ തൊഴിലാളിയൂണിയനുകളുടെ കടുംപിടിത്തവും ഉത്തരവാദിത്വമില്ലായ്മയും മുഖ്യകാരണങ്ങളാണ്. അഴിമതിക്കാര്‍ക്കും തട്ടിപ്പുകാര്‍ക്കും കവചമൊരുക്കാന്‍ യൂണിയന്‍ നേതാക്കള്‍ തയ്യാറാകുമ്പോള്‍ ഏതൊരു സ്ഥാപനവും തകരും. രാഷ്ട്രീയസമ്മര്‍ദത്തിന്റെ ഫലമായി സര്‍ക്കാരിന്റെ പിന്തുണകൂടിയുള്ളത് യൂണിയനുകള്‍ക്കു ബലം കൂട്ടും. കുഴപ്പക്കാരെ കണ്ടെത്തുകയും അടിയന്തരമായി പിരിച്ചുവിടുകയുമാണ് വേണ്ടത്. പൊതുഗതാഗതസംവിധാനത്തില്‍ കെ.എസ്.ആര്‍.ടി.സി. ഒഴിച്ചുകൂടാനാവാത്തതാണെന്നതിന്റെ മറവില്‍ എല്ലാത്തരം തട്ടിപ്പും അഴിമതിയും ആകാമെന്ന തൊഴിലാളി യൂണിയനുകളുടെ മുഷ്‌കിനാണ് മൂക്കുകയറിടേണ്ടത്. ഇത് ജനങ്ങളുടെ പൊതുസ്വത്താണ്, ജീവനക്കാരുടെ മാത്രമല്ല എന്ന യാഥാര്‍ത്ഥ്യവും വിസ്മരിച്ചുകൂടാ.