കടന്നുപോയ ഒരു കാലഘട്ടത്തിലെ പ്രൗഢസാന്നിധ്യമായിരുന്നു വില്യമച്ചന്‍ - ഫാദര്‍ വില്യം നേര്യമ്പറമ്പില്‍ സിഎംഐ. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും വില്യമച്ചനും ഒരേ ഇടവകക്കാര്‍. ഒരു തലമുറ വ്യത്യാസത്തിലാണെന്നു മാത്രം. ചങ്ങനാശേരി തുരുത്തിപ്പള്ളിയിലെ പേരുകേട്ട തറവാടായിരുന്നു നേര്യമ്പറമ്പില്‍.
ഒരു പേരില്‍ എന്തിരിക്കുന്നുവെന്നു ചോദിക്കുന്നവരുണ്ട്. ഒരു പേരില്‍ പലതുമുണ്ടെന്നാണിതിനുത്തരം. ചരിത്രം വച്ചു പറഞ്ഞാല്‍ വില്യം എന്ന പേരില്‍ ഒട്ടേറെ രാജാക്കന്മാര്‍ ഇംഗ്ലണ്ടിലുണ്ടായിരുന്നു. വില്യമെന്നതു കനപ്പെട്ട പേരുതന്നെ. വില്യമച്ചനും കാഴ്ചയിലും കാര്യത്തിലും കനപ്പെട്ട ആളായിരുന്നു. ആറടിയിലധികം ഉയരം. ഉയരത്തിനൊത്ത വണ്ണവും തൂക്കവും. സി.എം.ഐ. സഭയില്‍ വില്യമച്ചന്മാര്‍ വേറേയുണ്ടാകാം. എന്നാല്‍, ആരെങ്കിലും വില്യമച്ചന്‍ എന്നു മാത്രം പറഞ്ഞാല്‍ അന്നും ഇന്നും അത് ഫാദര്‍ വില്യം നേര്യമ്പറമ്പില്‍ സി.എം.ഐ. തന്നെ!
ഏതൊരു സമൂഹത്തിനും സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തം സുനാമിയോ കൊടുങ്കാറ്റോ ഭൂകമ്പമോ ഒന്നുമല്ലെന്നും മറിച്ച്, വലിയ പദവികളില്‍ ചെറിയ മനസ്സുള്ളവര്‍ -'പീപ്പിള്‍ ഓഫ് സ്മാള്‍ മൈന്‍ഡ്' - വരിക എന്നതാണെന്നും ഒരിക്കല്‍ പറഞ്ഞത് പ്രഫസര്‍ സുകുമാര്‍ അഴീക്കോടാണ്. അന്നത്തെ ഒരു മുഖ്യമന്ത്രിയെയും വൈസ്ചാന്‍സലറെയും ഉന്നമിട്ടായിരുന്നു അഴീക്കോട് അമ്പെയ്തത്!
വില്യമച്ചന്‍ താനിരുന്ന കസേരകളൊക്കെ മഹത്ത്വവത്കരിച്ച മഹാനായിരുന്നു. ജീവിതനിയോഗത്തില്‍ സന്ന്യാസി. ജീവിതനിഷ്ഠകളിലും അദ്ദേഹം അങ്ങനെയായിരുന്നു. എസ്.ബി. കോളജില്‍ പ്രിന്‍സിപ്പലായിരുന്നു ഫാദര്‍ വില്യം. മുന്‍ഗാമിയായിരുന്നതു പ്രാഗല്ഭ്യത്തിന്റെ മറുപേരായിരുന്ന പുരയ്ക്കലച്ചനും. തിരുവിതാംകൂറിലെ കോളജുകള്‍ മദ്രാസ് സര്‍വ്വകലാശാലയുമായി അഫിലിയേറ്റു ചെയ്യപ്പെട്ടിരുന്ന കാലത്ത് വില്യമച്ചന്‍ മദ്രാസ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റംഗമായി. വൈസ് ചാന്‍സലര്‍ പദവിയില്‍ തുടര്‍ച്ചയായി ഇരുപത്തിയെട്ടു വര്‍ഷമിരുന്നു ലോകറിക്കാര്‍ഡിട്ട ഡോ. എ. ലക്ഷ്മണസ്വാമി മുതലിയാരുടെ ഭരണകാലം. ഡോ. മുതലിയാര്‍ക്കും വില്യമച്ചനെ ബഹുമാനമായിരുന്നു. ഡോ. ലക്ഷ്മണസ്വാമി മുതലിയാര്‍ മദ്രാസ് മെഡിക്കല്‍ കോളജിന്റെ പ്രിന്‍സിപ്പലായിരുന്നു. ഇരട്ടസഹോദരന്‍ ഡോ. ഏ. രാമസ്വാമി മുതലിയാര്‍ പേരുകേട്ട കപ്പല്‍വ്യവസായിയും ഷിപ്പിംഗ് എന്‍ജിനീയറും. വട്ടമേശസമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായിരുന്ന ഡോ. രാമസ്വാമി മുതലിയാര്‍ ഐക്യരാഷ്ട്രസഭയിലേക്കുള്ള ആദ്യത്തെ ഇന്ത്യന്‍ ഡെലിഗേഷനിലും അംഗമായിരുന്നു. തിരുവിതാംകൂറില്‍ ദിവാനും വൈസ്ചാന്‍സലറുമായിരുന്ന സര്‍ സി.പി. നാടുവിട്ടോടിയപ്പോള്‍ പകരം വൈസ്ചാന്‍സലറായി ഡോ. രാമസ്വാമി മുതലിയാരെയാണ് ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ് നിയമിച്ചത്. ഒരേസമയം മദ്രാസിലും തിരുവനന്തപുരത്തും വൈസ്ചാന്‍സലര്‍മാരായും മുതലിയാര്‍ സഹോദരന്മാര്‍ പ്രസിദ്ധി നേടി. അക്കാലത്ത് ആര്‍ക്കൊക്കെയൊപ്പമാണ് വില്യമച്ചന്‍ കസേരയിട്ടിരുന്നതെന്നു സൂചിപ്പിച്ചുവെന്നു മാത്രം!
പില്ക്കാലത്ത് വില്യമച്ചന്‍ ദീപികയുടെ ചീഫ് എഡിറ്ററായി. നിധീരിക്കല്‍ മാണിക്കത്തനാര്‍ക്കുശേഷം ആ കസേരയിലെത്തിയ പ്രഗല്ഭനായ പത്രാധിപരും വില്യമച്ചന്‍തന്നെ. പ്രിന്‍സിപ്പലായും പത്രാധിപരായും പദവികള്‍ക്കു പദവി നല്‍കിയ മഹാനായിരുന്നു വില്യമച്ചന്‍. വലിയ പദവികളില്‍ വലിയ മനുഷ്യര്‍ ഇരുന്നിരുന്ന ഒരു കാലവും നമുക്കുണ്ടായിരുന്നുവെന്നതിന്റെ നേര്‍സാക്ഷ്യമായിരുന്നു ഫാദര്‍ വില്യം. വ്യത്യസ്തമായ മണ്ണുകൊണ്ടാവണം ദൈവം വില്യമച്ചനെ മെനഞ്ഞെടുത്തത്.
കാഴ്ചയില്‍ തിടമ്പേറ്റിയ ഗുരുവായൂര്‍ കേശവന്റെ തലയെടുപ്പായിരുന്നു അച്ചന്. ഉയരം കുത്തബ്മീനാറിനെ ഓര്‍മ്മിപ്പിക്കുന്നതും. താടികൊണ്ട് വ്യാസമഹര്‍ഷിയുടെ മുഖസാദൃശ്യം. സ്വഭാവത്തില്‍ ഭഗവദ്ഗീത പറയുമ്പോലെ, സ്ഥിതപ്രജ്ഞന്‍. വില്യമച്ചന്‍ വാക്കുപറഞ്ഞാല്‍ വാക്കായിരുന്നു. നിലപാടുകളിലും ഉറപ്പുണ്ടായിരുന്നു അച്ചന്. നൂറു ശതമാനവും സന്ന്യാസി. എന്നാല്‍, ഭരണകാര്യക്ഷമതയില്‍ മറ്റൊരു സര്‍ദാര്‍ പട്ടേല്‍. ഉരുക്കുമനുഷ്യനായിരുന്നു അച്ചന്‍. നിര്‍ഭയനും. പാണ്ഡിത്യത്തിന്റെ ഗര്‍വ്വില്ലാത്ത പണ്ഡിതന്‍. ഭക്തിപ്രകടനങ്ങളില്ലാത്ത ഭക്തന്‍. എല്ലാവര്‍ക്കും ഗുരു. വാത്സല്യത്തിന് അതിര്‍വേലി കെട്ടാത്ത ആത്മീയാചാര്യന്‍. ഹല്ലേലുയ്യായും പ്രെയ്‌സ് ദ ലോര്‍ഡുമൊന്നും അച്ചന്റെ നിഘണ്ടുവിലുണ്ടായിരുന്നില്ല. എന്നിട്ടും വിശ്വാസികള്‍ അദ്ദേഹത്തെ ധ്യാനഗുരുവെന്നു വാഴ്ത്തി. എഴുത്തുകാരനായിരുന്നു അച്ചന്‍. ഒന്നാംതരം പ്രഭാഷകനും. അധികാരപദവികളോടു നിസംഗത കാട്ടി എന്നു പറഞ്ഞുകൂടാ. എന്നാല്‍, പദവികളൊന്നും അച്ചന്റെ തലക്കനം കൂട്ടിയില്ല എന്നതായിരുന്നു ശ്രദ്ധേയം.
വില്യമച്ചന്റെ കാലത്തെ വൈസ് ചാന്‍സലര്‍മാരുടെ താരത്തിളക്കംപോലെതന്നെ പ്രിന്‍സിപ്പല്‍മാരുടെ ഔന്നത്യവും ഒട്ടും കുറഞ്ഞതായിരുന്നില്ല. അവര്‍ക്കിടയില്‍ ഒന്നാംനിരയിലായിരുന്നു വില്യമച്ചന്റെ സ്ഥാനം. സിംഹങ്ങള്‍ക്കിടയില്‍ തലയെടുപ്പോടെ നിന്ന ഒരു സിംഹരാജന്‍!