കൊച്ചി: കേരള കാത്തലിക് സ്റ്റുഡന്റ്‌സ് ലീഗ് (കെ.സി.എസ്.എല്‍.) സംസ്ഥാനസമിതി 2019-20 പ്രവര്‍ത്തനവര്‍ഷം മികവു തെളിയിച്ച രൂപതകളെയും ശാഖകളെയും പ്രഖ്യാപിച്ചു. രൂപതാതലത്തില്‍ ചങ്ങനാശേരി അതിരൂപത ഒന്നാംസ്ഥാനം നേടി. ഇടുക്കി, തിരുവനന്തപുരം (ലത്തീന്‍) രൂപതകള്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍.
ശാഖാതലത്തില്‍ മികച്ച പ്രവര്‍ത്തനത്തിന് യുപി വിഭാഗത്തില്‍ സെന്റ് അഗസ്റ്റിന്‍സ് ജി.എച്ച്.എസ്. കോതമംഗലം (കോതമംഗലം), സെന്റ് ജെറോംസ് യു.പി.എസ്. വെള്ളയാംകുടി (ഇടുക്കി), സെന്റ് വിന്‍സന്റ് ഡിപോള്‍ ഇ.എം.യു.പി.എസ്. പാലാരിവട്ടം (വരാപ്പുഴ), എച്ച്.എസ്. വിഭാഗത്തില്‍ സെന്റ് തോമസ് എച്ച്.എസ്. ഇരട്ടയാര്‍ (ഇടുക്കി), സെന്റ് ജോസഫ്‌സ് ജി.എച്ച്.എസ്. ചങ്ങനാശേരി (ചങ്ങനാശേരി), ലിറ്റില്‍ഫ്‌ളവര്‍ എച്ച്.എസ്. ചെമ്മലമറ്റം (പാലാ), എച്ച്.എസ്.എസ്. വിഭാഗത്തില്‍ സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്. പൈങ്ങോട്ടൂര്‍ (കോതമംഗലം), സെന്റ് തെരേസാസ് എച്ച്.എസ്.എസ്. വാഴപ്പള്ളി (ചങ്ങനാശേരി), സെന്റ് തോമസ് എച്ച്.എസ്.എസ്. തങ്കമണി (ഇടുക്കി) എന്നീ സ്‌കൂളുകളും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച കെ.സി.എസ്.എല്‍. മാസികയ്ക്കുള്ള പുരസ്‌കാരത്തിന് ചങ്ങനാശേരി അതിരൂപതയുടെ 'പ്രതിഭ' അര്‍ഹത നേടി.
ജനുവരി 29 ഉച്ചകഴിഞ്ഞ് 2.30 ന് എറണാകുളം പി.ഒ.സി. യില്‍ ചേരുന്ന സമ്മേളനത്തില്‍ കെ.സി.ബി.സി. പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. മികച്ച അധ്യാപക അവാര്‍ഡുകളും വിവിധയിനങ്ങളില്‍ കഴിവു തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാരങ്ങളും തദവസരത്തില്‍ നല്‍കുന്നതാണ്.
കെ.സി.എസ്.എല്‍. സംസ്ഥാന പ്രസിഡന്റ് മാത്തുക്കുട്ടി കുത്തനാപ്പിള്ളില്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും. പി.ഒ.സി. ഡയറക്ടര്‍ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി ആശംസകളര്‍പ്പിക്കും. കെ.സി.എസ്.എല്‍. സംസ്ഥാന ഡയറക്ടര്‍ ഫാ. കുര്യന്‍ തടത്തില്‍ ആമുഖപ്രസംഗം നടത്തും. ജനറല്‍ ഓര്‍ഗനൈസര്‍ സിറിയക് മാത്യു, ജനറല്‍ ട്രഷറര്‍ മനോജ് ചാക്കോ, ചെയര്‍പേഴ്‌സണ്‍ മരിയ ഷാജി, ജനറല്‍ സെക്രട്ടറി ഫിലിപ്‌സ് സിബിച്ചന്‍, ഓഫീസ് സെക്രട്ടറി എല്‍സി ആന്റണി എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കും.