ഗ്രാമവികസനത്തിന്റെ രാഷ്ട്രീയം
ഡോ. ജോര്‍ജ് ഓണക്കൂര്‍
(എഴുത്തുകാരന്‍, അധ്യാപകന്‍)
എല്ലാ രാഷ്ട്രീയകക്ഷികളും തിരഞ്ഞെടുപ്പുസമയത്ത് അവര്‍ ആരെന്നും എന്തെന്നും എന്തിനാണ് അവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും ജനങ്ങളെ അറിയിക്കുന്നു. അതിനാണ് മാനിഫെസ്റ്റോ - പ്രകടനപത്രിക - തയ്യാറാക്കുന്നത്. പാര്‍ലമെന്റ് - അസംബ്ലി തിരഞ്ഞെടുപ്പുകളില്‍ ഇത് വളരെ ശക്തമായിരിക്കും. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളാണ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുന്നത്. ഇതില്‍ ജാതിമതവര്‍ഗ്ഗവ്യത്യാസമൊന്നുമില്ല. വ്യക്തികേന്ദ്രീകൃതമല്ല, നയപരിപാടികള്‍ക്കാണു പ്രാധാന്യം. ഇതു പാലിക്കാതെ വരുന്നതാണ് ജനാധിപത്യത്തിന്റെ ദുരന്തം.
ആസന്നമായ ത്രിതലപഞ്ചായത്തു തിരഞ്ഞെടുപ്പുകളെക്കുറിച്ചു പറഞ്ഞാല്‍, ഇവിടെ വനിതകള്‍ക്കു പ്രാധാന്യം കൊടുക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ സാമൂഹികമായി പിന്നാക്കം നില്ക്കുന്ന ചില ജനവിഭാഗങ്ങള്‍ക്കുവേണ്ടി മാത്രമായിരുന്നു സംവരണം. എന്നാല്‍ ഇന്ന്, ജനസംഖ്യയില്‍ പകുതിയുള്ള സ്ത്രീകള്‍ക്കും ഭരണത്തില്‍ തുല്യപ്രാധാന്യം ലഭിക്കേണ്ടതിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കുള്ള സംവരണം 50% ആക്കിയിരിക്കുന്നു.
ജനാധിപത്യം അതിന്റെ പൂര്‍ണ്ണ അവസ്ഥയിലാണ് സംഭവിക്കേണ്ടത്. അവിടെ രാഷ്ട്രീയം പാടില്ല. രാജ്യത്തിന്റെ വികസനം ആയിരിക്കണം പ്രധാനം. ഒരു ഗ്രാമത്തിന്റെ വികസനത്തിന് ഉതകുന്ന രാഷ്ട്രീയം ആവാം. അതിനുള്ള ജനപ്രതിനിധികളെയാവണം നാം തിരഞ്ഞെടുക്കേണ്ടത്.
തദ്ദേശതിരഞ്ഞെടുപ്പുകളാവുമ്പോള്‍ ചില ജാതിമതചിന്തകളും പൊരുത്തങ്ങളും പൊരുത്തക്കേടുകളുമൊക്കെയുണ്ടാവാം. അതിന്റെപേരില്‍ വിജയപരാജയനിര്‍ണ്ണയസാധ്യതകളുമുണ്ടാവാം. അത്തരം പ്രവണതകളെ നിരുത്സാഹപ്പെടുത്താന്‍ നാം ശ്രമിക്കണം. വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളും ഈ തിരഞ്ഞെടുപ്പില്‍ ശക്തമായിത്തീരണം. വിഭാഗീയത ഉണ്ടാകരുത്. മിശ്രിതമായ ഒരു സാമൂഹികവ്യവസ്ഥിതിയാണ് നമ്മുടേത്. നാടിന്റെ വികസനത്തിന്, പാവപ്പെട്ടവരെ സഹായിക്കാന്‍, സാക്ഷരത ഉയര്‍ത്താന്‍, അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍, അധര്‍മ്മങ്ങള്‍ ഉണ്ടാകാതിരിക്കാന്‍, നിയമവ്യവസ്ഥകള്‍ സംരക്ഷിക്കാന്‍ ഒക്കെയുള്ള ഉത്സാഹശാലികളായ ആളുകളെയാണ് നാം തിരഞ്ഞെടുക്കേണ്ടത്.
അഴിമതിയെ അതിജീവിക്കാനുള്ള ഉള്‍ക്കരുത്തു വേണം
സി. ഡോ. തെരേസ്
ആലഞ്ചേരി SABS
(അധ്യാപിക, സെന്റ് ആല്‍ബര്‍ട്‌സ് കോളജ്, എറണാകുളം)
ഉന്നതമായ ചിന്തകളും മഹത്തായ കര്‍മ്മങ്ങളുംകൊണ്ട് സ്വയം അടയാളപ്പെടുത്താന്‍ കഴിയുന്നവരാകണം ജനപ്രതിനിധികള്‍. സ്വന്തം ചിറകു നഷ്ടപ്പെടുമെന്നറിഞ്ഞാലും കൂടെയുള്ളവരെ പറക്കാന്‍ സഹായിക്കുന്ന കടല്‍ക്കിളികളെപ്പോലെ ഒരാള്‍. മണ്ണിലൂടെ പദയാത്ര നടത്തി പുഷ്പഹാരങ്ങള്‍ ഏറ്റുവാങ്ങേണ്ടവരല്ല ജനപ്രതിനിധികള്‍. മറിച്ച്, ജനങ്ങളുടെ മനസ്സിലൂടെയായിരിക്കണം അവരുടെ പദയാത്ര.
മതതീവ്രവാദത്തെയും ഭീകരതയെയും അഴിമതിയെയും അതിജീവിക്കാനുള്ള ഉള്‍ക്കരുത്ത് നേതാക്കള്‍ക്കു കൂടിയേ തീരൂ. നാളുകളായി നാം കേള്‍ക്കുകയും കാണുകയും ചെയ്യുന്ന ജനപ്രതിനിധികള്‍തന്നെ ഏറ്റവും വലിയ അനീതിയുടെയും അഴിമതിയുടെയും അവതാരങ്ങളാകുന്നു. ഭക്ഷണത്തിനും അനുദിനാവശ്യങ്ങള്‍ക്കും വേണ്ടി ജനം വലയുമ്പോള്‍ നികുതിപ്പണം കൊണ്ടുതന്നെ തട്ടിപ്പുനടത്തുന്നവര്‍ ഏറിവരുന്നു. ഇവര്‍ നാടിന്റെ ശാപമാണ്.
തന്നില്‍ വിശ്വാസമര്‍പ്പിച്ച ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‌കേണ്ട കാവല്‍ക്കാര്‍തന്നെ അവരെ വില്‍ക്കുന്ന വെളിവു നശിച്ച കാലമാണ് ഇന്നിന്റേത്. ജനങ്ങളുടെ ദുരിതങ്ങളിലേക്കു മിഴി തുറന്ന് അവരുടെ സ്വരമാകാനും അവര്‍ക്കു ജീവനാകാനും കഴിയുന്നവരാകണം ജനപ്രതിനിധികള്‍. പക്ഷപാതരഹിതമായി നിലപാടുകള്‍ സ്വീകരിക്കാന്‍ മാത്രം മാനസികപക്വതയുള്ളവരും ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളും അവകാശങ്ങളും സാധിച്ചു കൊടുക്കുന്നതില്‍ ജാഗ്രതയുള്ളവരുമായിരിക്കണം. വിദ്യാഭ്യാസയോഗ്യതയും സത്യസന്ധയും നീതിബോധവും സംസ്‌കാരവുമുള്ളവരായിക്കണം ജനപ്രതിനിധികള്‍
ലക്ഷ്യം സമൂഹനന്മയാവണം
ഫാ. ഡോ. ജെയിംസ് മംഗലത്ത്
(പ്രിന്‍സിപ്പല്‍ സെന്റ് തോമസ് കോളജ്, പാലാ)
ജനതാത്പര്യം സംരക്ഷിക്കുന്നവരാകണം ജനപ്രതിനിധികള്‍. അവര്‍ സാമ്പത്തികലാഭം ലക്ഷ്യമാക്കരുത്. അങ്ങനെയായാല്‍ സ്വന്തം കാര്യസാധ്യത്തിനു പ്രാധാന്യമേറുകയും ജനസേവനം മാറിപ്പോവുകയും ചെയ്യും. വ്യക്തിതാത്പര്യങ്ങള്‍ക്ക് അതീതമായി സമൂഹത്തിന്റെ താത്പര്യങ്ങള്‍ക്കും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിനുംവേണ്ടി കൈയും മെയ്യും മറന്നു പ്രവര്‍ത്തിക്കുന്നവരാകണം അവര്‍. പാര്‍ട്ടിതാത്പര്യങ്ങളും വിഭാഗീയചിന്തയും ലാഭേച്ഛയും ജനപ്രതിനിധികളെ നയിക്കുമ്പോള്‍ സമൂഹനന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ ചില ബുദ്ധിമുട്ടുകള്‍ നേരിട്ടു എന്നുവരാം.
കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവര്‍ക്കും എല്ലായ്‌പ്പോഴും സംലഭ്യരാകേണ്ടവരാണവര്‍. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവന്റെവരെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സഹായിക്കുന്നവരാകണം, മറ്റാരെക്കാളും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവര്‍. തങ്ങളോടൊപ്പം എത്രമാത്രം നിസ്വാര്‍ത്ഥമായി നിലകൊള്ളുന്നവരാണ് സ്ഥാനാര്‍ത്ഥികള്‍ എന്ന ചോദ്യം തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
പ്രചോദനാത്മകമായ വ്യക്തിത്വത്തിന്റെ ഉടമയായിരിക്കണം
ഡോ. ആന്‍സി ജോര്‍ജ്
വടക്കേചിറയാത്ത്
(പ്രിന്‍സിപ്പല്‍, സെന്റ് ഡൊമിനിക് കോളജ്, കാഞ്ഞിരപ്പള്ളി)
പൊതുപ്രവര്‍ത്തകര്‍ നാടിന്റെ വികസനകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നവരും അഡ്മിനിസ്‌ട്രേഷന്‍ ഫലപ്രദമായി നടത്തുന്നവരുമാകണം. ദീര്‍ഘവീക്ഷണമുള്ള പ്രവര്‍ത്തകരെ ജനം ആദരിക്കുന്നു.
ഒരു ജനപ്രതിനിധി പ്രചോദനാത്മകമായ വ്യക്തിത്വത്തിന്റെ ഉടമയായിരിക്കണം. സാമൂഹികപ്രതിബദ്ധതയും പഠിച്ചു കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവും സിദ്ധിയും ഒരു പൊതുപ്രവര്‍ത്തകനുണ്ടായിരിക്കണം.
അര്‍ഹതപ്പെട്ടവരെ കണ്ടെത്തി അവര്‍ക്കു ക്ഷേമപദ്ധതികള്‍ ലഭ്യമാക്കിക്കൊടുക്കാനുള്ള ഇച്ഛാശക്തിയുള്ള വ്യക്തിയായിരിക്കണം നല്ലൊരു ജനപ്രതിനിധി.
ഇക്കോളജിക്കല്‍ ഇന്റലിജന്‍സുള്ള ജനപ്രതിനിധികളെയാണ് ഇക്കാലഘട്ടത്തിനാവശ്യം. വികസനവും പരിസ്ഥിതിസംരക്ഷണവും ഒരുപോലെ കൊണ്ടുപോകാനുള്ള ഉള്‍ക്കാഴ്ചയും ദീര്‍ഘവീക്ഷണവുമുള്ള നേതൃത്വത്തെയാണ് ലോകം ആദരിക്കുന്നത്. മഹത്തായ സ്വപ്നങ്ങളുള്ളവരും പ്രചോദനം നല്കുവാന്‍ കഴിയുന്നവരും പ്രതിപക്ഷബഹുമാനം കാണിക്കുന്നവരും ആത്മാര്‍ത്ഥതയുള്ളവരും ആശയവിനിമയശേഷിയുള്ളവരുമായ ജനപ്രതിനിധികളെ ഉത്തമ ജനപ്രതിനിധികളായി ഞാന്‍ കണക്കാക്കും.
രാഷ്ട്രീയപ്രതിയോഗികളുടെപോലും ആദരവാര്‍ജ്ജിക്കത്തക്കരീതിയിലുള്ള മാന്യതയാര്‍ന്ന പെരുമാറ്റത്തിന്റെ ഉടമയായിരിക്കണം ഒരു പൊതുപ്രവര്‍ത്തകന്‍.
മതമൈത്രിക്കും മാനവസാഹോദര്യത്തിനും മനുഷ്യരുടെ അന്തസ്സിനും പ്രാധാന്യം നല്‍കുന്ന ആളായിരിക്കണം ഉത്തമജനപ്രതിനിധി.
കക്ഷിയല്ല, കഴിവാണു പ്രധാനം
തേക്കിന്‍കാട് ജോസഫ്
(പത്രപ്രവര്‍ത്തകന്‍, നോവലിസ്റ്റ്)
ഇന്ത്യയിലെ ഗ്രാമീണജനതയുടെ ക്ഷേമത്തിനുതകുന്ന വികസനപദ്ധതികളാണ് ഗ്രാമപ്പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും ആസൂത്രണം ചെയ്തിരിക്കുന്നത്. ലോകനിലവാരമുള്ള റോഡുകള്‍, കുടിവെള്ള പദ്ധതി, വൈദ്യുതി, വാസയോഗ്യമായ വീടുകള്‍, ആരോഗ്യപരിരക്ഷാകേന്ദ്രങ്ങള്‍, ന്യായവിലയ്ക്കു ലഭ്യമാകുന്ന ഭക്ഷ്യവിഭവങ്ങള്‍... ഇവയൊക്കെ ഈ വികസനപദ്ധതികളില്‍ ഉള്‍പ്പെടുന്നു. പദ്ധതികളുടെ കുറവല്ല; അവ നടപ്പാക്കുന്നതിലുള്ള അപാകതയാണ് വികസനമുരടിപ്പിനു കാരണം. സംശുദ്ധമായ രാഷ്ട്രീയജീവിതം നയിക്കുന്ന, നേതൃത്വശേഷിയും നിസ്വാര്‍ത്ഥസേവനസന്നദ്ധതയും അര്‍പ്പണബോധവുമുള്ള സവിശേഷവ്യക്തിത്വങ്ങളെ വിജയിപ്പിക്കുന്നതിനു നമ്മുടെ വിലയേറിയ വോട്ടവകാശം വിനിയോഗിക്കുക എന്ന ദൃഢപ്രതിജ്ഞയെടുക്കണം ഓരോരുത്തരും.
നിയമസഭാതിരഞ്ഞെടുപ്പിനെക്കാള്‍ കൂടുതല്‍ നീതിപൂര്‍വകമായ ഒരു സമ്മതിദാനനിര്‍വഹണം ഈ പ്രാദേശിക തിരഞ്ഞെടുപ്പില്‍ നമുക്കു സാധ്യമാകണം. കക്ഷിരാഷ്ട്രീയത്തിനതീതമായി, ജാതിരാഷ്ട്രീയത്തിനപ്പുറമായി വ്യക്തികളെ അവരുടെ കഴിവുകളെ മാനിച്ച് വോട്ടു ചെയ്തു വിജയിപ്പിക്കാനുള്ള സന്നദ്ധത നാം ഈ കാലഘട്ടത്തില്‍ പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു. ഓരോ വാര്‍ഡിലെയും വികസനപ്രക്രിയയില്‍ ജനപങ്കാളിത്തത്തോടെ സേവനം ചെയ്തവരാണെങ്കില്‍ വീണ്ടും മത്സരവേദയില്‍ എത്തിയാല്‍ അവര്‍ക്കു വോട്ടു ചെയ്യാം.
പുതിയ ഭരണസമിതി വരുമ്പോള്‍ നാടിന്റെ വികസനപ്രക്രിയയില്‍ നാമോരോരുത്തരുടെയും ജാഗരൂകമായ നിരീക്ഷണവും സഹകരണവും ഉണ്ടാകണം. എങ്കില്‍ മാത്രമേ ജനാധിപത്യം അതിന്റെ അര്‍ത്ഥതലത്തില്‍ സക്രിയമായി എന്ന് നമുക്ക് ഉറപ്പിക്കാനാവൂ.
എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന ഗാന്ധിസൂക്തം എല്ലാ ജനപ്രതിനിധികളും ഓര്‍മ്മിക്കട്ടെ.