തെറ്റില്ലാത്ത ഭാഷ എന്ന സങ്കല്പംപോലും പല ഭാഷാവിദഗ്ധര്‍ക്കും പരിഷ്‌കരണവാദികള്‍ക്കും അസഹ്യമാണ്. അക്ഷര-പദ-വാക്യ വ്യാകരണശുദ്ധികളൊക്കെ അനാവശ്യമാണെന്ന ധാരണ ബോധപൂര്‍വ്വമോ അല്ലാതെയോ പ്രചരിപ്പിക്കപ്പെടുന്നു. ആശയവിനിമയം നടക്കുന്നുണ്ടോ എന്നു ശ്രദ്ധിച്ചാല്‍ മതിയെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. ഈ സമീപനം ശരിയല്ലെന്നു കരുതുന്ന, പദശുദ്ധിയും വാക്യശുദ്ധിയും വ്യാകരണനിയമങ്ങളും പാലിക്കപ്പെടണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ഭാഷാസ്‌നേഹികളും ഭാഷാപണ്ഡിതരും അധ്യാപകരുമൊക്കെ നമ്മുടെയിടയിലുണ്ട്. അത്തരം സുമനസ്സുകളുടെ ഗണത്തില്‍പ്പെടുന്ന ഭാഷാസ്‌നേഹിയായ അദ്ധ്യാപകനാണ് പാലാ സെന്റ് തോമസ് കോളജിലെ മലയാളവിഭാഗം തലവനായ ഡോ. ഡേവിസ് സേവ്യര്‍. അദ്ദേഹത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിന്റെയും നിരന്തരഗവേഷണത്തിന്റെയും ഫലമാണ് ''പദശുദ്ധികോശം'' എന്ന വിശിഷ്ടഗ്രന്ഥം.
ഭാഷപരമായ കുറെ തെറ്റുകള്‍ എടുത്തുകാട്ടി ആരെയും കുറ്റപ്പെടുത്തുന്ന രീതിയല്ല ''പദശുദ്ധികോശ''ത്തില്‍ അനുവര്‍ത്തിച്ചിരിക്കുന്നത്. തെറ്റുകളെ വകതിരിച്ചും അപഗ്രഥിച്ചും ശരിയിലേക്കുള്ള വഴികള്‍ ചൂണ്ടിക്കാണിക്കാനാണ് ഗ്രന്ഥകര്‍ത്താവ് ഉദ്യമിച്ചിരിക്കുന്നത്.
വാക്യഘടനയുടെയും പ്രയോഗവൈകല്യങ്ങളുടെയും മേഖലയിലാണ് ഏറെയും തിരുത്തല്‍പ്രക്രിയ നടക്കാറുള്ളത്. എന്നാല്‍, ഈ പുസ്തകം ഭാഷയുടെ അടിസ്ഥാനഘടകങ്ങളായ അക്ഷരങ്ങളിലും പദങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പദം, നിരുക്തി, അര്‍ഥഭേദം, സമാനപദങ്ങള്‍ എന്നിങ്ങനെ ശബ്ദത്തെ പലവിധത്തില്‍ പരിശോധിക്കുന്ന ശില്പക്രമമാണ് ഗ്രന്ഥരചനയില്‍ അവലംബിച്ചിരിക്കുന്നത്.
വളരുന്ന ഭാഷയില്‍ തെറ്റുകള്‍ സ്വാഭാവികമായതിനാല്‍ തിരുത്തലുകള്‍ അനിവാര്യമാണെന്നും അത് ഭാഷയുടെ വളര്‍ച്ചയെ പിന്നോട്ടടിക്കുമെന്ന വാദത്തില്‍ കഴമ്പില്ലെന്നും ഇതരശുദ്ധികള്‍പോലെ ഭാഷാശുദ്ധിയും ജീവിതത്തില്‍ സാക്ഷേപമായിരിക്കണമെന്നും ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നു.
ദീപനാളം വാരികയുടെ ചീഫ് എഡിറ്റര്‍ റവ. ഫാ. കുര്യന്‍ തടത്തില്‍ നല്കിയ പ്രചോദനവും (2013 ജൂലൈ) അവസരവുമാണ് പദശുദ്ധികോശമായി പരിണമിച്ചതെന്ന് ഗ്രന്ഥകാരന്‍ ആമുഖത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ പദത്തെക്കുറിച്ചുമുള്ള ചെറുകുറിപ്പുകളിലൂടെ 414 അധ്യായങ്ങളിലായി പതിനായിരത്തിനുമേല്‍ മലയാളപദങ്ങള്‍ ഈ ഗ്രന്ഥം വിശകലനം ചെയ്യുന്നു. ഇതിലൂടെ കടന്നുപോകുമ്പോഴാണ് നമ്മുടെ ഭാഷാപദപ്രയോഗത്തിലെ തെറ്റുകള്‍ എത്രയധികമാണെന്ന് തെല്ല് അദ്ഭുതത്തോടെയും അതിലേറെ ജാള്യത്തോടെയും നാം തിരിച്ചറിയുന്നത്. ഭാഷാശുദ്ധിമാര്‍ഗത്തില്‍ വഴിവിളക്കായി ശോഭിച്ചു മാര്‍ഗദര്‍ശനം നല്കുന്ന ആധികാരികഗ്രന്ഥമാണ് ''പദശുദ്ധികോശം''.