ഇസ്ലാംമതം രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ രേഖകളില്‍
ആമുഖം
പ്രത്യക്ഷത്തില്‍ ശരിയെന്നു തോന്നുന്ന തരത്തിലുള്ള വഴിതെറ്റിക്കുന്ന പഠനങ്ങളും വ്യാഖ്യാനങ്ങളും ഇക്കാലഘട്ടത്തിന്റെ ഒരു പ്രത്യേകതയാണ്. വിശ്വാസ-ആത്മീയമേഖലകളില്‍ ഇത് ഏറെക്കൂടുതലാണ്. അത്തരത്തിലുള്ള ഒരു അബദ്ധപ്രബോധനമാണ്, ''ക്രൈസ്തവരും ഇസ്ലാംമതവിശ്വാസികളും ഒരേ ദൈവത്തെയാണ് ആരാധിക്കുന്നത്'' എന്നത്. ഇതിന് ഉപോദ്ബലകമായി ഇവര്‍ ഉദ്ധരിക്കുന്നതാകട്ടെ, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രബോധനങ്ങളിലെ തിരുസ്സഭയെക്കുറിച്ചുള്ള കോണ്‍സ്റ്റിറ്റിയൂഷന്റെ 16-ാമത്തെ ഖണ്ഡികയും അക്രൈസ്തവമതങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനത്തിന്റെ മൂന്നാമത്തെ ഖണ്ഡികയുമാണ്. ഈ രണ്ട് ഖണ്ഡികകളെയും തെറ്റായി മനസ്സിലാക്കുന്നതുകൊണ്ടാണ് മേല്പറഞ്ഞ വികലപ്രബോധനം ഇന്ന് ജനമധ്യത്തില്‍ പ്രചരിക്കുന്നത്.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ചരിത്രപ്രാധാന്യം
തിരുസ്സഭയുടെ ചരിത്രത്തിലെ ഇരുപത്തിയൊന്നാമത്തെ സാര്‍വ്വത്രികസൂനഹദോസാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍. വി. ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പാ വിളിച്ചുകൂട്ടിയ ഈ കൗണ്‍സില്‍ ആരംഭിച്ചത് 1962 ഒക്‌ടോബര്‍ മാസം പതിനൊന്നാം തീയതിയായിരുന്നു. സമാപിച്ചതാകട്ടെ 1965 ഡിസംബര്‍ മാസം എട്ടാം തീയതിയും. ഇടയ്ക്കുവച്ച് ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പാ കാലം ചെയ്തതിനാല്‍ തുടര്‍ന്നുവന്ന വി. പോള്‍ ആറാമന്‍ മാര്‍പാപ്പായാണ് കൗണ്‍സില്‍ പൂര്‍ത്തിയാക്കിയത്.
ആധുനികകാലഘട്ടത്തിലെ ഏറ്റവും വലിയ 'സഭാസംഭവ'മായിട്ടാണ് ഈ കൗണ്‍സില്‍ സമ്മേളനത്തെ ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്. കാര്‍ക്കശ്യംകൊണ്ടല്ല, കാരുണ്യത്തിന്റെ തൈലംകൊണ്ട് വിശ്വാസിസമൂഹത്തിന്റെയും മാനവകുലത്തിന്റെ മുഴുവന്റെയും മുറിവുകള്‍ ഉണക്കുകയും ഇതരക്രൈസ്തവസമൂഹങ്ങളോടും വിവിധ മതങ്ങളോടും ദൈവത്തില്‍ വിശ്വസിക്കുന്നില്ലാത്തവരോടും തുറവോടെ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുക എന്നത് ഈ സൂനഹദോസിന്റെ ഒരു പ്രധാന ലക്ഷ്യമായിരുന്നു. പക്ഷേ, ശരിയായ ആത്മബോധത്തില്‍നിന്നും ദൗത്യബോധത്തില്‍നിന്നും രൂപപ്പെടുന്നതായിരിക്കണം ഈ സംഭാഷണചൈതന്യം എന്ന് കൗണ്‍സില്‍പിതാക്കന്മാര്‍ക്ക് നിര്‍ബന്ധവുമുണ്ടായിരുന്നു.
കൗണ്‍സിലനന്തരകാലഘട്ടത്തില്‍ വളരെ സ്വതന്ത്രവും ചിലപ്പോഴെങ്കിലും വികലവും വൈരുദ്ധ്യം നിറഞ്ഞതുമായ വ്യാഖ്യാനങ്ങള്‍ ഉണ്ടാകുവാനിടയായിട്ടുണ്ട്. അതുകൊണ്ട് കൗണ്‍സില്‍ പ്രബോധനങ്ങള്‍ ശരിയായി വായിക്കുകയും സമഗ്രമായി വ്യാഖ്യാനിക്കുകയും വേണം.
ഇസ്ലാംമതം രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ രേഖകളില്‍
സംവാദത്തിന്റെയും സംഭാഷണത്തിന്റെയും ഒരു ശൈലിയും കാഴ്ചപ്പാടും കൗണ്‍സിലിന്റെ ഒരു വലിയ പ്രത്യേകതയായിരുന്നു. ഈ സംഭാഷണത്തിന് പ്രധാനമായും നാലു മുഖങ്ങളാണുള്ളത്. 1. തിരുസ്സഭയ്ക്കുള്ളിലെ സംഭാഷണം, 2. ഇതര ക്രൈസ്തവസഭകളോടുള്ള സംഭാഷണം, 3. മറ്റു മതങ്ങളോടുള്ള സംഭാഷണം. 4. ദൈവത്തിലും മതത്തിലും വിശ്വസിക്കാത്തവരോടുള്ള സംഭാഷണം. നാലു തരത്തിലുമുള്ള ഈ സംഭാഷണങ്ങളുടെ പശ്ചാത്തലത്തില്‍ വേണം ഇസ്ലാംമതത്തെക്കുറിച്ചുള്ള രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പരാമര്‍ശങ്ങള്‍ മനസ്സിലാക്കാന്‍. മറ്റു മതങ്ങളെ ബഹുമാനത്തോടെയും ആദരവോടെയുമാണ് കത്തോലിക്കാത്തിരുസ്സഭ എന്നും വീക്ഷിക്കുന്നത് (അക്രൈസ്തവമതങ്ങള്‍, 2. മതസ്വാതന്ത്ര്യം, 14). മാത്രവുമല്ല മതസ്വാതന്ത്ര്യം എല്ലാ മനുഷ്യരുടെയും ജന്മാവകാശവും മനുഷ്യമഹത്ത്വത്തിന്റെ അടിത്തറയുമാണ് (മതസ്വാതന്ത്ര്യം, 1-3).
തിരുസ്സഭയെക്കുറിച്ചുള്ള കോണ്‍സ്റ്റിറ്റിയൂഷന്റെ രണ്ടാം അദ്ധ്യായത്തിലാണ് ഇസ്ലാംമതത്തെക്കുറിച്ചുള്ള ആദ്യസൂചന നാം കാണുന്നത്. ഒന്നാം അദ്ധ്യായത്തില്‍ തിരുസ്സഭ എന്ന ദൈവികരഹസ്യം എന്തെന്നും അവളുടെ അനന്യത എന്തെന്നും വ്യക്തമായി പഠിപ്പിച്ചശേഷം (1-3) തിരുസ്സഭയുടെ സാമൂഹികവും മാനുഷികവുമായ വശം എന്തെന്നു വ്യക്തമാക്കുകയാണ് 'ദൈവത്തിന്റെ ജനം' എന്ന രണ്ടാം അദ്ധ്യായത്തില്‍. പഴയനിയമത്തില്‍ ഇസ്രായേല്‍ജനം ദൈവത്തിന്റെ സ്വന്തം ജനപദമായിരുന്നതുപോലെ പുതിയനിയമത്തില്‍ തിരുസ്സഭ ദൈവത്തിന്റെ സ്വന്തം ജനമാണ്. മാമ്മോദീസാ സ്വീകരിച്ചവരെല്ലാം ദൈവത്തിന്റെ സ്വന്തമാണ് (9-13). പതിന്നാലാമത്തെ ഖണ്ഡികയില്‍ ഈശോയുടെ അനന്യതയും കത്തോലിക്കാസഭയുടെ അതുല്യതയും കൗണ്‍സില്‍ പഠിപ്പിക്കുന്നു. തുടര്‍ന്ന് പതിനഞ്ചാമത്തെ ഖണ്ഡികയില്‍ അകത്തോലിക്കരായ ക്രൈസ്തവസഹോദരങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നു. പതിനാറാമത്തെ ഖണ്ഡികയില്‍ അക്രൈസ്തവസഹോദരങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന ഭാഗത്താണ് ഇസ്ലാംമതത്തെക്കുറിച്ച് കൗണ്‍സില്‍ പിതാക്കന്മാര്‍ പഠിപ്പിക്കുന്നത്. സുവിശേഷം സ്വീകരിക്കാത്തവരും ദൈവജനത്തോടു വിവിധ രീതികളില്‍ ബന്ധപ്പെട്ടാണിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് കത്തോലിക്കര്‍ യഹൂദരും മുസ്ലീംകളും മറ്റു മതസ്ഥരുമായും ബന്ധപ്പെട്ടിരിക്കുന്നത് എന്ന് കൗണ്‍സില്‍ പഠിപ്പിക്കുന്നത്: ''സ്രഷ്ടാവായ ദൈവത്തെ ഏറ്റുപറയുന്നവരും അവിടുത്തെ പരിത്രാണപദ്ധതിയില്‍പ്പെടുന്നു. മുഹമ്മദീയരാണിവരില്‍ പ്രധാനപ്പെട്ടവര്‍. അബ്രാഹത്തിന്റെ വിശ്വാസം അവരും ഏറ്റുപറയുന്നു. ഏകനും കരുണനിറഞ്ഞവനും, അന്ത്യനാളില്‍ മനുഷ്യരെ വിധിക്കാനിരിക്കുന്നവനുമായ ദൈവത്തെ നമ്മോടൊത്ത് അവരും ആരാധിക്കുന്നുണ്ട്.''
മുസ്ലീം സഹോദരങ്ങളും 'ഏകദൈവത്തെ' (Deum unicum) നമ്മോടൊപ്പം ആരാധിക്കുന്നു എന്നേ പറഞ്ഞിട്ടുള്ളൂ. ''ഒരേ ദൈവത്തെ'' (Deum unicum)) എന്നല്ല പറഞ്ഞിരിക്കുന്നത്. മുസ്ലീംകളും ഏകദൈവത്തില്‍ വിശ്വസിക്കുന്നുണ്ട്. പക്ഷേ, വ്യത്യസ്തമായ ദൈവസങ്കല്പങ്ങളാണ് മുസ്ലീംകളുടെയും ക്രൈസ്തവരുടെയും. ക്രിസ്തുവിനുശേഷം ഏഴാം നൂറ്റാണ്ടില്‍ മുഹമ്മദ് നബിയാണ് (571-634) ഇസ്ലാംമതം സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ പ്രയത്‌നഫലമായി തന്റെ സമൂഹത്തെ ഏകദൈവവിശ്വാസത്തിലേക്കു പടിപടിയായി കൊണ്ടുവരുകയായിരുന്നു. ഇക്കാര്യത്തില്‍ യഹൂദ, ക്രൈസ്തവ സ്വാധീനങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം. പക്ഷേ, ഇസ്ലാം സഹോദരങ്ങള്‍ ഏറ്റുപറയുന്ന ഏകദൈവവിശ്വാസവും ക്രൈസ്തവരുടെ ത്രിയേകദൈവവിശ്വാസവും ഒന്നല്ല. പരിശുദ്ധ ത്രിത്വത്തെ സംബന്ധിച്ച വിശ്വാസസത്യം സാര്‍വ്വത്രികസഭയുടെ മതബോധനഗ്രന്ഥം ഇപ്രകാരം വിശദീകരിക്കുന്നു: ''ത്രിത്വം ഏകമാകുന്നു. നമ്മള്‍ വിശ്വസിക്കുന്നത് മൂന്നു ദൈവങ്ങളിലല്ല, മൂന്നു വ്യക്തികളായ ഏകദൈവത്തില്‍ ഏകത്വത്തോടുകൂടിയ ത്രിത്വത്തിലാണ്'' (നമ്പര്‍ 253) ത്രിയേകദൈവം ചരിത്രത്തിലൂടെ സത്യമായും പൂര്‍ണ്ണമായും വെളിപ്പെടുത്തപ്പെട്ട ഏകദൈവമാണ്. നാം പരി. കുര്‍ബാനയില്‍ പ്രാര്‍ത്ഥിക്കുന്നതുപോലെ, 'ഏകപിതാവ് പരിശുദ്ധനാകുന്നു, ഏകപുത്രന്‍ പരിശുദ്ധനാകുന്നു, ഏകറൂഹാ പരിശുദ്ധനാകുന്നു. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും എന്നേക്കും സ്തുതി. ആമ്മേന്‍.' ഇസ്ലാംമതം ഈശോമിശിഹായുടെ ദൈവത്വത്തിലും ഉയിര്‍പ്പിലും വിശ്വസിക്കുന്നില്ല എന്നതും നാം ഓര്‍ക്കേണ്ടതുണ്ട്. ഈശോയെ ഒരു പ്രവാചകനായി മാത്രമേ മുസ്ലീംസഹോദരങ്ങള്‍ കാണുന്നുള്ളു.
ഇസ്ലാം മതത്തെക്കുറിച്ചുള്ള വത്തിക്കാന്‍ കൗണ്‍സിലിന്റെ രണ്ടാമത്തെ സൂചന നാം കാണുന്നത് അക്രൈസ്തവമതങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനത്തിന്റെ മൂന്നാം ഖണ്ഡികയിലാണ്. ഒന്നാമത്തെ ഖണ്ഡികയില്‍ മനുഷ്യകുലത്തിന്റെ പൊതുവായ സാഹോദര്യവും രണ്ടാമത്തെ ഖണ്ഡികയില്‍ ഹൈന്ദവ-ബുദ്ധമതങ്ങളിലെ ദൈവചിന്തയും ചിന്താവിഷയമാക്കുന്നു. തുടര്‍ന്നുവരുന്ന മൂന്നാമത്തെ ഖണ്ഡികയിലാണ് കൗണ്‍സില്‍പിതാക്കന്മാര്‍ ഇസ്ലാംമതത്തെക്കുറിച്ചു പ്രതിപാദിക്കുന്നത്. മുഹമ്മദീയരെയും തിരുസ്സഭ ബഹുമാനത്തോടെ വീക്ഷിക്കുന്നു. അവരും ഏകദൈവത്തെ ആരാധിക്കുന്നവരും അബ്രാഹത്തോടു ബന്ധപ്പെടുന്നതില്‍ അഭിമാനം കൊള്ളുന്നവരുമാണെന്നും അന്തിമവിധിയിലും ശരീരങ്ങളുടെ ഉയിര്‍പ്പിലും വിശ്വസിക്കുന്നവരുമാണെന്നും അംഗീകരിക്കുന്നു. ചരിത്രത്തില്‍ ഉണ്ടായിട്ടുള്ള ഇസ്ലാം-ക്രൈസ്തവമാത്സര്യങ്ങളും കലഹങ്ങളും വിസ്മരിച്ച് പരസ്പരധാരണയോടെ മുേന്നറുവാനും കൗണ്‍സില്‍പിതാക്കന്മാര്‍ ആഹ്വാനം ചെയ്യുന്നു.
ഇതരമതങ്ങളിലെ നന്മയുടെയും സത്യത്തിന്റെയും അംശങ്ങള്‍ കത്തോലിക്കാസഭ അംഗീകരിക്കുമ്പോഴും എല്ലാ മതങ്ങളും പൂര്‍ണ്ണങ്ങളാണെന്നും തുല്യമാണെന്നും വരുന്നില്ല. 1. മറ്റു മതങ്ങളിലും സത്യത്തിന്റെ കിരണങ്ങളുടെ പ്രതിഫലനമുണ്ട് (അക്രൈസ്തവമതങ്ങള്‍), 2) മറ്റു മതങ്ങള്‍ സുവിശേഷസ്വീകരണത്തിനുള്ള ഒരുക്കങ്ങളാണ് (തിരുസ്സഭ, 16; പ്രേഷിതപ്രവര്‍ത്തനം, 3). മറ്റു മതങ്ങളിലും ദൈവവചനത്തിന്റെ വിത്തുകള്‍ ഒളിഞ്ഞുകിടപ്പുണ്ട് എന്നും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നു (പ്രേഷിതപ്രവര്‍ത്തനം, 11). എന്നാല്‍, വഴിയും സത്യവും ജീവനുമായ (യോഹ. 14,6) ഏകരക്ഷകനായ ഈശോയിലാണ് (അപ്പ. 4,12) മനുഷ്യന്റെ മതാത്മകജീവിതത്തിന്റെ സാക്ഷാത്കാരം ദര്‍ശിക്കുന്നത്. അവിടുന്നാണ് ജനതകളുടെ പ്രകാശം (ലൂക്കാ. 2, 31-32). എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ത്ഥവെളിച്ചം (യോഹ. 1,9) എല്ലാവരുടെയും രക്ഷയാണ് ഈശോമിശിഹായുടെയും തിരുസ്സഭയുടെയും ലക്ഷ്യം. കാതോലികമായ സഭ എല്ലാ ജനതകളെയും എല്ലാ ദേശങ്ങളെയും ഉള്‍ക്കൊള്ളുന്നു. അതുകൊണ്ടുതന്നെ പ്രേഷിതപ്രവര്‍ത്തനം തിരുസ്സഭയുടെ അസ്തിത്വപരമായ ദൗത്യവുംകൂടിയാണ്. ഇസ്ലാംമതത്തെക്കുറിച്ചുള്ള കൗണ്‍സില്‍ പ്രബോധനങ്ങള്‍ തന്നെയാണ് സാര്‍വ്വത്രികസഭയുടെ മതബോധനഗ്രന്ഥവും (നമ്പര്‍ 839-856) പഠിപ്പിക്കുന്നത്.