•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഗ്രേച്ചിയോയിലെ ക്രിസ്മസ് ക്രിബ്

വിശ്വമഹോത്സവമായ ക്രിസ്മസിന്റെ കാതല്‍ ദൈവം മനുഷ്യരൂപമണിഞ്ഞ് വിണ്ണില്‍നിന്നു മണ്ണിലേക്കിറങ്ങിവന്നു എന്നുള്ളതാണ്. ഭൂമുഖത്ത് ക്രിസ്മസ്‌പോലെ ആഹ്ലാദം അലതല്ലുന്ന മറ്റൊരാഘോഷവുമില്ലെന്നുള്ളതാണ് പരമാര്‍ത്ഥം. കാരണം, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്തയാണ് ക്രിസ്മസ്. അതുകൊണ്ടുതന്നെ ഒരു നിശ്ചിത കാലയളവിലുള്ളവര്‍ക്കോ, ഒരു പ്രത്യേക ദേശത്തിനോ വംശത്തിനോ ഗോത്രത്തിനോവേണ്ടി മാറ്റിയിട്ടിരിക്കുന്ന ഒരാഘോഷമല്ല ക്രിസ്മസ്. ബൈബിള്‍ പഠിപ്പിക്കുന്നു: ''യേശു ഇന്നലെയും ഇന്നും എന്നും ഒരുവന്‍തന്നെ.''
രണ്ടായിരം വര്‍ഷംമുമ്പ് 'ദൈവം ഇമ്മാനുവേലായി' എന്ന ചരിത്രയാഥാര്‍ത്ഥ്യം നിറവേറിയത് ബത്‌ലഹേം മലഞ്ചെരിവിലെ ഒരു പുല്‍ക്കൂട്ടിലാണ്. 12-ാം നൂറ്റാണ്ടുവരെ ക്രൈസ്തവാരാധനക്രമങ്ങളോടു ചേര്‍ന്നുള്ള ആചാരാനുഷ്ഠാനങ്ങളായിട്ടാണ് ക്രിസ്മസ് കൊണ്ടാടിയിരുന്നത്. എന്നാല്‍, സകല സൃഷ്ടിജാലങ്ങളിലും ദൈവമഹത്ത്വം ദര്‍ശിച്ച പ്രകൃതിസ്‌നേഹിയായ അസ്സീസിയിലെ വി. ഫ്രാന്‍സീസിന്റെ മനതാരില്‍ മനോഹരവും അര്‍ത്ഥസംപുഷ്ടവുമായ ഒരു സ്വപ്നം പൊട്ടിവിരിഞ്ഞു.  രക്ഷാകരചരിത്രത്തിലെ സുപ്രധാനസംഭവമായ ഉണ്ണിയേശുവിന്റെ തിരുപ്പിറവി എന്ന മഹാസംഭവത്തെ പുനരവതരിപ്പിച്ചുകൊണ്ട് അദൃശ്യനായ ദൈവത്തെ ദൃശ്യവത്കരിക്കണം. അതുവഴി മാനവരാശി എക്കാലവും ദൈവത്തിന്റെ രക്ഷാകരരഹസ്യം അറിയുകയും അനുഭവിക്കുകയും ചെയ്യണം എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം.
1223 ലെ ഡിസംബര്‍ മാസം. വി. ഫ്രാന്‍സീസ് തന്റെ സ്‌നേഹിതനായ ജോണ്‍ വെലീത്തയോടു പറഞ്ഞു: ''ഈ വര്‍ഷത്തെ ക്രിസ്മസ് നമുക്കു ഗ്രേച്ചിയോയില്‍ ആഘോഷിക്കാം. അതിനായി ഉണ്ണിക്കു പിറക്കുവാന്‍ ഒരു കാലിത്തൊഴുത്തും പുല്‍ക്കൂടും നിര്‍മ്മിക്കണം. എല്ലാം സഫലമാവാന്‍ പ്രാര്‍ത്ഥിച്ച്  ഒരുങ്ങുകയും വേണം.'' ഫ്രാന്‍സീസിന്റെ ഹിതമനുസരിച്ച് ജോണ്‍ ഒരുക്കങ്ങളാരംഭിച്ചു. ക്രിസ്മസ് തലേന്ന് ജോണ്‍ വെലീത്ത കാലിത്തൊഴുത്തിന്റെ സമീപം മൃഗങ്ങളെ നിരത്തി. അവയ്ക്കു തീറ്റിയും വെള്ളവും കരുതി. ഫ്രാന്‍സിസിന്റെ സഹസന്ന്യാസികളും ഗ്രേച്ചിയോയിലെത്തി.
ഹിമസാന്ദ്രമായ സന്ധ്യാസമയം. ഫ്രാന്‍സീസുമെത്തി. പരിസരവാസികളെല്ലാം വിസ്മയഭരിതരായി ഓടിയണഞ്ഞു. പുല്‍ത്തൊട്ടിയില്‍ കച്ചി നിരത്തി. പിള്ളക്കച്ചയും വിരിച്ചു. ഒരു മാതാവും പിതാവും തങ്ങളുടെ ശിശുവുമായി സമീപത്തു നിന്നിരുന്നു. ഫ്രാന്‍സീസ് കുഞ്ഞിനെ കരങ്ങളില്‍ വഹിച്ച് ഭക്ത്യാദരവോടെ പുല്‍ത്തൊട്ടിയില്‍ കിടത്തി. കുഞ്ഞ് തന്റെ കൈകാലുകള്‍ കുടഞ്ഞ് പ്രതികരിച്ചു. മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങളും ശിശുവിനെത്തന്നെ നോക്കിനിന്നു. ജീവന്റെ തുടിപ്പുള്ള പുല്‍ക്കൂടും പരിസരവും! ചുറ്റും നിന്നവര്‍ കരഘോഷം മുഴക്കി. ആനന്ദനൃത്തമാടി സ്തുതിഗീതങ്ങളുയര്‍ത്തി. സമയം പാതിരാവോടടുത്തു. ദിവ്യബലിയാരംഭിച്ചു. സമാപനത്തോടുകൂടി വി. ഫ്രാന്‍സീസ് അസ്സീസി ഹൃദയസ്പര്‍ശിയായ സന്ദേശവും നല്‍കി. അങ്ങനെ അന്നുമുതല്‍ തിരുപ്പിറവിത്തിരുനാളാചരണത്തിന് പുതിയൊരു രൂപവും ഭാവവും കൈവന്നു. മാത്രമല്ല, പിന്നീടങ്ങോട്ട് ഉണ്ണിയേശുവിനെ വരവേല്‍ക്കുവാന്‍ ലോകമാസകലം ക്രിസ്മസ് ക്രിബുകള്‍ നിര്‍മ്മിക്കുവാനും തുടങ്ങി. വി. ഫ്രാന്‍സീസ് ആരംഭംകുറിച്ച ക്രിസ്മസിന്റെ പുനരാവര്‍ത്തനം ദൈവസന്നിധിയില്‍ സ്വീകാര്യമായിരുന്നുവെന്നതിന്റെ അടയാളമായി ഗ്രേച്ചിയോമലയിലെ പുല്ലും പൂവും കായ്കനികളുമെല്ലാം രോഗാതുരരായ പക്ഷിമൃഗാദികള്‍ക്ക് സിദ്ധൗഷമായി ഇന്നും ഉപയോഗിച്ചുവരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
ദ്വിതീയക്രിസ്തുവായ വി. ഫ്രാന്‍സീസിന്റെ ജനനവും ക്രിസ്തുവിന്റെ ജനനവുമായി ഏറെ സമാനതകളുണ്ടെന്ന് ചരിത്രകാരന്മാര്‍ അവകാശപ്പടുന്നു. ഫ്രാന്‍സീസിന്റെ അമ്മ പീക്കാ ദിവസങ്ങളായുള്ള പ്രസവവേദനയാല്‍ ക്ലേശിച്ചിരിക്കവേ ഒരു വൃദ്ധന്‍ അവിടേക്കു കടന്നുവന്ന് പീക്കായോടു പറഞ്ഞു: ''നീ കാലിത്തൊഴുത്തിലേക്കു കടന്നുപോകുക. നിന്റെ പ്രസവം അനായാസമാകും.'' അതനുസരിച്ച് അവള്‍ തൊഴുത്തില്‍ പ്രവേശിക്കുകയും വൃദ്ധന്‍ അപ്രത്യക്ഷനാകുകയും ഒരാണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തു. ഇത്രമാത്രം ഈശോയുമായി താദാത്മ്യം പ്രാപിക്കുവാന്‍ കഴിഞ്ഞ മറ്റൊരു വ്യക്തിപോലും ഈ ഭൂമുഖത്ത് ജന്മം കൊണ്ടിട്ടില്ല എന്നത് നിസംശയം ആവ്ര്‍ത്തിക്കാം.
സുവിശേഷത്തിലധിഷ്ഠിതമായ ജീവിതംകൊണ്ട് യേശുവിനെ അനുകരിച്ച് വിജയകിരീടമണിഞ്ഞ മഹാവിശുദ്ധനാണ് വി. ഫ്രാന്‍സീസ്. പുല്‍ക്കൂട്ടില്‍ പിറന്ന ദൈവപുത്രന്റെ ചെറുതാകലിന്റെയും ദാരിദ്ര്യത്തിന്റെയും ലാളിത്യത്തിന്റെയും ശൂന്യവത്കരണത്തിന്റെയും തനിമയാര്‍ന്ന പ്രകാശനമാണ്  ലോകമനഃസാക്ഷിയെ തൊട്ടുണര്‍ത്തുവാന്‍ പര്യാപ്തമായ വി. ഫ്രാന്‍സീസിന്റെ സമാധാനപ്രാര്‍ത്ഥനയുടെ അന്തഃസ്സത്ത. ക്രൈസ്തവലോകമിന്ന് ക്രിസ്മസ് ക്രിബുകള്‍ക്കു മുമ്പില്‍ നമ്രശിരസ്‌കരായി നില്‍ക്കുമ്പോള്‍ അതിന് തുടക്കംകുറിച്ച വി. ഫ്രാന്‍സീസിനോടുള്ള കടപ്പാടും മറക്കാതിരിക്കാം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)