ഇന്ത്യ സ്വതന്ത്രമായതിനുശേഷം നമ്മുടെ ഭരണസംവിധാനത്തിലുണ്ടായ ഏറ്റവും വിപ്ലവകരമായ പരിവര്‍ത്തനങ്ങളില്‍ ഒന്നാണ് 73, 74 ഭരണഘടനാഭേദഗതിയിലൂടെ യാഥാര്‍ത്ഥ്യമായ അധികാരവികേന്ദ്രീകരണം. അധികാരം എന്നും ന്യൂനപക്ഷമായ ഭരണവര്‍ഗ്ഗത്തിനു പ്രിയപ്പെട്ടതും മറ്റുള്ളവര്‍ക്കു വിട്ടുകൊടുക്കാന്‍ താത്പര്യമില്ലാത്തതുമാണ്. ധനത്തിന്മേലുള്ള അവകാശവും തീരുമാനമെടുക്കാനുള്ള അധികാരവും അധികാരകേന്ദ്രങ്ങളെ എന്നും സുഖലോലുപര്‍ മാത്രമാക്കുന്നതായാണ് അനുഭവം. തങ്ങളുടെ കൈവശമുണ്ടായിരുന്ന നിരവധി അധികാരങ്ങളെ 11,12 പട്ടികകളിലാക്കി ത്രിതലപഞ്ചായത്തുസ്ഥാപനങ്ങള്‍ക്കു വിട്ടുകൊടുക്കുകയും അധികാരത്തോടൊപ്പം അധികാരം നടപ്പിലാക്കുന്നതിനുള്ള സ്വാതന്ത്ര്യവും ധനവും കൈമാറുകയും ചെയ്ത സുപ്രധാനമായ ഭരണഘടനാഭേദഗതിയാണ് പഞ്ചായത്തുരാജ്.
മാറ്റങ്ങള്‍
1. ജനങ്ങള്‍ക്ക് അപ്രാപ്യമായിരുന്ന അധികാരസ്ഥാനങ്ങളില്‍നിന്ന് അധികാരം ജനങ്ങളുടെ കൈകളില്‍ എത്തി.
2. തദ്ദേശീയതാത്പര്യങ്ങളും ആവശ്യങ്ങളും ചര്‍ച്ചകളിലൂടെ തിരിച്ചറിഞ്ഞ് ആസൂത്രണം ചെയ്തു നടപ്പിലാക്കി.
3. സര്‍ക്കാര്‍തലങ്ങളില്‍ മാത്രം നിയന്ത്രിക്കപ്പെട്ടിരുന്ന ധനവിനിയോഗം നേരിട്ട് താഴേത്തട്ടില്‍ എത്തിക്കാന്‍ കഴിഞ്ഞു. (പദ്ധതിവിഹിതത്തിന്റെ 30-35%)
നേട്ടങ്ങള്‍
1. പഞ്ചായത്തുകള്‍ ശക്തമായ ഭരണനടത്തിപ്പിന്റെ സ്ഥാപനങ്ങളായി മാറി.
2. ഭരണത്തിലെ ജനപങ്കാളിത്തം ഉറപ്പാക്കി.
3. തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടലിലൂടെ സമസ്തമേഖലകളിലും വ്യത്യസ്തവും വിശേഷണീയവുമായ മുന്നേറ്റത്തിനു കളമൊരുങ്ങി.
4. അടിസ്ഥാനാവശ്യങ്ങളായ റോഡ്, വൈദ്യുതി, വെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികസുരക്ഷ എന്നീ മേഖലകളില്‍ വളര്‍ച്ച നേടാന്‍ കഴിഞ്ഞു.
5. സാമൂഹികസുരക്ഷയുടെ സാങ്കേതികത്വം വഴിമാറി അര്‍ഹരായ എല്ലാവര്‍ക്കും ലഭിച്ചു.
6. ദുര്‍ബലര്‍ എന്നു കരുതി മാറ്റി നിറുത്തപ്പെട്ടിരുന്ന സ്ത്രീകള്‍ മുഖ്യധാരയില്‍ എത്തി. ഇന്ന് അനേകം സ്ത്രീകള്‍ തദ്ദേശസ്ഥാപനങ്ങളെ നയിക്കുന്നു.
7. പട്ടികവിഭാഗങ്ങള്‍ക്ക് അര്‍ഹമായ അംഗീകാരവും ഭരണപങ്കാളിത്തവും ലഭിച്ചു.
കോട്ടങ്ങള്‍
നേട്ടങ്ങള്‍ കൊട്ടിഘോഷിച്ച് അധികാരവികേന്ദ്രീകരണം രണ്ടരപ്പതിറ്റാണ്ടു പിന്നിടുമ്പോഴും ചില ദുസ്സൂചനകള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല.
സ്ഥാപനവത്കരണത്തിലും കാര്യശേഷിനിര്‍വഹണത്തിലുമുള്ള കുറവ് ഒരു അപാകതതന്നെയാണ്. പുതിയ സാങ്കേതികോപാധികളെ പൂര്‍ണ്ണമായും ഉപയോഗിപ്പെടുത്താന്‍ നമുക്കായിട്ടില്ല. പല മേഖലകളിലും ദീര്‍ഘവീക്ഷണത്തിന്റെയും തന്ത്രജ്ഞതയുടെയും കുറവ് പാളിച്ചകള്‍ക്കിടയാക്കുന്നു. സുസ്ഥിരവികസനവും വികസനത്തുടര്‍ച്ചയും തടസ്സപ്പെടുന്നുണ്ട്. പല വികസനപ്രവര്‍ത്തനങ്ങളുടെയും പിന്നില്‍ സ്ഥാപിതതാത്പര്യങ്ങളും രാഷ്ട്രീയതാത്പര്യങ്ങളും കൂടിക്കുഴഞ്ഞു കിടക്കുന്നുണ്ട്. വെറും കക്ഷിരാഷ്ട്രീയകാരണങ്ങളാല്‍ വികസനത്തെയും പദ്ധതികളെയും എതിര്‍ക്കുന്ന നയം മാറ്റാന്‍ പറ്റുന്നില്ല. ഇത് പദ്ധതികള്‍ നീണ്ടുപോകാനും നിശ്ചിതസമയത്തു പ്രയോജനം ലഭിക്കാതാവാനും കാരണമാകുന്നു.
തദ്ദേശസ്വയംഭരണരംഗത്തു നേതൃത്വം നല്കുന്നവര്‍ക്ക് കൃത്യമായ വികസനകാഴ്ചപ്പാടും ഇച്ഛാശക്തിയും ഉണ്ടാവണം. എല്ലാത്തിനെയും കക്ഷിരാഷ്ട്രീയത്തിന്റെയും വ്യക്തിതാത്പര്യങ്ങളുടെയും കുഴലിലൂടെ നോക്കിക്കാണുന്നവര്‍ക്ക് കൂട്ടായ നേതൃത്വം, കൂടിയാലോചന, സമഗ്രമായ വിലയിരുത്തല്‍ എന്നിവയ്ക്കു കഴിയാതെപോകുന്നു. നമ്മുടെ ഇടയിലുള്ള രാഷ്ട്രീയ അടിമത്തം നല്ല നേതൃത്വത്തിന് അവസരം നഷ്ടപ്പെടുത്തുന്നു. രാഷ്ട്രീയതാത്പര്യങ്ങള്‍ മാത്രം മുന്‍നിറുത്തി കൂടക്കൂടെയുണ്ടാകുന്ന നേതൃമാറ്റം വികസനത്തുടര്‍ച്ചയെ വളരെ ദോഷകരമായി ബാധിക്കുന്നുണ്ട്.
ഓരോ തദ്ദേശഭരണസ്ഥാപനത്തിന്റെയും പരിധിയില്‍ വരുന്ന പ്രകൃതിവിഭവങ്ങള്‍, ധനശേഷി, പരിസ്ഥിതി എന്നിവയുടെ അടിസ്ഥാനത്തില്‍ ഓരോ പഞ്ചായത്ത് സ്ഥാപനത്തിനും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഒരു വികസനരേഖയോ മാസ്റ്റര്‍പ്ലാനോ ഉണ്ടാവണം. പൊതുചര്‍ച്ചയുടെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തില്‍ അംഗീകരിക്കപ്പെടുന്ന ഈ മാസ്റ്റര്‍പ്ലാന്‍ അനുസരിച്ചാവണം വികസനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യല്‍. നേതൃത്വം മാറിയാലും ഈ രൂപരേഖ മാറാതെ മുന്നോട്ടുപോകാന്‍ കഴിയണം.
നിലവില്‍ നല്ല ചില ഉദാഹരണങ്ങളും മാതൃകകളും ഉണ്ടായിട്ടുണ്ടെങ്കിലും പല ഗ്രാമസഭകളും വികസനസമിതികളും വെറും ചടങ്ങുകളോ പ്രഹസനങ്ങളോ ആകുന്നുണ്ട്.
പദ്ധതിയുടെ ആസൂത്രണത്തിനും നടത്തിപ്പിനും താങ്ങായിനില്‌ക്കേണ്ട നിര്‍വഹണോദ്യോഗസ്ഥരില്‍ പലരും ഇന്നും പഞ്ചായത്തുരാജ് സംവിധാനങ്ങളിലൂടെയുണ്ടായ മാറ്റങ്ങളോടു സഹകരിക്കുന്നില്ല. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥമേധാവിത്വം തുടരുകതന്നെ ചെയ്യുന്നു. ഇങ്ങനെ പരിഹരിക്കപ്പെടേണ്ട വിഷയങ്ങള്‍ ധാരാളമാണ്.
കൈമാറ്റം ചെയ്ത സ്ഥാപനങ്ങളും പഞ്ചായത്തുകളും തമ്മിലുള്ള ഏകോപനമില്ലായ്മ, ഡിപ്പാര്‍ട്ട്‌മെന്റലിസം, ജീവനക്കാരുടെ അഭാവം, ഗ്രാമസഭകളുടെ നിര്‍ജ്ജീവാവസ്ഥ, ജനപങ്കാളിത്തത്തിലുള്ള കുറവ്, സമഗ്രവികസനകാഴ്ചപ്പാടിന്റെ അഭാവം, പൂര്‍ത്തീകരിച്ചവയുടെ തുടര്‍നടത്തിപ്പിനും മെയ്ന്റനന്‍സിനുമുള്ള സംവിധാനമില്ലായ്മ, അഴിമതി തുടങ്ങിയവ ഉദാഹരണം.
ഇവയൊക്കെയുണ്ടെങ്കിലും ഭരണഘടന നല്കിയ ജനകീയാധികാരം എല്ലാ കുറവുകളെയും അതിജീവിച്ച് ഒരുപാടു നേട്ടങ്ങളും നല്ല മാതൃകകളും സംഭാവന ചെയ്ത് നാളെയുടെ നല്ല സ്വപ്നങ്ങള്‍ പ്രാവര്‍ത്തികമാക്കി മുന്നോട്ടുതന്നെ കുതിക്കുമെന്ന് നമുക്കു പ്രത്യാശിക്കാം.