ഒടുവില്‍ ദുര്‍ഗുണപരിഹാര പാഠശാലയുടെ വാതായനങ്ങള്‍ തുറക്കപ്പെട്ടു. ഒരു വര്‍ഷക്കാലം ദീര്‍ഘിച്ച അശോകന്റെ കാരാഗൃഹവാസത്തിന് അറുതിയായി.
മകനെ കൂട്ടിക്കൊണ്ടുപോകാന്‍ രാമചന്ദ്രന്‍ വാഹനവുമായി വന്നിട്ടുണ്ടായിരുന്നു. അച്ഛനു മുഖം കൊടുക്കാന്‍ അപ്പോഴും അവനു മടിയായിരുന്നു. അതുകൊണ്ടുതന്നെ കാറിന്റെ പിന്‍സീറ്റിലാണ് അശോകന്‍ കയറിയത്.
ആ വാഹനം മുന്നോട്ടുനീങ്ങി. അച്ഛനും മകനുമായി അത്യാവശ്യം കാര്യങ്ങളേ സംസാരിച്ചുള്ളൂ. പിന്നെയുള്ള ദൂരമത്രയും ഇരുവരും മൗനമായിരുന്നു.
രാമചന്ദ്രന്‍ കാര്‍ ഓടിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. അശോകന്റെ മനസ്സിലാവട്ടെ, കഴിഞ്ഞുപോയ സംഭവങ്ങള്‍ ഒരു സിനിമയുടെ ഫ്‌ളാഷ് ബാക്കിലെന്നപോലെ കടന്നുവരികയായിരുന്നു.
പത്താം ക്ലാസ്സില്‍ പഠിക്കുന്ന കാലഘട്ടം. പഠനത്തില്‍ അല്പം പിന്നാക്കം പോയെന്നു മനസ്സിലാക്കിയപ്പോഴാണ് അച്ഛന്‍ ഒരു ട്യൂഷന്റ്റീച്ചറെ ഏര്‍പ്പാടു ചെയ്തത്.
അങ്ങനെയാണ് മറ്റൊരു സ്‌കൂളിലെ അധ്യാപികയും അതിസുന്ദരിയുമായ സുമതി റ്റീച്ചര്‍ വീട്ടിലേക്കു കടന്നുവന്നത്. അശോകന്‍ അന്ന് മീശപോലും മുളയ്ക്കാത്ത ഒരു സ്‌കൂള്‍ ഫൈനല്‍ വിദ്യാര്‍ത്ഥി. എന്നിട്ടും ആദ്യദര്‍ശനത്തില്‍ത്തന്നെ സുമതി റ്റീച്ചര്‍ എന്ന മാദകസുന്ദരി അവന്റെ മനസ്സില്‍ ഇടംനേടി.
അതാണു പ്രശ്‌നമായതും. ട്യൂഷന്‍ പഠിപ്പിച്ച അധ്യാപികയെ ഒരിക്കലും ഒരു ഗുരുനാഥയുടെ സ്ഥാനത്തു കാണാന്‍ അശോകനു കഴിഞ്ഞില്ല. പകരം, അവളെ ഒരു കാമുകിയുടെയോ കാമമോഹിനിയുടെയോ സ്ഥാനത്തു പ്രതിഷ്ഠിക്കാനായിരുന്നു അവനു മോഹം.
കൗമാരത്തിന്റെ വെറുമൊരു ചാപല്യം. പക്ഷേ, ഇരുനില മാളികവീടിന്റെ രണ്ടാം നിലയില്‍, വിശാലമായ മുറിയില്‍ സുമതിറ്റീച്ചറും അശോകനും മാത്രമായിക്കഴിഞ്ഞപ്പോള്‍ അവനു പഠനത്തെക്കാളേറെ താത്പര്യം പ്രണയത്തിലായിരുന്നു.
ഓവര്‍ സ്മാര്‍ട്ടായ ഒരു വിദ്യാര്‍ത്ഥിയുടെ ചപലതകളായി മാത്രമേ റ്റീച്ചര്‍ അവന്റെ പല വാക്കുകളെയും പ്രവൃത്തികളെയും കണ്ടുള്ളൂ.
റ്റീച്ചര്‍ ഒരു തെറ്റു ചെയ്തു, തമാശയ്‌ക്കോ തമാശമട്ടിലോ അവള്‍ അവന്റെ പല ചാപല്യങ്ങളെയും പ്രോത്സാഹിപ്പിച്ചു. അതോടെ റ്റീച്ചറുടെ മേനിയില്‍ തൊടാനും തലോടാനുംവരെ അവനു ധൈര്യമായി. നേരിട്ട് അനുഭവിച്ചതിന്റെ പത്തിരട്ടി അവന്‍ ദിവാസ്വപ്നത്തിലൂടെയും ആസ്വദിച്ചു.
അങ്ങനെ, ഒരു സ്‌കൂള്‍വര്‍ഷം കടന്നുപോയത് എത്ര പെട്ടെന്നാണ്! അങ്ങനെയിരിക്കെയാണ് അശോകന്റെ കര്‍ണങ്ങളില്‍ ആ വാര്‍ത്ത വന്നുപതിച്ചത്; സുമതി റ്റീച്ചര്‍ വിവാഹിതയാവാന്‍പോവുന്നു!
അവനു ഷോക്കേറ്റതുപോലെ തോന്നി. വിശ്വസിക്കാന്‍ കഴിഞ്ഞില്ല. റ്റീച്ചറോടു തുറന്നുചോദിച്ചപ്പോള്‍ അവരും അത് അംഗീകരിച്ചു.
''അപ്പോള്‍ ഇതുവരെ എന്നോടു കാട്ടിയ സ്‌നേഹം..?'' അവന്‍ അന്ധാളിപ്പോടെ ചോദിച്ചു.
അപ്പോള്‍ ഒരു വലിയ തമാശ കേട്ടിട്ടെന്നവണ്ണം സുമതിറ്റീച്ചര്‍ പൊട്ടിച്ചിരിച്ചു.
''അതു സ്‌നേഹവും പ്രേമവുമൊന്നുമല്ല. ഒരു റ്റീച്ചര്‍ ശിഷ്യനോടു കാട്ടിയ വാത്സല്യം. അത്രമാത്രം.'' അവള്‍ പറഞ്ഞു.
''അല്ല.. അല്ല... അല്ല..'' അവന്‍ ഒരു ഭ്രാന്തനെപ്പോലെ പുലമ്പി.
സുമതിറ്റീച്ചര്‍ ആ ജല്പനങ്ങള്‍ക്കു ചെവികൊടുക്കാതെ കടന്നുപോയി.
അപ്പോഴാണ് അവനില്‍ പ്രതികാരദാഹമുണര്‍ന്നത്.
ചിന്തിക്കുന്തോറും ക്രമേണ അതു പതിന്മടങ്ങായി വര്‍ധിച്ചു.
അങ്ങനെയാണ് ടീച്ചര്‍ സ്‌കൂളിലേക്കു പോകുന്ന വഴിയോരത്ത് കൊച്ചുപിച്ചാത്തിയുമായി കാത്തുനിന്നത്.
പൊടുന്നനേയുള്ള ഒരു കടന്നാക്രമണം. ടീച്ചറുടെ നിലവിളി, രക്തച്ചൊരിച്ചില്‍. ഓടിക്കൂടുന്ന ജനം....
എല്ലാം ഞൊടിയിടയില്‍ സംഭവിച്ചു.
ടീച്ചറുടെ പരിക്ക് ഗുരുതരമല്ലായിരുന്നു. ആശുപ്രതിയില്‍ അഡ്മിറ്റു ചെയ്യപ്പെട്ട അവര്‍ ഏതാനും ദിവസങ്ങള്‍കൊണ്ടു സുഖം പ്രാപിച്ചു.
പോലീസ് അറസ്റ്റുചെയ്ത അശോകന്റെ തുടര്‍ന്നുള്ള നാളുകള്‍ ദുര്‍ഗുണപരിഹാരപാഠശാലയിലായിരുന്നു.
അതിനിടയില്‍ റ്റീച്ചറുടെ വിവാഹം ഉള്‍പ്പെടെ എന്തെന്തു സംഭവങ്ങള്‍!
ഒരു വര്‍ഷം കടന്നുപോയി.
ഇപ്പോള്‍ മോചനവുമായി. എങ്കിലും ഒരു സ്വപ്നംപോലെ.. ഒരു ദുഃസ്സ്വപ്നംപോലെല്ലാം അവന്‍ ഓര്‍മിക്കുന്നുണ്ടാവും...