•  2 May 2024
  •  ദീപം 57
  •  നാളം 8
വചനനാളം

യാഹ്‌വെ കരുണയുള്ളവനാണ്

ഡിസംബര്‍ 13
മംഗളവാര്‍ത്തക്കാലം 
മൂന്നാം ഞായര്‍ഉത്പ 18:1-10
ന്യായ 13:2-7, 24
എഫേ 3:1-13     ലൂക്കാ 1: 57-66

 

''യൂദയായിലെ മലനാട്ടിലെങ്ങും ഈ സംഗതികള്‍ സംസാരവിഷയമായി''  ലൂക്കാ 1/66.

ഒരു മലനാട്ടില്‍ സംസാരവിഷയമായ, വാര്‍ത്താപ്രാധാന്യം നേടിയ ഒരു കുഞ്ഞിന്റെ പിറവിയാണ് ഇന്നത്തെ സുവിശേഷവിചിന്തനവിഷയം. സ്‌നാപകയോഹന്നാന്റെ പിറവിയാണ് മലനാട്ടിലെങ്ങും ചര്‍ച്ചയായത്. മലനിരകളിലും മരുഭൂമിയിലും പാര്‍ക്കാനും മാനസാന്തരം പ്രസംഗിക്കാനുമായി പിറന്നവനെ മലയോരവാസികള്‍ തങ്ങളുടെ സംസാരത്തിന്റെ വിഷയമാക്കിയിക്കുന്നു. 

സ്‌നാപകയോഹന്നാന്റെ പിറവിയുടെ പിന്നിലുള്ള പ്രത്യേകതകളാണ് ഈ പ്രസവത്തെ വാര്‍ത്താപ്രാധാന്യമുള്ളതാക്കിയത്. അവന്റെ അമ്മ എലിസബത്ത് വന്ധ്യയായിരുന്നു; അപ്പന്‍ സഖറിയ പ്രായം കവിഞ്ഞവനും. വന്ധ്യത വലിയ ശാപമായിക്കരുതിയിരുന്ന പഴയനിയമകാലം. അതിരു കവിഞ്ഞ പ്രായവും വന്ധ്യതയും ഒരു ശിശുവിനുള്ള സാധ്യതയെ അപ്പാടെ ചോദ്യം ചെയ്യുന്ന അവസ്ഥ. അപ്പോള്‍ എലിസബത്ത് ഗര്‍ഭം ധരിച്ചു. അര്‍ത്ഥവത്തായ ഒരു ഗര്‍ഭധാരണം! സഖറിയ മൗനം ധരിച്ചു. വാചാലമായ ഒരു മൗനം!  മനുഷ്യര്‍ക്കു മാറ്റാനാവാത്ത അവസ്ഥകളെ ദൈവത്തിനു മാറ്റാനാവും. പ്രായവും കാലവും ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ക്ക് ഒരു തടസ്സമല്ല. 18 വര്‍ഷം കുനിഞ്ഞുനടന്നവളെ കര്‍ത്താവ് നിവര്‍ത്തി നിര്‍ത്തി! 12 വര്‍ഷമായി രക്തസ്രാവം ബാധിച്ചിരുന്ന  സ്ത്രീക്ക് ഈശോ സൗഖ്യം നല്‍കി! 
38 വര്‍ഷമായി കുളക്കരയില്‍ കിടന്ന തളര്‍വാതരോഗിയെ യേശു കിടക്കയില്‍നിന്നെഴുന്നേല്പിച്ചു. സംസ്‌കരിക്കപ്പെട്ടിട്ട് നാലു ദിവസമായ ലാസറിനെ കര്‍ത്താവ് ഉയിര്‍പ്പിച്ചു. ന്യായാധിപപുസ്തകത്തില്‍ നിന്നുള്ള രണ്ടാംവായനയിലെ മനോവയുടെ ഭാര്യയും വന്ധ്യയായിരുന്നു. അശക്തരും ആശ്രയമില്ലാത്തവരുമായ അവര്‍ക്കാണ് ദൈവം ശക്തനായ സാംസണ്‍ എന്ന പുത്രനെ നല്‍കി അനുഗ്രഹിച്ചത്! 
'യോഹന്നാന്‍' 
= ദൈവം കരുണയുള്ളവനാണ് 
ശിശുവിന് എന്തു പേരു നല്‍കണം? അമ്മ പറയുന്നു: 'യോഹന്നാന്‍'. മൂകനായിത്തീര്‍ന്ന അപ്പന്‍ എഴുത്തുപലകയില്‍ എഴുതിക്കൊണ്ട് പറയാതെ പറഞ്ഞു: 'യോഹന്നാന്‍.' ദൈവം കരുണാനിധിയാണ്, കരുണാകരനാണ് എന്നര്‍ത്ഥം. വീണ്ടും ജനത്തെ അദ്ഭുതപ്പെടുത്തിയത് സഖറിയായുടെ മൗനം വാചാലമായതാണ്. അവന്റെ വാ തുറന്നു. നാവിന്റെ കെട്ടുകളഴിഞ്ഞു. മനസ്സിന്റെ കെട്ടുകളഴിച്ച് മാനസാന്തരപ്പെടുവിന്‍ എന്നു പറഞ്ഞ സ്‌നാപകന്റെ പിറവിയിലുടനീളം അദ്ഭുതങ്ങളുടെ അകമ്പടിയുണ്ട്! അഭിഷേകത്തിന്റെ നിറവുണ്ട്! ദൈവകരം കൂട്ടിനുണ്ട്!
'സഖറിയ' = ദൈവം ഓര്‍ത്തു
സഖറിയ എന്ന തന്റെ പേരിന്റെ മനോഹരമായ അര്‍ത്ഥം  സഖറിയായ്ക്ക്ഇപ്പോള്‍ തികച്ചും ബോധ്യമായി. ഒപ്പം എലിസബത്തിനും യൂദയാനിവാസികള്‍ക്കും. 'കര്‍ത്താവ് ഓര്‍മ്മിച്ചിരിക്കുന്നു', എത്രഅര്‍ത്ഥവത്തായ പേര്. ദൈവത്തിന് ഓര്‍മ്മയുണ്ട്. കരുതലുണ്ട്. ഒപ്പം കരുണയുണ്ട്. ദൈവത്തിനു വന്ധ്യത ഒരു പ്രതിബന്ധമല്ല. ദൈവത്തിന് വന്ധ്യതയും ഒരു സാദ്ധ്യതയാണ്. പ്രതിസന്ധികള്‍ ഉയരുമ്പോള്‍ അബ്രാഹത്തോടൊപ്പം പ്രത്യാശയോടെ പറയാം: ''ദൈവം തരും'' (ഉത്പത്തി 22/8). 
ആദ്യവായന (ഉത്പ 18/1-10) ദൈവത്തിന്റെ ഉദാരതയുടെയും അബ്രാഹത്തിന്റെ ഉദാരമായ വിരുന്നിന്റെയും ആതിഥ്യമര്യാദയുടെയും കഥയാണ്. അപരിചിതന്റെ രൂപഭാവങ്ങളില്‍ എമ്മാവൂസ് യാത്രക്കാരുടെ കൂടെ നടന്ന യേശുവിനെപ്പോലെ അതിഥികളുടെ വേഷത്തില്‍ ദൈവം അബ്രാഹത്തിന്റെ വസതി സന്ദര്‍ശിച്ചു. ഈ കഥയില്‍ രണ്ടുവട്ടം ആവര്‍ത്തിക്കുന്ന ഒരു പദമാണ് 'വസന്തം' ഉദാരനിധിയായ ദൈവം ഉദാരമതിയായ അബ്രാഹത്തെയും സാറായെയും അനുഗ്രഹിച്ച് അവരുടെ ജീവിതത്തില്‍, വസതിയില്‍ വസന്തം വിരിയിച്ച കഥ. അബ്രാഹത്തിന്റെ നിലംപറ്റെയുള്ള വണങ്ങലും മൂന്നുപേര്‍ക്കുള്ള മൂന്നിടങ്ങഴിമാവിന്റെ അപ്പവും പാകം ചെയ്ത കൊഴുത്ത അഥവാ കൊഴുപ്പിച്ച (പ്രത്യേകമായി വളര്‍ത്തിയത്) ഇളം കാളകുട്ടിയും മൂരിയിറച്ചിയും വെണ്ണയും പാലും അബ്രാഹത്തിന്റെ ഉദാരതയുടെയും സുതാര്യതയുടെയും വ്യക്തമായ അടയാളപ്പെടുത്തലുകളാണ്. പൗലോസ്ശ്ലീഹായുടെ വാക്കുകളില്‍ 'ക്രിസ്തുവിന്റെ ദുര്‍ഗ്രഹമായ സമ്പന്നതയുടെ' (എഫേ 3/8) സാക്ഷ്യപ്പെടുത്തലാണ്. ''എന്റെ ദൈവം തന്റെ മഹത്ത്വത്തിന്റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും'' (ഫിലി 4/19) എന്നതിന്റെ ഉറപ്പാണ്.
സഖറിയായുടെ ഗാനം
''അവന്റെ വായ് തുറക്കപ്പെട്ടു. നാവ് സ്വതന്ത്രമായി. അവന്‍ ദൈവത്തെ വാഴ്ത്തി'' (ലൂക്കാ:64).
കെട്ടഴിഞ്ഞ നാവുകൊണ്ട് സഖറിയ പാട്ടുപാടി. കെട്ടുപാടുകള്‍ തട്ടിമാറ്റുന്ന ദൈവകരുണയുടെ കീര്‍ത്തനം. എല്ലാവരും കൈവെടിയുമ്പോഴും കൈവിടാതെ 'ദൈവകര'ത്തിന്റെ സ്തുതികീര്‍ത്തനം.
''അവിടുന്ന് എന്റെ വിലാപത്തെ ആനന്ദനൃത്തമാക്കി മാറ്റി. അവിടുന്ന് എന്നെ... ആനന്ദമണിയിച്ചു. ഞാന്‍ മൗനം പാലിക്കാതെ അങ്ങയെ പാടിപ്പുകഴ്ത്തും. ദൈവമായ കര്‍ത്താവേ, ഞാനങ്ങേക്ക് എന്നും നന്ദി പറയും.'' (സങ്കീ 30: 11-12).
''എന്റെ നാവ് കര്‍ത്താവിന്റെ സ്തുതികള്‍ പാടും.'' - സങ്കീ. 145/21
ദൈവകൃപകള്‍ സ്വീകരിച്ചിട്ട് നന്ദി പറയാത്തവരും ദൈവത്തെ സ്തുതിക്കാത്തവരും സങ്കീര്‍ത്തകന്റെ ഭാഷയില്‍ മൃതരാണ്.
''മരിച്ചവരും നിശ്ശബ്ദതയില്‍ ആണ്ടുപോയവരും കര്‍ത്താവിനെ സ്തുതിക്കുന്നില്ല'' - സങ്കീ. 115/17.
ദൈവത്തെ സ്തുതിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് സങ്കീര്‍ത്തനഗ്രന്ഥം സമാപിക്കുന്നത്. 
''സര്‍വ്വജീവജാലങ്ങളും കര്‍ത്താവിനെ സ്തുതിക്കട്ടെ! കര്‍ത്താവിനെ സ്തുതിക്കുവിന്‍'' - സങ്കീ. 150/6
''കര്‍ത്താവിന്റെ കരം''
''കര്‍ത്താവിന്റെ കരം അവനോടുകൂടെ ഉണ്ടായിരുന്നു.'' - ലൂക്കാ. 1/66
ഇന്നത്തെ സുവിശേഷവായനയുടെ സമാപനവചനമാണിത്. ഈ വചനത്തോട് കൂട്ടിവായിക്കേണ്ട വചനങ്ങളാണ് താഴെ പറയുന്നവ. 
''കര്‍ത്താവിന്റെ ആത്മാവ് എന്റെമേല്‍ ഉണ്ട്.'' - (ലൂക്കാ 4/18)
''ശിശു വളര്‍ന്നു, ആത്മാവില്‍ ശക്തിപ്പെട്ടു'' - (ലൂക്കാ 1/80)
നാസീര്‍വ്രതക്കാരനായി ജീവിച്ച സാംസണ്‍ എന്ന കുട്ടിയുടെ വളര്‍ച്ചയെപ്പറ്റിയുള്ള വചനഭാഗംകൂടി ചേര്‍ത്തു വായിക്കാം.
''കുട്ടി വളര്‍ന്നു. കര്‍ത്താവ് അവനെ അനുഗ്രഹിച്ചു... കര്‍ത്താവിന്റെ ആത്മാവ് അവനില്‍ പ്രവര്‍ത്തിച്ചുതുടങ്ങി.'' - (ന്യായ 13/24).
കര്‍ത്താവിന്റെ ആത്മാവുള്ളപ്പോള്‍ കര്‍ത്താവിന്റെ കരം കൂടെയുണ്ട്. കര്‍ത്താവിന്റെ കരം കൂടെയുണ്ടെങ്കില്‍ ഒരുവന്‍ കര്‍ത്താവിന്റെ ആത്മാവിലാണ്. 
''കര്‍ത്താവിന്റെ വലത്തുകൈ കരുത്തു പ്രകടമാക്കി.
കര്‍ത്താവിന്റെ വലത്തുകൈ മഹത്ത്വമാര്‍ജിച്ചിരിക്കുന്നു;
കര്‍ത്താവിന്റെ വലത്തുകൈ കരുത്തു പ്രകടമാക്കി.''
 - സങ്കീ. 118/ 15-16.

Login log record inserted successfully!