പ്രകൃതിയുടെ ലാവണ്യം മനുഷ്യന്റെ മനസ്സിലുണ്ടാക്കുന്ന മായികപ്രപഞ്ചം അതിശയകരങ്ങളാണ്. ചിത്രസമാനമായ കാഴ്ചകള്‍ നമുക്കു സമ്മാനിക്കുന്ന പല പ്രതിഭാസങ്ങളും പ്രപഞ്ചത്തിലുണ്ട്. അത്തരത്തിലൊന്നാണ് മഴവില്‍ മരങ്ങള്‍ (Rain-bow Trees). ഫിലിപ്പൈന്‍സിലും ഇന്‍ഡോനേഷ്യയിലും പാപ്പുവ ന്യൂഗിനിയയിലും കണ്ടുവരുന്ന കളര്‍മരങ്ങളാണ് യൂക്കാലിപ്റ്റസ് ഡിഗ്ലപ്റ്റ. ''ഡിഗ്ലപ്റ്റ'' എന്ന ലാറ്റിന്‍പദത്തിന്റെ അര്‍ത്ഥം ''തോലുരിയുക'' എന്നതാണ്. ഒറ്റനോട്ടത്തില്‍ ജലച്ചായചിത്രങ്ങള്‍ ആണെന്നു തോന്നിക്കുന്ന ഇവ മഴക്കാടുകളില്‍ കാണപ്പെടുന്ന ഒരു തരം യൂക്കാലിപ്റ്റസ് മരങ്ങളാണ്.
റെയിന്‍ബോ യൂക്കാലിപ്റ്റസ് മരങ്ങള്‍ അലങ്കാരസസ്യമായി കൃഷി ചെയ്യാറുണ്ട്. മഞ്ഞില്ലാത്ത കാലാവസ്ഥയാണ് ഇവയ്ക്ക് അനുയോജ്യം. കാലിഫോര്‍ണിയയുടെ തെക്കന്‍ പ്രവിശ്യകള്‍, ടെക്‌സസ്, ഫ്‌ളോറിഡ എന്നിവിടങ്ങളില്‍ ഇവ വളര്‍ത്തുന്നുണ്ട്. തടികളില്‍ കാണുന്ന ബഹുവര്‍ണ്ണങ്ങളാണ് ഇവയുടെ പ്രത്യേകത. മഴയ്ക്കുശേഷമുള്ള മരക്കൂട്ടങ്ങള്‍ സ്വപ്‌നസദൃശമായ കാഴ്ച സമ്മാനിക്കുന്നു. കടുംചുവപ്പ്, ഓറഞ്ച്, നീല എന്നീ തീവ്രവര്‍ണ്ണങ്ങളുടെ നിറച്ചാര്‍ത്തുകളാണ് ഈ മരത്തിന്റെ പ്രത്യേകത.
ഇതിന്റെ തൊലി വിഷമയമാണ്. പുറംതൊലി കൊഴിയുമ്പോള്‍ ഉള്ളിലുള്ള ചുവപ്പ്, പച്ച, ഓറഞ്ച്, പര്‍പ്പിള്‍ നിറങ്ങള്‍ കാണാറാകും. ഉയരത്തില്‍ വളരുന്ന ഇവയുടെ തടിക്ക് ഏകദേശം 240 സെന്റീമീറ്റര്‍ ചുറ്റളവ് ഉണ്ടാവും. പൂമൊട്ടുകള്‍ കുലകളായി കാണപ്പെടുന്നു. വിടരാറായവ മങ്ങിയ പച്ചനിറത്തിലോ ക്രീം നിറത്തിലോ ആയിരിക്കും. കായ്കള്‍ കട്ടിയുള്ളവയാണ്. ഇവ വിളഞ്ഞ് മൂപ്പെത്തുമ്പോള്‍ പൊട്ടി വിത്തുകള്‍ പുറത്തേക്കു വരുന്നു. ഓരോ കായിലും മൂന്നുമുതല്‍ 12 വരെ വിത്തുകള്‍ ഉണ്ടായിരിക്കും. ബ്രൗണ്‍നിറത്തിലുള്ള വിത്തുകള്‍ക്ക് ഇരുവശവും ചിറകുപോലെയുള്ള ഭാഗങ്ങളുമുണ്ട്.
അഞ്ചുവര്‍ഷം വളര്‍ച്ചയെത്തിയ ചെടിയില്‍നിന്ന് കമ്പു മുറിച്ച് തൈകള്‍ ഉണ്ടാക്കാം. ഫ്‌ളോറിഡയിലെ ഫെയര്‍ ചൈല്‍ഡ് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ തീവ്രനിറങ്ങളുള്ള മഴവില്‍മരങ്ങള്‍ കാണാം. പേപ്പര്‍നിര്‍മ്മാണത്തിനുവേണ്ടിയാണ് പ്രധാനമായും മഴവില്‍ യൂക്കാലിപ്റ്റസ് ഉപയോഗിക്കുന്നത്. ഫിലിപ്പൈന്‍സില്‍ പേപ്പര്‍നിര്‍മ്മാണത്തിനു പ്രധാനമായി ഉപയോഗിക്കുന്നത് ഇത്തരം മരങ്ങളുടെ പള്‍പ്പ് ആണ്. ഇന്ത്യയില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ആന്ധ്രപ്രദേശ്, തെലുങ്കാന, തമിഴ്‌നാട്, പഞ്ചാബ്, ഹരിയാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ ഇവ വളര്‍ത്തുന്നുണ്ട്. കെട്ടിടനിര്‍മ്മാണത്തിനും ഫര്‍ണിച്ചര്‍നിര്‍മ്മാണത്തിനും ബോട്ടുകള്‍ ഉണ്ടാക്കുവാനും അലങ്കാരവസ്തുക്കള്‍ നിര്‍മ്മിക്കാനും ഇവ ഉപയോഗിക്കുന്നു. അപൂര്‍വ്വമായ ഒരു അലങ്കാരസസ്യമാണ് മഴവില്‍ യൂക്കാലിപ്റ്റസ്.
നയനാനന്ദകരമെങ്കിലും ഇവ വളര്‍ത്തുന്നതില്‍ ചില പ്രശ്‌നങ്ങളുമുണ്ട്. പടര്‍ന്നു പന്തലിക്കാന്‍ ധാരാളം സ്ഥലം ഇവയ്ക്കാവശ്യമുണ്ട്. കെട്ടിടങ്ങള്‍ക്കും റോഡുകള്‍ക്കും അകലെ മാത്രമേ നടാന്‍ പറ്റൂ. തായ്ത്തടിയില്‍നിന്ന് അകലേക്കു പായുന്ന വേരുകള്‍ ഇവയുടെ പ്രത്യേകതയാണ്.
കാലാവസ്ഥയുടെ മാറ്റം അനുസരിച്ചു നിറങ്ങള്‍ക്ക് ഏറ്റക്കുറച്ചില്‍ ഉണ്ടാവാമെങ്കിലും പ്രകൃതിയുടെ ഈ പെയിന്റിംഗ് രാജകീയപ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്നു. പ്രകൃതിയുടെ അദ്ഭുതങ്ങള്‍ മനുഷ്യമനസ്സിലുണ്ടാക്കുന്ന നിറഭേദങ്ങള്‍ക്കു മങ്ങലേല്‍ക്കാതെ സൂക്ഷിക്കാം.