കൊച്ചി: കൊവിഡ് വ്യാപനത്തോടെ തൊഴില്‍പരമായും സാമ്പത്തികമായും പ്രതിസന്ധിയിലായ കേരളത്തിലെ കലാകാരന്മാര്‍ക്കു പിന്തുണയുമായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുമെന്നു കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ മീഡിയ കമ്മീഷന്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ 'ആള്‍ട്ടര്‍' (ആര്‍ട്ട് ലവേഴ്‌സ് ആന്‍ഡ് തിയറ്റര്‍ എന്‍തൂസിയാസ്റ്റ്‌സ് റൂട്ട്) എന്ന പേരില്‍ പാലാരിവട്ടം പിഒസിയില്‍ പ്രതിമാസ രംഗകല അവതരണങ്ങള്‍ നടത്തും.
ഇതിന്റെ തുടര്‍ച്ചയായി കേരളത്തിലെ പ്രഫഷണല്‍ നാടകരചയിതാക്കള്‍, സംവിധായകര്‍, അഭിനേതാക്കള്‍ എന്നിവര്‍ക്കുവേണ്ടി കേരളത്തിലെ പ്രഗല്ഭ നാടകവിദഗ്ധരും കലാകാരന്മാരുമായ എം. തോമസ് മാത്യു, ടി.എം. ഏബ്രഹാം, ജോണ്‍ ടി. വേക്കന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ക്രിയാത്മകചര്‍ച്ചയും പരിശീലനവും സംവാദവും നടക്കും.
ആള്‍ട്ടറിന്റെ ഉദ്ഘാടനം 24 നു വൈകിട്ട് അഞ്ചിനു പാലാരിവട്ടം പിഒസിയില്‍ കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിക്കും. പിഒസി ഡയറക്ടര്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അധ്യക്ഷത വഹിക്കും.
മുതിര്‍ന്ന നാടകനടി കെപിഎസി ബിയാട്രീസ് മുഖ്യാതിഥിയാകും. മാധ്യമ കമ്മീഷന്‍ സെക്രട്ടറി ഫാ. ഏബ്രഹാം ഇരിമ്പിനിക്കല്‍, ഫാ. സ്റ്റീഫന്‍ തോമസ് എന്നിവര്‍ പ്രസംഗിക്കും. ആള്‍ട്ടറിന്റെ ആദ്യ രംഗാവതരണമായി നിരവധി പുരസ്‌കാരങ്ങള്‍ നേടി ശ്രദ്ധേയമായ കൊച്ചിന്‍ ചന്ദ്രകാന്തയുടെ നാടകം 'അന്നം'അരങ്ങേറും. പ്രവേശനം പാസ് മൂലം. പാസിനു ബന്ധപ്പെടേണ്ട നമ്പര്‍: 8281 054 656.
തുടര്‍ന്നുള്ള മാസങ്ങളില്‍ രംഗാവതരണങ്ങള്‍ നടത്തുന്നതിനു കലാകാരന്മാരില്‍നിന്നും നാടകസംഘങ്ങളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ അയയ്‌ക്കേണ്ട വിലാസം: സെക്രട്ടറി, കെസിബിസി മാധ്യമ കമ്മീഷന്‍, പിഒസി, പാലാരിവട്ടം, കൊച്ചി 682025.