•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ധാര്‍മികത തകര്‍ന്നടിയുമ്പോള്‍

മാനുഷികമൂല്യങ്ങള്‍ക്ക് ഇന്നത്തേതുപോലെ വിലയിടിഞ്ഞ ഒരു കാലഘട്ടം മുമ്പെങ്ങുമുണ്ടായിട്ടില്ല. സത്യം, നീതി, ന്യായം, ദയ, അനുകമ്പ, കരുണ, പരസ്‌നേഹം തുടങ്ങിയ നന്മകളും പുണ്യങ്ങളും നാള്‍ക്കുനാള്‍ സമൂഹത്തില്‍ ക്ഷയിച്ചുവരുന്നു. മാത്രമല്ല അസത്യം, അനീതി, അന്യായം, ക്രൂരത, വെറുപ്പ്, പരദ്രോഹം, ചതി, കൊല, കൊള്ള ആദിയായ തിന്മകളും ദോഷങ്ങളും അടിക്കടി പെരുകിവരുകയും ചെയ്യുന്നു. വര്‍ത്തമാനപ്പത്രങ്ങളുടെ പേജുകളും ആധുനികവാര്‍ത്താമാധ്യമങ്ങളുടെ ഉള്ളടക്കങ്ങളും നാട്ടില്‍ നടമാടുന്ന കൊള്ളരുതായ്മകളുടെ വിവരണങ്ങള്‍കൊണ്ടു നിറയുകയാണ്. മനുഷ്യന്‍ അവന്റെ നാനാവിധ ആര്‍ത്തികളുടെ പൂര്‍ത്തീകരണത്തിനുവേണ്ടി കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളുടെ ഉത്പന്നമാണ് പടര്‍ന്നു പന്തലിക്കുന്ന അധാര്‍മികത.

ആര്‍ത്തികളില്‍ പ്രധാനം ധനാര്‍ത്തിതന്നെ. എന്തു കടുംകൈ ചെയ്തിട്ടായാലും അന്യന്റെ കീശയിലെ കാശ് സ്വന്തം മേശയിലെത്തിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന ധനമോഹികള്‍ ഒത്തിരിയുï് സമൂഹത്തില്‍. രോഗി മരിച്ചെന്ന് ഉറപ്പുവരുത്തിയിട്ടും വില കൂടിയ മരുന്ന് ആ ശരീരത്തില്‍ കുത്തിവയ്ക്കുന്ന ഭിഷഗ്വരനും, കൊലക്കയറോ ജീവപര്യന്തമോ ശിക്ഷ കിട്ടേണ്ട കേസുകളില്‍ കള്ളക്കഥകളും ഇല്ലാത്തെളിവുകളുമുണ്ടാക്കി കുറ്റവാളിയെ മോചിപ്പിച്ചുകൊണ്ടുവരുന്ന അഭിഭാഷകനും അക്കൂട്ടത്തിലുണ്ട്. ജനങ്ങള്‍ തന്നിലര്‍പ്പിച്ച വിശ്വാസത്തിന് വില പേശി കാശുവാങ്ങി കൂറുമാറി ജനാധിപത്യത്തെ പച്ചയ്ക്കു ചുട്ടുതിന്നുന്ന രാഷ്ട്രീയക്കോമരങ്ങളുള്ള നാടാണിത്. ഇവന്‍ അല്ലെങ്കില്‍ ഇവള്‍ ജീവിച്ചിരുന്നാല്‍ ഭാഗോടമ്പടിയില്‍ സ്വന്തം വിഹിതം കുറയുമെന്നു മുന്‍കൂട്ടിക്കണ്ട് എട്ടും പൊട്ടും തിരിയാത്ത കുരുന്നിനെ കൂട്ടിക്കൊണ്ടുപോയി പുഴയിലെറിയുന്ന നരാധമന്മാര്‍ ഇവിടെയുണ്ട്. മകനെ കൊല്ലുന്ന അപ്പനും അപ്പനെ കൊല്ലുന്ന മകളും പരിചിതരാണ് നമുക്ക്. നിത്യോപയോഗവസ്തുക്കള്‍ക്ക് കൃത്രിമക്ഷാമമുണ്ടാക്കി വിലക്കയറ്റം സൃഷ്ടിക്കുന്ന വ്യാപാരപ്രമുഖനും പുറമ്പോക്ക് കയ്യേറി റിസോര്‍ട്ട് പണിയുന്ന കോടീശ്വരനും ഇവിടെ സുഖിച്ചു വാഴുന്നു. 
അമ്പതു രൂപ കൈക്കൂലി വാങ്ങുന്ന ശിപായിമുതല്‍ അഞ്ചുലക്ഷത്തിന് വില പേശുന്ന അഖിലേന്ത്യന്‍വരെ സമൂഹത്തിലെ പുഴുക്കുത്തുകളായി നമ്മുടെ ഇടയിലുണ്ട്. തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വച്ചിട്ട് മോചനദ്രവ്യം ചോദിക്കുന്ന കള്ളക്കൂട്ടങ്ങളും പണം വാങ്ങി കരാറെടുത്ത് കഴുത്തു വെട്ടുന്ന ക്വട്ടേഷന്‍കാരും നോട്ടമിടുന്നത് ധനത്തില്‍ത്തന്നെ. മുക്കുപണ്ടം പണയം വയ്ക്കുന്ന തട്ടിപ്പുകാരിക്കും ബൈക്കില്‍ കറങ്ങിനടന്ന് മാല പൊട്ടിക്കുന്ന കപടമാന്യനും വേണ്ടത് പണംതന്നെ.
ഒരേ പാത്രത്തില്‍നിന്ന് വാരിയുണ്ട് ഒരേ പായില്‍ കിടന്നുറങ്ങി വളര്‍ന്ന കൂടപ്പിറപ്പിനെ ഒരിഞ്ചുഭൂമിക്കുവേണ്ടി കുത്തിക്കൊല്ലുന്ന ചേട്ടനും അനുജനുമൊക്കെ പരിചിതരാണ് നമുക്ക്. ആദിവാസികള്‍ക്കും അകറ്റിനിര്‍ത്തപ്പെട്ടവര്‍ക്കും അനുവദിച്ച ആനുകൂല്യങ്ങള്‍ വ്യാജരേഖകളുണ്ടാക്കി സ്വന്തം പോക്കറ്റിലേക്കു തള്ളിയിറക്കുന്ന നാടുനന്നാക്കികള്‍ ഒരുപാടുണ്ടിവിടെ. വിദ്യാലയങ്ങളുടെയും കലാലയങ്ങളുടെയും പരിസരങ്ങളോടൊപ്പം വളര്‍ന്നുവരുന്ന തലമുറയുടെ സന്മാര്‍ഗബോധമണ്ഡലങ്ങളെ വിഷലിപ്തമാക്കുവാന്‍ പാത്തും പതുങ്ങിയും നടക്കുന്ന മയക്കുമരുന്നുവിതരണക്കാര്‍ നാടുനീളെ ധാരാളമുണ്ടിന്ന്. ഉന്നതവിദ്യാഭ്യാസമേഖലയില്‍ ഒരു നല്ല കോഴ്‌സിന് പ്രവേശനം കിട്ടാന്‍ മാനേജ്‌മെന്റ് തലയെണ്ണി ചോദിക്കുന്ന തലവരിത്തുക എട്ടക്കത്തില്‍ എത്തിനില്‍ക്കുന്ന ഭയാനകമായ അവസ്ഥയില്‍ തകിടംമറിയുന്നത് ആ മേഖലയില്‍ എന്നും ഉണ്ടായിരിക്കേണ്ട ധാര്‍മികതയാണ്.
ധനാര്‍ത്തിപോലെതന്നെ, ഒരുപക്ഷേ, അതിനെക്കാള്‍ ഭീകരമായി, ധാര്‍മികതയെ ചവിട്ടിയരയ്ക്കുന്ന മറ്റൊരു ദുരവസ്ഥയാണ് കാമാര്‍ത്തി. ലോകത്തില്‍ കാണപ്പെടുന്ന ഭൂരിഭാഗം തിന്മകളുടെയും പ്രഭവസ്ഥാനമാണിത്. മാനവകുലത്തിന്റെ നിലനില്പിനായി  സൃഷ്ടികര്‍ത്താവ് മനുഷ്യനില്‍ നിക്ഷേപിച്ച പരിപാവനമായ വിശേഷവികാരത്തെ ഭ്രാന്തമായ ആസക്തികളുടെ പൂര്‍ത്തീകരണത്തിനുള്ള ഉപാധിയായി മനുഷ്യന്‍ കാണുന്നിടത്ത് ലൈംഗിക അരാജകത്വവും തന്മൂലം ഭയാനകമായ അധാര്‍മികതയും രൂപപ്പെടുന്നു. ഭാര്യാഭര്‍ത്താക്കന്മാരുടെ സ്വാര്‍ത്ഥതയോ അറിവില്ലായ്മയോമൂലം ഭ്രൂണഹത്യയ്ക്കു വിധേയരാകുന്ന ലക്ഷക്കണക്കിന് അമ്മമാരെക്കാള്‍ ദശലക്ഷം മടങ്ങ് കൂടുതല്‍ അവിവാഹിതരായ യുവതികളും കൗമാരക്കാരും ഈ അരുംകൊലയ്ക്കു സമ്മതം മൂളേണ്ടിവരുന്നത് കാലഘട്ടത്തിനേറ്റ ഏറ്റവും വലിയ ശാപമെന്നേ പറയേണ്ടൂ. പരസ്പരം വഴക്കിട്ട് വേര്‍പിരിഞ്ഞു കഴിയുന്ന ദമ്പതികളുടെ എണ്ണവും കുടുംബക്കോടതികളില്‍ കെട്ടിക്കിടക്കുന്ന ദശലക്ഷക്കണക്കിന് വിവാഹമോചനക്കേസുകളുടെ എണ്ണവും ഇത്ര ഭീകരമായി ഉയര്‍ന്നിരിക്കാന്‍ കാരണം മുഖ്യമായും ലൈംഗികമായ പൊരുത്തക്കേടുകളും അവയില്‍നിന്ന് ഉദ്ഭൂതമാകുന്ന അസ്വസ്ഥതകളുമാണ്.
വിവാഹവും കുടുംബജീവിതവുമൊക്കെ വിജയിക്കാന്‍ പക്വതയും ക്ഷമാശീലവും വിട്ടുവീഴ്ചാമനോഭാവവും കൂടിയേ തീരൂ.  ഭാര്യാഭര്‍ത്തൃബന്ധത്തില്‍ കാത്തുസൂക്ഷിക്കേണ്ട വിശ്വസ്തതയുടെ ലംഘനംമൂലം ധാര്‍മികമായ അധഃപതനത്തിന്റെ പടുകുഴിയില്‍ വീണുഴലുന്ന ജീവിതങ്ങള്‍ നിരവധിയുണ്ടിന്ന്. ആസക്തികളുടെ തിരത്തള്ളലില്‍ ദുരുപയോഗം ചെയ്യപ്പെടുന്ന ബാല്യകൗമാരങ്ങള്‍ ഒന്നുകില്‍ കൊല്ലപ്പെടുന്നു; അല്ലെങ്കില്‍ പ്രസരിപ്പും പ്രസന്നതയും നഷ്ടപ്പെട്ട് വിഷാദരോഗികളായി മാറുന്നു. വരുംവരായ്കകളെപ്പറ്റി ചിന്തിക്കാതെ കള്ളപ്പുകഴ്ത്തലുകളില്‍ മയങ്ങി, കപടവാഗ്ദാനങ്ങളില്‍ കുടുങ്ങി എടുത്തുചാടുന്ന എത്രയോ കൗമാരങ്ങള്‍ ആത്മഹത്യയില്‍ അഭയം തേടുന്നു.
പല രാജ്യങ്ങളും നിയമവിധേയമാക്കിയിട്ടുള്ളതും ചിലയിടങ്ങളില്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതുമായ മറ്റൊരു കാമഭ്രാന്താണ് സ്വവര്‍ഗവിവാഹം. ആ വാക്കുതന്നെ യുക്തിക്കു നിരക്കാത്തതും അര്‍ത്ഥരഹിതവുമാണ്. പുരുഷനെയും സ്ത്രീയെയും തമ്മില്‍ ദൈവം യോജിപ്പിക്കുന്ന പാവനമായ ബന്ധമാണ് വിവാഹം. രണ്ടോ അതിലധികമോ കാമകേളിക്കാര്‍ ഒന്നിച്ചുകഴിയുന്നതിനെ വിവാഹമെന്നു വിശേഷിപ്പിക്കുന്ന വിവരദോഷികള്‍ക്കു പ്രകൃതിപോലും കൊടുക്കില്ല മാപ്പ്! ലൈംഗികധാര്‍മികതയെ പാതാളത്തിന്റെ അടിത്തട്ടോളം ചവിട്ടിത്താഴ്ത്തുന്ന ഈ സാത്താനിസം ഇന്നിന്റെ തിന്മകളില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു.
ധാര്‍മികതയെ തകിടം മറിക്കുന്ന മറ്റൊരു ഘടകം തീനാര്‍ത്തിയാണ്. പാനാര്‍ത്തിയും ഇതിലുള്‍പ്പെടുന്നു. വയറും ചോറും കള്ളും ലഹരിയുമാണ് ഈ ആര്‍ത്തിക്കാരുടെ സര്‍വവും. മാമ്മോദീസയ്ക്കുമുതല്‍ മരിച്ചടക്കിനുവരെ ബാറുകളായി മാറുന്ന ഭവനങ്ങള്‍ നമുക്കിടയിലുണ്ട്. തലയെടുപ്പും താന്‍പോരിമയും നാലുപേരെ അറിയിക്കാന്‍ അനാവശ്യമായ ജാടയും ധൂര്‍ത്തും ആര്‍ഭാടങ്ങളും ആഡംബരങ്ങളും നിരത്തി ആഘോഷിക്കുന്ന മനസ്സമ്മതവും കെട്ടുകല്യാണവും സര്‍വസാധാരണമായി. മൂന്നു തലമുറ സ്ത്രീകളോടും കൊച്ചുമക്കളോടുമൊപ്പമിരുന്ന് ലഹരി കഴിച്ചാഹ്ലാദിക്കുന്ന കുടുംബങ്ങളും ഏറെയുണ്ടിന്ന്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദൂഷിതവലയത്തിലേക്കു വളരുന്ന തലമുറ വീണുപോകുന്നെങ്കില്‍ ആ അധാര്‍മികതയ്ക്ക് നമ്മളല്ലാതെ മറ്റാരും ഉത്തരവാദികളാകുന്നില്ല.
പിന്നാലെ വരുന്നു താനാര്‍ത്തി എന്ന അഹംഭാവം. എന്നില്‍ അല്ലെങ്കില്‍ ഞങ്ങളില്‍ കവിഞ്ഞ് ആരുമുണ്ടാകരുത് എന്ന ദുര്‍വാശിയാണ് ഇതിന്റെ പിന്നില്‍. ഫോട്ടോയില്‍ ഇടംപിടിക്കാന്‍ ഇടിച്ചുകയറുന്ന അല്പന്മാര്‍ മുതല്‍ ജാഥ നടത്തുന്നതും റാലി നയിക്കുന്നതും മറ്റാരുമാകരുതെന്നു ചിന്തിക്കുന്ന അനല്പന്മാര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. അങ്ങേ വീട്ടിലെ കാറ് എട്ടുലക്ഷത്തിന്റേതാണെങ്കില്‍ ഈ വീട്ടിലേത് പത്തു ലക്ഷത്തിന്റേതായിരിക്കണം, ആ വീടിന് ഒന്നരക്കോടി മുടക്കുമെങ്കില്‍ ഈ വീടിന് രണ്ടരക്കോടി മുടങ്ങിയിരിക്കണം. ഇങ്ങനെയാണ് നമ്മുടെ ചിന്ത പോകുന്നത്. 
ജനിക്കാനോ ജീവിക്കാനോ മരിക്കാനോ ഇടമില്ലാതെ മരണക്കിടക്കയായി വച്ചുനീട്ടപ്പെട്ട മരക്കുരിശു ചുമലിലേന്തി കാല്‍വരിയുടെ കാട്ടുകല്‍പ്പടവുകളില്‍ ചോരയൊലിക്കുന്ന കാല്‍പ്പാദങ്ങള്‍ വലിച്ചുവച്ച് വേച്ചുവേച്ച് ചവിട്ടിക്കയറിയ മനുഷ്യപുത്രന്റെ അനുയായികള്‍ അനുവര്‍ത്തിക്കുന്ന അനുകരണത്തിന്റെ നേര്‍ക്കാഴ്ചകളാണിവയൊക്കെ!  ലജ്ജിച്ചു തലതാഴ്ത്തണം നമ്മള്‍. നെഞ്ചിലിടിച്ചു 'മേയാ കുള്‍പ്പാ' എന്ന് ഏറ്റുപറയണം.
മണിമന്ദിരങ്ങളില്‍നിന്ന് പടുതാക്കുടിലിലേക്ക് ഇറങ്ങിച്ചെല്ലാനുണ്ടായ ആഹ്വാനം നമ്മള്‍ കേട്ടില്ല. സുനാമി മുതല്‍ കൊവിഡ് വരെ നമ്മെ വേട്ടയാടുന്നു. ലോകനിയന്താവ് സര്‍വതും അടച്ചുപൂട്ടിച്ചു. മാസങ്ങള്‍ എട്ടു കഴിഞ്ഞിരിക്കുന്നു. തൊഴില്‍ നഷ്ടമായി, വരുമാനം നിലച്ചു. പട്ടിണി പതിന്മടങ്ങായി. സര്‍വത്ര മാന്ദ്യം, മരവിപ്പും അനിശ്ചിതത്വവും. ലോകരാജ്യങ്ങള്‍ ഒന്നടങ്കം വിറങ്ങലിച്ചു നില്‍ക്കുന്നു. ഇതു കുറിക്കുന്ന നാള്‍വരെ രോഗം ബാധിച്ചവര്‍ ആറുകോടികഴിഞ്ഞു, മരണസംഖ്യ പതിനാറര ലക്ഷം. ദൈവത്തെപ്പോലും വിറ്റുകാശാക്കാനുള്ള മനുഷ്യന്റെ ത്വര ഇപ്പോള്‍ ഇവിടെയെത്തി നില്‍ക്കുന്നു. ഇതിനേക്കാള്‍ മോശമായതൊന്നും സംഭവിക്കാതിരിക്കാന്‍ അധാര്‍മികതയുടെ അന്ധകാരത്തില്‍നിന്ന് ധാര്‍മികതയുടെ വെള്ളിവെളിച്ചത്തിലേക്കു കടന്നുകയറാനുള്ള സദ്ബുദ്ധി ഇനിയെങ്കിലും മാനവരാശിക്കുണ്ടാകട്ടേയെന്നാശിക്കാം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)