•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ദൈവം നിങ്ങളെ ഓര്‍ക്കണമെങ്കില്‍ നിങ്ങള്‍ നിങ്ങളെ മറക്കണം

കൊവിഡ്‌രോഗം ലോകത്തെ ഏറെക്കുറെ നിശ്ചലമാക്കിയ ഒരു കാലമാണിത്. എന്നാല്‍, കൊവിഡ്കാലത്തെ നിഷ്‌ക്രിയത്വത്തെ ജീവിതത്തിലെ മികച്ച അവസരങ്ങളാക്കിത്തീര്‍ത്ത ചിലരെങ്കിലുമുണ്ട്. അവര്‍ക്ക് അതു ജീവിതത്തെ പാഠങ്ങളാക്കി മാറ്റാനുള്ള അവസരമായിരുന്നു. ജീവിതരീതികൊണ്ടും പ്രവര്‍ത്തനശൈലികളിലെ വ്യത്യസ്തതകൊണ്ടും ശ്രദ്ധേയനായ ഫാ. ഡേവിസ് ചിറമ്മല്‍ ലോക്ഡൗണ്‍ കാലത്ത് തന്റെ പള്ളിയും പരിസരവും ഒരു പറുദീസയാക്കി മാറ്റി. ഡേവിസച്ചന്റെ പ്രവര്‍ത്തനമേഖലയിലേക്ക് ഒരു തീര്‍ത്ഥയാത്ര. 
2020 ഫെബ്രുവരിയിലാണ് ഫാദര്‍ ഡേവിസ് ചിറമ്മല്‍ തൃശൂര്‍ കടങ്ങോട് ഇന്‍ഫന്റ് ജീസസ് പള്ളിയില്‍ വികാരിയായി എത്തുന്നത്. ചാര്‍ജെടുത്തതിനു തൊട്ടുപിന്നാലെ കൊറോണയുടെ രംഗപ്രവേശമായി. താമസിയാതെതന്നെ ലോക്‌സ്ഡൗണും ആരംഭിച്ചു. കമ്യൂണിറ്റി കിച്ചണുമായി സഹകരിച്ചും അതിഥിത്തൊഴിലാളികള്‍ക്കുവേണ്ട സഹായങ്ങള്‍ നല്കിയും കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി. അങ്ങനെയിരിക്കെയാണ് പള്ളിക്കു സ്വന്തമായുള്ള നാലരയേക്കര്‍ റബര്‍ത്തോട്ടത്തെക്കുറിച്ച് അച്ചന്‍ ചിന്തിച്ചത്. ഇവിടെ എന്തൊക്കെ ചെയ്തുകൂടാ? ബഹുവിളക്കൃഷിയിലേക്കു തിരിയാനുള്ള അച്ചന്റെ തീരുമാ്‌നം പെട്ടെന്നായിരുന്നു.
ഫ്രൂട്ട്‌സ്ഗാര്‍ഡന്‍ - ഫ്രൂട്ട്‌സ്ഗാര്‍ഡനാണ് ആദ്യമായി തുടങ്ങിയത്. ലോക്ഡൗണ്‍ വളരെ കര്‍ശനമായിരുന്ന സമയത്ത് യാത്രചെയ്യാന്‍ കിട്ടിയിരുന്ന പരിമിതമായ അനുവാദമുപയോഗിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി പലതരത്തിലുള്ള ഫലവൃക്ഷങ്ങള്‍ കൊണ്ടുവന്ന് പള്ളിയോടുചേര്‍ന്നുള്ള 40-50 സെന്റ് സ്ഥലത്ത് ഫ്രൂട്ട്‌സ് ഗാര്‍ഡന്‍ ഒരുക്കി.
റംബുട്ടാന്‍, മാംഗോസ്റ്റിന്‍, ഞാവല്‍, അമ്പഴം, ആത്ത, പ്ലാവ്, നെല്ലി, മിറക്കില്‍ ഫ്രൂട്ട്, ഇസ്രായേല്‍ ഓറഞ്ച്, ചെറി, വിവിധതരം ചാമ്പ, പേര തുടങ്ങിയവ ഇപ്പോള്‍ നിറയെ കായ്ച്ചു നില്‍ക്കുന്നു. ഇത്തവണത്തെ ക്രിസ്മസ്ഗാര്‍ഡനാക്കുന്നത് ഈ ഫ്രൂട്ട്‌സ്ഗാര്‍ഡനാണെന്ന് അച്ചന്‍ അഭിമാനത്തോടെ പറയുന്നു.
മൃഗശാല  - ലോക്ഡൗണ്‍ സമയത്ത് വിദേശത്തുനിന്നു വന്ന് തിരികെപ്പോകാന്‍ കഴിയാതെ നാട്ടില്‍പ്പെട്ടുപോയ ചില ചെറുപ്പക്കാരെയും കുറച്ചു നാട്ടുകാരെയും അച്ചനു കൂട്ടിനു കിട്ടി. പള്ളിക്കുസമീപത്തുതന്നെ കുറെയധികം സ്ഥലം വെറും മാലിന്യക്കൂമ്പാരമായി കിടക്കുന്നത് അവരുടെ ശ്രദ്ധയില്‍പ്പെട്ടു. ഒട്ടും താമസിച്ചില്ല, എല്ലാവരും ചേര്‍ന്ന് അവിടം വൃത്തിയാക്കി, വലിയ ഷെഡ്ഡുകള്‍ ഉണ്ടാക്കി. അതില്‍ വാത്ത, കോഴി, ഗിനിക്കോഴി, കരിങ്കോഴി, മുയല്‍, താറാവ്, കാട, ആട് എന്നിവ ഒരുമിച്ചുവളര്‍ത്താന്‍ തുടങ്ങി. വേറേ വേറേ കൂടുകളിലല്ലാതെ സ്‌നേഹത്തോടെ, പറുദീസയിലെന്നപോലെ ഇവ ഇവിടെ ഒരുമിച്ചുവളരുന്നു. മുട്ടയിടുന്നതും അടയിരിക്കുന്നതും കുഞ്ഞുങ്ങളെ വളര്‍ത്തുന്നതുമൊക്കെ ഒരേ കൂടിനുള്ളില്‍ത്തന്നെ. അവയ്ക്കാവശ്യമായ വെള്ളവും ഭക്ഷണവുമൊക്കെ അവിടെത്തന്നെ ഒരുക്കിക്കൊടുക്കുന്നു. എല്ലാവരും ഒരുമിച്ചുകഴിയുന്നൊരു ലോകം.
മത്സ്യക്കൂടാരം - ഫാ. ഡേവിസ് താമസിക്കുന്ന കെട്ടിടത്തിന്റെ ടെറസ്സില്‍ 500 ജി.എസ്.എം. ന്റെ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് ഒരു കുളമുണ്ടാക്കി, അതില്‍ ആസാം വാള, ഗിഫ്റ്റ് തിലോപ്പിയ തുടങ്ങിയ മീനുകളും വളര്‍ത്തുന്നുണ്ട്. ആ മീന്‍കുളത്തില്‍നിന്നുള്ള വെള്ളമാണ് ഫ്രൂട്ട്‌സ് ഗാര്‍ഡനിലെ ജലസേചനത്തിനായി ഉപയോഗിക്കുന്നത്.
പക്ഷിക്കൂടാരം - ഇനിയുള്ളത് പക്ഷികളാണ്. ഫാ. ഡേവിസ് താമസിക്കുന്ന കെട്ടിടത്തിന്റെ കോറിഡോറില്‍ ഒരു വലിയ മുറിനിറയെ പക്ഷികളാണ് - അമേരിക്കന്‍ പാരറ്റ്‌സ്, ലൗബേര്‍ഡ്‌സ് തുടങ്ങി, ആഫ്രിക്കന്‍ ലൗബേര്‍ഡ്‌സ് വരെ നൂറുകണക്കിനു കിളികള്‍. അവ നമ്മുടെ കൈത്തണ്ടകളിലും തലയിലുമൊക്കെ നല്ല ഇണക്കത്തോടെ വന്നിരിക്കും, ചിരപരിചിതരെപ്പോലെ.
കൃഷിത്തോട്ടം - ഇരുപത്തിയയ്യായിരം ചുവട് മഞ്ഞളുണ്ട് അച്ചന്റെ കൃഷിത്തോട്ടത്തില്‍. ജനുവരിയോടുകൂടി ഇത് വിളവെടുപ്പിനു പാകമാകും. കേരളത്തിലെ നൂറു കര്‍ഷകര്‍ക്ക് 50 കിലോ വീതം മഞ്ഞള്‍ സൗജന്യമായി കൊടുക്കാനാണ് അച്ചന്‍ തീരുമാനിച്ചിരിക്കുന്നത്. അവര്‍ അമ്പതുകിലോ മഞ്ഞള്‍ അടുത്ത ജനുവരിയില്‍ തിരിച്ചുകൊടുക്കണം. അതാണു വ്യവസ്ഥ. അടുത്തവര്‍ഷം ഇത് നൂറുപേര്‍ക്കു കൊടുക്കണം. അങ്ങനെ ഒരു ചങ്ങലയായി കേരളം മുഴുവനും ഒരു മഞ്ഞള്‍വിപ്ലവം ഉണ്ടാക്കണം -  അച്ചന്‍ പറയുന്നു. കാരണം, കൊറോണാക്കാലത്ത് ഇത്രയേറെ രോഗപ്രതിരോധശേഷി നല്കുന്ന മറ്റൊരു ഔഷധവുമില്ല. മഞ്ഞള്‍ ഒരു നല്ല രോഗാണുനാശിനിയാണ്. മഞ്ഞളിനെ ഒരു കീടവും ആക്രമിക്കുകയില്ല. മഞ്ഞള്‍ ചേര്‍ക്കാത്ത ഒരു ഔഷധവുമില്ല, ഭക്ഷണവുമില്ല. മഞ്ഞള്‍ മഞ്ഞസ്വര്‍ണ്ണംതന്നെയാണ്. അത്രയേറെ അമൂല്യമാണത്. റബര്‍മരങ്ങളുടെ ഇടയിലാണ് ഇത്രയധികം മഞ്ഞള്‍ കൃഷി ചെയ്തിരിക്കുന്നത് എന്നതാണ് എടുത്തുപറയേണ്ടത്. അച്ചന്‍ തന്റെ മഞ്ഞള്‍കൃഷിത്തോട്ടത്തെക്കുറിച്ചു വാചാലനാവുന്നു. കൂര്‍ക്ക, ചോളം, ഇഞ്ചി, പാഷന്‍ഫ്രൂട്ട് എന്നിവയും റബര്‍മരങ്ങളുടെ ഇടയിലുള്ള സ്ഥലത്ത് കൃഷി ചെയ്തുവരുന്നു.
പള്ളിയുടെ സെമിത്തേരിയിലും അച്ചന്‍ കൃഷിയൊരുക്കിയിട്ടുണ്ട് എന്നതാണ് കൗതുകകരം. 200 ചുവട് കുറ്റിക്കുരുമുളകു തൈകള്‍ ഗ്രോബാഗുകളില്‍ അവിടെ വളരുന്നു. കൂര്‍ക്ക വിളവെടുത്ത ഇടങ്ങളിലെല്ലാം കാബേജും കോളിഫ്‌ളവറും ബീറ്റ്‌റൂട്ടും കൃഷിചെയ്തുതുടങ്ങി. മഞ്ഞുകാലവിളകളാണിവ. 
ക്ലോത്ത് ബാങ്ക് - കാലഘട്ടത്തിനനുസരിച്ചാവണം ഓരോ പ്രവൃത്തിയും.  ലോക്ഡൗണ്‍ കാലത്ത് ആളുകള്‍ ചില അഗതിമന്ദിരങ്ങളെക്കുറിച്ചു പറഞ്ഞത്, അവര്‍ക്കു കഴിക്കാന്‍പോലും ഒന്നുമില്ല എന്നാണ്. ഇതിനെന്താണൊരു പരിഹാരമാര്‍ഗമെന്നു ചിന്തിച്ചതിന്റെ ഫലമാണ് ക്ലോത്ത് ബാങ്ക് എന്ന പുതിയ പ്രവര്‍ത്തനപദ്ധതി. അമേരിക്കയില്‍ പഴയവസ്ത്രങ്ങള്‍ വില്‍ക്കുന്ന കടകളുണ്ട്. അവ വിറ്റുകിട്ടുന്ന പണംകൊണ്ട് അവര്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു. ഇതില്‍നിന്നാണ് ക്ലോത്ത് ബാങ്ക് എന്ന ആശയം ഉണ്ടായത്. 'ക്ലോത്ത് ബാങ്ക് ഢ/ട ഫുഡ് ബാങ്ക്' ഇതിന്റെ അര്‍ത്ഥമിതാണ്: ''നിങ്ങള്‍ പഴയ വസ്ത്രങ്ങള്‍ എനിക്കു തരിക, ഞാന്‍ വിശക്കുന്നവര്‍ക്കു ഭക്ഷണം കൊടുക്കാം.''
ഒന്നരമാസമേ ആയുള്ളൂ ക്ലോത്ത് ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചിട്ട്. ഡിസംബര്‍ 15 ന് മൂന്നാമത്തെ ക്ലോത്ത് ബാങ്ക് വടക്കാഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്തിരിക്കുന്നു. 
കടങ്ങാട് ഇന്‍ഫന്റ് ജീസസ് പള്ളിയുടെ ഭാഗമായുണ്ടായിരുന്ന ഒരു പഴയ പള്ളി നന്നാക്കിയെടുത്ത് ക്ലോത്ത് ബാങ്കിനാവശ്യമായ സ്ഥലം ഉണ്ടാക്കി. ആളുകള്‍ ഈ പ്രസ്ഥാനത്തെ രണ്ടുകൈയും നീട്ടി സ്വീകരിച്ചുകഴിഞ്ഞു. ഉപയോഗയോഗ്യമായ പഴയ വസ്ത്രങ്ങള്‍ അലക്കിത്തേച്ച് വൃത്തിയായി ആളുകള്‍ എത്തിച്ചുകൊടുക്കുന്നു. അമ്പതും നൂറും ഇരുന്നൂറും രൂപയ്ക്ക് അതു വില്‍ക്കുന്നു. ഒന്നരലക്ഷത്തോളം രൂപ ഓരോ മാസവും ലഭിക്കുന്നുണ്ട്. ആ പണം കൊണ്ടാണ് കേരളത്തിലങ്ങോളമിങ്ങോളം അഗതിമന്ദിരങ്ങളില്‍ കഴിയുന്ന ഇരുപതിനായിരത്തിലധികം ആളുകള്‍ക്ക് എല്ലാ മാസവും ഒന്നാം തീയതി ബിരിയാണി കൊടുക്കാന്‍ കഴിയുന്നത്. ബിരിയാണി വാങ്ങുന്നതാകട്ടെ, കേരളത്തിലെ വിവിധ ജയിലുകളില്‍നിന്നും.  13 ലക്ഷത്തോളം രൂപ ഓരോ മാസവും ചെലവുവരുന്ന ഒരു പദ്ധതിയാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ വസ്ത്രങ്ങള്‍ അയച്ചുതരുന്നുണ്ട്. അവ വിറ്റുകിട്ടുന്ന പണം ജയിലുകളിലെ അക്കൗണ്ടുകളിലേക്ക് അയയ്ക്കുന്നു. അവര്‍ ബിരിയാണി എത്തിച്ചു കൊടുക്കുന്നു.
കേരളത്തിലെ സാമൂഹികനീതിവകുപ്പിന്റെയും ജയില്‍ വകുപ്പിന്റെയും വൈ.എം.സി.എ. യുടെയും സഹകരണത്തോടെയാണ് ഡേവിസച്ചന്‍ ഈ പദ്ധതി നടപ്പാക്കുന്നത്. 'ഹംഗര്‍ ഹണ്ട്' (പട്ടിണിക്കെതിരേ ഒരു യുദ്ധം) എന്നാണ് ഈ പദ്ധതിയുടെ പേര്.  വിശക്കുന്നവന് ഭക്ഷണം, വസ്ത്രമില്ലാത്തവന് വസ്ത്രം, ജോലിയില്ലാത്തവന് ജോലി - ക്ലോത്ത് ബാങ്കിന്റെ ലക്ഷ്യമിതാണ്. ഒരു ക്ലോത്ത് ബാങ്കില്‍ നാലു പേര്‍ക്ക് ജോലി ലഭിക്കുന്നു. 
നമ്മുടെ കര്‍ത്താവീശോമിശിഹാ ഭൂജാതനായപ്പോള്‍ ഉടുതുണിയോ ഒരു പഴന്തുണിപോലുമോ കിട്ടിയിരുന്നില്ല. അവിടെ ഭക്ഷണമോ വെള്ളമോ ഉണ്ടായിരുന്നില്ല. പാര്‍പ്പിടമുണ്ടായിരുന്നില്ല. അവന്റെ മാതാപിതാക്കള്‍ക്ക് കാലിത്തൊഴുത്തില്‍ അഭയം തേടേണ്ടിവന്നു. അതുകൊണ്ടുതന്നെയാണ്ഭക്ഷണം, വസ്ത്രം, തൊഴില്‍ എന്നീ മൂന്നുകാര്യങ്ങള്‍ക്ക് അച്ചന്‍ പ്രാധാന്യം കല്പിക്കുന്നത്.
മറ്റു സേവനങ്ങള്‍
കൊറോണക്കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളുടെ സഹായത്തിനായി ഫാ. ഡേവിസ് ഒരു വീഡിയോ തയ്യാറാക്കിയിരുന്നു. അതിനും ആളുകളില്‍നിന്ന് വളരെ നല്ല പ്രതികരണമാണുണ്ടായത്. 180 പേര്‍ 90000 രൂപ വീതം നല്‍കി. ഒരു കോടി 80 ലക്ഷത്തോളം രൂപ അങ്ങനെ ലഭിച്ചു. നിരവധി പ്രവാസികളെ അതുവഴി ആത്മഹത്യയില്‍നിന്നു രക്ഷിക്കാന്‍ കഴിഞ്ഞു. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ടി.വി. ഇല്ലാതെ ആത്മഹത്യയ്ക്കു ശ്രമിച്ച ഒരു കുട്ടിക്ക് അച്ചന്‍ തന്റെ ടിവി കൊടുത്തു. അതുപോലെ അദ്ദേഹം ജനങ്ങളോടും അഭ്യര്‍ത്ഥിച്ചു. 40 ദിവസംകൊണ്ട് 40 ലക്ഷം രൂപ എറണാകുളത്തെ ഒരു ടി.വി. ഷോറൂമിലേക്ക് നല്ലവരായ ആളുകള്‍ അയച്ചുകൊടുത്തു. കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെയുള്ള 800 ലധികം കുട്ടികള്‍ക്ക് ടിവി കൊടുക്കുവാന്‍ അതുവഴി സാധിച്ചു.
''കൊവിഡ് കാലത്ത് നന്മ ചെയ്യാന്‍ ദൈവം ഓരോരോ അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു. ആ അവസരങ്ങള്‍ വിനിയോഗിക്കുന്നവനാണ് യഥാര്‍ത്ഥ മനുഷ്യന്‍,'' അച്ചന്‍ കൂട്ടിച്ചേര്‍ക്കുന്നു. കൊവിഡ്ഭീതി നിറഞ്ഞുനില്‍ക്കുന്ന ഈ ക്രിസ്മസ്‌കാലത്ത് ഫാ. ഡേവിസ് നല്കുന്ന സന്ദേശം ഇതാണ്: ''നിങ്ങള്‍ നിങ്ങളെ മറക്കുക. സഹജീവികളുടെ വേദനയെ ഓര്‍ക്കുക. അവര്‍ക്കു നന്മ ചെയ്യുക. അപ്പോള്‍ ദൈവം നിങ്ങളെ ഓര്‍ക്കും. ദൈവം നിങ്ങളെ ഓര്‍ക്കണമെന്ന് നിങ്ങള്‍ക്കു നിര്‍ബന്ധമുണ്ടെങ്കില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ മറക്കുക.''

തയ്യാറാക്കിയത്: 
ഡാലിയ വിജയകുമാര്‍

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)