ദൈവവചനം അതേപടി ജീവിതത്തില്‍ പകര്‍ത്തി, അശരണര്‍ക്കും ആലംബഹീനര്‍ക്കും താങ്ങും തണലുമായി നില്‍ക്കുന്ന പി. യു. തോമസ് മാനവരാശിക്കു മുഴുവനും മാതൃകയാണ്. വിശന്നു കരയുന്നവനില്‍ ദൈവത്തെ കണ്ടുമുട്ടിയ പുണ്യജന്മമാണ് പി.യു. തോമസിന്റേത്. ദരിദ്രരുടെ പക്ഷംചേരുന്നതാണ് തന്റെ ആനന്ദമെന്ന് ലോകത്തോടു വിളിച്ചുപറഞ്ഞ പി.യു. തോമസ് ചേട്ടന്‍ തന്റെ ക്രിസ്മസ് വിശേഷങ്ങള്‍ ദീപനാളം വായനക്കാര്‍ക്കായി പങ്കുവയ്ക്കുകയാണ്:
തയ്യാറാക്കിയത് : കെ.ജി. രഞ്ജിത്ത്
ക്രിസ്മസിനെക്കുറിച്ച്
ലോകനന്മയ്ക്കായി ദൈവപുത്രന്‍ ഭൂമിയിലവതരിച്ചതിന്റെ ഓര്‍മ്മദിനമാണ് ക്രിസ്മസ്. ശാന്തിയും സമാധാനവുമാണ് ക്രിസ്മസ് മുന്നോട്ടുവയ്ക്കുന്ന സന്ദേശം. ക്രിസ്മസ് എന്നാല്‍ ആഘോഷത്തിന്റെ മാത്രമല്ല, ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയുംകൂടിയുള്ള സമയമാണ്.
സന്തോഷമെന്നാല്‍ നമ്മുടെ സന്തോഷം മാത്രമല്ല, നമ്മുടെ ചുറ്റുപാടുള്ളവരുടെയും, നമ്മോടു ചേര്‍ന്നു നില്‍ക്കുന്നവരുടെയും, നമ്മുടെ ശത്രുക്കളുടെയുമെല്ലാം സന്തോഷമാകണം. ഇല്ലാത്തവന് ഉള്ളവന്‍ സ്‌നേഹവും സന്തോഷവും പങ്കുവയ്ക്കുന്ന പുണ്യമാകണം ഓരോ ക്രിസ്മസും. നമ്മുടെ വീട്ടില്‍ വിഭവസമൃദ്ധമായ ഭക്ഷണം ഉണ്ടാക്കുമ്പോള്‍ അടുത്ത വീട്ടില്‍ അടുപ്പു പുകയുന്നുണ്ടോയെന്ന് അന്വേഷിക്കാനുള്ള മനസ്സുണ്ടാകുമ്പോഴാണ് ക്രിസ്മസിന്റെ സന്ദേശം അര്‍ത്ഥവത്താകുന്നത്.
മനസില്‍നിന്നു മായാത്ത ക്രിസ്മസ് ഓര്‍മകള്‍
പഴയകാലത്തെ ക്രിസ്മസ്ദിനങ്ങള്‍ മനസില്‍ മഞ്ഞുപെയ്യുന്ന ഓര്‍മകളാണ്. ഡിസംബര്‍ മാസം പിറക്കുമ്പോഴേ ക്രിസ്മസ്‌സ്വപ്നങ്ങളായിരുന്നു മനസില്‍. വര്‍ണ്ണങ്ങളുടെയും സന്തോഷത്തിന്റെയും ദിനങ്ങളാണ് ക്രിസ്മസ് ഓര്‍മകള്‍. അന്നൊക്കെ ഇന്നത്തേതുപോലെ റെഡിമെയ്ഡ് നക്ഷത്രങ്ങളോ പുല്‍ക്കൂടുകളോ ഇല്ല. തെങ്ങോല വെട്ടി മടലെടുത്ത് അതു കീറി നക്ഷത്രമാക്കി, പിന്നീട് വര്‍ണക്കടലാസുകള്‍ ഒട്ടിച്ച് ഉള്ളില്‍ വിളക്കോ മെഴുകുതിരിയോ കത്തിച്ചുവച്ചാണ് നക്ഷത്രം തൂക്കുന്നത്. വലിയൊരാവേശമാണ് ഇന്ന് അതൊക്കെ ഓര്‍ക്കുമ്പോള്‍.
പുല്‍ക്കൂടു നിര്‍മിക്കുമ്പോള്‍ അതിലും ആവേശവും ആഘോഷവുമാണ്. മറ്റുള്ളവരെക്കാളും നല്ല പുല്‍ക്കൂടു നിര്‍മിക്കുകയെന്നതാവും ആഗ്രഹം. റെഡിമെയ്ഡ് പുല്‍ക്കൂട് അന്നില്ല. ഒറിജിനല്‍ കാലിത്തൊഴുത്തിന്റെ ചെറുമാതൃകയാണു നിര്‍മിക്കുക. ഓല മെടഞ്ഞ് മേല്‍ക്കൂര മേഞ്ഞ്, പുല്‍ത്തകിടിയുണ്ടാക്കി കിണറും വേലിക്കെട്ടുമെല്ലാമായി അസല്‍ കാലിത്തൊഴുത്തുകളാണ് അന്നുണ്ടാക്കിയിരുന്നത്.
കൂട്ടുകാരോടൊപ്പം ക്രിസ്മസ് ട്രീയ്ക്കായി വലിയ മരത്തില്‍ കയറി ഇലയോടുകൂടിയ കമ്പു മുറിച്ച് ചുമന്നു കൊണ്ടുവരുന്നത് ഇന്നും മായാത്ത ഓര്‍മയാണ്.
ക്രിസ്മസ് അന്നും ഇന്നും
പണ്ടത്തെ ക്രിസ്മസ് കൂടിച്ചേരലിന്റെയും പങ്കുവയ്ക്കലിന്റെയും ആഘോഷമായിരുന്നു. മക്കളും കൊച്ചുമക്കളും ഒന്നിച്ചെത്തുന്ന ആഘോഷം. പിണക്കങ്ങളും ഇണക്കങ്ങളും മറന്ന് എല്ലാവരും തിരുപ്പിറവി ആഘോഷിക്കുന്ന സമയം. അന്ന് ക്രിസ്മസ് കൂടാനും മാതാപിതാക്കളോടൊപ്പം ഇരിക്കാനും അവരുടെ സന്തോഷത്തില്‍ പങ്കുേചരാനുമൊക്കെ എല്ലാവര്‍ക്കും സമയമുണ്ടായിരുന്നു. ഇന്നത്തെ സ്ഥിതി അങ്ങനെയല്ല. ക്രിസ്മസ് ആഘോഷങ്ങളൊക്കെ ഓണ്‍ലൈനിലാക്കി, വിദേശത്തിരിക്കുന്ന മകനും കൊച്ചുമക്കളും വീഡിയോ കോണ്‍ഫറന്‍സിലൂടെ മാതാപിതാക്കള്‍ക്കു കേക്കു നല്‍ക്കുന്ന തരത്തിലായി കാര്യങ്ങള്‍.
നാട്ടിലാവട്ടെ, എല്ലാവരും തിരക്കിലാണ്. ഒന്നിച്ചു കൂടാനുള്ള സമയമില്ല അഥവാ ഉണ്ടെങ്കില്‍ ഒരു ചടങ്ങിനെന്നപോലെ വരും. വന്നപാടേ പോകും. പണ്ട് കുടുംബാംഗങ്ങളെല്ലാം ചേര്‍ന്ന് പാതിരാക്കുര്‍ബാനയ്ക്കു പോകുന്ന ശീലമുണ്ട്. മഞ്ഞുപെയ്യുന്ന രാത്രിയില്‍ കരിമ്പടമൊക്കെ പുതച്ച് അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കൈയില്‍ പിടിച്ച് ചൂട്ടുകറ്റയും കത്തിച്ച് പള്ളിലേക്കുപോകുന്ന ആ അനുഭവം. അതൊക്കെ ഓര്‍ക്കുമ്പോള്‍ത്തന്നെ മനസ്സിനു കുളിരാണ്. ഇന്ന് കുര്‍ബാനയ്ക്കു പോകുമെങ്കിലും പള്ളിമൈതാനംവരെ കാറിലാണ് യാത്ര.
ആതുരസേവനരംഗത്തെക്കുറിച്ച്
സാധാരണക്കാരില്‍ സാധാരണക്കാരാണ് കോട്ടയം മെഡിക്കല്‍ കോളജിലെത്തുന്നവര്‍. ഭക്ഷണത്തിനും മരുന്നിനും വകയില്ലാത്തവര്‍, ബന്ധുമിത്രാദികളില്ലാത്തവര്‍, ബന്ധുക്കള്‍ ആശുപത്രിവളപ്പില്‍ ഉപേക്ഷിച്ചവര്‍, മക്കള്‍ക്കു വേണ്ടാത്ത അച്ഛനമ്മമാര്‍ തുടങ്ങി കരളലിയിപ്പിക്കുന്ന കാഴ്ചകളുടെ കടലാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി. വിധിയെ പഴിച്ചുകൊണ്ട് ഈ ജീവിതമൊന്നവസാനിച്ചാല്‍ മതിയെന്നു പ്രാര്‍ത്ഥിക്കുന്ന നിരവധിയാളുകളെ ആ വരാന്തകളില്‍ നമുക്കു കാണാനാകും. നൊന്തുപെറ്റ മക്കള്‍ ഉപേക്ഷിച്ചുപോയെന്ന സത്യം വിശ്വസിക്കാതെ കാത്തിരിക്കുന്ന മാതാപിതാക്കള്‍. പട്ടിണിമൂലം തളര്‍ന്നുവീണവര്‍, മരണം മുന്നില്‍ക്കണ്ട് ദിവസങ്ങള്‍ എണ്ണിക്കഴിയുന്നവര്‍... അങ്ങനെ വേദനിക്കുന്നവരുടെ നീണ്ട നിരയാണ് അവിടെ കണ്ടത്. ഒരുതരത്തില്‍ പറഞ്ഞാല്‍, ആതുരാലയങ്ങളെല്ലാം ആരാധനാലയങ്ങളാണെന്നും പറയാം. പ്രതീക്ഷകളെല്ലാം മങ്ങുമ്പോള്‍ ഇരുകൈകളും കൂപ്പി, എന്റെ ഈശോയേ എന്റെ കര്‍ത്താവേ... എന്നു വിളിക്കാത്തവരായി ആരുമുണ്ടാവില്ല. അങ്ങനെ ആയിരങ്ങളാണ് ഓരോ നിമിഷവും ദൈവത്തെ സ്മരിക്കുന്നത്, അവിടുത്തെ കാരുണ്യത്തിനായി കേഴുന്നത്. ദൈവനാമം മുഴങ്ങുന്ന സ്ഥലത്ത് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അവിടുന്ന് എത്തും. അങ്ങനെയൊരു ദേവാലയത്തില്‍ അശരണര്‍ക്കു ശുശ്രൂഷ ചെയ്യാനായാണ് ദൈവം എന്നെ തിരഞ്ഞെടുത്തത്. അതുകൊണ്ടുതന്നെയാവും കോട്ടയം മെഡിക്കല്‍ കോളജില്‍ പണ്ട് ഒരു അറ്റന്‍ഡറായി ഈശോ എന്നെ നിയമിച്ചതും. അതൊരു നിയോഗമായാണ് ഞാനിന്നും കാണുന്നത്. ഞാന്‍ ചെയ്യുന്നു എന്നേ യുള്ളൂ. എന്റെ പിന്നില്‍ അവിടുത്തെ കരങ്ങളാണ്. ദിനംപ്രതി ആയിരങ്ങള്‍ വന്നു പോകുന്ന ആശുപത്രിയില്‍ ഈശോ എന്നെ കാണിച്ചത് ഒരു നേരത്തെ ആഹാരത്തിനുപോലും നിവൃത്തിയില്ലാതെ അലയുന്ന ആളുകളെയാണ്. സഹായിക്കാനാരുമില്ലാതെ വിഷമിക്കുന്നവരെ, മരുന്നുവാങ്ങാന്‍ കാശില്ലാത്തവരെ ഈശോ എനിക്കു കാണിച്ചുതന്നു. അവരെ സഹായിക്കാന്‍ അവിടുന്ന് എന്നോടു കല്പിച്ചു. ഒരു നീക്കിയിരിപ്പും കൈവശമില്ലാത്ത ഞാന്‍ അവരെ സഹായിക്കാനായി ഇറങ്ങിയപ്പോള്‍ പലരും എന്നെ പരിഹസിച്ചു. പക്ഷേ, സര്‍വശക്തനായ ദൈവം എന്നെ കൈപിടിച്ചുനടത്തി. ഞാനത് ഇന്നും ചെയ്യുന്നു. ദൈവം എന്നെ തിരിച്ചുവിളിക്കുന്ന കാലത്തോളം എന്റെ കടമ നിര്‍വഹിക്കുകതന്നെ ചെയ്യും.
ക്രിസ്മസ് സന്ദേശം
അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്ത്വവും ഭൂമിയില്‍ സന്മനസുള്ളവര്‍ക്കു സമാധാനവും ആശംസിച്ചുകൊണ്ടാണ് ലോകം ക്രിസ്മസിനെ വരവേല്‍ക്കുന്നത്. സ്‌നേഹജീവിതമാണ് കര്‍ത്താവ് നമ്മളെകൊണ്ട് ആഗ്രഹിക്കുന്നത്. സ്നേഹമുള്ളിടത്തേ സമാധാനമുണ്ടാകു, എളിമയും കരുണയും വിനയവുമുള്ള ജീവിതം നയിക്കുന്നവരാണ് ദൈവത്തിനു പ്രിയപ്പെട്ടവര്‍. നമുക്കുള്ളത് ഇല്ലാത്തവനു കൊടുക്കാന്‍ കഴിയണം. ഓരോ മനുഷ്യനും ദൈവം അനുഗ്രഹങ്ങള്‍ വാരിക്കോരി തന്നിട്ടുണ്ട്. ആ അനുഗ്രഹങ്ങളില്‍ നാം അഹങ്കരിക്കരുത്. നമ്മളെക്കാള്‍ ദുഃഖം അനുഭവിക്കുന്നവരെ വേണം നാം കാണാന്‍. നമുക്ക് ദൈവം തന്ന അനുഗ്രഹങ്ങള്‍ മറ്റുള്ളവര്‍ക്കും പങ്കുവയ്ക്കാന്‍ നാം തയ്യാറാകണം. മറ്റൊരാളുടെ ഒരു സഹായവുമില്ലാതെ തനിച്ചു ജീവിക്കാനാവുമെന്ന് ആരും കരുതരുത്. ഒരു അസുഖം വന്നാല്‍ തീരാവുന്നതേയുള്ളൂ നമ്മുടെ അഹങ്കാരമെന്നു മനസ്സിലാക്കണം. പ്രാര്‍ത്ഥന ഒരു ചടങ്ങു മാത്രമാക്കരുത്. സര്‍വ്വശക്തനായ ഈശോ കാണിച്ചു തന്ന സഹനത്തിന്റെയും സ്നേഹത്തിന്റെയും പാത പിന്തുടരാന്‍ ഏവര്‍ക്കും കഴിയട്ടെ. എല്ലാ വായനക്കാര്‍ക്കും ശാന്തിയുടെയും സമാധാനത്തിന്റെയും ക്രിസ്മസ് ആശംസകള്‍...