ദൈവസുതനായ ക്രിസ്തുവിന്റെ ജനനവാര്‍ത്ത സകലര്‍ക്കുംവേണ്ടിയുള്ള സദ്വാര്‍ത്തയായിരുന്നു. അതുകൊണ്ടുതന്നെ ക്രിസ്തു എല്ലാവര്‍ക്കുംവേണ്ടിയുള്ളവനാണ്. സനാതനമൂല്യങ്ങളെ മുറുകെപ്പിടിക്കാനും ശൈശവത്തിലെ നൈര്‍മല്യങ്ങളിലേക്കു തിരികെപ്പോകാനുമുള്ള മനഃസാക്ഷിയുടെ മര്‍മരങ്ങള്‍ക്കു കാതോര്‍ക്കുന്ന ഏതൊരാള്‍ക്കും കാലിത്തൊഴുത്തിലെ കുഞ്ഞിന്റെ കരച്ചില്‍ ഒരു സുവിശേഷംതന്നെയാണ്. ക്രിസ്തുമതത്തിന്റെ പശ്ചാത്തലമാണ് ക്രിസ്മസിനുള്ളതെങ്കിലും, ആരുടെയും ആഘോഷമായി മാറാനുള്ള ഒരു സാര്‍വത്രികസ്വഭാവം അതിനുണ്ട്. കാരണം, കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന കാതലുള്ളവയുടെയൊക്കെ പുനര്‍ജനിയുടെ സ്മരണകളാല്‍ സമ്പന്നമാണത്.
കൊറോണപകര്‍ച്ചവ്യാധി പാരാകെ പരത്തുന്ന ഭീകരതയുടെയും മൃതിഭയത്തിന്റെയും മധ്യേയാണ് ഇക്കുറി നാം ഒരു ജനനത്തിന്റെ ആനന്ദം ആഘോഷിക്കുന്നത്. 'മാസ്‌ക്' മനുഷ്യജീവിതത്തിന്റെ സാധാരണഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഒരു 'മാസ്‌ക് സംസ്‌കാര'ത്തിലൂടെയാണ് ലോകമൊന്നാകെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. എല്ലാവരുംതന്നെ ഇന്നു മുഖാവരണധാരികളാണ്. കാലവര്‍ഷക്കാലത്ത് കുടയെന്നപോലെ മനുഷ്യന്‍ മറക്കാതെ കൂടെയെടുക്കുന്ന ഒന്നാണത്. വീട്ടില്‍നിന്നു വെളിയിലേക്കിറങ്ങുന്നതിനുമുമ്പ്, 'എന്റെ മാസ്‌കെവിടെയാ?' എന്ന് അന്വേഷിക്കാത്തവരും, പുറത്തുപോകുന്നവരോട്, 'മാസ്‌കെടുത്തോ?' എന്നു ചോദിക്കാത്തവരും ചുരുക്കം. ശസ്ത്രക്രിയ ചെയ്യുന്നവര്‍ക്കും അപായകരമായ സാഹചര്യങ്ങളിലെ ജോലിക്കാര്‍ക്കും മാത്രം ശീലമുണ്ടായിരുന്ന മാസ്‌ക് ഇത്രവേഗം സകല മനുഷ്യരുടെയും ജീവിതശൈലിയായി മാറുമെന്ന് ആരുംതന്നെ കരുതിയിട്ടുണ്ടാവില്ല. തങ്ങളുടെ ആയുസ്സിന്റെ മുഴം ഒന്നുകൂടി നീട്ടാനായി മുഴമൊന്നുപോലും നീളമില്ലാത്ത ഒരു മാസ്‌കിനെ മനുഷ്യന്‍ ഇന്നു വല്ലാതെ ആശ്രയിക്കുന്നു. രോഗപ്രതിരോധത്തിന്റെ ഏറ്റവും പ്രകടമായ അടയാളമായി അതു മാറിക്കഴിഞ്ഞു. മാസ്‌കണിഞ്ഞ മനുഷ്യരാശിയാണ് ഈ നൂറ്റാണ്ടിന്റെ മുഖമുദ്ര!
കൊറോണക്കാലത്ത് സൗഖ്യത്തിന്റെയും സംരക്ഷണത്തിന്റെയും അടിസ്ഥാനപരമായ ആവരണമാണ് ക്രിസ്തു. ഭയം ഭൂമിയെ മൂടി നില്ക്കുന്ന മഹാമാരിയുടെ ഈ നാളുകളില്‍ 'ഭയപ്പെടേണ്ടാ' (ഏശയ്യാ 41:10; മത്താ 14:27) എന്നുള്ള ദൈവികസ്വരമാണ് തൊഴുത്തില്‍ പിറന്നവന്‍. മാനവകുലം ആത്യന്തികമായി 'ക്രിസ്തുമാസ്‌ക്' ആണു ധരിക്കേണ്ടത് എന്ന ഓര്‍മ്മപ്പെടുത്തല്‍ ക്രിസ്മസ് നല്കുന്നുണ്ട്. മനുഷ്യര്‍ തങ്ങളുടെ ആത്മീയരക്ഷ ഉറപ്പുവരുത്താനായി സ്വന്തം ചിന്തകളുടെയും ചെയ്തികളുടെയും വാക്കുകളുടെയും മീതേ ആത്യന്തികമായും ക്രിസ്തുവെന്ന ധാര്‍മികാവരണം ധരിക്കണം. അതാവശ്യപ്പെടുന്ന നിയന്ത്രണത്തിലും അനുവദിക്കുന്ന സ്വാതന്ത്ര്യത്തിലും ഒതുങ്ങിയുള്ളതായിരിക്കണം അവരുടെ ജീവിതവ്യാപാരങ്ങള്‍. കാരണം, ലോകം ഇന്നോളം കണ്ടിട്ടുള്ളവയില്‍വച്ച് ധാര്‍മികതയുടെ ഏറ്റവും ഉദാത്തമായ അളവുകോലാണ് ക്രിസ്തു.
പതിവുണ്ടായിരുന്ന പാതിരാക്കുര്‍ബാനയിലെ പങ്കാളിത്തവും മറ്റ് ആഘോഷപരിപാടികളുമൊക്കെ ഇക്കുറി സാധ്യമല്ലെങ്കിലും നിരാശരാകേണ്ടതില്ല. ക്രിസ്തുവെന്ന മൗലികമായ 'മാസ്‌ക്' ആജീവനാന്തം കുടുംബത്തിലും കൂടെയുമുണ്ടായാല്‍ മതി. ആത്യന്തികമായി അവനെ ശരണപ്പെടുക. അവനെ കൂടെക്കൂട്ടാന്‍ മറക്കുന്ന, മടിക്കുന്ന അവസരങ്ങള്‍ നാം 'വലിയ പിഴ' പറയേണ്ടതായി വരും. ക്രിസ്തുവും അവന്റെ വചനങ്ങളുമാണ് ലോകത്തിനു സുസ്ഥിരമായ സുരക്ഷിതത്വമായി നിലകൊള്ളേണ്ടത്. മനുഷ്യരാശിയുടെ മുഴുവന്‍ 'മാസ്‌ക്' ആയി മാറിക്കൊണ്ട് പുല്‍ക്കൂട്ടിലെ പൈതല്‍ ഈ കാലഘട്ടത്തില്‍ സൃഷ്ടപ്രപഞ്ചത്തിനാകെ സൗഖ്യവും സംരക്ഷണവും പ്രദാനം ചെയ്യട്ടെ.