കവി, സാഹിത്യകാരന്‍, ഗ്രന്ഥകര്‍ത്താവ് എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു കഴിഞ്ഞ ദിവസം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ അബ്രാഹം മൂഴൂര്‍. 85 വയസ്സായിരുന്നു.
കോട്ടയം ജില്ലയിലെ മൂഴൂര്‍ നെല്ലിക്കുന്നേല്‍ വീട്ടില്‍ 1935 മേയ് 19 ന് ജനിച്ച അബ്രാഹം വിദ്യാഭ്യാസാനന്തരം 1954 ഫെബ്രുവരിയില്‍ ജോലിയില്‍ പ്രവേശിച്ചു. 35 വര്‍ഷക്കാലം സര്‍ക്കാര്‍ സര്‍വീസിലായിരുന്നു. ജോലിക്കിടയില്‍ തുടര്‍വിദ്യാഭ്യാസം നടത്തിയ ഇദ്ദേഹം മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം സമ്പാദിച്ചു. നിരവധി കവിതകളും നോവലുകളും ചെറുകഥകളും ചിന്താശകലങ്ങളും ദീപനാളം ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യകാലകുടിയേറ്റങ്ങളുടെ നേര്‍ക്കാഴ്ചയായ 'വല്യപ്പച്ചി' എന്ന നോവല്‍ ദീപിക വാരാന്തപ്പതിപ്പിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഉപനിഷത്ത് പഠനം ഒരു തപസ്യയായി മാറ്റിയ ഇദ്ദേഹം പ്രധാനപ്പെട്ട 11 ഉപനിഷത്തുകളുടെ കാവ്യാവിഷ്‌കരണം 'അഭയദര്‍ശനം' എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. 'മനുസ്മൃതി' മറ്റൊരു ശ്രദ്ധേയഗ്രന്ഥമാണ്. ആദ്യജാതന്‍ (കവിതകള്‍), ആശ്വാസരേഖകള്‍ (ബൈബിള്‍ചിന്തകള്‍), ഉപനിഷത്ത് ജ്ഞാനബിന്ദുക്കള്‍ (കഥാവിഷ്‌കരണം), അഭയദര്‍ശനം എന്നിവയാണ് പ്രധാന കൃതികള്‍. ഇതില്‍ അഭയദര്‍ശനവും ആശ്വാസരേഖകളും ദീപനാളത്തിലൂടെ പ്രസിദ്ധീകരിച്ചവയാണ്. ചിന്തോദ്ദീപകങ്ങളായ ഒട്ടേറെ കവിതകളും ഗാനങ്ങളും ഇനിയും പുസ്തകരൂപത്തിലാകാനുണ്ട്. എ.എം. എന്ന രണ്ടക്ഷരത്തില്‍ തൂലികാനാമം സ്വീകരിച്ച അബ്രാഹം മൂഴൂര്‍, കഴിഞ്ഞ നാലരപ്പതിറ്റാണ്ടായി കുടുംബസമേതം മുത്തോലിയിലാണ് താമസം.
പാലായിലെ കട്ടക്കയം കവിസദസ്സിന്റെ സ്ഥാപകാദ്ധ്യക്ഷനായിരുന്നു. സാമൂഹികവികസനം അടിസ്ഥാനമാക്കിയുള്ള കഥാപ്രസംഗത്തിന് സര്‍ക്കാര്‍ അവാര്‍ഡും, സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള എ.കെ.സി.സി. പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
മലയാളത്തിലെ ക്രൈസ്തവസാഹിത്യകാരന്മാരില്‍ പ്രമുഖനായിരുന്ന അബ്രാഹം മൂഴൂര്‍ ജീവിതത്തിലും ജോലിയിലും സാഹിത്യത്തിലും സമാനതകളില്ലാത്ത വ്യക്തിത്വത്തിനുടമയായിരുന്നു. അബ്രാഹം മൂഴൂര്‍ സാറിന് ദീപനാളം കുടുംബാംഗങ്ങളുടെ സ്മരണാഞ്ജലി.