•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പുതുവര്‍ഷത്തിലെ പുതിയ മനുഷ്യന്‍

Design for Christian Living  എന്ന ഗ്രന്ഥത്തില്‍  വീരചരിതനും വിശുദ്ധനുമായ ജനറല്‍ ചാള്‍സ് ഗോര്‍ഡന്റെ പ്രതിമയെപ്പറ്റിയുള്ള ഒരു പരാമര്‍ശമുണ്ട്. ഈജിപ്തിലെ  കാര്‍ട്ടണ്‍ പട്ടണത്തിന്റെ പ്രാന്തപ്രദേശത്താണ് അതു സ്ഥാപിതമായിരിക്കുന്നത്.
സുഡാനിലെ ഗവര്‍ണര്‍ ജനറലായ ഗോര്‍ഡന്‍ കാര്‍ട്ടണ്‍ പട്ടണത്തില്‍നിന്നു വിപ്ലവകാരികളെ തുരത്തിയോടിക്കുന്നതിനിടയില്‍ വധിക്കപ്പെടുകയായിരുന്നു ഉത്തമവിശ്വാസിയായിരുന്ന ഗോര്‍ഡനെ ഒരു വിശുദ്ധ രക്തസാക്ഷിയായിട്ടാണ് ബ്രിട്ടീഷ് ജനത ആദരിക്കുന്നത്. അവര്‍ അദ്ദേഹത്തിന് കാര്‍ട്ടണ്‍ പട്ടണത്തിന്റെ പ്രാന്തപ്രദേശത്ത് ഒരു സ്മാരകമുണ്ടാക്കി - ഒട്ടകപ്പുറത്തിരിക്കുന്ന ജനറല്‍. 
പ്രതിമയുടെ അഭിമുഖം എങ്ങോട്ടായിരിക്കണം- അദ്ദേഹം പൊരുതിനിന്ന കാര്‍ട്ടണ്‍ പട്ടണത്തിലേക്ക്? മാതൃരാജ്യത്തുനിന്ന് തനിക്കു രക്ഷാസൈന്യം എത്തിച്ചേരേണ്ടിയിരുന്ന നൈല്‍നദീതീരത്തേക്ക്?
പക്ഷേ, രക്തസാക്ഷിയായ ആ മഹാനെ നേരേ കിഴക്കോട്ടു തിരിച്ചുവച്ചു - ഉദിച്ചുയര്‍ന്നുവരുന്ന പ്രകാശകിരണങ്ങളിലേക്ക്. പ്രതീക്ഷാനിര്‍ഭരമായി കിഴക്കന്‍ ചക്രവാളത്തിലേക്കു കണ്ണെറിഞ്ഞുനില്ക്കുന്ന ആ പ്രതിമയാണ് പുതുവത്സരത്തിന്റെ പ്രതീകമായി ചാള്‍സ് വാള്ളിസ എന്ന വിശ്രുത ഗ്രന്ഥകാരന്‍ തിരഞ്ഞെടുത്തത്.
പുതുവത്സരപ്പിറവി നമ്മില്‍ ഉണര്‍ത്തേണ്ടതു പ്രതീക്ഷയാണ് - വത്സരം മുഴുവന്‍ നിറഞ്ഞുനില്‌ക്കേണ്ട പ്രത്യാശ.
ഉപഭോഗസംസ്‌കാരത്തിലെ മനുഷ്യന്‍ പ്രത്യാശയില്ലാത്തവനാണ് - നിരാശനാണ്. ഈ ലോകത്തെ മാത്രം ചുറ്റിപ്പറ്റിയാണ് അവന്റെ സ്വപ്‌നങ്ങള്‍. അവയൊക്കെ സായംകാലസുമങ്ങളെപ്പോലെ കൊഴിഞ്ഞു നിലംപൊത്തുമ്പോള്‍ അവനും അടിപതറുന്നു. മനുഷ്യന്‍ സ്വതവേ അസ്വസ്ഥനാണ്. അവന്‍ സ്വയം പര്യാപ്തനല്ലെന്നതാണു കാരണം. അതാണ് അവന്റെ സര്‍വ്വ അസ്വസ്ഥതകളുടെയും ആണിക്കല്ല്. പ്രായമാകുമ്പോള്‍, രോഗമേറിത്തുടങ്ങുമ്പോള്‍ എല്ലാം തീര്‍ന്നു എന്ന് അവന്‍ കരുതുന്നു. അതുകൊണ്ടാണ് ചിലരൊക്കെ മുന്‍കൂര്‍ ജാമ്യമെടുത്ത്, ആത്മഹത്യ ചെയ്യുന്നത്. ഒന്നുകിലും രക്ഷയില്ല, അല്ലെങ്കിലും രക്ഷയില്ല! എങ്കില്‍, എത്രയും നേരത്തേ ജീവിതം അവസാനിപ്പിക്കുകതന്നെ.
 ഉത്കണ്ഠാകുലരാകുന്നവരെ കാര്‍ന്നു തിന്നുന്ന വേദനയേറിയ ഒരു രോഗമാണ് ആന്‍ജീനാ പെക്തോരിസ്.
ഉത്കണ്ഠാകുലനെ കണ്ടാലറിയാം. അവന്റെ മുഖമൊക്കെ കറുത്ത് അകാലവാര്‍ദ്ധക്യത്തിന്റെ ചുളിവുകള്‍ വീണു വിരൂപമായിരിക്കും. കയ്പുകലര്‍ന്ന ആ മുഖം കാണുന്നതിനോ അവനുമായി ബന്ധപ്പെടുന്നതിനോ അധികമാരും ആഗ്രഹിക്കുകയില്ല. അങ്ങനെ അവന്‍ സമൂഹത്തില്‍നിന്നു പിന്നെയും ഒറ്റപ്പെട്ട് അകന്നകന്നുപോകുന്നു. പ്രസന്നവദനര്‍ക്കേ മറ്റുള്ളവരെ ആകര്‍ഷിക്കുവാനും നേടുവാനും കഴിയുകയുള്ളൂ!
ഉത്കണ്ഠകളുടെ ആഴങ്ങളിലേക്കിറങ്ങിനിന്നുകൊണ്ട് ബിഷപ് ഫുള്‍ട്ടന്‍ ഷീന്‍ പറയുകയാണ്: 'ദൈവത്തെക്കൂടാതെ ജീവിക്കുവാനുള്ള പരീക്ഷണമാണ് ആധുനികമനുഷ്യനെ അസ്വസ്ഥനാക്കുന്നത്.'
യേശു ഉപദേശിക്കുന്നതു ശ്രദ്ധിക്കുക: 'എന്തു തിന്നും, എന്തു കുടിക്കും എന്നു ചിന്തിച്ച് നാളെയെപ്പറ്റി ആകുലപ്പെടരുത്. ആകാശത്തിലെ പറവകള്‍ വിതയ്ക്കുന്നില്ല... വയലിലെ ലില്ലികളെ നോക്കുക. സോളമന്‍ തന്റെ സര്‍വ്വമഹത്ത്വത്തിലും ഇവയില്‍ ഒന്നിനെപ്പോലെ അലംകൃതനായിരുന്നിട്ടില്ല' (മത്താ. 6:25-34). ആരിലെങ്കിലും എവിടെയെങ്കിലും അഭയം കണ്ടെത്തിയാലേ മനുഷ്യപ്രകൃതി ശാന്തമാകൂ.
ഇംഗ്ലീഷ് സാഹിത്യത്തിലെ അതുല്യപ്രതിഭയായ ഏ.ജെ. ക്രോണിന്‍ ആദ്യകാലത്ത് ഒരു ഡോക്ടറായിരുന്നു - ഏവര്‍ക്കും പ്രിയങ്കരനായ നല്ലൊരു ഡോക്ടര്‍. എങ്കിലും, പൊടുന്നനേ അദ്ദേഹം രോഗിയായി - കിടപ്പിലായി. അവിടെ കിടന്നുകൊണ്ടുതന്നെ ദൈവപരിപാലനയില്‍ ആശ്രയിച്ച് അദ്ദേഹം വായിക്കുവാനും പിന്നീട് എഴുതുവാനും ശീലിച്ചു. അത് അദ്ദേഹത്തെ പ്രഗല്ഭനായ ഒരു എഴുത്തുകാരനാക്കി മാറ്റി.
ദൈവത്തില്‍ പ്രത്യാശയര്‍പ്പിക്കുന്നവര്‍ക്ക് ഒരിക്കലും നിരാശരാകേണ്ടിവരുകയില്ലെന്നാണു ക്രോണിനു നല്കാനുള്ള പുതുവത്സരസന്ദേശം. എപ്പോഴും എന്തിലും എന്തെങ്കിലുമൊരു പദ്ധതി അവിടുത്തെ മനസ്സിലുണ്ടാകും.
പതിനേഴു കഴിഞ്ഞ ജോസഫിനെ ഇരുപതു വെള്ളിക്കാശിനു വിറ്റ സഹോദരങ്ങള്‍ എന്നെങ്കിലും ഒരു തിരിച്ചുവരവു സ്വപ്നം കണ്ടോ? (ഉത്പത്തി 37-28) ഈജിപ്തിലെ അടിമപ്പണിയില്‍ ചാട്ടവാറടിയേറ്റ് ആ 'സ്വപ്നക്കാരന്‍' മൃതിയടഞ്ഞുപോയിട്ടുണ്ടാകുമെന്നാണ് അവര്‍ പിന്നീടു കരുതിയതും. പക്ഷേ, ദൈവത്തിന്റെ പദ്ധതികള്‍ക്കു തന്നെത്തന്നെ പരിപൂര്‍ണ്ണമായി വിട്ടുകൊടുത്തപ്പോള്‍, 'പൊത്തീഫ'റിന്റെ സുന്ദരിയുടെ മുമ്പില്‍പോലും 'പതറാതെ' നിന്നപ്പോള്‍ ആ സ്വപ്നക്കാരന്‍ സ്വപ്നം വിശദീകരിക്കുന്നവനായും സ്വപ്നങ്ങളുടെ സാക്ഷാത്കാരമായും മാറി.  'നിങ്ങള്‍ ഈജിപ്തുകാര്‍ക്കു വിറ്റ ജോസഫാണു ഞാന്‍... നിങ്ങള്‍ക്കുവേണ്ടി ദൈവമാണ് നിങ്ങള്‍ക്കു മുമ്പേ എന്നെ ഇങ്ങോട്ട് അയച്ചത്' എന്നു പറഞ്ഞുതീര്‍ന്നപ്പോള്‍ അവന്റെ സര്‍വനിയന്ത്രണങ്ങളും നഷ്ടപ്പെട്ടു! ഈജിപ്തിലെ ആ സര്‍വാധികാരി പരിസരം മറന്നു വാവിട്ടു കരഞ്ഞുപോയി (ഉത്പത്തി 45-2).
പുതുവത്സരത്തില്‍ നാം ഉള്ളിലുറപ്പിച്ചു വയ്‌ക്കേണ്ട ഒരു സത്യമുണ്ട്. ദൈവം ഒരിക്കലും നമ്മെ കൈവെടിയുകയില്ല. നിശ്ചയമായും ഏതെങ്കിലുമൊരു വാതില്‍ നമുക്കു തുറന്നുതരും. ജോസഫിന്റെ കാര്യത്തില്‍ നാം കണ്ടതുപോലെ, ക്രോണിന്‍ പറഞ്ഞതുപോലെ അത് നാം കണ്ടുവച്ച വാതിലായിക്കൊള്ളണമെന്നില്ല. എങ്കിലും, അതു നമുക്ക് ഏറ്റവും അനുയോജ്യമായതുതന്നെയായിരിക്കും. 'ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്നു സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നു.' (റോമ. 8-28)
പുതുവത്സരം തീരുമാനത്തിന്റെതും ദൃഢനിശ്ചയത്തിന്റെതുമാകണം. ഓരോ വര്‍ഷവും അതു നിന്നെ ഇത്തിരികൂടി മെച്ചപ്പെട്ട പുതിയൊരു മനുഷ്യനാക്കിത്തീര്‍ക്കണം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)