•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

കുരിശിന്റെ തണലില്‍

'ങ്ങളുടെ ഹൃദയങ്ങളുടെ ആഴങ്ങളില്‍ നിന്ന്' എന്ന ഗ്രന്ഥത്തിന് എമിരറ്റസ് പാപ്പാ ബനഡിക്ട് പതിനാറാമനും കര്‍ദ്ദിനാള്‍ സറായും ചേര്‍ന്ന് 2019 സെപ്റ്റംബര്‍ മാസത്തിലെഴുതിയ അവതാരികയില്‍ ആദ്യമേ ചോദിക്കുന്ന ചോദ്യമാണ് ഈ ലേഖനത്തിനു ശീര്‍ഷകമായി ഞാന്‍ നല്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള കത്തോലിക്കാവൈദികരോട് നമ്മുടെ കര്‍ത്താവിന്റെ വാക്കുകളില്‍ത്തന്നെ (മത്തായി 8:26) ഗ്രന്ഥകര്‍ത്താക്കള്‍ ചോദിക്കുകയാണ്: ''എന്തിനെയാണ് നിങ്ങള്‍ ഭയപ്പെടുന്നത്?''
ഡൊണാത്തിസ്റ്റ് പാഷണ്ഡതയില്‍പ്പെട്ട മാക്‌സിമീനൂസ് എന്ന മെത്രാന് വിശുദ്ധ ആഗസ്തീനോസ് എഴുതി: ''നമ്മള്‍ തമ്മിലുള്ള എഴുത്തുകള്‍ വിശ്വാസികളുടെ ഉദ്‌ബോധനത്തിനായി ഞാന്‍ പ്രസിദ്ധം ചെയ്യുകയാണ്.'' ഹിപ്പോയിലെ മെത്രാന്‍ വി. ആഗസ്തീനോസിനെയാണ് തങ്ങള്‍ മാതൃകയാക്കുന്നതെന്ന് എമിരറ്റസ് പാപ്പായും കര്‍ദ്ദിനാള്‍ സറായും വ്യക്തമാക്കുന്നു.
'മൗനമായിരിക്കാന്‍, എനിക്കു പറ്റില്ല. മിണ്ടാതിരുന്നാലത് എത്രമാത്രം ഉപദ്രവം വരുത്തിവയ്ക്കുമെന്ന് എനിക്കറിയാം. എന്തെന്നാല്‍, സഭാഭരണത്തിന്റെ ബഹുമതികളില്‍ സംതൃപ്തിയടയാന്‍ എനിക്കാഗ്രഹമില്ല. പക്ഷേ, എന്റെ സൂക്ഷത്തിന് ഏല്പിച്ചിരിക്കുന്ന അജഗണത്തിന്റെ കാര്യത്തില്‍ ഞാന്‍ കണക്കുകൊടുക്കേണ്ട, ഇടയന്മാരുടെ ഇടയനായ കര്‍ത്താവീശോമിശിഹായെക്കുറിച്ച് ഓര്‍ക്കാനാണ് ഞാനാഗ്രഹിക്കുന്നത്. അജ്ഞത നടിക്കാനോ മൗനം ഭജിക്കാനോ എനിക്കാവില്ല'' (St. Augustine Letters 23,7).
വി. ആഗസ്തീനോസിന്റെ ഈ വാക്കുകളുടെ കാലികപ്രസക്തി നമ്മള്‍ മനസ്സിലാക്കണം. വിശാല ആമസോണിനുവേണ്ടിയുള്ള മെത്രാന്മാരുടെ സിനഡ് 2019 ഒക്‌ടോബറിലാണ് നടന്നത്.
(ബ്രസീല്‍, ബൊളീവിയ, കൊളംബിയ തുടങ്ങിയ ഒന്‍പതു തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന അതിവിസ്തൃതമായ ഭൂപ്രദേശമാണ് ആമസോണിയ. ഏകദേശം 400 ഗോത്രങ്ങളിലായി 2.8 മില്യന്‍ ആദിവാസികള്‍ അവിടെ അധിവസിക്കുന്നു.)
ഗ്രന്ഥകര്‍ത്താക്കള്‍ ആമുഖത്തില്‍ ഇപ്രകാരമെഴുതുന്നു: ''സിനഡു തുടങ്ങുന്നതിനു മാസങ്ങള്‍മുമ്പുതന്നെ വിചിത്രമായ 'മാധ്യമസിനഡി'ന്റെ കോലാഹലം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഞങ്ങള്‍ ആശയവിനിമയം നടത്തുകയും നിശ്ശബ്ദതയില്‍ ധ്യാനിക്കുകയും പരിചിന്തനം ചെയ്യുകയും ചെയ്തു കണെ്ടത്തിയ നിഗമനങ്ങള്‍ വിശ്വാസികള്‍ എല്ലാവരുടെയും അറിവിലേക്കായി വി. അഗസ്റ്റിനെപ്പോലെ ഞങ്ങളും പ്രസിദ്ധീകരിക്കുന്നു.''
മെത്രാന്മാര്‍ എന്ന നിലയില്‍ സഭ മുഴുവന്റെയും കാര്യത്തില്‍ തങ്ങള്‍ക്ക് ഔത്സുക്യവും വ്യഗ്രതയും ഉണെ്ടന്നും സമാധാനവും ഐക്യവും കാംക്ഷിച്ചുകൊണ്ട് സഹോദരമെത്രാന്മാര്‍ക്കും വൈദികര്‍ക്കും അല്മായവിശ്വാസികള്‍ക്കും തങ്ങളുടെ ആശയവിനിമയത്തിന്റെ ഫലങ്ങള്‍ പങ്കുവയ്ക്കുകയുമാണ് ചെയ്യുന്നതെന്നും ഗ്രന്ഥകര്‍ത്താക്കള്‍ വ്യക്തമാക്കുന്നു.
പ്രത്യയശാസ്ത്രങ്ങള്‍ ഭിന്നിപ്പിക്കുന്നു. എന്നാല്‍ സത്യം ഹൃദയങ്ങളെ ഒന്നിപ്പിക്കുന്നു. രക്ഷയെ സംബന്ധിക്കുന്ന പ്രബോധനങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കാനുള്ള ശ്രമങ്ങള്‍ ദിവ്യഗുരുവിനു ചുറ്റും നമ്മെ ഒന്നിച്ചുകൊണ്ടുവരുക മാത്രമേ ചെയ്യൂ എന്നും ബനഡിക്ട്പാപ്പായും കര്‍ദ്ദിനാള്‍ സറായും എടുത്തുപറയുന്നു.
ഈ ഗ്രന്ഥത്തില്‍ വൈദികര്‍ക്കാണ് സവിശേഷശ്രദ്ധ നല്കിയിരിക്കുന്നത്. അവരെ ആശ്വസിപ്പിക്കാനും ധൈര്യപ്പെടുത്താനും തങ്ങളുടെ വൈദികഹൃദയം ആഗ്രഹിക്കുന്നുവെന്നു പ്രസ്താവിച്ചശേഷം ലോകം മുഴുവനുമുള്ള വൈദികരോടൊപ്പം അവര്‍ പ്രാര്‍ത്ഥിക്കുകയാണ്: ''കര്‍ത്താവേ, രക്ഷിക്കണമേ, ഞങ്ങളിതാ നശിക്കുന്നു'' (മത്തായി 8:25). കൊടുങ്കാറ്റ് ആഞ്ഞടിക്കുമ്പോള്‍ കര്‍ത്താവ് ഉറങ്ങുകയായിരുന്നു. സംശയത്തിന്റെയും അബദ്ധപഠനങ്ങളുടെയും തിരമാലകള്‍ ആഞ്ഞടിക്കുമ്പോള്‍ അവിടുന്നു നമ്മളെ ഉപേക്ഷിച്ചതായി തോന്നിയേക്കാം. ആത്മവിശ്വാസം നഷ്ടപ്പെടുവാന്‍ നമ്മള്‍ പ്രലോഭിതരാകുന്നു. നാനാവശത്തുനിന്നും സഭാനൗകയെ മുക്കിത്താഴ്ത്താന്‍ ആപേക്ഷികതയുടെ തിരമാലകള്‍ ഉയരുകയാണ്. അപ്പസ്‌തോലന്മാരുടെ വിശ്വാസം മരവിക്കുകയും ഭീതി വളരുകയും ചെയ്തതുപോലെ പലപ്പോഴും സഭയും ആഞ്ഞുലയുകയാണ്. എങ്കിലും, ''ഞങ്ങള്‍ അഗാധമായ ശാന്തത അനുഭവിക്കുന്നു. കാരണം, ഞങ്ങള്‍ക്കറിയാം ഈശോയാണ് ഈ നൗക നയിക്കുന്നതെന്ന്. അതൊരിക്കലും മുങ്ങിത്താഴുകയില്ലെന്ന് ഞങ്ങള്‍ക്കു തീര്‍ച്ചയാണ്. സഭയ്ക്കു മാത്രമേ നിത്യരക്ഷയുടെ തുറമുഖത്ത് ഞങ്ങളെ എത്തിക്കുവാന്‍ പ്രാപ്തിയുള്ളൂ എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു'' (പേജ് 24). ഇപ്രകാരം പ്രസ്താവിച്ചശേഷം വൈദികബ്രഹ്മചര്യത്തെപ്പറ്റി ഈ അവതാരികയില്‍ പറയുന്നത് വളരെ ശ്രദ്ധേയമായ കാര്യങ്ങളാണ്: ''തിരുപ്പട്ടസ്വീകരണദിനം കര്‍ത്താവിനോടു ചെയ്ത വലിയ ഉടമ്പടിയാണ് നമ്മുടെ ബ്രഹ്മചര്യം. അതാണ് നമ്മുടെ അനുദിനജീവിതത്തിന്റെ ശക്തിസ്രോതസ്സ്. നമ്മുടെ ബ്രഹ്മചര്യം നമ്മുടെ വിശ്വാസത്തിന്റെ പ്രഘോഷണമാണ്. അതൊരു സാക്ഷ്യമാണ്. ദൈവത്തില്‍ കേന്ദ്രീകൃതമായ ജീവിതമാണത്. നമ്മുടെ ബ്രഹ്മചര്യം സാക്ഷ്യവും രക്തസാക്ഷിത്വവുമാണ്. കര്‍ത്താവിനായി നമ്മുടെ ജീവനെ നഷ്ടമാക്കാന്‍ തയ്യാറാണെന്ന് അനുദിനം പ്രഖ്യാപിക്കുന്നവരാണ് വൈദികര്‍. ഇതില്‍ സന്ദേഹം ഉണ്ടായാല്‍ കര്‍ത്താവിന്റെ ശിഷ്യന്മാരെ എന്നപോലെ നമ്മളെയും അവിടുന്നു ശകാരിക്കും: ''അല്പവിശ്വാസികളേ, നിങ്ങള്‍ എന്തിനു ഭയപ്പെടുന്നു?'' (മത്താ. 8:26).
കുരിശിന്റെ തണലില്‍
ആമുഖത്തിന്റെ തുടര്‍ച്ച എന്നപോലെ ഗ്രന്ഥകാരന്‍മാര്‍ ഇരുവരും ചേര്‍ന്ന് 2019 ഡിസംബര്‍ മാസം 3-ാം തീയതി എഴുതിയ ഉപസംഹാരക്കുറിപ്പുകളുടെ ശീര്‍ഷകമാണ് 'കുരിശിന്റെ തണലില്‍' എന്നത്. പൗരോഹിത്യം ഇരുളടഞ്ഞ കാലഘട്ടത്തിലൂടെ കടന്നുപോവുകയാണ്. വളരെയേറെ ഇടര്‍ച്ചകളുടെ വെളിപ്പെടുത്തലിലൂടെ പവിത്രമായ വൈദികബ്രഹ്മചര്യം നിരന്തരം ചോദ്യം ചെയ്യപ്പെടുന്നതുകൊണ്ട് മുറിവേറ്റവരും സംഭ്രമചിത്തരുമായ ധാരാളം വൈദികര്‍ എല്ലാം ഉപേക്ഷിച്ചാലോയെന്ന പ്രലോഭനത്തെ നേരിടുന്നു.
മിശിഹാകര്‍ത്താവ് നമ്മോടു ചോദിക്കുന്നു: ''വിട്ടുപോകുവാന്‍ നിങ്ങളും ആഗ്രഹിക്കുന്നുവോ?'' (യോഹ. 6:67). പത്രോസിനോടും അദ്ദേഹത്തിന്റെ പിന്‍ഗാമിയോടും ചേര്‍ന്നുനിന്നുകൊണ്ട് ഞങ്ങള്‍ പ്രതിവചിക്കുന്നു: ''കര്‍ത്താവേ, ആരുടെ അടുത്തേക്കു ഞങ്ങള്‍ പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്. നീയാണ് ദൈവത്തിന്റെ പരിശുദ്ധന്‍ എന്നു വിശ്വസിക്കുകയും അറിയുകയും ചെയ്തിരിക്കുന്നു'' (യോഹ. 6:68-69).
'പിതാവായ ദൈവത്തിനു പൂര്‍ണമായി നല്കിയ ദൈവത്തിന്റെ അഭിഷിക്തനായ മിശിഹായെ അനുകരിച്ച് വൈദികരായ ഞങ്ങളും പൂര്‍ണ്ണമായി അങ്ങയുടെ കരങ്ങളില്‍ ഞങ്ങളെത്തന്നെ കയ്യാളിക്കുന്നു' എന്നെഴുതിയശേഷം വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാന്റെ ഒരു പ്രാര്‍ത്ഥന ഉദ്ധരിച്ചുകൊണ്ട് ബനഡിക്ട് പാപ്പായും കര്‍ദ്ദിനാള്‍ സറായും വൈദികസമര്‍പ്പണത്തിന്റെ വൈശിഷ്ട്യം പ്രകടമാക്കുന്നു: ''കര്‍ത്താവേ, എന്നെ മുഴുവനായും അങ്ങു സ്വന്തമാക്കണമേ. അപ്പോള്‍ ഞാന്‍ അങ്ങയെപ്പോലെ പ്രകാശിക്കും. അങ്ങനെ മറ്റുള്ളവരെ പ്രകാശിപ്പിക്കുവാന്‍ എനിക്കാവും''.
'കുരിശിന്‍ചുവട്ടില്‍ നിന്ന അമ്മയെ കടാക്ഷിക്കുകയും ബ്രഹ്മചാരിയായ വി. യോഹന്നാന് ഏല്പിച്ചുകൊടുക്കുകയും ചെയ്ത ക്രൂശിതനായ ഈശോയേ, സഭയ്ക്ക് ഐക്യവും സമാധാനവും നല്കണമേ. നിന്റെ വൈദികരുടെമേല്‍ കരുണയായിരിക്കണമേ! യോഹന്നാനെപ്പോലെ അവരും പരിശുദ്ധ അമ്മയെ അവരുടെ പക്കല്‍ സ്വീകരിക്കട്ടെ' എന്നീ വാക്കുകളില്‍ പ്രാര്‍ത്ഥന തുടരുകയും അചഞ്ചലമായ സഭാസ്‌നേഹം പ്രകടമാക്കുകയും സഭാസേവനത്തിനായി ലഭിച്ച അവസരങ്ങള്‍ക്കു നന്ദിയര്‍പ്പിക്കുകയും ചെയ്യുന്ന ഗ്രന്ഥകര്‍ത്താക്കള്‍ സഭാസ്‌നേഹം ഒന്നുകൊണ്ടുമാത്രമാണ് തൂലികയെടുത്തതെന്ന് എടുത്തുപറയുന്നുണ്ട്. ''നിങ്ങള്‍ പരിശുദ്ധരായിരിക്കുവിന്‍, എന്തെന്നാല്‍ നിങ്ങളുടെ ദൈവവും കര്‍ത്താവുമായ ഞാന്‍ പരിശുദ്ധനാണ്'' (ലേവ്യ. 19:2).
തെറ്റായ വാദങ്ങളും നാടകീയാവതരണങ്ങളും പൈശാചികവഞ്ചനകളും നുണകളും എല്ലാംചേര്‍ത്ത് വൈദികബ്രഹ്മചര്യത്തിനെതിരേ ഒരുക്കുന്ന കെണിയില്‍പ്പെടാതെ മെത്രാന്മാരും വൈദികരും അല്മായരും സൂക്ഷിക്കുക എന്നത് ഇന്നിന്റെ അടിയന്തരാവശ്യമാണ്. കുറ്റകരമായ മൗനത്തെപ്പറ്റി പൗലോസ്ശ്ലീഹായുടെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടും (2 തിമോ. 4,1-5) 'മൗനം മതിയാക്കൂ, പതിനായിരം നാവോടെ വിളിച്ചുപറയൂ.' എന്ന സിയന്നായിലെ വി. കാതറിന്റെ വാക്കുകള്‍ നമ്മുടെ ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ടുമാണ് ഈ ഗ്രന്ഥം ഉപസംഹരിക്കുന്നത്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)