(കഴിഞ്ഞ ലക്കം തുടര്‍ച്ച)
പക്ഷിപറവകള്‍
പക്ഷിപറവകളുടെ ഇനത്തില്‍, ചിത്രശലഭങ്ങളെയാണ് ആദ്യം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ചിത്രശലഭങ്ങളുടെ ഗെയ്റ്റിനടുത്താണ് ഐസ്‌ക്രീം 'പാര്‍ലര്‍'. എല്ലാവരും ഐസ്‌ക്രീം ഹാളിലേക്കു കയറി ഐസ്‌ക്രീം കഴിച്ചു. തൊട്ടടുത്തുതന്നെ വലിയ ചുവരെഴുത്ത്: 'ബട്ടര്‍ഫ്‌ളൈസ്.' നമ്മുടെ ഭാഷയില്‍ ചി്രതശലഭങ്ങള്‍. ബട്ടര്‍ഫ്‌ളൈസ് എന്ന ഇംഗ്ലീഷ് വാക്കിന്റെ ഉത്പത്തിയെപ്പറ്റി ഞാന്‍ അല്പം ചിന്തിച്ചു. 'വെണ്ണനെയ്യില്‍ വന്നിരിക്കുന്ന ഈച്ചകള്‍' ഏതോ ഇംഗ്ലീഷ് അമ്മൂമ്മ കൊടുത്ത ഒരു വികലപ്രയോഗം. സംസ്‌കൃതത്തിലും സംസ്‌കൃതനിഷ്പന്നമായി ഇതര ഇന്ത്യന്‍ ഭാഷകളിലും പ്രചരിച്ചിരിക്കുന്ന 'ചിത്രശലഭം' എത്രയോ അര്‍ത്ഥവത്താണ്! 'വിചിത്രമായ ശലഭം.' ചിത്രശലഭങ്ങളുടെ വൈചിത്ര്യം അവര്‍ണനീയമല്ലേ? അത് അങ്ങനെയിരിക്കട്ടെ.
ചിത്രശലഭവിഭാഗത്തിന്റെ പ്രവേശനകവാടത്തില്‍ എഴുതിവച്ചിരിക്കുന്ന കുറെ വിവരങ്ങള്‍ ആശ്ചര്യാവഹം:
''ലോകത്തില്‍ ഇതുവരെ ശാസ്ത്രലോകം കണ്ടുപിടിച്ചിരിക്കുന്നത്, 1500 ലേറെ ഇനം ചിത്രശലഭങ്ങള്‍. ഇവയെക്കൂടാതെ, ജപ്പാന്‍കാര്‍ 52 ഇനം ചിത്രശലഭങ്ങളെക്കൂടി കണ്ടുപിടിച്ചിരിക്കുന്നു.''
ഏതായാലും താമ്പായില്‍ വിശാലമായ കൂടുകളില്‍ പാര്‍പ്പിച്ചിരിക്കുന്ന വൈവിധ്യവും വൈചിത്ര്യവും അദ്ഭുതാവഹംതന്നെ. ചിത്രശലഭങ്ങളുടെ സൗന്ദര്യാദിഗുണവിശേഷങ്ങള്‍, അവയുടെ സ്രഷ്ടാവായ സര്‍വേശ്വരന്റെ അനന്തഗുണവിശേഷങ്ങളുടെ പ്രതിഫലനം തന്നെ, സംശയമില്ല (വിജ്ഞാനം 13).
പക്ഷികള്‍
മയിലിന്റെ തൂവല്‍ഭംഗിയും കുയിലിന്റെ സ്വരമാധുരിയും തീരെ ചെറിയ ചുണ്ടങ്ങാപ്പക്ഷിയുടെ അഥവാ ഹിസ്സിംഗ് ബേര്‍ഡിന്റെ ചലനസാമര്‍ത്ഥ്യവും മരുഭൂമിയില്‍ അതിശീഘ്രം ഓടുന്ന ഭീമാകാരന്‍ ഒട്ടകപ്പക്ഷിയുടെ വലിപ്പവുമൊക്കെ ആരെയാണ് അദ്ഭുതപ്പെടുത്താത്തത്!
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍കൊണ്ടു വളര്‍ന്നു വികസിച്ച പക്ഷിജാലങ്ങളില്‍ പലതിനെയും മനുഷ്യര്‍ കണ്ടു മനസ്സിലാക്കുന്നതിനായി സൂക്ഷിച്ചിരിക്കുന്നത്, മഹത്തായ ഒരു ലോകോപകാരമാണ്. വാസ്തവം പറയുകയാണെങ്കില്‍ പക്ഷിപറവകള്‍, മനുഷ്യരുടെ മിത്രങ്ങളാണ്. ഭൂമിയില്‍ ജീവിക്കുന്ന അനവധി മശകമക്കുണങ്ങളെ നശിപ്പിക്കുന്നത് പക്ഷിപറവകളാണ്. ഭൂമിയില്‍ ജീവികളുടെ 'ബാലന്‍സ്' നിലനിറുത്താന്‍ പക്ഷിപറവകള്‍ ആവശ്യമാണ് - സ്രഷ്ടാവിന്റെ വിജ്ഞാനചാതുരി!
മൃഗവിഭാഗം
പക്ഷിസങ്കേതം സന്ദര്‍ശിച്ചശേഷം, ഞങ്ങള്‍ മൃഗവിഭാഗത്തിലേക്കു മാറി. എന്തൊരാശ്ചര്യം! കവി പാടുന്നതുപോലെ,
''അനന്തം അജ്ഞാതം അവര്‍ണനീയം!
മൃഗരാജനായ സിംഹവും കാടിന്റെ നായകനായ കടുവയും എത്ര ഉന്നതവൃക്ഷത്തിന്റെയും ശിഖരങ്ങള്‍ക്കിടയില്‍ക്കൂടി ഓടിച്ചാടി വിഹരിക്കുന്ന വാനരഗണവും കഴുതക്കൂട്ടവും കുതിരകളും മറ്റു നൂറു കണക്കിനു ജീവികളും - എല്ലാ അദ്ഭുതംതന്നെ.
കഴുതകളെ പാര്‍പ്പിച്ചിരിക്കുന്ന 'കഴുതവിഹാര'ത്തിനടുത്തായി, കുറെ വാനരന്മാര്‍ (വാല്‍നരന്മാര്‍) ഉല്ലാസപൂര്‍വ്വം വിഹരിക്കുന്നതുകണ്ടപ്പോള്‍, പഴയ ഹിതോപദേശത്തിലെ ഒരു ഹാസ്യകഥ, കുട്ടിക്കഥ ഞാനോര്‍ത്തു - അത് ഇങ്ങനെയാണ്:
വാനരാണാം വിവാഹേഷു
ഗര്‍ദഭാഃ ഖലു ഗായകാഃ
'അഹോ! രൂപം, അഹോ! നാദം!'
തേ ശംസന്തി പരസ്പരം!
വാനരന്മാരുടെ വിവാഹാഘോഷത്തിന്, കഴുതകളെ പാട്ടുകാരായി ക്ഷണിച്ചു.
'അഹോ, കുരങ്ങച്ചേട്ടന്മാരേ, നിങ്ങളുടെ മുഖം എത്ര മനോഹരം!' എന്നു കഴുതകള്‍ പാടിയപ്പോള്‍ 'കഴുതച്ചേട്ടന്മാരേ, നിങ്ങളുടെ ശബ്ദം എത്ര മനോഹരം!' എന്നു കുരങ്ങുകള്‍ പകരം സ്തുതിച്ചു. അങ്ങനെ കഴുതകളും കുരങ്ങുകളും പരസ്പരം സ്തുതിച്ച് കല്യാണാഘോഷം കേമമാക്കി.
താമ്പാ ബീച്ചില്‍
വൃക്ഷ-പക്ഷി-മൃഗാദികളെയെല്ലാം നിരീക്ഷിച്ചശേഷം ഞങ്ങള്‍ പ്രസിദ്ധമായ താമ്പാ ബീച്ചിലേക്കു പോയി. ക്ലിയര്‍ വാട്ടര്‍ ബീച്ച്, സംസ്‌കൃതകവികളുടെ ഭാഷയില്‍ സലിലം ശാരദം എന്നാണ് താമ്പാ ബീച്ച് പ്രഖ്യാതമായിരിക്കുന്നത്. ഈ പേര് വളരെ അന്വര്‍ത്ഥവുമാണ്. കടല്‍ത്തീരത്തുനിന്ന് ഉള്‍ക്കടലിനെ ലക്ഷ്യമാക്കി, മുട്ടോളം ആഴത്തില്‍ നല്ല തെളിഞ്ഞ വെള്ളത്തില്‍ക്കൂടി ഒരു കിലോമീറ്റര്‍ സഞ്ചരിക്കാം. ക്ലിയര്‍ വാട്ടര്‍ എന്ന പേര് മഹാവിശുദ്ധയായ ക്ലാരപ്പുണ്യവതിയെ അനുസ്മരിപ്പിക്കുന്നതുമാണ്. ഏതായാലും താമ്പായിലെ ഈ 'നിര്‍മലജലകടല്‍ത്തീരം' പ്രതിദിനം ആയിരക്കണക്കിന് മനുഷ്യര്‍ക്ക് വിനോദത്തിനും ഉല്ലാസത്തിനും കളമൊരുക്കുന്നു. 'മനുഷ്യസൃഷ്ടിക്കുശേഷം, ദൈവം ആദത്തിന്റെയും ഹവ്വായുടെയുംകൂടെ ഭൗമികപറുദീസായില്‍ സായാഹ്നസവാരിക്കുപോയി' എന്ന ബൈബിള്‍ പ്രസ്താവനയുടെ ധ്വനിയും ഇതുതന്നെ.
താമ്പായിലെ ക്ലിയര്‍ വാട്ടര്‍ ബീച്ചില്‍ എന്റെ സുഹൃത്ത് സജിയും, അയാളുടെ മൂന്നു സന്താനങ്ങളും രണ്ടു മണിക്കൂറിലേറെ ഓടിച്ചാടി, കളിച്ച് ഉല്ലസിച്ചശേഷം തിരിച്ചുവന്നു. ആ സായംകാലം ഹോട്ടലില്‍ വിശിഷ്ടഭോജനവും കഴിച്ചു.
ഏതായാലും ഒരൊറ്റ ദിവസംകൊണ്ട്, അറ്റ്‌ലാന്റിക് മഹാസമുദ്രത്തിന്റെ ഭംഗിയും അനവധി സൃഷ്ടിജാലങ്ങളുടെ സൗന്ദര്യവും ഞങ്ങള്‍ ആസ്വദിച്ച്, സംതൃപ്തരായി.
(തുടരും)