ഹോസ്പിറ്റലിലെ കാഷ്വാലിറ്റി ബെഡ്ഡില്‍ ബോധമില്ലാതെ കിടക്കുന്ന അയാളെ നോക്കി ഉറങ്ങാതിരിക്കുകയാണ് ശാലിനി. നിദ്രയുടെ ശല്യം നിരന്തരമായി ഉണ്ടെങ്കിലും അതിനെ തട്ടിയകറ്റി മിഴികള്‍ വലിച്ചുതുറന്നാണ് അവളുടെ ഇരുപ്പ്. ജീവന്റെ തുടിപ്പുകള്‍ മാത്രം ശേഷിക്കുന്ന അയാളുടെ മുഖത്ത് ഒരു കൊച്ചുകുഞ്ഞിന്റെ നിഷ്‌കളങ്കഭാവമായിരുന്നു.
തൊട്ടടുത്ത ബെഡ്ഡിലേക്ക് പെട്ടെന്നാണവളുടെ ശ്രദ്ധ തിരിഞ്ഞത്. അതില്‍ കിടക്കുന്ന രോഗി ശ്വാസം കിട്ടാതെ പരാക്രമം കാണിക്കുന്നതു കണ്ടപ്പോള്‍ അവളോടിപ്പോയി സിസ്റ്ററിനെ വിളിച്ചു. സിസ്റ്റര്‍മാരും പിന്നാലെ ഡ്യൂട്ടിഡോക്ടറും ഓടിയെത്തി. തിരക്കു പിടിച്ച് ഓക്‌സിജന്‍ കൊടുത്തു. ഇഞ്ചക്ഷന്‍ സൂചിയുമായി ഒരു നഴ്‌സ് ധൃതിയിലെത്തി. അവരെല്ലാം ആകാംക്ഷാഭരിതരായി അങ്ങോട്ടുമിങ്ങോട്ടും ഓടി നടന്നു.
ഈ ബഹളങ്ങളെല്ലാം നോക്കിക്കണ്ടപ്പോള്‍ ശാലിനിക്ക് ഭയം തോന്നി. സുധി വരുന്നുണ്ടോ എന്ന് അവള്‍ ഇടയ്ക്കിടയ്ക്ക് വരാന്തയിലേക്കു പോയി നോക്കി. സ്‌കാനിംഗും വിവിധതരം ബ്ലഡ് ടെസ്റ്റുകളുമൊക്കെ നടത്തിയപ്പോഴേക്കും അദ്ദേഹത്തിന്റെ കൈയിലുള്ള കാശ് തീര്‍ന്നു. പരിചയക്കാരാരെങ്കിലുമുണ്ടെങ്കില്‍ പണം കടം ചോദിക്കാന്‍ വേണ്ടി പുറത്തേക്കു പോയതാണ്. ഈ പാതിരാത്രിയില്‍ സഹായിക്കാനായിട്ട് ആരുണ്ടാവാനാണ്? ഒരു ശീട്ടുമായി നഴ്‌സ് വന്നു വിളിച്ചപ്പോഴാണ് ശാലിനി ചിന്തയില്‍നിന്നുണര്‍ന്നത്.
''ബി നെഗറ്റീവ് ബ്ലഡ് ഉടനെ വേണം.''
അമ്പരപ്പോടെ അവള്‍ ആ കടലാസ് കൈയില്‍ വാങ്ങിയിട്ട് ചോദിച്ചു.
''ഇതെവിടുന്നു കിട്ടും സിസ്റ്റര്‍?...''
അപ്പോള്‍ ഹോണ്‍ മുഴക്കിക്കൊണ്ടൊരു വണ്ടി അവിടെ വന്നുനിന്നു. ബ്ലഡ് ബാങ്കില്‍ കിട്ടാന്‍ സാധ്യതയുണ്ട് എന്നു പറഞ്ഞ് നേഴ്‌സ് ഓടിപ്പോയി. അറ്റന്‍ഡര്‍മാര്‍ പെട്ടെന്നുതന്നെ സ്‌ട്രെച്ചറുമായി പുറത്തേക്കു പോകുന്നതു കണ്ടു. ഡോക്ടര്‍മാര്‍ ധൃതിപിടിച്ച് ഗ്ലൗസുകള്‍ ധരിക്കുന്നു. സിസ്റ്റര്‍മാര്‍ അങ്കലാപ്പോടെ മരുന്നുകള്‍ റെഡിയാക്കുന്നു. ഏതോ ആക്‌സിഡന്റ് കേസ് എത്തിയതാണെന്ന് ശാലിനി ഊഹിച്ചു.
ഈ പേടിപ്പെടുത്തുന്ന അന്തരീക്ഷത്തില്‍ ഏറെനേരമൊന്നും പിടിച്ചുനില്‍ക്കാനാവില്ലെന്ന് ശാലിനിക്കു മനസ്സിലായി. വീണ്ടും കൈയിലുള്ള കടലാസിലേക്കു നോക്കിക്കൊണ്ടവള്‍ ചിന്തിച്ചു. ബ്ലഡ് വാങ്ങണമെങ്കില്‍ കാശു വേണം. സുധിയേട്ടന്‍ ഇനിയും എത്തിയിട്ടില്ല. എന്താണിപ്പോ... ഒരു പരിഹാരം?
തന്റെ ഗ്രൂപ്പ് ബി നെഗറ്റീവാണല്ലോ എന്നു പെട്ടെന്നുതന്നെ അവള്‍ ഓര്‍ത്തെടുത്തു. തന്റെ രക്തം കൊടുത്താലോ? സുധിയേട്ടനോടു ചോദിച്ചുനോക്കാം. അവള്‍ തന്റെ ശരീരത്തിലേക്കു നോക്കി. ഈ മെലിഞ്ഞ ദേഹത്തുനിന്ന് ആവശ്യത്തിനു ബ്ലഡ് കിട്ടുമോ? തനിക്ക് നല്ല ആരോഗ്യവും ഊര്‍ജ്ജസ്വലതയുമൊക്കെയുള്ളതിനാല്‍ കിട്ടുമായിരിക്കും.
ഒരു ശീട്ടും കൈയില്‍പിടിച്ച് എന്തോ ആലോചിച്ചുനില്‍ക്കുന്ന തന്റെ ഭാര്യയോട് അങ്ങോട്ടു കടന്നുവന്ന സുധി ചോദിച്ചു:
''എന്താ ശാലിനീ, മരുന്നിന്റെ കുറിപ്പാണോ ഇത്?''
''അല്ല, ഇതിലെഴുതിയ ബ്ലഡ് ഉടനെ വേണമെന്ന്. കാശെവിടെനിന്നെങ്കിലും കിട്ടിയോ... സുധിയേട്ടാ...''
''പരിചയമുള്ള ഒരാളെയും കണ്ടില്ല. എല്ലാവരും ഓരോ ഭാഗത്ത് കിടന്നുറങ്ങുകയാണ്. നേരം വെളുക്കാതെ ഒന്നിനും മാര്‍ഗ്ഗമില്ല.''
ശാലിനി ഭര്‍ത്താവിന്റെ മുഖത്തേക്കു നോക്കിക്കൊണ്ടു ചോദിച്ചു:
''ഇയാള്‍ക്കുവേണ്ട ബ്ലഡ് എന്റെ ഗ്രൂപ്പാണ്. ഞാന്‍ തന്നെ കൊടുത്താലോ?''
അതു കേട്ടപ്പോള്‍ സുധിയുടെ മുഖം പ്രകാശിച്ചു.
''നിന്റെ ഈ തീരുമാനം വളരെ നല്ലതാണ് ശാലിനീ... നിനക്ക് ഇങ്ങനെയൊന്നു തോന്നിയെങ്കില്‍ അതൊരു പുണ്യമാണ്...''
ആവേശത്തോടെ അവന്‍ പറഞ്ഞു.
ഭര്‍ത്താവിന്റെ പിന്തുണ ലഭിച്ചപ്പോള്‍ ശാലിനിക്കു ധൈര്യമായി. അവള്‍ സിസ്റ്ററിന്റെ അടുത്തെത്തി കാര്യം പറഞ്ഞു. വേണ്ട ചെക്കപ്പുകളൊക്കെ നടത്തിയശേഷം സിസ്റ്റര്‍ അവളെ ഒരു മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി.
കൈയില്‍നിന്ന് ഇഞ്ചക്ഷന്‍ സൂചി വലിച്ചൂരിക്കൊണ്ട് നഴ്‌സ് പറഞ്ഞു: തല്‍ക്കാലത്തേക്ക് ഈ ബ്ലഡ് മതിയാകും. ശാലിനി കുറച്ചുസമയം ഇവിടെത്തന്നെ കിടന്നോളൂ. ഇപ്പോള്‍ത്തന്നെ എഴുന്നേറ്റാല്‍ തലകറങ്ങും. നഴ്‌സിന്റെ കൈയിലുള്ള കുപ്പിയിലേക്കു നോക്കിയപ്പോള്‍ അവള്‍ക്കു വല്ലായ്മ തോന്നി. ഇത്രയും ചോര തന്റെ ശരീരത്തില്‍നിന്നു നഷ്ടമായി. സാരമില്ല. ഒരു ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയല്ലേ... അയാളുടെ ജീവന്‍ തിരിച്ചുകിട്ടുകയാണെങ്കില്‍ അതില്‍പ്പരം സന്തോഷം വേറേയുണ്ടോ?''
അപ്പോള്‍ അവള്‍ തന്റെ കുഞ്ഞുങ്ങളെക്കുറിച്ചോര്‍ത്തു. അവരിപ്പോള്‍ നല്ല ഉറക്കമായിരിക്കും. സുധിയേട്ടന്റെ നാട്ടില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍വേണ്ടി കുഞ്ഞുങ്ങളെ അമ്മയെ ഏല്പിച്ച് പുലര്‍ച്ചെ അഞ്ചുമണിക്ക് ഇറങ്ങിയതാണ് ഞങ്ങള്‍. കല്യാണം കഴിഞ്ഞ് പുറപ്പെടുമ്പോള്‍ സന്ധ്യയായി.
കോഴിക്കോട് സ്റ്റേഷനില്‍ ട്രെയിനിറങ്ങി ബസ്സ്റ്റാന്റിലെത്തുമ്പോള്‍ അര്‍ദ്ധരാത്രിയായി. സ്റ്റാന്റില്‍ കുറെയധികം ബസ്സുകള്‍ നിര്‍ത്തിയിട്ടിട്ടുണ്ടെങ്കിലും ഒന്നിനുപോലും ബോര്‍ഡ് ഉണ്ടായിരുന്നില്ല. ഏതു റൂട്ടില്‍ പോകുന്ന ബസ്സാണെന്നറിയാതെ കയറിയിരിക്കുന്നതെങ്ങനെ? ശാലിനിയുടെ ഉള്ളില്‍ വല്ലാത്തൊരാശങ്കവന്നു നിറഞ്ഞു. പീഡനത്തിന്റെയും പിടിച്ചുപറിയുടെയും കാലമാണ്. ഓര്‍ത്തപ്പോള്‍ ശരീരത്തിന് വിറയല്‍ ബാധിച്ചതുപോലെ തോന്നി. നാട്ടിലേക്കുള്ള ഒരു ബസ്സ് പോവാന്‍ തയ്യാറായി വന്നത് അവര്‍ക്കാശ്വാസമായി.
ബസ്സിറങ്ങി നടക്കുമ്പോള്‍ റോഡിന്റെ ഓരത്ത് വിലങ്ങനെ ഒരു കാറു കിടക്കുന്നത് ശാലിനിയാണാദ്യം കണ്ടത്. പിന്നിലെ ലൈറ്റ് കത്തുന്നതുകൊണ്ടാണ് ശ്രദ്ധയില്‍പ്പെട്ടത്.
''സുധിയേട്ടാ... ദേ... ഒരു കാറ്...''
''വാ... പോയി നോക്കാം..''
രണ്ടുപേരും റോഡ് ക്രോസ് ചെയ്തു. കാറിനുള്ളില്‍ ഇരുട്ടായതിനാല്‍ ഒന്നും കാണാനായില്ല. തിരിച്ചുപോകാന്‍ തുടങ്ങുമ്പോഴാണ് ഒരു ഞരക്കം കേട്ടത്. മൊബൈലെടുത്ത് തെളിച്ചുനോക്കിയപ്പോള്‍ സ്റ്റീയറിംഗ് വീലില്‍ ഒരാള്‍ തല ചായ്ച് കിടക്കുന്നു. അയാളുടെ നെറ്റിയില്‍നിന്ന് രക്തം ഒലിച്ചിറങ്ങുന്നുണ്ട്. ഒന്നും വ്യക്തമാകുന്നില്ല. എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയ നിമിഷങ്ങള്‍.
''സുധിയേട്ടാ... ഇയാളെ നമുക്കെങ്ങനെയെങ്കിലും ഹോസ്റ്റപിറ്റലിലെത്തിക്കണം.'' ഉത്കണ്ഠയോടെ ശാലിനി പറഞ്ഞു.
ഇടയ്ക്കിടയ്ക്ക് വരുന്ന വണ്ടികള്‍ക്കൊക്കെ കൈകാണിച്ചു. ഒന്നുപോലും നിര്‍ത്തിയില്ല.
''ഇനിയെന്തു ചെയ്യും. സുധിയേട്ടാ...?''
വീര്‍പ്പുമുട്ടലോടെ അവള്‍ ചോദിച്ചു.
''നമുക്കൊരു കാര്യം ചെയ്യാം. നീ ഡ്രൈവിംഗ് പഠിച്ചതല്ലെ? വണ്ടിയെടുക്കാന്‍ പറ്റുമോ എന്നു ശ്രമിച്ചു നോക്ക്...''
''അയ്യോ... ഞാന്‍ പഠിച്ചതല്ലേയുള്ളൂ... ഒറ്റയ്ക്ക് ഞാനിതുവരെ വണ്ടി ഓടിച്ചിട്ടില്ലല്ലോ.... മാത്രമല്ല ലൈസന്‍സും കിട്ടിയിട്ടില്ല.''
''അതൊക്കെ എനിക്കറിയാവുന്നതല്ലേ ശാലിനീ... എന്നാലും ഒന്നു ശ്രമിക്ക്.'' അവന്‍ തിടുക്കം കൂട്ടി.
ഭയമുണ്ടായിരുന്നെങ്കിലും അവളതിനു തയ്യാറായി. കാറിന്റെ മുന്‍വശം ചളുങ്ങിപ്പോയിരുന്നെങ്കിലും എന്‍ജിനു തകരാറൊന്നും സംഭവിച്ചിരുന്നില്ല.
''ശാലിനി എഴുന്നേറ്റോളൂ...''
നഴ്‌സിന്റെ ശബ്ദം കേട്ട് അവളുടെ ചിന്ത മുറിഞ്ഞു.
''എന്തെങ്കിലും വിഷമം തോന്നുന്നുണ്ടോ?''
''ഇല്ല സിസ്റ്റര്‍.''
''പിന്നെ... ആ രോഗിക്ക് ബോധം തെളിഞ്ഞൂട്ടോ... അയാള് കണ്ണു തുറന്നു. എല്ലാ ക്രെഡിറ്റും ശാലിനിക്കാണ്.''
വര്‍ദ്ധിച്ച സന്തോഷത്തോടെ ശാലിനി പെട്ടെന്ന് എഴുന്നേറ്റു. വേച്ചുവീഴാന്‍ പോയ അവളെ സിസ്റ്റര്‍ താങ്ങി.