•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

മഹാഗുരുവിന്റെ പാദങ്ങളില്‍

ശാന്തിയുടെയും സമാധാനത്തിന്റയും പ്രതീകമാണ് ക്രിസ്മസ്. ലോകനന്മയ്ക്കായി ദൈവം ഭൂമിയിലവതരിച്ചതിന്റെ ഓര്‍മദിനം. പുതിയ പ്രതീക്ഷകളുടെയും ആഘോഷങ്ങളുടെയും സുദിനമാണ് ക്രിസ്മസ്. 
തിരക്കഥാകൃത്ത്, എഴുത്തുകാരന്‍, സിനിമാസംവിധായകന്‍, ഗാനരചയിതാവ് എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീകുമാരന്‍തമ്പി തന്റെ ക്രിസ്മസ് ചിന്തകള്‍ ദീപനാളം വായനക്കാര്‍ക്കായി പങ്കുവയ്ക്കുന്നു:

ബൈബിള്‍പഠനം ജീവിതത്തെ സ്വാധീനിച്ചത് 
ഞാന്‍ ഹിന്ദുവായി ജനിച്ച് ഹിന്ദുവായി ജീവിക്കുന്ന ഒരാളാണെങ്കിലും ബൈബിള്‍ നന്നായി പഠിച്ചയാളാണ്. എന്റെ 'കുട്ടനാട്' എന്ന നോവല്‍ കുട്ടനാട്ടിലെ ക്രിസ്ത്യാനികളുടെ കഥയാണ്. അതില്‍ ഓരോ അധ്യായവും ആരംഭിക്കുന്നത് ഓരോ ബൈബിള്‍ വചനം ഉദ്ധരിച്ചുകൊണ്ടാണ്. 
രചനകളിലെ ക്രിസ്തുദേവന്‍ 
യേശുദേവനെക്കുറിച്ച് എന്തെങ്കിലും എഴുതാന്‍ ഇരിക്കുംമുന്‍പ് ബൈബിളിലെ വരികള്‍ ഞാന്‍ ഓടിച്ചുനോക്കാറുണ്ട്. ആ നിമിഷം മനസില്‍ ഒരു വെളിച്ചം ജ്വലിക്കുന്നതായി തോന്നാറുണ്ട്. ബൈബിളിലെ യേശുദേവനെ ആഴത്തില്‍ പഠിക്കാനായതുകൊണ്ടുമാത്രമാണ് 'സത്യനായകാ മുക്തിദായകാ, പുല്‍ത്തൊഴുത്തിന്‍ പുളകമായ സ്നേഹഗായകാ' എന്ന ഗാനം എനിക്ക് എഴുതാനായത്. ബൈബിളിന്റെ സന്ദേശം പൂര്‍ണ്ണമായും ഉള്‍പ്പെടുത്തിയാണ് ആ ഗാനം രചിച്ചിട്ടുള്ളത്. ഇത്തരത്തില്‍ ഇരുപതോളം ക്രിസ്തീയഭക്തിഗാനങ്ങള്‍ ഞാന്‍ രചിച്ചിട്ടുണ്ട്. 
ശ്രീകുമാരന്‍ തമ്പിയെന്ന എഴുത്തുകാരന്‍ 
ക്രിസ്മസിനെ നോക്കിക്കാണുന്നത്
ലോകനന്മയ്ക്കായി ഭൂമിയലവതരിച്ച ദൈവ പുത്രനാണ് യേശുദേവന്‍. ശത്രുക്കളെപ്പോലും സ്നേഹിക്കാന്‍ പഠിപ്പിച്ച യേശുക്രിസ്തു സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമാണ്. ലോകം കണ്ട ഏറ്റവും വലിയ ഗുരുവാണ് യേശുക്രിസ്തുവെന്ന് ഞാന്‍ പറയും. യേശുക്രിസ്തുവിനെക്കാള്‍ വലിയൊരു ഗുരു ഈ ലോകത്തില്‍ വേറെ ഉണ്ടായിട്ടില്ല. ശ്രീകൃഷ്ണനെയും കുചേലനെയും പഠിപ്പിച്ച സാന്ദീപനി മഹര്‍ഷി, അര്‍ജ്ജുനനെയും ദുര്യോധനനെയും പഠിപ്പിച്ച ദ്രോണാചാര്യര്‍ തുടങ്ങി അനവധി ഗുരുക്കന്മാരെക്കുറിച്ചു നമ്മള്‍ കേട്ടിട്ടുണ്ട്. ഇവര്‍ക്കൊക്കെ ഗുരുദക്ഷിണ വാങ്ങിയാണ് ശീലം. എന്നാല്‍, ശിഷ്യന്റെ പാദം കഴുകിയ ഗുരു വേറെയാരുമില്ല, അത് യേശുദേവന്‍ മാത്രമാണ്. എളിമയുടെ പ്രതീകമായിരുന്നു ക്രിസ്തു. യേശു ലോകനന്മയ്ക്കായി മണ്ണില്‍ അവതരിച്ചതാണല്ലോ ക്രിസ്മസ്. മണ്ണില്‍ പിറന്നവരാരും ഇത്രയേറെ വിനയം കാട്ടിയതായി അറിയില്ല. ഇന്ന് ഒരു പഞ്ചായത്തു മെമ്പര്‍പോലും രാജാവിനെപ്പോലെ നടക്കുന്ന കാലമാണെന്നോര്‍ക്കണം. 
സിനിമയില്‍ ബൈബിളിന്റെ സ്വാധീനം
ഞാന്‍തന്നെ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത 'ജീവിതമൊരു ഗാന'മെന്ന ചിത്രത്തില്‍ ക്രിസ്ത്യാനികളുടെ കഥയാണ് പറയുന്നത്. റാന്നി കോലഞ്ചേരിഭാഗത്തുള്ള ഇടനാട്ടുകാരായ ക്രിസ്ത്യാനികളുടെ കഥയാണത്. യേശുവിന്റെ വചനവും കാഴ്ചപ്പാടുകളുമെല്ലാം ആ ചിത്രത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്രിസ്ത്യന്‍ കഥാപാത്രങ്ങളെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടായിരുന്നു പടം പൂര്‍ത്തീകരിച്ചത്. ആദ്യകാല ക്രിസ്ത്യാനികള്‍ മരച്ചീനിക്കൃഷിയില്‍നിന്ന് റബര്‍കൃഷിയിലേക്കു വളര്‍ന്ന കഥയാണ് ചിത്രം പറയുന്നത്. ഇത്തരത്തില്‍ ക്രിസ്ത്യന്‍ജീവിതവും കാഴ്ചപ്പാടുകളും സിനിമയിലേക്കും രചനയിലേക്കും പകര്‍ത്താന്‍ എനിക്കു കഴിഞ്ഞത് യേശുവിന്റെ കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളാനായതാണ്. 
മറക്കാനാവാത്ത ക്രിസ്മസ് ഓര്‍മ്മ
ഞാന്‍ മദ്രാസില്‍ എഞ്ചിനീയറിംഗിനു പഠിക്കുന്ന കാലം. അന്നെനിക്ക് 20 വയസ്സ കാണൂ. കൃത്യമായി പറഞ്ഞാല്‍, 1967-ലെ ഒരു ക്രിസ്മസ് ദിനം. പഠനാവശ്യവുമായി ബന്ധപ്പെട്ട് തിരക്കുള്ളതിനാല്‍ ആ ക്രിസ്മസിന് ഞാന്‍ നാട്ടില്‍ പോയില്ല. അന്ന് എവിടെയും ക്രിസ്മസിന്റെ ആഘോഷങ്ങളാണ്. തിരക്കുകള്‍ക്കിടയിലൂടെ നടന്ന ഞാന്‍ ഉച്ചഭക്ഷണം കഴിക്കാന്‍ ഒരു ഹോട്ടലില്‍ കയറി. അന്ന് അമ്പതു പൈസയാണ് ഊണിന്. ഞാന്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ ഒരു അച്ഛനും മകളും ആഹാരം കഴിക്കാന്‍ വന്നു. നാല്പതു വയസ്സു പ്രായം തോന്നിക്കുന്ന പിതാവും പത്തു വയസ്സുകാരി മകളും.  അവരുടെ വേഷവിധാനത്തില്‍നിന്നുതന്നെ അവര്‍ ക്രിസ്ത്യാനികളാണെന്ന് എനിക്കു മനസിലായി. അച്ഛന്‍ ഒരു ഊണുവാങ്ങിയശേഷം സപ്ലയറോട് ഒരു പ്ളേറ്റ്കൂടെ തരാന്‍ ആവശ്യപ്പെട്ടു. ആ അച്ഛനും മകളും ആ ഊണു പകുത്തു കഴിക്കുന്നത് ഞാന്‍ കണ്ടു. പകുതിച്ചോറായതുകൊണ്ടുതന്നെ അവള്‍ അതു പെട്ടെന്നു കഴിച്ചു. ഞാന്‍ അവളുടെ മുഖത്തേക്കു നോക്കി. ഭക്ഷണം അവള്‍ക്കു മതിയായില്ലായെന്നു മനസിലാക്കിയ ഞാന്‍ അവളോടു ചോദിച്ചു, നിനക്കു ചോറു വേണോ? മൗനമായിരുന്നു അവളുടെ മറുപടി. ഞാന്‍ സപ്ലയറെ വിളിച്ച് 'ഒരു ഊണുകൂടി ഇവര്‍ക്കു നല്കൂ, ഞാന്‍ പണം തരാ'മെന്നു പറഞ്ഞു. രണ്ടാമതും സപ്ലയര്‍ ചോറ് കൊണ്ടുവന്നു. പക്ഷേ, അവള്‍ ആ ചോറു കഴിക്കാതെ എഴുന്നേറ്റു പോകുന്നതാണ് ഞാന്‍ കണ്ടത്. എനിക്ക് ആശ്ചര്യവും സങ്കടവും തോന്നി. പെട്ടെന്നാണ് മറ്റൊരു പയ്യനുമായി അവള്‍ വീണ്ടും കയറി വന്നത്. അന്വേഷിച്ചപ്പോള്‍ അത് അവളുടെ സഹോദരനാണെന്നും അവനും ഒന്നും കഴിച്ചിരുന്നില്ലയെന്നും എനിക്കു മനസിലായി. വലിയ സന്തോഷത്തോടെ അവന്‍ ആ ചോറു വാരി കഴിച്ചത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ഉള്ളവന്‍ ഇല്ലാത്തവനു നല്‍കണമെന്ന ക്രിസ്തുവചനത്തിന്റെ മഹത്ത്വം അന്നാണ് എനിക്കു  മനസിലായത്. 
ക്രിസ്മസ് സന്ദേശം
ഭൂമിയിലുള്ള മുഴുവന്‍ മനുഷ്യരും ശാന്തിയോടെയും സമാധാനത്തോടെയും ഇരിക്കണമെന്നതാണ് യേശുക്രിസ്തുവിന്റെ ആഗ്രഹം. അതാണല്ലോ ക്രിസ്മസ് മുന്നോട്ടു വയ്ക്കുന്ന ആശയവും. പരസ്പരം സ്നേഹിച്ചും പങ്കുവച്ചും ദൈവത്തെ അനുസരിച്ചും ജീവിക്കാന്‍ എല്ലാവരും തയ്യാറാകണം. അക്രമങ്ങളും അഹങ്കാരവുമെല്ലാം വെടിയാന്‍ നാം ശ്രമിക്കണം. ശത്രുവിനെപ്പോലും സ്നേഹിക്കാന്‍ പഠിപ്പിച്ച യേശുക്രിസ്തു ലോകനന്മയ്ക്കായാണ് ഈ മണ്ണില്‍ മനുഷ്യനായി ജീവിച്ചത്. അദ്ദേഹത്തിന്റെ വചനങ്ങള്‍ അനുസരിച്ചു ജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടേയെന്നാശംസിക്കുന്നു. ദീപനാളത്തിന്റെ മാന്യവായനക്കാര്‍ക്ക് ശാന്തിയുടെയും സമാധാനത്തിന്റെയും ക്രിസ്മസ് ആശംസകള്‍.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)