കൊച്ചി: രാഷ്ട്രത്തിന്റെ നട്ടെല്ലായ കര്‍ഷകരോടുള്ള പ്രതിബദ്ധതയില്‍നിന്ന് സര്‍ക്കാരുകള്‍ ഒഴിഞ്ഞുമാറരുതെന്ന് കെസിബിസി ഐക്യജാഗ്രത കമ്മീഷന്‍. ഇതുവരെയുണ്ടായിട്ടില്ലാത്ത ഒരു കര്‍ഷക പ്രക്ഷോഭത്തിനാണ് ഈ ദിവസങ്ങളില്‍ രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ചില മാസങ്ങളായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്കിടയില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന വിവിധ ആശങ്കകളാണ് ഇത്തരമൊരു പ്രക്ഷോഭത്തിനു കാരണമായി മാറിയിരിക്കുന്നത്. തങ്ങളുടെ ആശങ്കകളും അഭിപ്രായങ്ങളും പരിഗണിക്കാതെ നിയമനിര്‍മ്മാണങ്ങള്‍ നടത്തുകയും ചില നിയമങ്ങള്‍ അടിച്ചേല്പിക്കുകയും ചെയ്യുന്നതുവഴി, ജീവിതം കൂടുതല്‍ ദുഷ്‌കരമാകുമെന്ന ഭയം കര്‍ഷകകുടുംബങ്ങളിലും ഗ്രാമങ്ങളിലും വളരുകയാണെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍ പ്രസ്താവനയില്‍ കുറിച്ചു.
ഇന്ത്യയില്‍ ബഹുഭൂരിപക്ഷംവരുന്ന, കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ടു ജീവിക്കുന്ന സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങളെ സര്‍ക്കാരുകള്‍ കണ്ടില്ലെന്നു നടിക്കാന്‍ പാടില്ല. ഏകപക്ഷീയമായെടുത്ത തീരുമാനങ്ങളെ പുനഃപരിശോധിക്കാനും ആവശ്യമെങ്കില്‍ തിരുത്താനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. അതേസമയം, ഇക്കാലങ്ങളില്‍ ഉയര്‍ന്നുവരുന്ന കര്‍ഷകപ്രതിഷേധങ്ങളെ രാഷ്ട്രീയ കരുനീക്കങ്ങളായി ചിത്രീകരിച്ച് തമസ്‌കരിക്കാനുള്ള പ്രവണത ഉപേക്ഷിക്കണം.
കേരളത്തിന്റെ പശ്ചാത്തലത്തിലും കര്‍ഷകസൗഹൃദനിലപാടുകളും നയങ്ങളും കൈക്കൊള്ളാന്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ തയ്യാറാകണം. ഇവിടെ തീരദേശവും മലയോരമേഖലകളുമായി ബന്ധപ്പെട്ട് ഉപജീവനമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയിരിക്കുന്ന ഭൂരിപക്ഷം കര്‍ഷകരും ഇക്കാലങ്ങളില്‍ വിവിധ പ്രതിസന്ധികളെ നേരിടുകയാണ്. രാജ്യത്തെയും സംസ്ഥാനത്തെയും ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങളെ അനുദിനം കൂടുതല്‍ ആശങ്കകളില്‍ അകപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഇത്തരം വിഷയങ്ങളില്‍ യുക്തമായ ഇടപെടലുകള്‍ നടത്താന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ മുന്നോട്ടുവരണം. ഈ വിഷയങ്ങളില്‍ കേരളകത്തോലിക്കാസഭയുടെ ആശങ്ക അറിയിക്കുന്നതോടൊപ്പം, കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തരശ്രദ്ധ ആവശ്യപ്പെടുകയും ചെയ്യുന്നുവെന്നും കെസിബിസി പ്രസ്താവനയില്‍ രേഖപ്പെടുത്തി.