അയലത്തെ വീട്ടില്‍ പുതിയ വാടകക്കാര്‍ താമസത്തിനെത്തി. വന്നപ്പോള്‍ത്തന്നെ അശോകനും ഭാര്യ മല്ലികയും അവരെ ചെന്നുകണ്ട് പരിചയപ്പെട്ടിരുന്നു.
സന്ധ്യാനേരത്ത് അയല്‍ക്കാരന്‍ അശോകന്റെ വീട്ടിലെത്തി. ''പിള്ളേരുടെ പഠിത്തം കാരണം ഞാന്‍ വീട്ടില്‍ ടി.വി. വാങ്ങിയിട്ടില്ല. ഇവിടെയുള്ളതു സൗകര്യമായി. എന്തെങ്കിലും കണ്ടോണ്ടിരിക്കാമല്ലോന്നു വച്ച് ഇറങ്ങിയതാ.''
അയല്‍ക്കാരനെ അശോകന്‍ സ്വാഗതം ചെയ്തു. ഭാര്യയോടു ചായ കൊണ്ടുവരുവാന്‍ പറഞ്ഞു.
ഒമ്പതര മണിവരെ അയാള്‍ അവിടെ കുത്തിയിരുന്ന് മല്ലിക കാണുന്ന സീരിയലുകളെല്ലാം കണ്ടു. കൂടക്കൂടെ അഭിപ്രായം പറയുന്ന സമയങ്ങളില്‍ സീരിയലിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ കേള്‍ക്കാന്‍ പറ്റാതാകുന്ന ബുദ്ധിമുട്ട് മല്ലിക ക്ഷമിച്ചു.
പിറ്റേന്നും അതിന്റെ പിറ്റേന്നും ഇതാവര്‍ത്തിച്ചു.
സീരിയലിന്റെ അഭിപ്രായം കൂടാതെ അയാളുടെ വീട്ടുവിശേഷങ്ങളും കേള്‍ക്കേണ്ടി വന്നു അശോകനും മല്ലികയ്ക്കും.
ഇടയ്ക്കു വാര്‍ത്ത കേള്‍ക്കാന്‍വേണ്ടി രണ്ടു മിനിട്ട് ന്യൂസ് ചാനലിലേക്കു മാറ്റുന്ന ഒരു ഏര്‍പ്പാടുണ്ട് അശോകന്. ഇത് അയല്‍ക്കാരന്‍ കര്‍ശനമായി തടഞ്ഞു:
''ശ്ശേ, ഇതെന്തൊരു ഏര്‍പ്പാടാ ചേട്ടാ? കഥയുടെ രസച്ചരട് മുറിയും. വാര്‍ത്ത പത്തുമണി കഴിഞ്ഞ് കണ്ടാപ്പോരെ.''
അശോകന്‍ അനുസരിച്ചു. വെറുതേ അയല്‍ക്കാരനുമായി മുഷിയേണ്ട.
അയാളിവിടെ ഇരിക്കുന്നതു കാരണം ഇടയ്ക്ക് പുറത്തേക്കിറങ്ങി നടക്കാന്‍ പോകാനും പറ്റാതായി.
അങ്ങനെ ദിവസം കഴിയുന്തോറും പ്രതിസന്ധികള്‍ കൂടിവന്നു.
''ഈ മാരണം എങ്ങനെയെങ്കിലും ഒഴിവാക്കണമല്ലോ.'' ദമ്പതികള്‍ തല പുകച്ചു.
ഒടുവില്‍ അശോകന്റെ തലച്ചോറില്‍ ബള്‍ബ് തെളിഞ്ഞു.
''നീ ഒരു കാര്യം ചെയ്യണം. സീരിയലിനിടയില്‍ ഇന്നുമുതല്‍ ചായ മാത്രം കൊടുത്താല്‍ പോരാ. എന്തെങ്കിലും ലഘുഭക്ഷണംകൂടി എടുക്കണം.''
അതിന്റെ യുക്തി മനസ്സിലായില്ലെങ്കിലും മല്ലിക അനുസരിച്ചു. അന്നു ചായയ്‌ക്കൊപ്പം ലഡു, പഴം, മുറുക്ക് ഇത്യാദി നാലഞ്ചു ലഘുഭക്ഷണപദാര്‍ത്ഥങ്ങള്‍.
അയല്‍ക്കാരന്‍ കുശാലായി ഭക്ഷിച്ചു. രണ്ടുമൂന്നു ദിവസം ഇതാവര്‍ത്തിച്ചു.
അടുത്ത ദിവസം ലഘുഭക്ഷണം കൊണ്ടുവച്ചപ്പോള്‍ അയല്‍ക്കാരന്‍ വീട്ടുവിശേഷം പറച്ചില്‍ നിര്‍ത്തി. മല്ലികയോടായി പറഞ്ഞു:
''ചേച്ചീ... ഒരു ചെയ്ഞ്ച് വേണ്ടേ. ബേക്കറീന്ന് വാങ്ങുന്ന കാശാകില്ലല്ലോ എന്തെങ്കിലും സ്വന്തമായുണ്ടാക്കാന്‍... ചേച്ചിയുടെ കൈപ്പുണ്യം അറിയാമല്ലോ...''
അയാള്‍ ഇറങ്ങിപ്പോയ നേരം മല്ലിക മുറുമുറുത്തു.
താടിക്കു കൈകൊടുത്തിരുന്ന അശോകന്‍ ഖേദപൂര്‍വ്വം പറഞ്ഞു:
''ഒന്നു രണ്ടു ദിവസം ലഘുഭക്ഷണം വിളമ്പുമ്പോള്‍ ആത്മാഭിമാനമുള്ള ആരായാലും പിറ്റേന്നുമുതല്‍ വരാന്‍ മടിക്കും. ഞാന്‍ അതാ മനസില്‍ കണ്ടത്...''
''ഇനിയിപ്പോ എന്തോ ചെയ്യും..?'' ഭാര്യ ചോദിച്ചു.
ഏതായാലും പിറ്റേന്ന് മല്ലിക ഉഴുന്നുവട ഉണ്ടാക്കി സല്‍ക്കരിച്ചു.
അടുത്ത ദിവസം സന്ധ്യമയക്കത്തിന് അയല്‍ക്കാരനെത്തി.
അയാളുടെ കുടുംബസ്‌നേഹം അണപൊട്ടിയൊഴുകി.
''ചേച്ചീ... ഇന്നലത്തെ ഉഴുന്നുവടയെപ്പറ്റി ഞാന്‍ വീട്ടില്‍ പറഞ്ഞു. ഒരു കാര്യം ചെയ്യ് ചേച്ചീ... ഇന്നുമുതല്‍ എനിക്ക് ഒന്നും വിളമ്പണ്ട...''
ഇത്രയും കേട്ടപ്പോള്‍ അശോകന്‍ ഭാര്യയെ ഏറുകണ്ണിട്ടു നോക്കി. പദ്ധതി ഫലിക്കുന്നുവെന്നായപ്പോള്‍ മല്ലികയുടെ മുഖത്തും ആഹ്ലാദം.
ഒന്നു നിര്‍ത്തിയിട്ട് അയല്‍ക്കാരന്‍ തുടര്‍ന്നു:
''എനിക്കുള്ളത് പൊതിഞ്ഞ് ഇങ്ങു തന്നേച്ചാല്‍ മതി. പിള്ളേര്‍ക്കാണേലും ഉഴുന്നുവട, പരിപ്പുവട എന്നൊക്കെ പറഞ്ഞാല്‍ ജീവനാ...''
മല്ലികയുടെ സപ്തനാഡികളും തകര്‍ന്നുപോയി.
അയല്‍ക്കാരനെ മുഷിപ്പിക്കരുതല്ലോ. അവര്‍ അകത്തുപോയി ഒരു പൊതിയുമായി വന്നു.
പൊതിയും വാങ്ങി മടിയില്‍ വച്ചിട്ട് അയല്‍ക്കാരന്‍ സീരിയലില്‍ ശ്രദ്ധ കൂര്‍പ്പിച്ചു. എന്തെങ്കിലും കൊറിച്ചുകൊണ്ടിരിക്കുന്നതില്‍ ഒരു പ്രത്യേക രസമാണല്ലോ. അതിനായി അയാള്‍ അശോകന്റെ മുന്നിലെ പ്ലേറ്റില്‍നിന്ന് ചിലതെല്ലാം പെറുക്കിത്തിന്നുകയും ചെയ്തു.
ഇയാളെ ഇങ്ങനെ വിട്ടാല്‍ പറ്റില്ല എന്ന് പിറ്റേന്ന് ഭാര്യയും ഭര്‍ത്താവും ഉറച്ചുതീരുമാനിച്ചു. ഭാഗ്യം കെ.എസ്.ഇ.ബി. വഴിയെത്തി. എവിടെയോ ഇലക്ട്രിക് ലൈനില്‍ മരംവീണ് അന്ന് ആ നാട്ടില്‍ കറണ്ടില്ല.
സന്ധ്യാനേരത്ത് മെഴുകുതിരിവെട്ടത്തിലിരുന്ന് അശോകന്‍ മല്ലികയോടു കിന്നാരം പറയുകയായിരുന്നു.
അന്നേരമുണ്ട് വാതിലില്‍ മുട്ടു കേള്‍ക്കുന്നു. അശോകന്‍ വാതില്‍ തുറന്നു. ആരാണെന്നറിയാന്‍ മല്ലിക പിന്നില്‍. അതു മറ്റാരുമായിരുന്നില്ല, നല്ലവനായ അയല്‍ക്കാരന്‍.
''ചേട്ടാ... നാശം... കറണ്ടില്ലാതായല്ലോ... സീരിയലോ കാണാന്‍ പറ്റില്ല. ആ പൊതിയിങ്ങു തന്നേര്. എന്റെ ക്വാട്ട മുടക്കണ്ട.''
മെഴുകുതിരി അണഞ്ഞില്ല. എന്നിട്ടും അശോകന്റെയും മല്ലികയുടെയും കണ്ണുകളില്‍ ഇരുട്ടുകയറി.