ദൈവികനിയമത്തില്‍ അധിഷ്ഠിതമായ കരുണ, ദൈവത്തിന്റെ സ്വഭാവംകൂടിയാണ്. അവന്റെ രക്ഷാകര സംഭവങ്ങളിലേക്കു നമ്മെ ക്ഷണിക്കുന്നതും ദൈവത്തിന്റെ കരുണയാണ്. വൈകുന്നേരമായപ്പോള്‍ മുന്തിരിത്തോട്ടത്തിലെ ഉടമസ്ഥന്‍ കാര്യസ്ഥനോടു പറഞ്ഞു: ''ജോലിക്കാരെ വിളിച്ച് അവസാനം വന്നവര്‍ തുടങ്ങി ആദ്യം വന്നവര്‍ വരെ കൂലികൊടുക്കുക.'' അവസാനത്തേതുപോലും ആദ്യത്തേതായി കണക്കാക്കാന്‍ കഴിയുന്നവന്‍. സാധാരണമനുഷ്യന്റെ ചിന്താഗതിയില്‍നിന്നല്ല കര്‍ത്താവ് കാര്യങ്ങള്‍ കണക്കു കൂട്ടുന്നത്. അതുകൊണ്ടുതന്നെയാണ് തൊണ്ണൂറ്റിയൊമ്പതിനെയും വിട്ട് ഒന്നിനെത്തേടി യാത്രയായത്. അവന്റെ ചിന്ത, നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനെക്കുറിച്ചല്ല മറിച്ച്; നഷ്ടപ്പെട്ടതിനെക്കുറിച്ചാണ്. ഭാവിയല്ല, വര്‍ത്തമാനമാണ് പ്രധാനം. ''അന്നന്നു വേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്കു നല്‍കണമേ'' (മത്തായി 6:11). ഇന്നിന്റെ മക്കള്‍ക്കാണ് കരുണ ലഭിക്കുന്നത്. കാനായിലെ കല്യാണഭവനത്തില്‍ ലഭിച്ച കാരുണ്യമാണ് പരിശുദ്ധ കന്യാമറിയം. ആ കാരുണ്യത്തെയാണ് കാല്‍വരിയില്‍വച്ച് ദൈവം ലോകത്തിനു നല്‍കിയത്. ഭൂമിയിലെ ഓരോ അമ്മമാരുമാണ് ഇവിടെയുള്ള കരുണയുടെയും കരുതലിന്റെയും ഉറവിടം.
സൃഷ്ടിമുതല്‍ ദൈവത്തിന്റെ കാരുണ്യമാണ് ദൈവജനത്തെ നയിക്കുന്നത്. എത്രയോ വ്യക്തികളുടെയും സമൂഹങ്ങളുടെയും കാരുണ്യംകൊണ്ടാണ് ഓരോരുത്തരും ജീവിക്കുന്നത് എന്നതാണ് സത്യം. കാരുണ്യത്തിന്റെ സ്വാധീനമില്ലാത്ത നിയമങ്ങള്‍ ആത്മാവ് നഷ്ടപ്പെട്ട ജഡംപോലെയാണ്. സമ്പത്തിന്റെ നിയമങ്ങളി ല്‍നിന്ന് ക്രിസ്തു നടന്നകലുന്നതും കാരുണ്യത്തിന്റെ മു ഖമില്ലാത്ത യഹൂദനിയമങ്ങളെ ലംഘിക്കുന്നതും കരുണയുടെ കാവലാളായതുകൊണ്ടാണ്. ആ കരുണയുടെ സുന്ദരമായ ചിത്രമാണ് അന്ത്യത്താഴവേളയില്‍ പ്രകാശിക്കുന്നതും. പാപിനിയായ സ്ത്രീയുടെ പാപങ്ങളെല്ലാം മഞ്ഞുപോലെ അലിഞ്ഞുപോകുന്നത് ക്രിസ്തുവിന്റെ കാരുണ്യത്തിന്റെ നിഴലേല്‍ക്കുമ്പോഴാണ്. ഓരോരുത്തര്‍ക്കും ലഭിച്ച കരുണ പങ്കുവയ്ക്കുന്നിടത്താണ് കൃപയ്ക്കുമേല്‍ കൃപപോലെ കരുണയും ചൊരിയപ്പെടുന്നത്.
കരുണയുള്ള മുഖം പത്രോസിന്റെ നേരേ തിരിഞ്ഞപ്പോള്‍ അത് കണ്ണീരണിഞ്ഞതായി. അത് സഭയുടെയും ലോകത്തിന്റെയും മാറ്റത്തിനു വഴിയൊരുക്കി. കരുണ കാണിക്കുന്നവര്‍ക്ക് ഒരു പുതിയ ലോകത്തെത്തന്നെ വാര്‍ത്തെടുക്കാന്‍ കഴിയുമെന്നതില്‍ സംശയമില്ല. കുടുംബത്തിലെ അംഗങ്ങള്‍തമ്മിലും അയല്‍ക്കാര്‍തമ്മിലും കരുണയുടെ സുവിശേഷം പങ്കുവയ്ക്കുമ്പോള്‍ അവിടെ ക്രിസ്തു ജനിക്കും. വചനം ശ്രവിക്കാന്‍ തിങ്ങിക്കൂടിയ ജനതതിയോട് അവന് അലിവു തോന്നി. അലിവ് അദ്ഭുതമായി മാറുന്നു. അര്‍ഹിക്കുന്നവര്‍ക്കും അശരണര്‍ക്കും കരുണ ലഭിക്കുമ്പോള്‍ അവരുടെ ജീവിതത്തില്‍ അദ്ഭുതങ്ങള്‍ക്കി ടവരുത്തും. ''കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍, അവര്‍ക്കു കരുണ ലഭിക്കും'' (മത്തായി 5:7). അതുപോലെതന്നെയാണ് വി. ലൂക്കായുടെ സുവിശേഷം, 'നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുക' എന്നോര്‍മ്മപ്പെടുത്തുന്നതും. ക്രിസ്തു പഠിപ്പിക്കുന്ന 'സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന വിശിഷ്ടമായ പ്രാര്‍ത്ഥനയുടെ രണ്ടാംപാദത്തില്‍ 'ഞങ്ങളുടെ കടക്കാരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ, ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ' എന്നിടത്ത് കരുണയുടെ യാചനയാണ് അപേക്ഷിക്കുന്നത്. ക്ഷമ കരുണയാണ്. ക്ഷമിക്കുന്നവന്‍ കരുണ കാണിക്കുന്നവനാണ്. യേശുവിന്റെ വാക്കുകളിലും പ്രവൃത്തികളിലും കരുണയുടെ വിവിധ രൂപങ്ങളാണ് തെളിയുന്നത് .
കരുണയുടെ ആള്‍രൂപമായി മറിയം മാറ്റപ്പെടുന്നത്, പിതാവായ ദൈവം മനുഷ്യനോടു കാണിക്കുന്ന കരുണയുടെ വാഹകയായിട്ടാണ്. കാരുണ്യാനുഭവമാണ് എലിസബത്ത് അനുഭവിച്ചറിയുന്നതും. ''ആ ദിവസങ്ങളില്‍ മറിയം യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്ക് തിടുക്കത്തില്‍ യാത്രപുറപ്പെട്ടു'' (ലൂക്കാ.1:39). അവിടെയെത്തി എലിസബത്തിനെ ശുശ്രൂഷിച്ചു. ''തന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവിടുന്ന് തന്റെ ദാസനായ ഇസ്രയേലിനെ സഹായിച്ചു'' (ലൂക്കാ.1:54). കരുണയുടെ മാനദണ്ഡം എളിമയാണ്. എളിമയുള്ളവന് കാരുണ്യം സമൃദ്ധമായി ലഭിക്കുന്നു. അങ്ങനെ കാരുണ്യം ലഭിക്കുന്നവനേ കരുണയോടെ പെരുമാറാനും ജീവിക്കാനും കഴിയൂ. 'താണ നിലത്തേ നീരോടു' എന്ന പഴമൊഴി കരുണയുടെ മാത്രമല്ല ദൈവാനുഗ്രഹങ്ങളുടെയും ഭാവരീതികള്‍ പറഞ്ഞുതരുന്നു.
അപരനായ വഴിപോക്കന്റെ കടമയ്ക്കപ്പുറമുള്ള കരുണയുടെ കരം നീട്ടിയപ്പോള്‍ ഒരു ജീവനെത്തന്നെയാണ് സമരിയാക്കാരന്‍ രക്ഷിച്ചെടുക്കുന്നത്. കടമകള്‍ ചെയ്തുതീര്‍ത്തു മാന്യതയുടെ രൂപം ധരിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ കരുണയുടെ കരം ആഗ്രഹിക്കുന്ന ഒരുപിടി ജന്മങ്ങള്‍ നമുക്കുചുറ്റും അവഗണിക്കപ്പെടുന്നു എന്ന സത്യം വിസ്മരിക്കരുത്. കരുണയാണ് ദൈവികസ്‌നേഹത്തിന്റെ ആഴം വര്‍ദ്ധമാനമാക്കുന്നത്. തന്റെ സൃഷ്ടിയായ മനുഷ്യനെ സ്‌നേഹിക്കുന്നതും അവന്റെ വീണ്ടെടുപ്പു സാധ്യമാക്കുന്നതും ക്രിസ്തുവിന്റെ അകമഴിഞ്ഞ കരുണയാലാണ്. ആ കാരുണ്യം അതും കടന്ന് അപ്പത്തിന്റെ രൂപത്തില്‍ എന്നും നമ്മോടുകൂടി ആയിരിക്കുന്നു. പ്രായമായ മാതാപിതാക്കള്‍ക്കൊപ്പം മക്കള്‍ ആയിരിക്കുന്നിടവും കാരുണ്യത്തിന്റെ ഇടങ്ങളാണ്.