•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

കാലം തെറ്റിവരുന്ന മഴയും കാലാവസ്ഥാമാറ്റങ്ങളും

താനും വര്‍ഷങ്ങളിലെ കേരളത്തിലെ വര്‍ഷപാതം ശ്രദ്ധിച്ചാല്‍ കാലാവസ്ഥ വ്യതിയാനപ്പെട്ടിരിക്കുന്നുവെന്നു മനസ്സിലാക്കാം. കാലാവസ്ഥാവ്യതിയാനം പരിസ്ഥിതിസംരക്ഷണവാദികള്‍ ഇടയ്ക്കിടയ്ക്ക് എടുത്തിടുന്ന കടിച്ചാല്‍ പൊട്ടാത്ത ആശയമാണെന്ന് ഇന്ന് ആരും പറയില്ല. മനസ്സുതുറന്നു പ്രകൃതിയെ ഒന്നു വീക്ഷിച്ചാല്‍ ഇതു മനസ്സിലാകും. ന്യൂനമര്‍ദങ്ങള്‍ സൃഷ്ടിക്കുന്ന കാലം തെറ്റിയുള്ള കനത്ത മഴ കേരളത്തില്‍ സാധാരണമായിക്കഴിഞ്ഞു. മുറതെറ്റാതെ എത്തുന്ന കാലവര്‍ഷം മെല്ലെ അപ്രത്യക്ഷമാകുന്നു. സമശീതോഷ്ണത്തിന്റെ അഹങ്കാരങ്ങളും അടങ്ങുകയാണ്. ഒന്നുകില്‍ കടുത്ത ചൂട്. അല്ലെങ്കില്‍ കനത്ത മഴ. ഇതായിരിക്കുന്നു അവസ്ഥ. അതുകൊണ്ട് പരിസ്ഥിതിനാശത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കേരളത്തില്‍ കുറച്ചുകൂടി ഗൗരവമായി നടക്കേണ്ടതാണ്. പിടിവാശികള്‍ക്കും അതിവൈകാരികസമീപനത്തിനുമപ്പുറം യാഥാര്‍ഥ്യ ബോധത്തോടെയുള്ള നടപടികള്‍ അനിവാര്യമാണ്. ഭരണാധികാരികളും പൗരന്മാരും ഒരുപോലെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണിത്.
പഠനങ്ങള്‍ വ്യക്തമാക്കുന്ന കണക്കുകള്‍
ഈ ദിശയിലുള്ള ചിന്തകള്‍ ഉണര്‍ത്തുന്ന റിപ്പോര്‍ട്ടാണ് ഹിന്ദുസ്ഥാന്‍ ടൈംസ് അടക്കമുള്ള മാധ്യമങ്ങളും വെബ്‌സൈറ്റുകളും പുറത്തുവിട്ടിരിക്കുന്നത്. ദക്ഷിണേഷ്യയിലാകെയും ഇന്ത്യയില്‍ പ്രത്യേകിച്ചും വലിയ പലായനങ്ങള്‍ക്ക് കാലാവസ്ഥാവ്യതിയാനവും അനുബന്ധപ്രശ്നങ്ങളും വഴിവയ്ക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്റേണല്‍ ഡിസ്പ്ലേസ്മെന്റ് അഥവാ ആഭ്യന്തര പലായനങ്ങളും പുറത്തേക്കുള്ള കുടിയേറ്റങ്ങളും വര്‍ധിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. കാലാവസ്ഥാവ്യതിയാനത്തിന്റെ കെടുതികളെ രണ്ടു തരത്തില്‍ കാണാവുന്നതാണ്. ഒന്നാമത്തേത് അപ്രതീക്ഷിതമായി ഉണ്ടാകുന്ന വന്‍ദുരന്തങ്ങളാണ്. വെള്ളപ്പൊക്കം, മലയിടിച്ചില്‍, ഭൂകമ്പം, ചുഴലിക്കാറ്റ് തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടുന്നു. എന്നാല്‍, സാവധാനം സംഭവിക്കുന്ന പ്രശ്നങ്ങളുണ്ട്. അന്തരീക്ഷോഷ്മാവ് ഉയരല്‍, മരുവത്കരണം, ജൈവവൈവിധ്യനഷ്ടം, കടല്‍നിരപ്പ് ഉയരല്‍, ശുദ്ധജലത്തിലേക്ക് ഉപ്പുരസം കയറല്‍, വനനാശം തുടങ്ങിയവ ഇവയില്‍പ്പെടുന്നു. 
ദീര്‍ഘവീക്ഷണം അനിവാര്യം
സാധാരണഗതിയില്‍ സര്‍ക്കാറുകള്‍ അഭിസംബോധന ചെയ്യുന്നത് പ്രകൃതിക്ഷോഭങ്ങളെയാണ്. സാവധാനം സംഭവിക്കുന്ന മാറ്റം ആരും കണക്കിലെടുക്കുന്നില്ല. ജീവിതത്തിന്റെയും ജീവിതോപാധിയുടെയും ഘടന അപ്പാടെ മാറിപ്പോകാന്‍ കാരണമാണ് സാവധാനം സംഭവിക്കുന്ന പരിസ്ഥിതിമാറ്റം. ഇഞ്ചിഞ്ചായി മരിക്കുന്നതിനു തുല്യമാണിത്. ഇങ്ങനെയുള്ള സ്ലോ ഇംപാക്ടിന്റെ ഭാഗമായി ഉണ്ടാകുന്ന പലായനങ്ങളെക്കുറിച്ചാണ് ക്ലൈമറ്റ് ആക്ഷന്‍ നെറ്റ്വര്‍ക്ക് സൗത്ത് ഏഷ്യയും (കാന്‍സാ) ആക്ഷന്‍ എയിഡ് ഇന്റര്‍നാഷനലുംചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ദുരന്തങ്ങള്‍ 62 ദശലക്ഷം ദക്ഷിണേഷ്യക്കാരെ അഭയാര്‍ഥികളാക്കി മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിസന്ധി 2050 ഓടെ രൂക്ഷമാകും. ഇന്ത്യയില്‍നിന്ന് 14 ദശലക്ഷം പേര്‍ പലായനം ചെയ്യേണ്ടിവരും. സര്‍ക്കാറുകള്‍ ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ ആവിഷ്‌കരിച്ചില്ലെങ്കില്‍ ഈ സംഖ്യ മൂന്നിരട്ടിയാകും. 
കാന്‍സാ റിപ്പോര്‍ട്ട് 
കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച ലോക ബാങ്ക് പഠനസംഘത്തെ നയിച്ച ബ്രയാന്‍ ജോണ്‍സ് ആണ് കാന്‍സാ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. ശുദ്ധജലക്ഷാമവും വരള്‍ച്ചയും പരിസ്ഥിതിതകര്‍ച്ചയുമാണ് വലിയ പ്രതിസന്ധി സൃഷ്ടിക്കുക. പാരീസ് ഉടമ്പടിയില്‍ ലോകരാജ്യങ്ങള്‍ കൈക്കൊണ്ട പ്രതിജ്ഞ പാലിക്കുകയും കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ചുകൊണ്ടുവരുന്നതിനുള്ള ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുകയും മാത്രമാണു പോംവഴി. ആഗോളതാപനം രണ്ട് ഡിഗ്രി സെല്‍ഷ്യസിനു താഴെ നിലനിര്‍ത്താന്‍ ഭരണകര്‍ത്താക്കള്‍ ഉത്തരവാദിത്വം കാണിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍ 
കാലാവസ്ഥാവ്യതിയാനവും അനുബന്ധപ്രശ്നങ്ങളും കാരണം 2050ഓടെ ദക്ഷിണേഷ്യന്‍ സമ്പദ് വ്യവസ്ഥകളില്‍ ജിഡിപിയുടെ രണ്ടു ശതമാനം നഷ്ടപ്പെടും. 2100ഓടെ ഇത് ഒമ്പത് ശതമാനമാകും. ചില പ്രദേശങ്ങളില്‍ ആളുകള്‍ പലായനം ചെയ്യുന്നത് താമസിക്കാനാകാത്തവിധം ചൂടു കൂടുന്നതുകൊണ്ടാകാം. ചില പ്രദേശങ്ങളില്‍ കടല്‍ കയറി അധിവാസയോഗ്യമല്ലാതാകാം. സുരക്ഷിതസ്ഥലങ്ങള്‍ തേടി പലായനത്തിനിറങ്ങുന്ന ദരിദ്രര്‍ അവരുടെ ഉള്ള സമ്പാദ്യം മുഴുവന്‍ ഈ യാത്രകള്‍ക്കു വിനിയോഗിക്കേണ്ടിവരുന്ന സ്ഥിതിയുമുണ്ടാകും. ഈ പലായനങ്ങള്‍ മനുഷ്യരെ സ്വാഭാവികവാസസ്ഥലങ്ങളിലെ ഉപജീവന മാര്‍ഗങ്ങളില്‍നിന്നുള്ള പറിച്ചെറിയലാണെന്നോര്‍ക്കണം. ആരും സന്തോഷത്തോടെയല്ല ഈ ദേശാടനം നടത്തുന്നത്.
ഈ ദുരവസ്ഥയ്ക്കു പരിഹാരം കാണാന്‍ 
വികസിതരാജ്യങ്ങള്‍ പറയുന്നത് എല്ലാവരും ഒരു പോലെ സംഭാവന ചെയ്യണമെന്നാണ്. എന്നാല്‍ വികസ്വരരാജ്യങ്ങള്‍ വാദിക്കുന്നത് ആനുപാതിക സംഭാവനയെക്കുറിച്ചാണ്. വ്യവസായരാജ്യങ്ങളാണ് കൂടുതല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം നടത്തുന്നത്.  അതുകൊണ്ട് അവരാണ് ക്ലീന്‍ എനര്‍ജിയിലേക്ക് ആദ്യം മാറേണ്ടത്. ഫോസില്‍ ഇന്ധനങ്ങള്‍ക്ക് ബദല്‍ ഉപയോഗിച്ചു തുടങ്ങേണ്ടതും വന്‍കിട രാജ്യങ്ങളാണെന്ന് ഇന്ത്യയുടെ നേതൃത്വത്തിലുള്ള വികസ്വരചേരി വാദിക്കുന്നു. ക്യോട്ടോയിലും കോപന്‍ഹേഗനിലും പാരീസിലുമെല്ലാം ഈ ആശയമാണ് മേല്‍ക്കൈ നേടിയത്. അതുകൊണ്ട് ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായപ്പോള്‍ ആദ്യം ചെയ്തത് കാലാവസ്ഥാ ഉടമ്പടിയില്‍നിന്നു പിന്‍വാങ്ങുകയായിരുന്നു. വികസിത രാജ്യങ്ങളുടെ സാമ്പത്തികസ്ഥിതി അട്ടിമറിക്കാനുള്ള തന്ത്രമാണിതെന്നും കാലാവസ്ഥാവ്യതിയാനം എന്നൊരു പ്രശ്‌നം നിലനില്‍ക്കുന്നില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതാണ് മുതലാളിത്തത്തിന്റെ സ്വരം. ഭാവിയില്‍ മനുഷ്യരാശി എന്തെങ്കിലും ആയിക്കൊള്ളട്ടെ, ഇന്ന് ഞങ്ങള്‍ ചൂഷണം ചെയ്യുമെന്നാണ് അവരുടെ മുദ്രാവാക്യം.
ഇരുളടയുന്ന ഭാവിയിലേക്ക്...
മാലദ്വീപ് അടക്കമുള്ള ദ്വീപുരാഷ്ട്രങ്ങള്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്. കാലാവസ്ഥയില്‍ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങള്‍ കാര്‍ഷികവൃത്തി അസാധ്യമാക്കിത്തീര്‍ത്തിരിക്കുന്നു. അന്തരീക്ഷമലിനീകരണം അതിന്റെ പാരമ്യത്തിലാണ്. പല നഗരങ്ങളിലും ശുദ്ധവായു കിട്ടാക്കനിയായിരിക്കുന്നു. പുതിയ രോഗങ്ങള്‍ കടന്നുവന്ന് മനുഷ്യന്റെ നിലനില്പിനെ ത്തന്നെ ചോദ്യം ചെയ്യുന്നു. രോഗകാരികളായ അണുക്കള്‍ എല്ലാ മരുന്നുകളെയും അതിജീവിക്കുന്നു.  എല്ലാ രാജ്യങ്ങളും കൈകോര്‍ക്കാത്തിടത്തോളം മാനവരാശിയുടെ ഭാവി ഇരുളടഞ്ഞതായിരിക്കും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)